Unlimited leaves : ജീവനക്കാർക്ക് എത്ര ദിവസം വേണമെങ്കിലും ലീവെടുക്കാം, അവിശ്വസനീയ ഓഫറുമായി ഒരു കമ്പനി!
ഇന്ന് മിക്ക രാജ്യങ്ങളിലും മിക്ക കമ്പനികളിലും നാല് ദിവസം മാത്രം ജോലി ചെയ്‍താൽ മതി എന്ന രീതി നടപ്പിലാക്കുന്നുണ്ട്. എന്നാൽ, ഈ കമ്പനി പറയുന്നത് അതിൽ വലിയ കാര്യമില്ല, പകരം തൊഴിലാളികളെ ഇഷ്ടത്തിന് ലീവെടുക്കാൻ അനുവദിക്കണം എന്നാണ്.
കൊവിഡ് മഹാമാരിക്കാലത്ത് മിക്ക ഓഫീസുകളും തൊഴിലാളികൾക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചിരുന്നു. എന്നാൽ, ഇന്ന് അതെല്ലാം അവസാനിപ്പിച്ച് തൊഴിലാളികളോട് തിരികെ എത്താൻ ഭൂരിപക്ഷം കമ്പനികളും ആവശ്യപ്പെട്ട് കഴിഞ്ഞിരിക്കുന്നു. പക്ഷേ, പല തൊഴിലാളികൾക്കും വർക്ക് ഫ്രം ഹോം അവസാനിപ്പിക്കുന്നതിൽ വിഷമമുണ്ട്. മാത്രവുമല്ല, ആവശ്യത്തിന് ലീവില്ലെന്ന പരാതിയും പലർക്കും ഉണ്ട്.
ന്യൂസിലാൻഡ്(New Zealand) ആസ്ഥാനമായുള്ള ആക്ഷൻസ്റ്റെപ്പ്(Actionstep) എന്ന സോഫ്റ്റ്‌വെയർ കമ്പനി അതിനൊരു പരിഹാരം കണ്ടെത്തിയിരിക്കയാണ്. കമ്പനി അതിന്റെ എല്ലാ ജീവനക്കാർക്കും അൺലിമിറ്റഡ് വാർഷിക അവധികൾ(unlimited annual leaves) വാഗ്ദ്ധാനം ചെയ്തിരിക്കുന്നു. എത്ര വേണമെങ്കിലും അവധിയെടുക്കാമെന്ന ആരും കൊതിച്ച് പോകുന്ന ഓഫറാണ് ഇപ്പോൾ കമ്പനി ജീവനക്കാർക്ക് നൽകുന്നത്.
ഇത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് നൽകുന്നത് എന്നും കമ്പനി പറയുന്നു. കമ്പനിയുടെ വൈസ് പ്രസിഡന്റ് സ്റ്റീവി മേഹ്യൂ പറയുന്നത് തൊഴിലാളികൾക്ക് എത്ര നാൾ വേണമെങ്കിലും അവധിയെടുത്ത് ആഘോഷിക്കാം. എന്നാൽ, തിരികെ വന്നാൽ ഏറ്റവും മികച്ച നിലയിൽ കമ്പനിക്ക് വേണ്ടി ജോലി ചെയ്യണം എന്നാണ്. "തുടക്കത്തിൽ അൽപ്പം സംശയമുണ്ടായിരുന്നു, 'എനിക്ക് മൂന്ന് മാസത്തെ അവധിയെടുത്ത് പോകാമോ' എന്നിങ്ങനെയുള്ള കുറച്ച് ചോദ്യങ്ങൾ തൊഴിലാളികൾ ചോദിച്ചു. എന്നാൽ, ഞങ്ങളുടെ സ്റ്റാഫുകളുടെ എല്ലാ സംശയങ്ങളും പരിഹരിക്കാനും അവരെ ആവേശത്തിലാക്കാനും ഞങ്ങൾക്ക് കഴിഞ്ഞു. ഞങ്ങളുടെ ജീവനക്കാരെ ഞങ്ങൾ വിശ്വസിക്കുന്നു, അവർ ഞങ്ങളെയും വിശ്വസിക്കുമെന്ന് പ്രതീക്ഷിക്കുന്നു."
കമ്പനി അൺലിമിറ്റഡ് ലീവ് നൽകുന്നുണ്ടെങ്കിലും, കുറഞ്ഞത് നാല് ആഴ്ചകളുടെ ലീവാണ് കമ്പനി പ്രോത്സാഹിപ്പിക്കുന്നത്. "ആളുകൾ കൂടുതൽ ലീവ് എടുക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, കാരണം അവർ അങ്ങനെ ചെയ്താൽ എല്ലാവർക്കും മികച്ച ഫലങ്ങൾ ലഭിക്കും" മെയ്ഹ്യൂ പറഞ്ഞു. ഇന്ന് മിക്ക രാജ്യങ്ങളിലും മിക്ക കമ്പനികളിലും നാല് ദിവസം മാത്രം ജോലി ചെയ്‍താൽ മതി എന്ന രീതി നടപ്പിലാക്കുന്നുണ്ട്. എന്നാൽ, ഈ കമ്പനി പറയുന്നത് അതിൽ വലിയ കാര്യമില്ല, പകരം തൊഴിലാളികളെ ഇഷ്ടത്തിന് ലീവെടുക്കാൻ അനുവദിക്കണം എന്നാണ്. അത് കൂടുതൽ ഗുണം ചെയ്യുമെന്നും മറ്റ് കമ്പനികൾ കൂടി ഇത് നടപ്പിലാക്കി നോക്കണം എന്നും കമ്പനി പറയുന്നു.
സിക്ക് ലീവ്, മറ്റേണിറ്റി ലീവ് തുടങ്ങി എല്ലാ അവധികളും ഈ അൺലിമിറ്റഡ് അവധിയിൽ പെടുന്നു. ജീവനക്കാർക്ക് ആവശ്യത്തിന് അവധി നൽകുമ്പോൾ അവർ കമ്പനിക്ക് വേണ്ടി അവരുടെ ഏറ്റവും മികച്ച രീതിയിൽ തന്നെ ജോലി ചെയ്യും എന്നാണ് കമ്പനിയുടെ പ്രതീക്ഷ.
(ചിത്രങ്ങൾ പ്രതീകാത്മകം)