കാമം തിന്മ, സ്വർഗത്തിലേക്കുള്ള മാർഗം ജനനേന്ദ്രിയം മുറിച്ചു മാറ്റലാണെന്ന് വിശ്വസിച്ചിരുന്നവർ
1817 -ൽ ഉദ്യോഗസ്ഥർ സെലിവാനോവിനെ അറസ്റ്റുചെയ്ത് ഭ്രാന്തന്മാർക്കുള്ള ഒരു മഠത്തിലേക്ക് അയച്ചു. അപ്പോഴേക്കും, അയാൾ ക്രിസ്തുവിന്റെ രണ്ടാം വരവാണെന്ന് വിശ്വസിക്കുന്ന കുറെ അനുയായികൾ പിറന്നിരുന്നു.
പത്തൊൻപതാം നൂറ്റാണ്ടിൽ, ഷണ്ഡനം വഴി പാപങ്ങൾ പരിഹരിക്കപ്പെടുമെന്ന് വിശ്വസിച്ചിരുന്ന ഒരു മതവിഭാഗമായിരുന്നു സ്കോപ്റ്റി. അന്ന് സാമ്രാജ്യത്വ റഷ്യയിൽ ഒരു രഹസ്യ വിഭാഗമായിരുന്നു അത്. ലൈംഗികത പാപമാണെന്ന് സ്കോപ്റ്റി വിശ്വസിച്ചു. എന്നാൽ, മിക്ക വിഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി, സ്വർഗത്തിലേക്കുള്ള ഏക മാർഗം സ്വന്തം ജനനേന്ദ്രിയം മുറിക്കുകയെന്നതാണെന്നും അവർ വിശ്വസിച്ചു.
“സീൽ” എന്ന് വിളിക്കപ്പെടുന്ന ഒരു ചടങ്ങിൽ, പുരുഷന്മാരും സ്ത്രീകളും തങ്ങളുടെ ലൈംഗികാവയവങ്ങളുടെ ഭാഗങ്ങൾ നീക്കംചെയ്ത് ദൈവത്തിലുള്ള വിശ്വാസം ഉറപ്പിക്കുകയും ക്രൂശിൽ തറച്ച ക്രിസ്തുവിനെ അനുകരിച്ച് ജീവിക്കുകയും ചെയ്യുന്നു. “ലെസ്സർ സീൽ” തെരഞ്ഞെടുത്ത പുരുഷന്മാർ അവരുടെ വൃഷണങ്ങൾ നീക്കം ചെയ്തു. അതേസമയം “ഗ്രേറ്റ് സീൽ” സ്വീകരിച്ചവർ ലിംഗം ഉൾപ്പെടെ എല്ലാം നീക്കം ചെയ്തു. ലിംഗം പൂർണ്ണമായും നീക്കം ചെയ്ത പുരുഷന്മാർ മൂത്രമൊഴിക്കുന്നതിനായി പശുവിന്റെ കൊമ്പ് ഉപയോഗിച്ചു. അനസ്തെറ്റിക് ഉപയോഗിക്കാതെ ഷേവിംഗ് കത്തി പോലുള്ള പ്രാകൃത ഉപകരണങ്ങൾ ഉപയോഗിച്ചാണ് കാസ്ട്രേഷനുകൾ നടത്തിയിരുന്നത്. സ്ത്രീകൾ സ്തനങ്ങളും നീക്കം ചെയ്യുമായിരുന്നു. ഈ ചടങ്ങിനെ “അഗ്നി സ്നാനം” എന്ന് വിളിച്ചു. ഒരുപക്ഷേ അവ പലപ്പോഴും ചൂടുള്ള ഇരുമ്പ് കമ്പികളുപയോഗിച്ച് ചെയ്യുന്നത് കൊണ്ടാകാം.
പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ഓർത്തഡോക്സ് സഭയിൽ നിന്ന് വേർപിരിഞ്ഞ “പഴയ വിശ്വാസികൾ” എന്നറിയപ്പെടുന്ന ഖ്ലിസ്റ്റി വിഭാഗത്തിൽ നിന്നാണ് ഈ പുതിയ വിഭാഗം രൂപം കൊണ്ടത്. ഖ്ലിസ്റ്റിയുടെ മിക്ക സന്ന്യാസ സമ്പ്രദായങ്ങളും സ്വീകരിച്ച സ്കോപ്റ്റിസി കാസ്ട്രേഷനുമായി മുന്നോട്ട് പോയി. ദൈവവുമായുള്ള ഉയർന്ന വിശുദ്ധിയും ബന്ധവും കൈവരിക്കാനുള്ള തീവ്രമായ ശ്രമത്തിന്റെ ഭാഗമായിരുന്നു കാസ്ട്രേഷൻ. 1700 -കളുടെ മധ്യത്തിൽ, റഷ്യയിലെ ജനസാന്ദ്രത കുറഞ്ഞ പ്രദേശത്താണ് സ്കോപ്റ്റ്സി ആദ്യമായി ഉടലെടുക്കുന്നത്. ലൈംഗികതയുടെ പാപത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയുമെങ്കിൽ അവർ എന്നേക്കും ജീവിക്കുമെന്ന് വിഭാഗത്തിലെ അംഗങ്ങൾ വിശ്വസിച്ചു. തുടർന്ന് അവർ തങ്ങളേയും മറ്റ് ഏതാനും ആളുകളേയും ഷണ്ഡനം ചെയ്തു.
