ഇത്ര വലിയ വീടും ആഡംബരങ്ങളും വേണോ? പണവും സമയവും നഷ്‍ടമല്ലേ? ഇത് മിനിമലിസത്തിലുള്ള ജീവിതം
കുറച്ച് സ്ഥലവും സാധനങ്ങളുമേ ഉള്ളൂ എങ്കില്‍ അത് വൃത്തിയാക്കാനായി സമയവും കുറച്ച് മതി. അത്രയും നേരം സുഹൃത്തുക്കളുടെയും കുടുംബത്തിന്‍റെയും ഒക്കെ കൂടി ചെലവഴിക്കാം എന്നും അദ്ദേഹം പറയുന്നു.
നാം വീട് വയ്ക്കുമ്പോഴും വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങുമ്പോഴും എന്തൊക്കെ ശ്രദ്ധിക്കും? നമ്മുടെ ആവശ്യത്തിന് ഉള്ളത്രയും വലിപ്പത്തിലാണോ നാം വീട് വയ്ക്കുന്നത്? മിക്കവാറും അല്ല, വെറുതെ ഒഴിച്ചിട്ട മുറികളും ഒരുപാട് സ്ഥലങ്ങളുമൊക്കെയായി ഒരാവശ്യവുമില്ലാതെ വലിയ വീട് പണിതിടുന്നവരാണ് മിക്കവാറും അല്ലേ? വിദേശത്ത് താമസിക്കുന്നവർ പോലും പലപ്പോഴും വലിയ വീട് തന്നെ പണിയാറുണ്ട്. ഇങ്ങനെ വീട് പണിതിട്ട് വൃത്തിയാക്കാനും അത് സൂക്ഷിക്കാനും സമയനഷ്‍ടം, പണനഷ്ടം എന്നിവയൊക്കെയായിരിക്കും ഫലം. എന്നാൽ, പുതിയൊരു ജീവിതരീതി ഇന്ന് പലയിടത്തും പ്രചാരം നേടുന്നുണ്ട്. അതാണ് മിനിമലിസം. അതായത്, നമുക്ക് വളരെ വളരെ അത്യാവശ്യമുള്ള കാര്യങ്ങൾ മാത്രമായി ജീവിക്കുക എന്നതാണ് മിനിമലിസം കൊണ്ട് ഉദ്ദേശിക്കുന്നത്.
അത്തരം ജീവിതരീതി തെരഞ്ഞെടുത്ത പലരും ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നുണ്ട്. ടിം ഡേവിഡ്‍സണ്‍ ഈ ജീവിതരീതി ഇഷ്‍ടപ്പെടുകയും പിന്തുടരുകയും ചെയ്യുന്ന ഒരാളാണ്. ആ ജീവിതരീതി പിന്തുടരാന്‍ തുടങ്ങിയശേഷം ഒരു തിരിഞ്ഞുനോട്ടം ഉണ്ടായിട്ടില്ല എന്ന് അദ്ദേഹം പറയുന്നു. എങ്ങനെയാണ് ആ ജീവിതം എന്ന് നോക്കാം.
2017 -ൽ, ഫ്ലോറിഡയിലെ കുടുംബത്തിന്റെ അവധിക്കാല വസതിയിൽ നിന്ന് മാറാൻ ടിമിന് 60 ദിവസത്തെ സമയം നൽകി വീട്ടുകാർ. ആ സമയത്ത് പരമ്പരാഗത രീതിയിലുള്ള ഒരു വീട് വാങ്ങുന്നതിനെക്കുറിച്ചാണ് എല്ലാവരെയും പോലെ അദ്ദേഹവും ആദ്യം ചിന്തിച്ചത്. എന്നാല്‍, കൂടുതല്‍ ആലോചിച്ചപ്പോള്‍ അനാവശ്യമായ വലിപ്പവും വീട്ടുസാധനങ്ങളുമെല്ലാം വെറുതെ കൂടുതല്‍ പണം ചെലവഴിക്കാനും നികുതിക്കും കാരണമാകുമെന്ന് അദ്ദേഹത്തിന് മനസിലായി. അങ്ങനെ അത്യാവശ്യം വേണ്ട കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഒരു കിടപ്പുമുറി, ലിവിംഗ് ഏരിയ, ചെറിയൊരു അടുക്കള എന്നിവയൊക്കെ മതിയാകും തനിക്ക് ജീവിക്കാൻ എന്ന് അദ്ദേഹം ഉറപ്പിച്ചു.
മിനിമലിസത്തെ കുറിച്ചുള്ള നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററിയും, കുറച്ച് മാത്രം വസ്‍തുക്കളുമായി ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന മതങ്ങളുമാണ് തന്നെ മിനിമലിസത്തിലേക്ക് ആകൃഷ്‍ടനാക്കിയത് എന്ന് ടിം പറയുന്നു. എന്നാല്‍, ആ സമയത്തൊന്നും മിനിമലിസം എന്ന ആശയമൊന്നും മനസിലുണ്ടായിരുന്നില്ല. ജീവിക്കാന്‍ വളരെ കുറച്ച് മതിയാകും എന്ന ധാരണയില്‍ നിന്നായിരുന്നു തുടക്കം. ഒരു ശരാശരി അമേരിക്കക്കാരനുള്ളതിനേക്കാള്‍ വളരെ വളരെ കുറച്ച് മാത്രം ഉപയോഗിച്ചാണ് ടിം ജീവിക്കുന്നത്.
