'ജമീലയുടെ പേര് ജില്ലാ കമ്മിറ്റിയിൽ പോലും വന്നിട്ടില്ല', മാധ്യമങ്ങൾ വേട്ടയാടിയെന്ന് എകെ ബാലൻ
സ്വന്തം താൽപര്യത്തിന് ഒരിക്കലും പാർട്ടിയെ ഉപയോഗിച്ചിട്ടില്ല. പോസ്റ്റർ പ്രചരണം നടത്തിയത് സിപിഎമ്മുകാരല്ലെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട്: തന്റെ ഭാര്യ പികെ ജമീലയുടെ തരൂരിലെ സ്ഥാനാർത്ഥിത്വത്തിന്റെ പേരിൽ മാധ്യമങ്ങൾ വേട്ടയാടിയെന്ന് മന്ത്രി എകെ ബാലൻ. ജമീലയുടെ സ്ഥാനാർത്ഥിത്വം ആ നിമിഷവും ഉണ്ടായിരുന്നില്ല. ജില്ലാ കമ്മിറ്റിയിൽ പോലും ജമീലയുടെ പേരു വന്നിട്ടുണ്ടായിരുന്നില്ല. എന്നിട്ടും മാധ്യമങ്ങൾ വേട്ടയാടിയെന്നും ബാലൻ ആരോപിച്ചു. സ്വന്തം താൽപര്യത്തിന് വേണ്ടി ഒരിക്കലും പാർട്ടിയെ ഉപയോഗിച്ചിട്ടില്ല. ജമീലക്കും തനിക്കുമെതിരെ ഉണ്ടായ പോസ്റ്റർ പ്രചരണം നടത്തിയത് സിപിഎമ്മുകാരല്ലെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് തുടർ ഭരണത്തിന് നിർണായക പങ്ക് പാലക്കാട് വഹിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച അദ്ദേഹം പാലക്കാട്ട് നിന്ന് ഇടതുമുന്നണിക്ക് ചരിത്ര വിജയം ഉണ്ടാകുമെന്നും കൂട്ടിച്ചേർത്തു.
തരൂരിൽ ഡോ. പി കെ ജമീലയെ സ്ഥാനാർത്ഥിയാക്കാനുളള സംസ്ഥാന കമ്മിറ്റി നിർദ്ദേശത്തിനെതിരെ ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും രൂക്ഷ വിമർശനമാണുയർന്നത്. ജമീലയെ മത്സരിപ്പിയ്ക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും മറ്റു മണ്ഡലങ്ങളുടെ വിജയസാധ്യതയെ ബാധിയ്ക്കുമെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. ഇതോടെ പികെ ജമീലയ്ക്ക് പകരം ഡിവൈഎഫ്ഐ നേതാവ് പി പി സുമോദിനെ തരൂരിൽ മത്സരിപ്പിക്കാൻ സിപിഎം തീരുമാനമെടുക്കുകയായിരുന്നു.