Time deposit Switzerland : പണത്തിന് പകരം ഇവിടെ സമയം നിക്ഷേപിക്കാം, ഭാവിയില്‍ തിരിച്ചെടുക്കുന്നത് ഇങ്ങനെ

 ഒരാൾ എത്ര നേരം സേവനങ്ങൾക്കായി ചെലവഴിച്ചെന്ന് ടൈം ബാങ്ക് ട്രാക്ക് ചെയ്യുന്നു. തുടർന്ന്, അത്രയും സമയം ബാങ്കിൽ നിക്ഷേപിക്കപ്പെടുന്നു. പിന്നീട് പ്രായമാകുമ്പോൾ അയാൾക്ക് ഈ സമയം കൊടുത്ത് മറ്റ് ആളുകളിൽ നിന്ന് സമയാധിഷ്ഠിത സേവനങ്ങൾ വാങ്ങാൻ സാധിക്കും. 

Swiss nationals can save and deposit time

പണം ബാങ്കിൽ നിക്ഷേപിക്കാമെന്നത് എല്ലാവർക്കും അറിയാം. എന്നാൽ, ഒരാളുടെ സമയവും(Time) അതുപോലെ ബാങ്കിൽ നിക്ഷേപിക്കാൻ സാധിക്കുമോ? നിങ്ങൾ സ്വിസ് പൗരനാ(Swiss nationals)ണെങ്കിൽ സാധിക്കും. ടൈം ഈസ് മണി എന്ന പഴഞ്ചൊല്ല് കേട്ടിട്ടില്ലേ. പണം പോലെ തന്നെ പ്രധാനപ്പെട്ടതാണ് സമയം എന്ന ഈ ആശയമാണ് സ്വിറ്റ്സർലാൻഡ് പ്രായോഗികമാക്കാൻ ശ്രമിച്ചത്. ഇങ്ങനെ നമ്മൾ ബാങ്കിൽ നിക്ഷേപിക്കുന്ന സമയം കൊടുത്ത്, ആവശ്യമുള്ള സേവനങ്ങൾ ഭാവിയിൽ നമുക്ക് സ്വന്തമാക്കാം. കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നാമെങ്കിലും, സംഭവം സത്യമാണ്.  

അതേസമയം എങ്ങനെയാണ് ഈ സമയം നമ്മൾ സമ്പാദിച്ച് ബാങ്കിൽ നിക്ഷേപിക്കുന്നത് എന്നതിലാണ് യഥാർത്ഥ ട്വിസ്റ്റ്. സ്വിസ് ആരോഗ്യ മന്ത്രാലയത്തിന്റെ ഒരു വാർദ്ധക്യ സഹായ പദ്ധതിയാണ് ഈ 'ടൈം ബാങ്ക്' ആശയം. അതിൽ ഭാഗമാകുന്നവർ, സഹായം ആവശ്യമുള്ള പ്രായമായവരെ പരിപാലിക്കണം. തുടർന്ന്, അവർ എത്ര മണിക്കൂർ മുതിർന്നവർക്കായി ചെലവഴിച്ചുവോ, അത്രയും സമയം അവരുടെ വ്യക്തിഗത സാമൂഹിക സുരക്ഷാ അക്കൗണ്ടിൽ നിക്ഷേപമായി മാറും. ഒടുവിൽ, നിക്ഷേപകൻ വാർദ്ധക്യത്തിലെത്തുമ്പോൾ, അദ്ദേഹത്തിന് ആവശ്യമായ സഹായം ഈ ടൈം ബാങ്ക് നൽകും. കൂടാതെ നിക്ഷേപകൻ ചെറുപ്പത്തിൽ ചെയ്തതുപോലെ മറ്റൊരു സന്നദ്ധപ്രവർത്തകൻ അദ്ദേഹത്തെയും പരിചരിക്കും. അതായത് ഒരു തരം കൊടുക്കൽ വാങ്ങൽ സംവിധാനം.  

പരിപാലനം, ഹെയർഡ്രെസിംഗ്, ഗാർഡനിംഗ്, ട്യൂട്ടറിംഗ് തുടങ്ങിയ ജോലികളാണ് ആളുകൾ പ്രായമായവർക്കായി ചെയ്യുന്നത്. ഒരാൾ എത്ര നേരം സേവനങ്ങൾക്കായി ചെലവഴിച്ചെന്ന് ടൈം ബാങ്ക് ട്രാക്ക് ചെയ്യുന്നു. തുടർന്ന്, അത്രയും സമയം ബാങ്കിൽ നിക്ഷേപിക്കപ്പെടുന്നു. പിന്നീട് പ്രായമാകുമ്പോൾ അയാൾക്ക് ഈ സമയം കൊടുത്ത് മറ്റ് ആളുകളിൽ നിന്ന് സമയാധിഷ്ഠിത സേവനങ്ങൾ വാങ്ങാൻ സാധിക്കും. സ്വിറ്റ്‌സർലൻഡിന് പുറമേ, യുകെ, യുഎസ്എ, ജപ്പാൻ, ന്യൂസിലാൻഡ്, സ്പെയിൻ, ഗ്രീസ് തുടങ്ങിയ 34 രാജ്യങ്ങൾ ഇപ്പോൾ ഈ ആശയം നടപ്പിലാക്കാൻ ശ്രമിച്ച് വരികയാണ്.    

അതേസമയം ഇന്ത്യയിലും ഒരു ടൈം ബാങ്ക് ഉണ്ടെന്ന് നിങ്ങൾക്ക് അറിയുമോ? 2018 -ൽ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഒരു പാനൽ ഇന്ത്യയിൽ ടൈം ബാങ്ക് പദ്ധതി നടപ്പിലാക്കാൻ ശുപാർശ ചെയ്തിരുന്നു. അതിനുശേഷം, 2019 -ൽ മധ്യപ്രദേശിൽ രാജ്യത്തെ ആദ്യത്തെ ടൈം ബാങ്ക്  തുറന്നു. 2021 -ൽ 500 പുതിയ അംഗങ്ങളെയും അവർക്ക് ലഭിച്ചു.   

Latest Videos
Follow Us:
Download App:
  • android
  • ios