സ്ഥാനാർത്ഥിപ്പട്ടികയിൽ ഗ്രൂപ്പിസം, നേതാക്കളുടെ ഇഷ്ടക്കാർക്ക് സീറ്റ്; ഹെക്കമാൻഡിന് പരാതിയുമായി കോൺഗ്രസ് എംപിമാർ

കെസി ജോസഫും കെ ബാബുവും എംഎം ഹസനും മത്സരിക്കുമോ എന്നതിൽ ഉറപ്പായിട്ടില്ല. ഇരിക്കൂറിന് പകരം സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട കെസി ജോസഫിനെ വീണ്ടും മത്സരിപ്പിക്കുന്നതിൽ ഉമ്മൻ ചാണ്ടിയുടെ പിന്തുണയുണ്ടെങ്കിലും മറ്റ് നേതാക്കൾ എതിർപ്പ് ഉയർത്തിയിട്ടുണ്ട്

congress candidate list 2021 kerala complaints

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ ദില്ലിയിൽ പുരോഗമിക്കുന്നതിനിടെ സ്ഥാനാർത്ഥി പട്ടികയിൽ എതിർപ്പുയർത്തി എംപിമാർ രംഗത്ത്. ഗ്രൂപ്പിസമാണ് സ്ഥാനാർത്ഥി പട്ടികയിൽ പ്രതിഫലിക്കുന്നതെന്നും മുതിർന്ന നേതാക്കൾ പോലും ഇഷ്ടക്കാരെ തിരുകിക്കയറ്റുകയാണെന്നും കാണിച്ച് എം പിമാർ ഹൈക്കമാൻഡിന് പരാതി നൽകി. യുവാക്കളേയും, പുതുമുഖങ്ങളേയും ജയസാധ്യതയില്ലാത്ത സീറ്റുകളിൽ മത്സരിപ്പിച്ച് ചാവേർ സ്ഥാനാർത്ഥികളാക്കാനാണ് നീക്കമെന്നും പലരും അഭിപ്രായപ്പെട്ടതായാണ് വിവരം. സംസ്ഥാന നേതാക്കൾ വിളിച്ച യോഗം ചില എം പിമാർ ബഹിഷ്ക്കരിച്ചേക്കും. 

സംസ്ഥാന നേതാക്കൾ തയ്യാറാക്കിയ സ്ഥാനാർത്ഥി പട്ടികയിൽ ഹൈക്കമാൻഡ് ഇടപെട്ടേക്കും. സ്ക്രീനിംഗ് കമ്മിറ്റി മാനദണ്ഡം നിശ്ചയിക്കും. കോൺഗ്രസിന് അതി നിർണായകമായ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി നൽകിയ നിർദ്ദേശങ്ങളിൽ വിട്ടുവീഴ്ച അനുവദിക്കില്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. നേരത്തെ സ്ത്രീകൾക്കും യുവാക്കൾക്കും കൂടുതൽ അവസരം നൽകി, മുതിർന്ന നേതാക്കളെ കൂടി പരിഗണിച്ചുള്ള ലിസ്റ്റാകണമെന്നുമായിരുന്നു രാഹുൽ നിർദ്ദേശിച്ചിരുന്നത്. എന്നാൽ നിലവിലെ ലിസ്റ്റ് ഇതിൽ നിന്നും വ്യത്യസ്തമായി ഗ്രൂപ്പ് വീതംവെപ്പാണെന്നാണ് എംപിമാർ ആരോപിക്കുന്നത്. 

അതേ സമയം കെസി ജോസഫും കെ ബാബുവും മത്സരിക്കുമോ എന്നതിൽ ഉറപ്പായിട്ടില്ല. ഇരിക്കൂറിന് പകരം സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട കെസി ജോസഫിനെ വീണ്ടും മത്സരിപ്പിക്കുന്നതിൽ ഉമ്മൻ ചാണ്ടിയുടെ പിന്തുണയുണ്ടെങ്കിലും മറ്റ് നേതാക്കൾ എതിർപ്പ് ഉയർത്തിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി നൽകണമെന്ന് ഉമ്മൻചാണ്ടി നിർദ്ദേശിച്ചതിന് പിന്നാലെയാണ് മറ്റ് നേതാക്കൾക്കിടയിൽ നിന്നും മത്സരിപ്പിക്കേണ്ടെന്ന നിർദ്ദേശങ്ങളും ഉയർന്നത്. നേരത്തെ കെ.സി ജോസഫിന് സീറ്റ് നൽകരുതെന്ന് യൂത്ത് കോൺഗ്രസും നിലപാടെടുത്തിരുന്നു. യുവാക്കൾക്ക് അവസരം നൽകണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഹൈക്കമാൻഡിന് പരാതിയും നൽകിയിരുന്നു. ഇതേ തുടർന്ന് കൂടിയാണ് ജോസഫ് മാറി നിൽക്കണം എന്ന നിർദ്ദേശം നേതൃത്വവും പരിഗണിക്കുന്നത്. കെ ബാബുവിൻറെ കാര്യത്തിലും നേതാക്കൾക്കിടയിൽ സമവായമില്ല. അതേ സമയം ഇത്തവണ എംഎം ഹസന് സീറ്റുണ്ടാകില്ല. മുൻ തോൽവിയും യു ഡിഎഫ് കൺവീനർ പദവിയും പരിഗണിച്ചാണ് തീരുമാനം. 

 

Latest Videos
Follow Us:
Download App:
  • android
  • ios