കുടജാദ്രി: ജീവിത യാത്രയുടെ പാഠപുസ്തകം

കാലുകള്‍ തളര്‍ന്നു കയറുമ്പോളും മുകളിലെത്താനുള്ള മനസ്സിന്റെ മോഹം നമ്മളെ മലകയറ്റികൊണ്ടേയിരിക്കും. അവിടം എത്തിയാലോ  നമ്മള്‍ ആലോചിക്കുന്നത് മുഴുവന്‍ നാം നടന്നു കയറിയ വഴികളെ പറ്റിയായിരിക്കും.

travelogue Kodachadri text book of life

കുടജാദ്രിയില്‍ സര്‍വജ്ഞനായ ശങ്കരാചര്യര്‍ വരെ ദേവിയെ തിരിഞ്ഞുനോക്കി എന്നല്ലേ പറയുന്നത്. അതിലത്ഭുതമില്ല.  അവിടുത്തെ വഴികള്‍ നമ്മെ പഠിപ്പിക്കുന്നത് നമ്മുടെ ഭാവിയും ഭൂതവും വര്‍ത്തമാനവും തന്നെയാണ്!

 

 

അനുഭവങ്ങളുടെ ജീവിതസാക്ഷ്യമാണ് കുടജാദ്രി. മണിക്കൂറുകള്‍കൊണ്ട് ജീവിതത്തിലെ കാലങ്ങള്‍ ഓര്‍ത്തെടുക്കാനൊരു യാത്ര. കുടജാദ്രിയിലെ സര്‍വജ്ഞപീഠത്തിനടുത്തേയ്ക്ക് നമ്മെ നയിക്കുന്നത് അത്തരമൊരു നിയേഗമായിരിക്കണം. 

വരണ്ട റോഡുകളും കുന്നുകളും കല്ലുമ്പുറങ്ങളും താണ്ടി മേലോട്ട് പോകുന്തോറും കുളിര്‍മയും കോടയും ഏറിക്കൊണ്ടിരിക്കും. ഏതൊരുവനെയും ലക്ഷ്യത്തിലെത്തിയ്ക്കാന്‍ പ്രേരിപ്പിക്കുന്ന, അല്ലെങ്കില്‍ നീ നിന്റെ  ലക്ഷ്യസ്ഥാനത്ത് എത്തുകയാണ് എന്നു തോന്നിപ്പിക്കും വിധം സുഖമേറുന്ന ഒരു അനുഭൂതി.  

കല്ലും മണ്ണും താണ്ടി ആദ്യമായി കുടജാദ്രി കയറുമ്പോള്‍ ഈ യാത്രയുടെ അവസാനം എന്താണ് എന്നു അറിവുണ്ടാവില്ല. അവിടെ എത്തി കഴിഞ്ഞു സര്‍വജ്ഞപീഠവും കണ്ടു വിശ്രമിക്കുമ്പോള്‍ ഈ യാത്ര തന്നെയല്ലേ നമ്മുടെ ജീവിതവും എന്നു തോന്നിപ്പോകും. ജീവിതത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ഏത് വഴിയിലൂടെ സഞ്ചരിക്കും എന്ന് സംശയിക്കുന്നത് മുതല്‍ തന്റെതായ ലക്ഷ്യങ്ങളെ ഓരോന്നും കയ്യിലാക്കി കടമകളും കര്‍ത്തവ്യങ്ങളും നിറവേറ്റി കൊണ്ടുള്ള യാത്ര. ഇടയിലെപ്പോളെങ്കിലും നിന്നുപോയാല്‍ വീണ്ടും ഉയര്‍ന്നു പോകാനുള്ള ഊര്‍ജം അവിടെ തന്നെ നിക്ഷിപ്തമാണ്.

കാലുകള്‍ തളര്‍ന്നു കയറുമ്പോളും മുകളിലെത്താനുള്ള മനസ്സിന്റെ മോഹം നമ്മളെ മലകയറ്റികൊണ്ടേയിരിക്കും. അവിടം എത്തിയാലോ  നമ്മള്‍ ആലോചിക്കുന്നത് മുഴുവന്‍ നാം നടന്നു കയറിയ വഴികളെ പറ്റിയായിരിക്കും. താണ്ടിയ വഴികളിലൂടെ ഇറങ്ങിപ്പോകുമ്പോഴും ഓര്‍മ്മകള്‍ മലമുകളിലെ ആ നേരങ്ങളെ കുറിച്ചായിരിക്കും. 

വഴികളില്‍ തളര്‍ന്നിരിക്കുന്നവരും വിശന്നിരിക്കുന്നവരും ഉണ്ടാകാം. തിരിച്ചിറങ്ങുമ്പോള്‍ അവരുടെ മുഖത്തു നോക്കി ചിരിച്ചുകൊണ്ട് മുകളിലേയ്ക്ക് ഒന്ന് കൈചൂണ്ടിയാല്‍ മതി. ആ പുഞ്ചിരി അവരിലും പടരും. അവര്‍ക്കും മുകളിലേയ്‌ക്കെത്താനുള്ള ഊര്‍ജ്ജത്തിന് വകയാകും. ജീവിതത്തില്‍ നാമറിയാതെ നമുക്ക് ജീവിത സത്യങ്ങള്‍ പകര്‍ത്തിതരുന്നവയാണ് യാത്രകള്‍.

കുടജാദ്രിയില്‍ സര്‍വജ്ഞനായ ശങ്കരാചര്യര്‍ വരെ ദേവിയെ തിരിഞ്ഞുനോക്കി എന്നല്ലേ പറയുന്നത്. അതിലത്ഭുതമില്ല.  അവിടുത്തെ വഴികള്‍ നമ്മെ പഠിപ്പിക്കുന്നത് നമ്മുടെ ഭാവിയും ഭൂതവും വര്‍ത്തമാനവും തന്നെയാണ്!

ഓരോ മനുഷ്യകണത്തിന്റെയും യാത്രയില്‍ അവന്‍ നേരിട്ടറിയുന്ന സത്യങ്ങളുണ്ടാകാം. അതുതന്നെയാണ് അടുത്തയാത്രയിലേക്ക് അവനെ പ്രേരിപ്പിക്കുന്നതും. 
 

Latest Videos
Follow Us:
Download App:
  • android
  • ios