കുറച്ച് സ്ഥലവും സാധനങ്ങളുമേ ഉള്ളൂ എങ്കില്‍ അത് വൃത്തിയാക്കാനായി സമയവും കുറച്ച് മതി. അത്രയും നേരം സുഹൃത്തുക്കളുടെയും കുടുംബത്തിന്‍റെയും ഒക്കെ കൂടി ചെലവഴിക്കാം എന്നും അദ്ദേഹം പറയുന്നു. അതുപോലെ തന്നെ അത് നമുക്ക് വേറെ എന്തെങ്കിലും കാര്യമായി ചെയ്യാനുള്ള സമയം തരുമെന്നും ടിം പറയുന്നു. 2009 -ല്‍ ഡാര്‍ബി സാക്സ്ബേ, റെന റെപറ്റി എന്നിവര്‍ നടത്തിയ പഠനത്തില്‍ പറയുന്നത് വീട്ടില്‍ വളരെ കുറച്ച് സാധനങ്ങള്‍ മാത്രമേ ഉള്ളൂവെങ്കില്‍ അത് നിങ്ങളുടെ മനസിന് കൂടുതല്‍ സ്വസ്ഥത തരും എന്നാണ്.
ഏതായാലും വീട്ടില്‍ നിന്നിറങ്ങുന്ന സമയമായപ്പോഴേക്കും ടിഫാനി എന്ന ഒരു 250 സ്ക്വയര്‍ ഫീറ്റ് മാത്രമുള്ള കുഞ്ഞുവീട് വാങ്ങി. അതുപോലെ തന്നെ വീടിന് ചുറ്റും ഗ്ലാസ് നിര്‍മ്മിച്ചു. ചുറ്റും ഗ്ലാസ് കൊണ്ട് നിര്‍മ്മിച്ച വീട്ടില്‍ വെളിച്ചവും ആവശ്യത്തിനെത്തി. മടക്കി വയ്ക്കാവുന്നതും ആവശ്യത്തിന് നിവര്‍ത്തി ഉപയോഗിക്കാനാവുന്നതുമായ ടേബിളുകളാണ് ഇവിടെ കാണാവുന്ന മറ്റൊരു പ്രത്യേകത. മൊത്തം സ്ഥലങ്ങളും വളരെ ഉപയോഗപ്രദമാക്കിത്തീര്‍ത്തിരിക്കുന്നു. കിടക്കയുടെ അടിയിലും മറ്റുമായി ഡ്രോയറുകളും ഒരുക്കിയിരിക്കുന്നു. ഇങ്ങനെ ഒക്കെ ആണെങ്കിലും ടിഫാനി സ്‍മാര്‍ട്ട് ആണ് കേട്ടോ. അവിടെ ലുട്രോൺ കാസറ്റ വയർലെസ് സംവിധാനമൊക്കെയുണ്ട്.
ഏതായാലും വീട് സ്വന്തമാക്കിയയുടനെ സ്ഥിരമായി താമസിക്കാനും ഒരിടത്തിനായി ടിം അന്വേഷിച്ചു തുടങ്ങി. അങ്ങനെയാണ് സില്ലോ എന്ന ദ്വീപ് കണ്ടെത്തുന്നത്. ആര്‍ക്കും അധികം അറിയാത്ത വിദൂരമായൊരു സ്ഥലമായിരുന്നു അത്. അതിനെ കുറിച്ച് മനസിലാക്കിയ ഉടനെ ടിം അതിന്‍റെ ഉടമയെ പോയിക്കണ്ടു. സ്ഥലത്തിന് വേണ്ടി വിലപേശി. അങ്ങനെ അറുപത് ദിവസത്തിനുള്ളില്‍ ഒരു കുഞ്ഞ് വീട് വയ്ക്കാനുള്ള ജോലി ആരംഭിച്ചു. അങ്ങനെയാണ് അഷ്‍ടഭുജാകൃതിയിലുള്ള ഒരു കുഞ്ഞുവീട് അവിടെ പണിതത്. ഡെല്‍ടെക് ഹോം എന്ന ഒരു കമ്പനിയാണ് ഈ വീട് നിര്‍മ്മിച്ചത്. അഷ്‍ടഭുജമായതിനാല്‍ ചുഴലിക്കാറ്റ് പോലെയുള്ളവയില്‍ നിന്നും സംരക്ഷണം കിട്ടുമെന്നും ടിം പറയുന്നു.
ഏതായാലും ടിഫാനിയിലൂടെ ആണെങ്കിലും അതിനുശേഷമുള്ള വീട്ടിലൂടെ ആണെങ്കിലും ടിം മുന്നോട്ട് വയ്ക്കുന്നത് മിനിമലിസം എന്ന ആശയമാണ്. നമുക്ക് വേണ്ടത് മാത്രം ഉപയോഗിച്ചുകൊണ്ടുള്ള ഒരു സിംപിൾ ജീവിതം ജീവിക്കുന്ന സംസ്‍കാരമാണത്.