പി.ജയരാജൻ മത്സരിക്കുന്നതിൽ അവ്യക്തത തുടരുന്നു, കല്ല്യാശ്ശേരിയിലേക്ക് കളം മാറാൻ ഇപി, ശൈലജ മട്ടന്നൂരിലേക്ക് ?
പയ്യന്നൂർ, മട്ടന്നൂർ, തളിപ്പറമ്പ്,അഴീക്കോട് സീറ്റുകളിൽ പി.ജയരാജൻ്റെ പേര് ചർച്ചയായിരുന്നു എന്നാൽ അദ്ദേഹത്തെ മത്സരിപ്പിച്ചേക്കില്ലെന്നും കേൾക്കുന്നു.
കണ്ണൂർ: തുടർഭരണം തേടി സിപിഎം നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോൾ പാർട്ടിയുടെ ശക്തികേന്ദ്രമായ കണ്ണൂരിലെ സ്ഥാനാർത്ഥികളെ ചൊല്ലിയുള്ള സസ്പെൻസ് തുടരുകയാണ്. ഇ.പി.ജയരാജൻ, പി.ജയരാജൻ, എം.വി.ഗോവിന്ദൻ, കെ.കെ.ശൈലജ ടീച്ചർ തുടങ്ങി പാർട്ടിയിലേയും സർക്കാരിലേയും പ്രമുഖരിൽ ആരൊക്കെ എവിടെയൊക്കെ മത്സരിക്കാനിറങ്ങും എന്ന കാര്യത്തിൽ പാർട്ടിക്കുള്ളിൽ കൂടിയാലോചനകൾ തുടരുകയാണ്. പ്രമുഖരെ കളത്തിലിറക്കും മുൻപ് നൂറുകാര്യങ്ങൾ ആലോചിച്ച് ഉറപ്പിക്കാനുണ്ടെന്നാണ് കണ്ണൂരിലെ സിപിഎം വൃത്തങ്ങൾ പറയുന്നത്. സ്വന്തം ജില്ലയെന്ന നിലയിൽ മുഖ്യമന്ത്രിയുടെ താത്പര്യവും കണ്ണൂരിലെ നേതാക്കളുടെ കാര്യത്തിൽ നിർണായകമാണ്.
മട്ടന്നൂരിൽ നിന്നും ജയിച്ച് വ്യവസായ മന്ത്രിയായ ഇപി ജയരാജൻ ഇക്കുറി മത്സര രംഗത്തുണ്ടാകില്ല എന്നായിരുന്നു തുടക്കത്തിൽ കേട്ട വാർത്തകൾ. സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ഇപിയെ പരിഗണിക്കുമെന്നും അഭ്യൂഹമുണ്ടായി. പക്ഷേ ഒടുവിൽ വരുന്ന വാർത്തകൾ ഇപി മത്സരത്തിനിറങ്ങുന്നു എന്നാണ്. എന്നാൽ മട്ടന്നൂരിന് പകരം കല്യാശ്ശേരിയിലായിരിക്കും ഇക്കുറി ഇപിയുടെ അങ്കമെന്നാണ് സൂചന.
പി ജയരാജനെ പയ്യന്നൂർ, മട്ടന്നൂർ, തളിപ്പറമ്പ് ഉൾപെടെയുള്ള പാർട്ടി കോട്ടകളിലോ മുസ്ലീം ലീഗിലെ കെ.എം. ഷാജിയുടെ സിറ്റിംഗ് സീറ്റായ അഴീക്കോടോ മത്സരിപ്പിക്കുമെന്നും സൂചനയുണ്ട്. ഒരുപക്ഷേ പി.ജയരാജനെ മത്സരിപ്പിച്ചേക്കില്ലെന്നും കേൾക്കുന്നു. പിജെയുടെ കാര്യത്തിൽ സിപിഎം നേതൃത്വം ഒന്നും വിട്ട് പറയുന്നില്ല.
സിപിഎം കേന്ദ്ര കമ്മറ്റിയംഗം എംവി ഗോവിന്ദൻ തളിപ്പറമ്പിൽ മത്സരിച്ചേക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാൽ തിരുവനന്തപുരത്ത് പാർട്ടി സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനായിരിക്കും ഗോവിന്ദൻ മാസ്റ്ററെ ചുമതലപ്പെടുത്തുക എന്നാണ് ഒടുവിൽ കിട്ടുന്ന വിവരം. ആരോഗ്യമന്ത്രി ശൈലജ ടീച്ചർ കൂത്തുപറന്പിൽ നിന്നും മാറി ഇപി ജയരാജൻ നിലവിൽ പ്രതിനിധീകരിക്കുന്ന മട്ടന്നൂരിലേക്കെത്തിയേക്കും. തലശ്ശേരിയിൽ ഷംസീറിന് രണ്ടാമൂഴം കിട്ടുമെന്ന് ഏറെക്കുറെ ഉറപ്പാണ്. സിറ്റിംഗ് എംഎൽഎമാരായ സി. കൃഷ്ണൻ, ജെയിംസ് മാത്യു, ടി.വി. രാജേഷ് എന്നിവരെ മാറ്റിനിർത്തിയേക്കുമെന്നും അറിയുന്നു. എൽഡിഎഫ് ജാഥകൾ പൂർത്തിയാക്കി ഈ മാസം 26-ന് ശേഷം ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാകും എല്ലാ അഭ്യൂഹങ്ങൾക്കുമുള്ള ഉത്തരം.