ഇവിടെ വിവാഹം കഴിച്ചാൽ ദമ്പതികൾക്ക് 1.7 ലക്ഷം രൂപ കിട്ടും, ലോകത്തിലെ അടിപൊളി സ്ഥലങ്ങളിലൊന്ന് ഓഫർ ചെയ്യുന്നു
“സാമ്പത്തിക പ്രതിസന്ധിയിലുള്ള ഈ മേഖലയെ പിന്തുണയ്ക്കാൻ ഈ പദ്ധതി ആവശ്യമാണ്” ലാസിയോയുടെ പ്രസിഡന്റ് നിക്കോള സിങ്കാരറ്റിയെ ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. വിവാഹങ്ങൾക്ക് ഏറ്റവും യോജിക്കുന്നത് എന്ന് അറിയപ്പെടുന്ന പ്രദേശമായ ഇറ്റലി, ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് -19 മരണസംഖ്യയുള്ള രാജ്യങ്ങളിലൊന്നാണ്.
ഡെസ്റ്റിനേഷൻ വെഡ്ഡിംഗിൽ താൽപര്യം ഉള്ളയാളാണോ നിങ്ങൾ? അതിന് കാശ് ഇങ്ങോട്ട് കിട്ടുക കൂടി ചെയ്താലോ? ഇറ്റലിയിലെ ഒരു പ്രദേശം അവിടെ വിവാഹിതരാവുന്ന ദമ്പതികൾക്ക് പണം നൽകും. മധ്യ ഇറ്റലിയിലെ ഈ പ്രദേശം അവിടെ വിവാഹിതരാവുന്ന ദമ്പതികൾക്ക് 1.68 ലക്ഷം രൂപ നൽകും എന്നാണ് പറയുന്നത്. രാജ്യത്തിന്റെ തലസ്ഥാനമായ റോം ഉൾപ്പെടുന്ന ലാസിയോ മേഖലയാണ് ദമ്പതികൾക്ക് ആകർഷകമായ ഈ ഓഫർ നൽകുന്നത്.
'ഫ്രം ലാസിയോ വിത്ത് ലവ്' എന്ന് വിളിക്കപ്പെടുന്ന ഈ പദ്ധതി പ്രകാരം 2022 ജനുവരി ഒന്നിനും ഡിസംബർ 31 -നും ഇടയിൽ ഈ മേഖലയിൽ വിവാഹം കഴിക്കുന്ന ഇറ്റലിക്കാർക്കും വിദേശികൾക്കും ഓഫർ ലഭ്യമാണ്. കൊവിഡ് സമയത്ത് നിർജ്ജീവമായ വിവാഹവുമായി ബന്ധപ്പെട്ട വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന് വേണ്ടിയാണത്രെ ലാസിയോ അധികൃതർ ഇങ്ങനെ ഒരു പദ്ധതിയുമായി മുന്നിട്ടിറങ്ങുന്നത്. ഈ സംരംഭത്തിന് കീഴിൽ, ഇറ്റാലിയൻ, വിദേശ ദമ്പതികൾക്ക് പ്രാദേശിക കാറ്ററർമാർ, വെഡ്ഡിംഗ് പ്ലാനർമാർ, ഇവന്റ് കമ്പനികൾ എന്നിവരിൽ നിന്ന് സേവനങ്ങളോ ഉൽപ്പന്നങ്ങളോ വാങ്ങുമ്പോൾ 2,000 യൂറോ വരെ റീഫണ്ട് നൽകാൻ 10 മില്യൺ യൂറോ അനുവദിച്ചിട്ടുമുണ്ട്. ഹണിമൂൺ ചെലവുകൾ, ഫോട്ടോഗ്രാഫി സേവനങ്ങൾ തുടങ്ങിയവയ്ക്കും ഗ്രാന്റ് ബാധകമായേക്കും.
“സാമ്പത്തിക പ്രതിസന്ധിയിലുള്ള ഈ മേഖലയെ പിന്തുണയ്ക്കാൻ ഈ പദ്ധതി ആവശ്യമാണ്” ലാസിയോയുടെ പ്രസിഡന്റ് നിക്കോള സിങ്കാരറ്റിയെ ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. വിവാഹങ്ങൾക്ക് ഏറ്റവും യോജിക്കുന്നത് എന്ന് അറിയപ്പെടുന്ന പ്രദേശമായ ഇറ്റലി, ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് -19 മരണസംഖ്യയുള്ള രാജ്യങ്ങളിലൊന്നാണ്. ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ആദ്യത്തെ രാജ്യങ്ങളിലൊന്നുമാണിത്. പകർച്ചവ്യാധി കാരണം ഇവിടെ നിശ്ചയിച്ച പല വിവാഹങ്ങളും മാറ്റിവച്ചിരുന്നു.
2020 സെപ്റ്റംബറിൽ, അസോവെന്റി എന്ന ഇവന്റ്സ് കമ്പനി ഫിനാൻഷ്യൽ ടൈംസിനോട് പറഞ്ഞത്, ആ വർഷം ആസൂത്രണം ചെയ്ത ഇറ്റാലിയൻ വിവാഹങ്ങളിൽ 85 ശതമാനവും പകർച്ചവ്യാധി കാരണം നിർത്തിവച്ചിരിക്കുന്നു എന്നാണ്. കൂടാതെ, പുറമെയുള്ള ദമ്പതികൾ ആസൂത്രണം ചെയ്‌ത 9,000 വിവാഹങ്ങൾ ഒന്നുകിൽ മാറ്റിവെക്കുകയോ റദ്ദാക്കുകയോ ചെയ്‌തതായി കണക്കാക്കപ്പെടുന്നു.
ഏതായാലും ലാസിയോയുടെ ഈ ഓഫർ ഏറ്റെടുക്കുന്ന ദമ്പതികൾ പരമാവധി അഞ്ച് രസീതുകളുടെ തെളിവ് നൽകേണ്ടതുണ്ട്. 2023 ജനുവരി 31 വരെയോ ഫണ്ട് തീരുന്നത് വരെയോ അപേക്ഷകൾ സമർപ്പിക്കാം. ലാസിയോ മേഖല, നഗരം മുതൽ നാട്ടിൻപുറങ്ങൾ വരെ വിശാലമായ വിവാഹ ലൊക്കേഷനുകൾ തന്നെ വാഗ്ദാനം ചെയ്യുന്നുണ്ട്.
(ചിത്രങ്ങള്‍ പ്രതീകാത്മകം)