'പ്രത്യാശയില്ല, ആത്മവിശ്വാസം നഷ്ടമായി', സ്ഥാനാർത്ഥി പട്ടികയിൽ നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് സുധാകരൻ
സ്ഥാനാർത്ഥിപ്പട്ടികയിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും വേണുഗോപാലും അടങ്ങുന്ന സമിതി ഇഷ്ടക്കാരെ തിരുകി കയറ്റുകയായിരുന്നു. ഹൈക്കമാൻഡിന്റെ പേരിൽ കെസി വേണുഗോപാൽ ഇഷ്ടക്കാർക്ക് സീറ്റ് നൽകി
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പട്ടികയിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് കെ സുധാകരൻ എംപി. സ്ഥാനാർത്ഥിപ്പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായെന്ന് കെ സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
'കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവർത്തികൾ അത്ര മോശമായിരുന്നു. ഹൈക്കമാൻഡിനെ കേരളത്തിലെ നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ചു. സ്ഥാനാർത്ഥിപ്പട്ടികയിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും വേണുഗോപാലും അടങ്ങുന്ന സമിതി ഇഷ്ടക്കാരെ തിരുകി കയറ്റി. ഹൈക്കമാൻഡിന്റെ പേരിൽ കെസി വേണുഗോപാലും ഇഷ്ടക്കാർക്ക് സീറ്റ് നൽകി. ഹൈക്കമാൻഡിന്റെ പേരിലുള്ള തിരുകിക്കയറ്റൽ പതിവുള്ളതായിരുന്നില്ല. ജയസാധ്യത നോക്കാതെയാണ് പലർക്കും അവസരം നൽകിയത്'. തങ്ങളുടെ അഭിപ്രായങ്ങളെ പരിഗണിച്ചതേയില്ലെന്നും കെ.സുധാകരൻ ആരോപിച്ചു.
'കെപിസിസി വർക്കിംഗ് പ്രസിഡന്റെന്ന സ്ഥാനത്ത് താൻ തുടരുന്നത് മനസോടെയല്ലെന്നും സുധാകരൻ തുറന്നടിച്ചു. ആലങ്കാരിക പദവികൾ തനിക്ക് ആവശ്യമില്ല. സ്ഥാനം ഒഴിയാൻ പല തവണ ആലോചിച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പില്‍ പാർട്ടിക്ക് മുറിവേൽക്കാതിരിക്കാൻ വേണ്ടി മാത്രമാണ് രാജിവെക്കാത്തതെന്നും' ധർമ്മടത്ത് പിണറായി വിജയനെതിരെ മത്സരിക്കുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
'ഇരിക്കൂരില്‍ ധാരണകള്‍ ലംഘിക്കപ്പെട്ടു. ഇരിക്കൂറുകാർക്ക് ഇനി നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല'. മട്ടന്നൂര്‍ സീറ്റ് ആർഎസ്പിക്ക് കൊടുത്തത് കണ്ണൂരിലെ നേതാക്കളോട് ആലോചിക്കാതെയാണ്. ഇത് ജില്ലയില്‍ കോണ്‍ഗ്രസിനെ ദുർബലപ്പെടുത്താൻ ഇടയാക്കുമെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോഡിനേറ്റിംഗ് എഡിറ്റർ പിജി സുരേഷ് കുമാറിന് അനുവദിച്ച പ്രത്യേക അഭിമുഖം കാണാം