സ്ഥാനാര്‍ത്ഥി പട്ടികക്കെതിരായ പ്രതിഷേധം; കോൺഗ്രസിൽ വെടിനിര്‍ത്തല്‍ ആഹ്വാനം ചെയ്ത് എ കെ ആന്റണി
സമാധാന ജീവിതം ജനം ആഗ്രഹിക്കുമ്പോള്‍ സംസ്ഥാനത്ത് ഭരണമാറ്റം ഉറപ്പാണ്. പട്ടികയില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും പരസ്പരം കലഹിച്ച് അനുകൂല സാഹച്രയം നഷ്ടപ്പെടുത്തരുതെന്നും ആന്‍റണി പറഞ്ഞു.
ദില്ലി: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസില്‍ പൊട്ടി പുറപ്പെട്ട കലാപത്തില്‍ വെടിനിര്‍ത്തല്‍ ആഹ്വാനവുമായി എ കെ ആന്‍റണി. ഹൈക്കമാന്‍ഡ് തീരുമാനം എല്ലാവരും അംഗീകരിക്കണമെന്നും പരാതികള്‍ ഭരണമാറ്റത്തിനുള്ള ജനാഭിലാഷത്തെ ബാധിക്കരുതെന്നും ആന്‍റണി പറഞ്ഞു. പാര്‍ട്ടി വിടാന്‍ താല്‍പര്യമറിയിച്ചുവെന്ന പി സി ചാക്കോയുടെ വെളിപ്പെടുത്തലിനെതിരെ കെ സുധാകരന്‍ എംപി രംഗത്തെത്തി.
ദേശീയ സംസ്ഥാന നേതൃത്വങ്ങളെ പ്രതിക്കൂട്ടിലാക്കും വിധം സ്ഥാനാര്‍ത്ഥി പട്ടികക്കെതിരെ വ്യാപക വിമര്‍ശനമുയരുമ്പോള്‍ പ്രതിഷേധം തണുപ്പിക്കാന്‍ എ കെ ആന്‍റണി രംഗത്തെത്തി. സമാധാന ജീവിതം ജനം ആഗ്രഹിക്കുമ്പോള്‍ സംസ്ഥാനത്ത് ഭരണമാറ്റം ഉറപ്പാണ്. പട്ടികയില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും പരസ്പരം കലഹിച്ച് അനുകൂല സാഹച്രയം നഷ്ടപ്പെടുത്തരുതെന്നും ആന്‍റണി പറഞ്ഞു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ കടുത്ത അതൃപ്തി അറിയിച്ച സുധാകരനെ മെരുക്കാനും ആന്‍റണി ഇടപെട്ടു.
അതേസമയം ആഭ്യന്തരകലഹത്തില്‍ മനം മടുത്ത് പാര്‍ട്ടിയില്‍ തുടര്‍ന്നേക്കില്ലെന്ന് കെ സുധാകരന്‍ തന്നോട് പറഞ്ഞെന്ന പി സി ചാക്കോയുടെ വെളിപ്പെടുത്തല്‍ സുധാകരനെ വെട്ടിലാക്കി. സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലിയുള്ള പരസ്യ പ്രസ്താവനകള്‍ ഹൈക്കമാന്‍ഡ് വിലക്കി. മുഖം നോക്കാതെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന തല അച്ചടക്ക സമിതിക്ക് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.