സീറോ വേസ്റ്റ് പദ്ധതി ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പഠനം, പരിസ്ഥിതിക്കും കേടില്ല
റീസൈക്ലിംഗ്, പുനർനിർമ്മാണം, കമ്പോസ്റ്റ് എന്നിവ മാത്രം മാതൃകാ നഗരങ്ങളിലുടനീളം ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പഠന ഫലങ്ങൾ പറയുന്നു.
മിക്ക രാജ്യങ്ങളും നേരിടുന്ന പ്രധാന വെല്ലുവിളിയാണ് മാലിന്യ സംസ്കരണം. ഗ്രാമത്തെയും നഗരത്തെയുമെല്ലാം ഒരുപോലെ കുഴപ്പിക്കുന്ന ഒന്നുകൂടിയാണിത്. വരും കാലത്ത് ഈ മാലിന്യ പ്രതിസന്ധി ഒന്നുകൂടി വർധിക്കാൻ തന്നെയാണ് സാധ്യത. മാലിന്യം സംസ്കരിക്കുന്ന രീതിയെ അനുസരിച്ചിരിക്കും അത് പരിസ്ഥിതിക്ക് വീണ്ടും എത്രത്തോളം ദോഷമുണ്ടാക്കുന്നുവെന്ന കാര്യവും. മാലിന്യം കത്തിച്ചു കളയുക, മണ്ണിട്ട് മൂടുക എന്ന രീതികളെല്ലാം തന്നെ അതിന്റേതായ ദോഷങ്ങളുള്ളവയാണ്. എന്നാൽ, ഒരു പഠനം പറയുന്നത് സീറോ വേസ്റ്റ് പ്രോഗ്രാം ഇത്തരം പ്രശ്നങ്ങൾക്കെല്ലാം ഉള്ള പ്രതിവിധിയാണ് എന്നാണ്. നിരവധിക്കണക്കിന് മെച്ചപ്പെട്ട തൊഴിലവസരങ്ങളും സീറോ വേസ്റ്റ് പ്രോഗ്രാം വഴി ഉണ്ടാകുമെന്നും പഠനം പറയുന്നു. GAIA ആണ് ഈ പഠനം നടത്തിയത്.
സീറോ വേസ്റ്റ് മാനേജ്മെന്‍റ് പദ്ധതികള്‍ പ്രകൃതി സൗഹാര്‍ദ്ദപരമായ തൊഴില്‍ മേഖലകളുണ്ടാകാനും മലിനീകരണം കുറയ്ക്കാനും ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനും കാരണമായിട്ടുണ്ട് എന്നാണ് GAIA നടത്തിയ ഈ പഠനത്തിൽ പറയുന്നത്. 800 -ലധികം താഴേക്കിടയിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പുകൾ, നോണ്‍ പ്രോഫിറ്റ് ഗ്രൂപ്പുകള്‍, വിഷരഹിതമായ ഒരു ലോകം സൃഷ്ടിക്കുകയെന്ന കാഴ്ചപ്പാട് ഉള്ള വ്യക്തികൾ എന്നിവരെല്ലാം ചേര്‍ന്ന സംഘമാണ് GAIA (Global Alliance for Incinerator Alternatives ) എന്ന് അവരുടെ വെബ്‌സൈറ്റിൽ തന്നെ പറയുന്നു.
എന്തൊക്കെയാണ് പഠനത്തിലെ പ്രധാന കണ്ടെത്തലുകള്‍
- ചപ്പുചവറുകള്‍ മൂടുന്നതിനേക്കാളും (ലാന്‍ഡ്ഫില്ലിംഗ്), മാലിന്യം കത്തിക്കുന്ന രീതിയേക്കാളും 200 മടങ്ങ് അധികമായിരിക്കും മാലിന്യങ്ങളുടെ പുനരുപയോഗം സൃഷ്ടിക്കുന്ന തൊഴില്‍ സാധ്യതകള്‍.
- അതുപോലെ ലാൻഡ്ഫില്ലിംഗിനേക്കാളും കത്തിക്കുന്ന രീതിയേക്കാളും 70 ഇരട്ടി പുതിയ തൊഴിലുകൾ മാലിന്യ പുന:ചംക്രമണം വഴി സൃഷ്ടിക്കപ്പെടും.
- പുനർനിർമ്മാണമാകട്ടെ ഇങ്ങനെ ലാന്‍ഡ്ഫില്ലിംഗ് രീതിയേക്കാളും, കത്തിക്കുന്ന രീതിയേക്കാളും 30 മടങ്ങ് അധികം തൊഴിലവസരം സൃഷ്ടിക്കുന്നു.
കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് ലോകത്ത് സാമ്പത്തികമായ പ്രതിസന്ധി രൂക്ഷമായിട്ടുണ്ട്. ലക്ഷക്കണക്കിനാളുകള്‍ക്കാണ് ലോകത്താകെ തൊഴില്‍ നഷ്ടപ്പെട്ടത്. അവരുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന്, പ്രാദേശിക, സംസ്ഥാന, ദേശീയ സർക്കാരുകൾ വിവിധ ഫണ്ടുകളുപയോഗപ്പെടുത്തുകയും വഴി തേടുകയുമാണ്. അവിടെ സീറോ വേസ്റ്റ് പ്രോഗ്രാം സഹായകമാകുമെന്നും പഠനം പറയുന്നു. സീറോ വേസ്റ്റ് പ്രോഗ്രാം വഴി ലക്ഷ്യമിടുന്നത് മാലിന്യങ്ങള്‍ പരമാവധി പുനരുപയോഗിക്കുക എന്നതാണ്. ഇതുവഴി അവ കത്തിക്കുന്നതു വഴിയും മണ്ണിലേക്ക് വലിച്ചറിയുകയും മൂടുകയും ചെയ്യുന്നത് വഴിയും, സമുദ്രത്തിലേക്കടക്കം എത്തിച്ചേരുന്നത് വഴിയുമുണ്ടാകുന്ന എല്ലാത്തരം മലിനീകരണങ്ങളും ഇല്ലാതെയാവുന്നു.
പുനരുപയോഗത്തിനെടുക്കാതെ കളയുന്ന മാലിന്യങ്ങള്‍ ഒന്നുകില്‍ കത്തിക്കുകയോ അല്ലെങ്കില്‍ വലിയതോതില്‍ മണ്ണിലിട്ട് മൂടുകയോ, ലാൻഡ്ഫില്ലിംഗോ മറ്റോ ഒക്കെയാണ് ഭൂരിഭാഗം രാജ്യങ്ങളിലും നടപ്പിലാക്കുന്ന രീതി. അത് വലിയ തരത്തിലുള്ള സാമ്പത്തിക ചെലവിനും അന്തരീക്ഷ മലിനീകരണത്തിനും കാരണമാവുകയും പരിസ്ഥിതിയെ ദോഷമായി ബാധിക്കുകയും ചെയ്യുന്നുവെന്നും പഠനം പറയുന്നു. മാലിന്യങ്ങളിൽ നിന്നും ഓരോ പ്രധാന നഗരങ്ങൾക്കും എൺപത് ശതമാനമെങ്കിലും പുനരുപയോഗിക്കാവുന്ന വസ്തുക്കൾ കണ്ടെത്താനാകുമെന്നും ജൈവമാലിന്യങ്ങളിൽ നിന്നും കമ്പോസ്റ്റുകൾ ഉണ്ടാക്കാൻ കഴിയുമെന്നും പഠനം വ്യക്തമാക്കുന്നു. ഇങ്ങനെ ചെയ്യുന്നത് വഴി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് മാത്രമല്ല, തൊഴിലാളികളുടെ ആരോഗ്യത്തിനും അത് ദോഷം ചെയ്യുന്നില്ല. അവർക്ക് കുറച്ചുകൂടി മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളൊരുക്കാനും സീറോ വേസ്റ്റ് പദ്ധതിയിലൂടെ സാധ്യമാകുമെന്നും പഠനം പറയുന്നു.
റീസൈക്ലിംഗ്, പുനർനിർമ്മാണം, കമ്പോസ്റ്റ് എന്നിവ മാത്രം മാതൃകാ നഗരങ്ങളിലുടനീളം ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പഠന ഫലങ്ങൾ പറയുന്നു. നിലവിലെ റീസൈക്ലിംഗ് നിരക്ക് കുറവുള്ള നഗരങ്ങളിൽ പോലും ഉയർന്ന തൊഴിലവസരങ്ങൾ അതുവഴിയുണ്ടാകും എന്നും പഠനം പറയുന്നുണ്ട്. മുനിസിപ്പാലിറ്റികളിലും ഇതുവഴി തൊഴിലവസരങ്ങൾ കൂടും. കമ്പോസ്റ്റിംഗ്, റീസൈക്ലിംഗ്, പുനർനിർമ്മാണം എന്നിവയിൽ 10-60 ജോലികൾ വരെ സൃഷ്ടിക്കപ്പെടുമെന്നും പഠനം വ്യക്തമാക്കുന്നു. ഡാർ എസ് സലാം (ടാൻസാനിയ), ഹോ ചി മിൻ സിറ്റി (വിയറ്റ്നാം) എന്നിവിവിടങ്ങളിൽ 18,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും, സാവോ പോളോയ്ക്ക് (ബ്രസീൽ) 36,000 പുതിയ തൊഴിലവസരങ്ങൾ ഇതുവഴി സൃഷ്ടിക്കാൻ കഴിയുമെന്നും പഠനം സൂചിപ്പിക്കുന്നു.
GAIA -ലെ സയൻസ് ആൻഡ് പോളിസി ഡയറക്ടറും റിപ്പോർട്ടിന്റെ രചയിതാവുമായ നീൽ ടാംഗ്രി പഠനത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: “ലോകം ഇപ്പോഴും പകർച്ചവ്യാധികളിൽ നിന്ന് പൂർണമായും മോചിപ്പിക്കപ്പെട്ടിട്ടില്ലാത്തതിനാൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് തന്നെയാണ് മുൻഗണന. സാമ്പത്തികമായി തകരാതെ നല്ല തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനുമുള്ള ഒരു തന്ത്രം സീറോ വേസ്റ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് സമ്പദ്‌വ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും നഗരത്തിനും ഒരു ട്രിപ്പിൾ വിജയമായിരിക്കും എന്നതിൽ സംശയമില്ല.“
പഠനം ഇവിടെ വായിക്കാം.