തീരുമാനമായില്ല, ദേവികുളത്തെ പ്രചാരണം സ്ഥാനാർത്ഥിയുടെ പേരുപറയാതെ
ഇടുക്കിയില്‍ ഏറ്റവുമധികം തമിഴ് വംശജർ താമസിക്കുന്ന ദേവികുളം നിയോജകമണ്ഡലത്തിൽ എൽ ഡി എഫും -യു ഡി എഫും സ്ഥാനാർത്ഥികളെ നിശ്ചിയിക്കാത്തത് നേതാക്കൾക്കും അണികൾക്കും ഒരു പോലെ തലവേദന സൃഷ്ടിക്കുകയാണ്.
ഇടുക്കി: സ്ഥാനാര്‍ത്ഥി തീരുമാനമായില്ല, ദേവികുളത്തെ പ്രചാരണം സ്ഥാനാർത്ഥിയുടെ പേരുപറയാതെ. ഇടുക്കിയില്‍ ഏറ്റവുമധികം തമിഴ് വംശജർ താമസിക്കുന്ന ദേവികുളം നിയോജകമണ്ഡലത്തിൽ എൽ ഡി എഫും -യു ഡി എഫും സ്ഥാനാർത്ഥികളെ നിശ്ചിയിക്കാത്തത് നേതാക്കൾക്കും അണികൾക്കും ഒരു പോലെ തലവേദന സൃഷ്ടിക്കുകയാണ്. നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മത്രം ബാക്കിനിൽക്കെ ആർക്കുവേണ്ടി വോട്ടുചോദിക്കുമെന്നുള്ള ആശങ്കയും പ്രവർത്തകർക്കിടയിലുണ്ട്.
രണ്ടും പ്രാവശ്യം മത്സരിച്ചവരെ സ്ഥാനാർത്ഥി പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന എൽ ഡി എഫ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനവും തുടർച്ചയായി രണ്ടു പ്രാവശ്യം തോറ്റവരെ പരിഗണിക്കേണ്ടതില്ലന്ന യു ഡി എഫ് നേതൃത്വത്തിന്‍റെ ശക്തമായ നിലപാടും വന്നതോടെ എ കെ മണിക്കും സിറ്റിംങ്ങ് എം എൽ എ എസ്.രാജേന്ദ്രനും സിറ്റ് ലഭിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി. പകരം സ്ഥാനാർത്ഥികളെ കണ്ടെത്തി ഇരുവിഭാഗവും നേത്യത്വത്തിന് കൈമാറിയിട്ടുണ്ടെങ്കിലും ആര് ആദ്യം പ്രഖ്യപനം നടത്തുമെന്ന കാത്തിരിപ്പിലാണ്. ജാതിവോട്ടുകൾക്ക് ഏറെ നിര്‍ണായകമായ മേഖലയായതിനാൽ അത് അനുസരിച്ചുള്ള സ്ഥാനാർത്ഥികളെ നിശ്ചയിക്കാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നത്. നിലവിൽ എൽ ഡി എഫിൽ അഡ്വ.രാജ, ആർ ഈശ്വരൻ എന്നിവരുടെ പേരാണ് സംസ്ഥാന കമ്മിറ്റിയിലുള്ളത്.
അഡ്വ.രാജ ഡി വൈ എഫ് ഐയുടെ സംസ്ഥാന കമ്മറ്റിയംഗവും ജനപിൻതുണ ഏറെയുള്ള യുവനേതാവുമാണ്. ആർ. ഈശ്വരനാകട്ടെ സി പി എം സംസ്ഥാന കമ്മറ്റിയംഗമെന്ന നിലയിൽ പ്രവർത്തിക്കുന്ന നേതാവും. യു ഡി എഫിൽ മൂന്നുപേരുകളാണ് ഉയരുന്നത്. ഡി കുമാർ, ആർ രാജാറാം, മുത്തുരാജ്. ഇവരിൽ ആർ.രാജാറാം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റ ആളാണ്. മുത്തുരാജിന് പാർട്ടിയിൽ നിലവിൽ സ്ഥാനങ്ങളൊന്നും ഇല്ല. എന്നാൽ എ കെ മണി കഴിഞ്ഞാൽ ഏറ്റവുമധികം ജനപിൻതുണയുള്ള നേതാവ് ബ്ലോക്ക് കോൺഗ്രസ് നേതാവായ ഡി കുമാറിനാണ്. തോട്ടംമേഖലയിൽ പ്രാദേശിക നേതാവെന്ന നിലയിൽ പ്രവർത്തിച്ച ഡി കുമാർ 2011 ൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ദേവികുളം ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ചിരുന്നു.
എൽ ഡി എഫിന്‍റെ കോട്ടയായ ദേവികുളത്ത് കെ വി ശശിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഇത്തവണ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി കുമാറും -അഡ്വ.രാജയും മത്സര രംഗത്തെത്തിയാൽ ശക്തമായ പോരാട്ടം നടക്കുമെന്നാണ് വിലയിരുത്തൽ. മറ്റ് ആരെങ്കിലും മത്സരരംഗത്തെത്തിയാൽ മുന്നണികൾക്ക് തിരിച്ചടിയാകും.