എത്രതരം സ്നേഹമുണ്ട്? ഏതു സ്നേഹമാണ് ഏറ്റവും മികച്ചത്, ഇതാ ​ഗ്രീക്കുകാരുടെ ആറുതരം സ്നേഹങ്ങൾ

പുരാതന ഗ്രീക്കുകാർ ഇത്തരത്തിൽ സ്നേഹത്തിൽ വൈവിധ്യം കണ്ടെത്തിയവരാണ്. ഒരൊറ്റ റൊമാന്റിക് ബന്ധത്തിലുള്ള നമ്മുടെ തീരെ സാധാരണ കാഴ്ച്ചപ്പാടിൽ നിന്ന് തീർത്തും വ്യത്യസ്‌തമാണ് അത്.

six words for love by Ancient Greeks

പുതുയുഗത്തിൽ സ്നേഹത്തെ സൂചിപ്പിക്കാൻ പോന്ന ഒറ്റ പദമേയുള്ളൂ, 'ലവ്'(Love). കാമുകിയ്ക്ക് കാമുകനോട് തോന്നുന്നതും, മാതാപിതാക്കൾക്ക് മക്കളോട് തോന്നുന്നതും, കൂട്ടുകാർക്ക് പരസ്പരം തോന്നുന്നതും എല്ലാം നമ്മുടെ കണ്ണിൽ ലവ് എന്ന ഒറ്റപ്പദത്തിൽ ഒതുങ്ങുന്നു. സ്നേഹത്തിന്റെ വൈവിധ്യത്തെ, സങ്കീർണതയെ സൂചിപ്പിക്കാൻ നമ്മുടെ വാക് സമ്പത്ത് പോരാ എന്ന് പറയേണ്ടിയിരിക്കുന്നു. 'ഐ ലവ് യൂ' എന്നത് ഒരു ക്ലീഷേയായിരിക്കുന്നു. എന്നാൽ, ഇന്നത്തെ ആളുകളിൽ നിന്ന് വ്യത്യസ്‍തമായി ഗ്രീക്കുകാർ(Greeks) സ്നേഹത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കുകയും, ഓരോ അവസരത്തിലും നമുക്ക് തോന്നുന്ന സ്നേഹത്തിന് വ്യത്യസ്ത പേരിടുകയും ചെയ്തു. അവർ സ്നേഹത്തെ പ്രധാനമായും ആറായിട്ടാണ് തരം തിരിച്ചിരിക്കുന്നത്.  

six words for love by Ancient Greeks

ഇറോസ്: അതിൽ ആദ്യം വരുന്നത് ഗ്രീക്ക് പുരാണത്തിൽ പ്രണയത്തിന്റെ ദേവനായി കണക്കാക്കുന്ന ഇറോസിന്റെ പേരിലുള്ളതാണ്. ലൈംഗിക അഭിനിവേശത്തിന്റെയും ആഗ്രഹത്തിന്റെയും ആശയത്തെ പ്രതിനിധീകരിക്കുന്നതാണ് ഇറോസ്. എന്നാൽ, ഗ്രീക്കുകാർ അതിനെ എപ്പോഴും പോസിറ്റീവായ ഒന്നായി കരുതിയിരുന്നില്ല, നമ്മൾ ഇന്ന് ചെയ്യുന്നതുപോലെ. അപകടകരവും, തീവ്രവും, യുക്തിരഹിതവുമായ സ്‌നേഹത്തിന്റെ രൂപമായിട്ടാണ് ഇറോസ് വീക്ഷിക്കപ്പെട്ടത്. ആ പ്രണയത്തിൽ നിങ്ങൾക്ക് നിങ്ങളിൽ തന്നെ നിയന്ത്രണം നഷ്ടപ്പെടാം. എന്തും സംഭവിക്കാം എന്ന അവസ്ഥ.

