മഴ വില്ലനായി; കഴക്കൂട്ടത്തെ പൊതുയോഗത്തില്‍ വേദിയില്‍ തന്നെ സംഘാടകരെ വിമര്‍ശിച്ച് പിണറായി
അവസാന പരിപാടിക്ക് തിങ്ങി നിറഞ്ഞ ആൾക്കൂട്ടം. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് പുറത്ത് ഒരുക്കിയ തുറന്ന വേദിയിലേക്ക് 6 മണിക്ക് നിശ്ചയിച്ച പരിപാടിക്ക് പറഞ്ഞ സമയത്തിനും മുൻപേയെത്തി മുഖ്യമന്ത്രി.
കഴക്കൂട്ടം: പൊടുന്നനെ പെയ്ത മഴയിൽ മുങ്ങി കഴക്കൂട്ടത്ത് മുഖ്യമന്ത്രി പങ്കെടുത്ത കടകംപള്ളി സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം. നിർത്താതെ മഴ പെയ്തതോടെ, മതിയായ വിധം പന്തലിടാത്തതിന് കടകംപള്ളിയെ വേദിയിലിരുത്തി സംഘാടകരെ മുഖ്യമന്ത്രി വിമർശിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ആദ്യഘട്ട പര്യടനത്തിന്റെ അവസാന പരിപാടിക്ക് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് പുറത്താണ് തുറന്ന വേദി ഒരുക്കിയിരുന്നത്.
അവസാന പരിപാടിക്ക് തിങ്ങി നിറഞ്ഞ ആൾക്കൂട്ടം. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് പുറത്ത് ഒരുക്കിയ തുറന്ന വേദിയിലേക്ക് 6 മണിക്ക് നിശ്ചയിച്ച പരിപാടിക്ക് പറഞ്ഞ സമയത്തിനും മുൻപേയെത്തി മുഖ്യമന്ത്രി. എന്നാൽ പ്രസംഗം തുടങ്ങി മിനിട്ടുകൾക്കകം രംഗം മാറി. ചിരിയോടെയാണെങ്കിലും സംഘാടകർക്ക് വേദിയിൽ വെച്ചുതന്നെ ചൂടുള്ള വിമർശനം. അതും സ്ഥാനാർത്ഥി കടകംപള്ളി വേദിയിലിരിക്കെ.
തൊപ്പിയെടുത്ത് വെച്ചും, കുടചൂടിയും പ്രസംഗം തുടരാൻ ശ്രമിച്ചെങ്കിലും തുറന്ന വേദി ഇതിന് തടസമായി. മുന്നിൽ നിന്ന ആൾക്കൂട്ടം കസേരകളെടുത്ത് ചൂടി നിൽക്കവെ സംഘാടകർക്ക് നേരെ മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു.
സ്ഥാനാർത്ഥിയായ കടകംപ്പള്ളി പ്രസംഗിക്കുന്നതിന് മുൻപേ മഴയത്ത് തന്നെ മുഖ്യമന്ത്രി വേദി വിടുകയും ചെയ്തു. വലിയ ആൾക്കൂട്ടമാണ് പരിപാടിക്ക് എത്തിയതെങ്കിലും മഴയിൽ യോഗം പൂർത്തിയാക്കാനാകാതെ മടങ്ങി. പരിപാടിക്കെത്തിയവരെല്ലാം മഴയിൽ നനഞ്ഞു.