കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചര്‍ച്ച തുടരുന്നു; ആദ്യഘട്ട പട്ടിക വൈകുന്നേരത്തോടെ തയ്യാറായേക്കും

എംപിമാരുമായി മുല്ലപ്പള്ളി, ഉമ്മന്‍ ചാണ്ടി, ചെന്നിത്തല തുടങ്ങിയവര്‍ രാവിലെ ചര്‍ച്ച നടത്തും. കേരള ഹൗസില്‍ ചേരുന്ന യോഗത്തില്‍ എംപിമാരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിക്കും.
 

Congress candidate list not ready, discussion continue

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ദില്ലിയില്‍ തുടരുന്നു. ആദ്യഘട്ട പട്ടിക വൈകുന്നേരത്തോടെ തയ്യാറായേക്കും. അങ്ങനെയെങ്കില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ചേരാനിടയുണ്ട്. കഴിഞ്ഞ ദിവസവും സ്‌ക്രീനിംഗ് കമ്മിറ്റി ചേര്‍ന്നെങ്കിലും പട്ടിക സംബന്ധിച്ച് അന്തിമ ധാരണയിലെത്തിയിട്ടില്ല. നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം തുടങ്ങിയ മണ്ഡലങ്ങളില്‍ ഇപ്പോഴും ധാരണയായിട്ടില്ല.

അതേസമയം, എംപിമാരുമായി മുല്ലപ്പള്ളി, ഉമ്മന്‍ ചാണ്ടി, ചെന്നിത്തല തുടങ്ങിയവര്‍ രാവിലെ ചര്‍ച്ച നടത്തും. കേരള ഹൗസില്‍ ചേരുന്ന യോഗത്തില്‍ എംപിമാരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് കെ. മുരളീധരന്‍ എം പിയടക്കം സ്‌ക്രീനിംഗ് കമ്മിറ്റി ബഹിഷ്‌ക്കരിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് ഇത്തരമൊരു അനുനയ നീക്കം. 


പ്രൊഫഷണലുകളെന്നപേരില്‍ സ്ഥാനാര്‍ത്ഥി മോഹവുമായെത്തുന്നവര്‍ കൗശലക്കാരെന്ന് കെ.മോഹന്‍കുമാര്‍.

പ്രൊഫഷണലുകളെന്നപേരില്‍ തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ത്ഥിമോഹവുമായെത്തുന്നവര്‍ കൗശലക്കാരെന്ന് കോണ്‍ഗ്രസ് നേതാവ് കെ മോഹന്‍കുമാര്‍. കഴക്കൂട്ടത്ത് ഡോ. എസ്എസ് ലാലടക്കമുള്ളവരെ പാര്‍ട്ടി പരിഗണിക്കുമ്പോഴാണ് മുന്‍ എംഎല്‍എയുടെ വിമര്‍ശനം. വട്ടിയൂര്‍കാവ് ഉപതെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ പോലും കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ലെന്നും മോഹന്‍കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

രാഷ്ട്രീയത്തില്‍ ബ്രേക്കെടുത്ത് മാറിനിന്ന മോഹന്‍കുമാര്‍ ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവില്‍ സ്ഥാനാര്‍ത്ഥിയായാണ് പാര്‍ട്ടിയില്‍ സജീവമായത്. സിറ്റിംഗ് സീറ്റ് കൈവിട്ട മുന്‍ എംഎല്‍എ ഇപ്പോള്‍ സ്ഥാനാര്‍ത്ഥി സാധ്യതാപട്ടികയിലൊന്നുമില്ല. വട്ടിയൂര്‍കാവില്‍ പരിഗണിക്കപ്പെട്ട വേണു രാജാമണി പിന്മാറി. കഴക്കൂട്ടത്ത് ഡോ. എസ്എസ് ലാലിന്റെ പേരുണ്ട്. ആരെയും പേരെടുത്ത് പറയാതെയായിരുന്നു മോഹന്‍കുമാറിന്റെ വിമര്‍ശനം. 

ഉപതെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് സജീവമായി വിലയിരുത്തിയെങ്കില്‍ ഈ തെരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് ഗുണമായേനെ എന്ന് മോഹന്‍കുമാര്‍ വിശ്വസിക്കുന്നുണ്ട്. ഫലം വന്നശേഷം എല്ലാവരും പൊടിതട്ടിപ്പൊയെന്നാണ് പരാതി.

വട്ടിയൂര്‍ക്കാവില്‍ മോഹന്‍കുമാറിനെ വെട്ടിയാണ് 2011ല്‍ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. മുരളി രാജി വച്ചപ്പോഴായിരുന്നു ഉപതെരഞ്ഞെടുപ്പില്‍ അവസരം വന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios