Vishwasya Vritant : സംസ്കൃത ഭാഷയെ സംരക്ഷിക്കാൻ, പത്രവും വെബ്സൈറ്റുമായി മുർതുസ ഖംഭത്‌വാല

ഒരു പത്രം പ്രസിദ്ധീകരിക്കാൻ നല്ല ചെലവാണെന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ട് ഇപ്പോൾ കുറച്ച് പകർപ്പുകൾ മാത്രമേ പുറത്തിറക്കുന്നുള്ളൂ. എന്നാൽ, അച്ചടിക്കുന്നതിന് പകരം മറ്റൊരു മികച്ച ഉപായം അദ്ദേഹം കണ്ടെത്തി, ഒരു വെബ്‌സൈറ്റ്. 

Vishwasya Vritant sanskrit daily by Murtaza Khambhatwala

ലോകത്തെ ഏറ്റവും പ്രാചീന ഭാഷകളിൽ ഒന്നാണ് സംസ്‌കൃതം(Sanskrit). ഈ ഭാഷ ഇപ്പോൾ വളരെ ചെറിയ ഒരു വിഭാഗം ആളുകൾ മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാൽ, കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന ആ ഭാഷയെ സംരക്ഷിക്കാൻ മുന്നോട്ട് വരികയാണ് ഗുജറാത്തിലെ ഒരു മുസ്ലീം വ്യവസായി.

ഗുജറാത്തിലെ സൂറത്തിൽ താമസിക്കുന്ന മുർതുസ ഖംഭത്‌വാല(Murtuza Khambhatwala)യ്ക്കാണ് രാജ്യത്തെ ഏറ്റവും പഴക്കമുള്ള ഭാഷയോട് ഇഷ്ടം തോന്നിയത്. സംസ്‌കൃതം കൂടുതൽ ആളുകളിലേയ്ക്ക് എത്തിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം കഴിഞ്ഞ 11 വർഷമായി സംസ്‌കൃത ഭാഷാ പത്രമായ 'വിശ്വസ്യ വൃതാന്ത്'(Vishwasya Vritant) ദിനപത്രം പുറത്തിറക്കുന്നു. ഗുജറാത്തിലെ ദാവൂദി ബൊഹ്‌റ സമുദായത്തിൽപ്പെട്ട മുർതുസ, സൂറത്തിൽ സ്വന്തമായി ഒരു പ്രസിദ്ധീകരണശാല നടത്തുന്നുണ്ട്. ഇതിന് പുറമേ, പുതിയ തലമുറയെ ഭാഷയുമായി ബന്ധിപ്പിക്കുന്നതിനായി ഈ 41 -കാരൻ ഒരു സംസ്‌കൃത ഭാഷാ വെബ്‌സൈറ്റും നടത്തുന്നു.  

ഡിസി ഭട്ടിന്റെ പങ്കാളിത്തത്തോടെയാണ് 2011 -ൽ മുർതുസ പ്രസിദ്ധീകരണം ആരംഭിച്ചത്. പിന്നീട് ഭട്ട് അതിൽ നിന്ന് പിന്മാറുകയും, മുർതുസ പത്രത്തിന്റെ ഏക ഉടമയായി തീരുകയും ചെയ്തു. "കൂടുതൽ ആളുകളെ സംസ്‌കൃതം പഠിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു പത്രം തുടങ്ങാൻ ഞാൻ തീരുമാനിച്ചു. തുടക്കം മുതൽ തന്നെ എനിക്ക് നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നു. ആദ്യമൊക്കെ ചില സർക്കാർ പരസ്യങ്ങൾ ലഭ്യമായിരുന്നു. അതിൽ നിന്നുള്ള വരുമാനം പത്രം ഇറക്കാൻ എന്നെ സഹായിച്ചു. പിന്നീട് സഹായങ്ങൾ കുറഞ്ഞുവെങ്കിലും, ഇന്ന് എനിക്കത് ഒരു ആവേശമാണ്. ഇതിനായി എല്ലാ മാസവും എന്റെ പോക്കറ്റിൽ നിന്നാണ് ഞാൻ പണം ചെലവഴിക്കുന്നത്, പോരാത്തത് സംഭാവനായി സ്വീകരിക്കുന്നു" അദ്ദേഹം പറഞ്ഞു.

ഒരു പത്രം പ്രസിദ്ധീകരിക്കാൻ നല്ല ചെലവാണെന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ട് ഇപ്പോൾ കുറച്ച് പകർപ്പുകൾ മാത്രമേ പുറത്തിറക്കുന്നുള്ളൂ. എന്നാൽ, അച്ചടിക്കുന്നതിന് പകരം മറ്റൊരു മികച്ച ഉപായം അദ്ദേഹം കണ്ടെത്തി, ഒരു വെബ്‌സൈറ്റ്. സംസ്‌കൃത ഭാഷ വായിക്കാനും പഠിക്കാനുമുള്ള എല്ലാം അതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. വാർത്തയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകളും വെബ്‌സൈറ്റിൽ ലഭ്യമാണ്. ഇത് എല്ലാവർക്കും സൗജന്യമായി ലഭ്യമാണ്.  "സംസ്കൃതത്തിൽ മാത്രം വാർത്തകൾ നൽകുന്ന ഒരേയൊരു ദിനപത്രം എന്റേതാണ്. വിദേശ വായനക്കാർക്കും വാർത്തകൾ വായിക്കാൻ സൗകര്യമൊരുക്കുന്നതിനായിട്ടാണ് വെബ്‌സൈറ്റ് ആരംഭിച്ചത്” അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതലും ബന്ധുക്കൾ സംഭാവനയായി നൽകുന്ന പണം കൊണ്ടാണ് പത്രം നടത്തികൊണ്ട് പോകുന്നതെന്ന് അദ്ദേഹം പറയുന്നു. ഗുജറാത്ത് സർക്കാരിൽ നിന്ന് ഇതുവരെ ഒരു സഹായവും ലഭിച്ചിട്ടില്ലെന്നും, എന്നാൽ ഒരു ദിവസം സർക്കാർ തന്റെ ശ്രമങ്ങളെ പിന്തുണക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഗുജറാത്തിയും ഹിന്ദിയും ഉൾപ്പെടെ നമ്മുടെ പല മാതൃഭാഷകളുടെയും മാതാവ് സംസ്‌കൃതമാണ്. മുർതുസ ഭാഷയെ സ്നേഹിക്കുന്നു. ഭാഷയെ സ്നേഹിക്കുന്നതിലൂടെ നമ്മുടെ സംസ്കാരം സംരക്ഷിക്കാൻ അദ്ദേഹം ശ്രമിക്കുന്നു” ഗുജറാത്ത് സംസ്ഥാന സംസ്‌കൃത ബോർഡ് ചെയർമാൻ ജയശങ്കർ റാവൽ പറഞ്ഞു.  

Latest Videos
Follow Us:
Download App:
  • android
  • ios