'എല്ലാ സഹായവും മദ്യലോബിക്ക്, പറഞ്ഞ ഒരു വാക്കും സർക്കാർ മദ്യനയത്തിൽ പാലിച്ചില്ല; ആഞ്ഞടിച്ച് ബിഷപ്പ് കൂർലോസ്
'ബാറുകൾക്കും ബിവറേജസ് ഓട്ട്ലെറ്റുകൾക്കും അനുമതി നിഷേധിക്കാനുണ്ടായിരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം, പഞ്ചായത്ത് രാജ് നിയമം ഭേദഗതി ചെയ്ത് എടുത്തുകളഞ്ഞത് അവിശ്വസനീയമായിരുന്നു'
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്‍റെ മദ്യ നയം ചോദ്യം ചെയ്തും രൂക്ഷമായി വിമർശിച്ചും ബിഷപ്പ് ഗീവർഗീസ് മാർ കൂർലോസ് രംഗത്ത്. പറഞ്ഞ ഒരു വാക്കുപോലും മദ്യനയത്തിന്‍റെ കാര്യത്തിൽ പിണറായി സർക്കാർ പാലിച്ചില്ലെന്ന് ബിഷപ്പ് കൂർലോസ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ നൂറിലെത്ര എന്ന തെരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുത്തുകൊണ്ടാണ് മദ്യനയത്തില്‍ ഇടത് സർക്കാരിനെതിരെ ബിഷപ്പ് ആഞ്ഞടിച്ചത്.
മദ്യ വർജ്ജനം പ്രോത്സാഹിപ്പിക്കുമെന്നും മദ്യത്തിന്‍റെ ഉപഭോഗം കുറയ്ക്കുമെന്നും പറഞ്ഞാണ് പിണറായി വിജയനും ഇടതുമുന്നണിയും വോട്ട് ചോദിച്ചത്. എന്നാൽ മദ്യത്തിന്‍റെ ഉപഭോഗം കുറച്ചില്ലെന്ന് മാത്രമല്ല മദ്യലോബിക്ക് വേണ്ടി ചെയ്യാവുന്ന സഹായമെല്ലാം പിണറായി സർക്കാര്‍ ചെയ്തുകൊടുത്തെന്ന് ബിഷപ്പ് കൂർലോസ് കുറ്റപ്പെടുത്തി.
ബാറുകൾക്കും ബിവറേജസ് ഓട്ട്ലെറ്റുകൾക്കും അനുമതി നിഷേധിക്കാനുണ്ടായിരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം, പഞ്ചായത്ത് രാജ് നിയമം ഭേദഗതി ചെയ്ത് എടുത്തുകളഞ്ഞത് അവിശ്വസനീയമായിരുന്നു. ബാറുകളുടെ ദൂരപരിധിയുടെ കാര്യത്തിലും സർക്കാർ മദ്യലോബിക്ക് വേണ്ടിയാണ് നിന്നത്. ഇതൊന്നും പോരാത്തതിന് ലഹരി മരുന്നിന്‍റെ ഉപയോഗത്തിലും ഇന്ത്യയിൽ കേരളം രണ്ടാംസ്ഥാനത്തേക്ക് കുതിക്കുകയാണ്. മദ്യം കിട്ടാത്തത് കൊണ്ടാണ് ആളുകൾ ലഹരിമരുന്നിലേക്ക് തിരിയുന്നതെന്ന ഇടതുനേതാക്കതളുടെ വാദം പൊളിയുന്നതാണ് ഇതെന്നും അദ്ദേഹം ചൂണ്ടികാട്ടി.