എന്നാൽ 1772 -ൽ ഈ വിഭാഗം സൈബീരിയയിലേക്ക് നാടുകടത്തപ്പെട്ടു. എന്നാൽ, അതോടെ അവർ കൂടുതൽ ശക്തരായി. ഏകദേശം 20 വർഷത്തിനുശേഷം, കോൺട്രാഡി സെലിവനോവ് അതിന്റെ നേതാവാവുകയും ഡസൻ കണക്കിന് ആളുകളെ തന്റെ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യുകയും ചെയ്തു. പല പ്രാവശ്യം നാട് കടത്തപ്പെട്ടിട്ടും, സെലിവനോവ് മടങ്ങിയെത്തി. റഷ്യയിലെ സാധാരണക്കാരിൽ അയാളുടെ സ്വാധീനം വളരെ വലുതായിരുന്നു. തിരികെ മടങ്ങിയെത്തുമ്പോഴെല്ലാം അദ്ദേഹം കൂടുതൽ അനുയായികളെ കണ്ടെത്തി.
1817 -ൽ ഉദ്യോഗസ്ഥർ സെലിവാനോവിനെ അറസ്റ്റുചെയ്ത് ഭ്രാന്തന്മാർക്കുള്ള ഒരു മഠത്തിലേക്ക് അയച്ചു. അപ്പോഴേക്കും, അയാൾ ക്രിസ്തുവിന്റെ രണ്ടാം വരവാണെന്ന് വിശ്വസിക്കുന്ന കുറെ അനുയായികൾ പിറന്നിരുന്നു. 1832 -ൽ മരിക്കുന്നതുവരെ അയാളെ പരസ്യമായി ആരാധിക്കപ്പെട്ടു. മരണം ശേഷവും സ്കോപ്റ്റി പ്രസ്ഥാനം റഷ്യയിലുടനീളം വ്യാപിച്ചു. കാലഹരണപ്പെട്ട റഷ്യൻ പദമായ ഓസ്‌കോപിറ്റിൽ നിന്നാണ് സ്‌കോപ്‌റ്റി എന്ന വാക്ക് ഉണ്ടായത്. ഓസ്‌കോപിറ്റ് എന്നാൽ “കാസ്ട്രേറ്റ് ചെയ്യുക” എന്നർത്ഥം. സ്കോപ്റ്റി അനുയായികൾ ദൈവത്തിന്റെ കുഞ്ഞാട് അല്ലെങ്കിൽ വെള്ളരിപ്രാവുകൾ എന്ന് അറിയപ്പെടാൻ ഇഷ്ടപ്പെട്ടു.
സെന്റ് പീറ്റേഴ്‌സ്ബർഗിലെ നിരക്ഷരരായ പ്രവിശ്യാ കർഷകർ ഇതിൽ ചേർന്നു. കാരണം അവിടെ നിത്യജീവൻ എന്ന വാഗ്ദാനമുണ്ടായിരുന്നു. ലൈംഗികത ഒരു പാപമാണെന്ന വിശ്വാസത്തോടെ, കൃഷിക്കാർ സ്വർഗത്തിലെത്താനുള്ള ഏക മാർഗ്ഗമാണിതെന്ന് വിശ്വസിച്ച് സ്വയം ഷണ്ഡനത്തിന് വിധേയമായി. പതുക്കെ കൂടുതൽ ആളുകളെ പരിവർത്തനം ചെയ്യാനും സമ്പത്ത് നേടാനും നേതാക്കൾക്കായി. അവർ കൃഷിക്കാരെ വാങ്ങി, അനാഥർക്ക് അഭയം നൽകി, നിർഭാഗ്യവാനെ പിന്തുണച്ചു, ഇത് അവരുടെ എണ്ണം വർദ്ധിപ്പിച്ചു.
തുടക്കത്തിൽ, റഷ്യൻ സർക്കാർ ഈ മത വിഭാഗത്തിന് നേരെ കണ്ണടച്ചു. അവ കൂടുതലും ഗ്രാമപ്രദേശങ്ങളിലായതിനാൽ അവ കണ്ടെത്താനും നിയന്ത്രിക്കാനും പ്രയാസമായിരുന്നു. എന്നിരുന്നാലും, 1930 -കളിലെ സ്റ്റാലിന്റെ ഭരണം സ്കോപ്റ്റിയെ അടിച്ചമർത്തലും അറസ്റ്റും കൊണ്ട് നിയന്ത്രിച്ചു. അവരെ “സോവിയറ്റ് വിരുദ്ധർ” ആയി കണക്കാക്കി. അവസാനമായി അറിയപ്പെടുന്ന സ്കോപ്റ്റി കാസ്ട്രേഷൻ 1927 -ലാണ് സംഭവിച്ചത്. 1930 ആയപ്പോഴേക്കും ഇവരുടെ എണ്ണം 1,000 മുതൽ 2,000 വരെയായി കുറഞ്ഞു. സ്കോപ്റ്റി വിഭാഗം ഇന്ന് ഇല്ല.