പുല്ലും വെള്ളവും തേടിയുള്ള അന്തമില്ലാത്ത യാത്ര, ഈ പർവതപ്രദേശത്തെ ഇടയന്മാരുടെ ജീവിതമറിയാം

സാധാരണയായി ഇടയന്മാർ താത്കാലിക ക്യാമ്പുകളിലാണ് താമസിക്കുന്നത്. കാരണം, അവർ പുൽമേടുകൾ തേടി ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് യാത്ര തുടരുന്നു.

yak herders life

ലഡാക്കിലെ ഏറ്റവും പഴക്കം ചെന്ന ഗ്രാമങ്ങളിലൊന്നായ ഗ്യ സമുദ്രനിരപ്പിൽ നിന്ന് 16,000 അടിയിലധികം ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. അവിടത്തെ താഴ്വരകളിൽ യാക്കിനെ മേച്ചു നടക്കുന്ന ഒരു ഇടയ സമൂഹമുണ്ട്. അവർ നാടോടികളുടെ ജീവിതമാണ് നയിക്കുന്നത്.  ലഡാക്കിലെയും ചൈനയിലെ ടിബറ്റൻ ഹിമാലയ മേഖലയിലും വ്യാപിച്ചുകിടക്കുന്ന ഈ ഇടയ സമൂഹങ്ങൾ യാക്കിനെ മേച്ചും അതിന്റെ രോമങ്ങൾ ഉപയോഗിച്ച് കമ്പിളികൾ ഉണ്ടാക്കിയുമാണ് ജീവിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം യാക്കുകൾ ഉപജീവനത്തിന്റെയും സമ്പത്തിന്റെയും ഉറവിടമാണ്. ഈ ഇടയന്മാർ പരുക്കൻ പർവതപ്രദേശങ്ങളിൽ ഹിമപുള്ളിപ്പുലിക്കും ഹിമാലയൻ ചെന്നായ്ക്കൾക്കുമിടയിൽ ജീവിതം പങ്കിടുന്നു.

എന്നാൽ കാലാവസ്ഥയും വ്യതിയാനവും സാമൂഹിക മാറ്റങ്ങളും അവരുടെ ജീവിതം ഇപ്പോൾ കൂടുതൽ കഠിനമാക്കുന്നു. പലർക്കും സ്വന്തം പാരമ്പര്യം ഉപേക്ഷിച്ച് മറ്റിടങ്ങളിലേയ്ക്ക് കുടിയേറേണ്ടി വരുന്നു. താപനില വർദ്ധിക്കുകയും മഞ്ഞുവീഴ്ച കൂടുതൽ ക്രമരഹിതമാവുകയും ചെയ്യുന്നതിനാൽ മൃഗങ്ങൾ കൂടുതൽ രോഗങ്ങൾക്ക് ഇരയാകുന്നു. അവിടത്തെ കുട്ടികൾ വിദ്യാഭ്യാസം നേടുകയും മറ്റിടങ്ങളിലേയ്ക്ക് ജോലിക്കായി പോവുകയും ചെയ്യുമ്പോൾ ഇടയന്മാരുടെ ആ പഴയ തലമുറ ഇവിടെ ഇല്ലാതാവുകയാണ്.  

ഒരു ഇടയന്റെ ജീവിതം വളരെ വെല്ലുവിളികൾ നിറഞ്ഞതാണ്. പുല്ലും വെള്ളവും തേടിയുള്ള അന്തമില്ലാത്ത ഒരു യാത്രയാണ് അവരുടെ ജീവിതം. അറുപതുകാരനായ സ്വാൻ റിഗ്‌സിൻ കുട്ടിക്കാലം മുതലേ ഒരു ഇടയനായി ജോലി ചെയ്യുകയാണ്. അദ്ദേഹത്തിന് അറുപതോളം യാക്കുകളുണ്ട്. കമ്പിളി നെയ്യുന്നതിനൊപ്പം അദ്ദേഹം യാക്കുകളെ മേയ്ക്കുന്നു. ശേഖരിക്കുന്ന യാക്കിന്റെ രോമങ്ങൾ റിഗ്‌സിൻ കമ്പിളിയാക്കി കാർപെറ്റുകൾ ഉണ്ടാക്കാനും, വസ്ത്രങ്ങൾ നെയ്യാനും ഉപയോഗിക്കുന്നു. ഏറ്റവും പ്രയാസം മഞ്ഞുകാലത്താണ് എന്നദ്ദേഹം പറയുന്നു. ആ സമയത്ത് വെള്ളവും, പുല്ലും ലഭ്യമല്ല. മഞ്ഞുമൂടി കിടക്കുന്ന അവിടെ യാക്കുകൾക്ക് ഭക്ഷണം കണ്ടെത്താൻ വളരെ പ്രയാസമാണ് എന്ന് റിഗ്‌സിൻ പറയുന്നു. ചില സമയത്ത് വെള്ളം കൊണ്ടുവരാൻ കിലോമീറ്ററോളം നടക്കണം. മഞ്ഞുകാലങ്ങളിൽ ചെറിയ അരുവികൾ കണ്ടെത്താറുണ്ടെങ്കിലും, മിക്കപ്പോഴും മഞ്ഞ് ഉരുക്കിയാണ് വെള്ളമെടുക്കുന്നത്.  

സാധാരണയായി ഇടയന്മാർ താത്കാലിക ക്യാമ്പുകളിലാണ് താമസിക്കുന്നത്. കാരണം, അവർ പുൽമേടുകൾ തേടി ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് യാത്ര തുടരുന്നു. പ്രകൃതിയുടെ ദയവിൽ ജീവിക്കുന്നവരാണ് അവർ. ചിലപ്പോൾ വന്യമൃഗങ്ങൾ അവരുടെ യാക്കുകളെ ആക്രമിക്കുന്നു. പണ്ട് ഓരോ കുടുംബത്തിലും ഓരോ ഇടയന്മാരുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹം താമസിക്കുന്ന ഗ്യാ ഗ്രാമത്തിൽ ആകെ 14 ഇടയന്മാരെ അവശേഷിക്കുന്നുള്ളൂ. ഇന്ന് യുവതലമുറ പൂർവികരുടെ ഈ കുലത്തൊഴിൽ ചെയ്യാൻ വിമുഖത കാണിക്കുന്നു. അവിടത്തെ കഠിനമായ കാലാവസ്ഥയും, ഭൂപ്രകൃതിയും അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നു. അവരാരും ഇത് ചെയ്യാൻ താല്പര്യപ്പെടുന്നില്ല. തരിശായി കിടക്കുന്ന പർവതപ്രദേശങ്ങളുമായി ദിനവും പോരാടി, പരിസ്ഥിതിയുമായി ഒരു ആത്മീയ ബന്ധം പുലർത്തുന്ന അവർ ഇനി എത്ര കാലം അവിടെ ഉണ്ടാകുമെന്നത് വ്യക്തമല്ല. നൂറ്റാണ്ടുകളായി പിന്തുടർന്ന് വരുന്ന ആ പാരമ്പര്യം പതുക്കെ അസ്തമിക്കുകയാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios