മധ്യകേരളം യുഡിഎഫ് തിരിച്ചുപിടിക്കും, എൽഡിഎഫിന് തിരിച്ചടി; ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ പ്രീ പോൾ സർവേ ഫലം

തൃശ്ശൂർ മുതൽ കോട്ടയം വരെയുള്ള ജില്ലകളിൽ കഴിഞ്ഞ തവണ എൽഡിഎഫിന് വലിയ മുന്നേറ്റം നേടാനായിരുന്നു

Assembly election 2021 Asianet news C fore Pre poll survey madhya kerala results

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ എങ്ങിനെയാവും ജനം പ്രതികരിക്കുകയെന്നത് നിർണായകമായ ചോദ്യമാണ്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് മുന്നണി വിട്ടത് യുഡിഎഫിന് നേട്ടമാകുമോയെന്നായിരുന്നു പ്രധാന ചോദ്യം. ക്രൈസ്തവ വോട്ടുകളിൽ വിള്ളലുണ്ടായോ, ബിജെപിയോടുള്ള മനോഭാവം മാറിയോ തുടങ്ങിയ ചോദ്യങ്ങളും സർവേയിൽ ഉണ്ടായിരുന്നു. 41 നിയമസഭാ സീറ്റുകളാണ് ഇവിടെയുള്ളത്.

തൃശ്ശൂർ മുതൽ കോട്ടയം വരെയുള്ള ജില്ലകളിൽ കഴിഞ്ഞ തവണ എൽഡിഎഫിന് വലിയ മുന്നേറ്റം നേടാനായിരുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ എൽഡിഎഫിന് കഴിഞ്ഞ തവണ 22 സീറ്റ് കിട്ടിയ സ്ഥാനത്ത് ഇക്കുറി സീറ്റ് കുറയും എന്നാണ് ഫലം. 16 മുതൽ 18 സീറ്റ് വരെ മാത്രമേ ലഭിക്കൂ. 18 സീറ്റ് കിട്ടിയിരുന്ന യുഡിഎഫ് നേട്ടമുണ്ടാക്കും. 23 മുതൽ 25 സീറ്റ് വരെ യുഡിഎഫിന് ലഭിക്കും. ഇടതുമുന്നണിക്ക് 39 ശതമാനവും യുഡിഎഫിന് 42 ശതമാനവും വോട്ട് വിഹിതം കിട്ടുമെന്നും പ്രീ പോൾ സർവേ ഫലം പറയുന്നു.

ക്രിസ്ത്യൻ വിഭാഗക്കാരായ വോട്ടർമാരോടാണ് മധ്യകേരളത്തിൽ പ്രധാനമായും ചില ചോദ്യങ്ങൾ ചോദിച്ചത്. മുസ്ലിം ലീഗിന്‍റെയും വെൽഫെയർ പാർട്ടിയുടെയും പിന്തുണയുണ്ടാവുകയും കേരള കോൺഗ്രസ് എം പുറത്തുപോവുകയും ചെയ്തതോടെ യുഡിഎഫിൽ നിന്ന് അകന്നുവോ എന്നായിരുന്നു ചോദ്യം. അകന്നെന്ന് 36 ശതമാനം പേരും അകന്നില്ലെന്ന് 54 ശതമാനം പേരും അഭിപ്രായപ്പെട്ടു. 10 ശതമാനം പേർക്ക് അഭിപ്രായമില്ലായിരുന്നു.

യുഡിഎഫിൽ മുസ്ലിം ലീഗിന്‍റെ ആധിപത്യമാണെന്ന് കരുന്നുണ്ടോ? അവർ കൂടുതൽ അധികാരം ആവശ്യപ്പെടുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങളും ചോദിച്ചു. ഉണ്ടെന്ന് 39 ശതമാനം പേരും ഇല്ലെന്ന് 48 ശതമാനം പേരും അഭിപ്രായപ്പെട്ടു. 13 ശതമാനം പേർക്ക് ഉത്തരം ഉണ്ടായിരുന്നില്ല. ഉമ്മൻ ചാണ്ടിയുടെ തിരിച്ചുവരവ് യുഡിഎഫിലേക്ക് ക്രിസ്ത്യൻ വിഭാഗത്തെ തിരിച്ചെത്തിക്കുമോയെന്ന ചോദ്യത്തിന് ഇല്ലെന്ന് 32 ശതമാനം പേർ മറുപടി നൽകി. 49 ശതമാനം പേർ തിരിച്ചെത്തിക്കുമെന്ന അഭിപ്രായക്കാരായിരുന്നു. 19 ശതമാനം പേർ പ്രതികരിച്ചില്ല.

മുസ്ലിം ആധിപത്യത്തെക്കുറിച്ചുളള ക്രൈസ്തവ നേതാക്കളുടെ ഭയം വാസ്തവമാണോയെന്ന ചോദ്യത്തിന് 28 ശതമാനം പേർ അതെയെന്നും 43 ശതമാനം പേർ അല്ലെന്നും മറുപടി നൽകി. 29 ശതമാനം പേർക്ക് അഭിപ്രായമില്ലായിരുന്നു. കേരള കോൺഗ്രസ് എം എത്തിയതോടെ ക്രിസ്ത്യൻ വിഭാഗം എൽഡിഎഫിനോട് അടുത്തെന്ന് 38 ശതമാനം പേരും ഇല്ലെന്ന് 51 ശതമാനം പേരും അഭിപ്രായപ്പെട്ടു. 11 ശതമാനം പേർക്ക് വ്യക്തമായ ഉത്തരം ഉണ്ടായിരുന്നില്ല. 

മോദി സർക്കാറിന്‍റെ 7 വർഷം ക്രിസ്ത്യാനികളെ ബിജെപിയുമായി അടുപ്പിച്ചോ? ശ്രീധരൻ പിളളയുടെ സമീപകാല ഇടപെടലുകൾ ഇതിന് സഹായിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു 20 ശതമാനം പേരുടെ ഉത്തരം. 61 ശതമാനം പേർ ഇല്ലെന്ന് മറുപടി നൽകി. 19 ശതമാനം പേർക്ക് മറുപടി ഇല്ലായിരുന്നു. ഓർത്തഡോക്സ് യാക്കോബായ തർക്കത്തിൽ നേട്ടം യുഡിഎഫിനെന്ന് 14 ശതമാനം പേരും എൽഡിഎഫിനെന്ന് 36 ശതമാനം പേരും എൻഡിഎക്കെന്ന് 37 ശതമാനം പേരും മറുപടി നൽകി. 13 ശതമാനം പേർക്ക് മറുപടി ഉണ്ടായിരുന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വിഭാഗം യുഡിഎഫിനെ കാര്യമായി പിന്തുണച്ചു. നിയമസഭയിലും അങ്ങനെ തന്നെ ആയിരിക്കുമോയെന്ന് ചോദിച്ചപ്പോൾ അതെയെന്ന് 47 ശതമാനം പേർ മറുപടി നൽകി. അല്ലെന്ന് 40 ശതമാനം പേർ പറഞ്ഞു. 12 ശതമാനം പേർക്ക് ഉത്തരം ഉണ്ടായിരുന്നില്ല. 
 

Latest Videos
Follow Us:
Download App:
  • android
  • ios