six words for love by Ancient Greeks

ഫിലിയ: പ്രണയത്തിന്റെ രണ്ടാമത്തെ ഭാവമാണ് ഫിലിയ അല്ലെങ്കിൽ സൗഹൃദം. ഇറോസിന്റെ ലൈംഗികതയേക്കാൾ ഗ്രീക്കുകാർ ഫിലിയയെ വിലമതിച്ചു. യുദ്ധക്കളത്തിൽ തോളോടുതോൾ ചേർന്ന് പോരാടിയ ആയുധധാരികളായ സഹോദരങ്ങൾക്കിടയിൽ വളർന്നുവന്ന ആഴത്തിലുള്ള സൗഹൃദത്തെ ഫിലിയയെന്ന് വിളിക്കാം. നിങ്ങളുടെ സുഹൃത്തുക്കളോട് വിശ്വസ്തത കാണിക്കുകയും, അവർക്കുവേണ്ടി ത്യാഗം ചെയ്യുകയും, അതുപോലെ നിങ്ങളുടെ വികാരങ്ങൾ അവരുമായി പങ്കിടുകയും ചെയ്യുന്നതാണ് ഇത്. മാതാപിതാക്കളും അവരുടെ കുട്ടികളും തമ്മിലുള്ള സ്നേഹത്തെയും ഫിലിയ എന്ന പദം കൊണ്ട് വിശേഷിപ്പിക്കാം.    

ലുഡൂസ്: കുട്ടികളോ ചെറുപ്പക്കാരോ തമ്മിലുള്ള കുട്ടികളി നിറഞ്ഞ നിഷ്കളങ്ക സ്നേഹത്തെ കുറിച്ചാണ് അടുത്തതായി പറയുന്നത്. വാത്സല്യത്തെ പരാമർശിക്കുന്ന കളികൾ നിറഞ്ഞ പ്രണയത്തെക്കുറിച്ചുള്ള ഗ്രീക്കുകാരുടെ ആശയമായിരുന്നു ഇത്. ലുഡൂസ് എന്ന പദമാണ് ഇതിനെ സൂചിപ്പിക്കാൻ അവർ തെരഞ്ഞെടുത്തത്. 

അഗാപെ: പ്രണയത്തിന്റെ നാലാമത്തെ ഭാവം കുറച്ച് കൂടി ഉദാത്തമായ, ആഴത്തിലുള്ള ഒന്നാണ്. അതാണ് അഗാപെ അല്ലെങ്കിൽ നിസ്വാർത്ഥ സ്നേഹം. കുടുംബാംഗങ്ങളോടും, അപരിചിതരോടും ഒരുപോലെ നിങ്ങൾ കാണിക്കുന്ന കരുണ നിറഞ്ഞ സ്നേഹമാണ് ഇത്. അഗാപെ പിന്നീട് ലാറ്റിനിലേക്ക് കാരിത്താസ് എന്ന പേരിൽ വിവർത്തനം ചെയ്യപ്പെട്ടു. അതിൽ നിന്നാണ് "ചാരിറ്റി" എന്ന വാക്കിന്റെ ഉത്ഭവം. ക്രിസ്ത്യൻ മതത്തിൽ സ്നേഹത്തിന്റെ ഏറ്റവും ഉയർന്ന രൂപം ഇതാണെന്നാണ് ഒരു ബ്രിട്ടീഷ് എഴുത്തുകാരനും ദൈവശാസ്ത്രജ്ഞനുമായ സിഎസ് ലൂയിസ് പറയുന്നത്. ഥേരവാദ ബുദ്ധമതത്തിലെ പ്രപഞ്ച സ്നേഹത്തിനെയും ദയയെയും സൂചിപ്പിക്കുന്ന മെത്ത എന്ന പദത്തിനോട് സാമ്യമുള്ള ആശയമാണ് ഇത്.  

six words for love by Ancient Greeks

പ്രാഗ്മ: മറ്റൊരു ഗ്രീക്ക് പ്രണയം പ്രാഗ്മ എന്നറിയപ്പെടുന്ന പക്വതയുള്ള പ്രണയമാണ്. ദീർഘകാല വിവാഹിതരായ ദമ്പതികൾക്കിടയിൽ വളർന്നുവന്ന ആഴത്തിലുള്ള ധാരണയായിരുന്നു ഇത്. ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ വിട്ടുവീഴ്ചകൾ ചെയ്യുന്ന, ക്ഷമയും സഹിഷ്ണുതയും നിറഞ്ഞ പ്രണയമാണ് പ്രാഗ്മ. പ്രണയിക്കാൻ എളുപ്പം സാധിക്കുമെങ്കിലും, സ്നേഹത്തിൽ നിലനിൽക്കാൻ കൂടുതൽ പഠിക്കേണ്ടതുണ്ടെന്ന് സൈക്കോ അനലിസ്റ്റ് എറിക് ഫ്രോം പറഞ്ഞിട്ടുണ്ട്. അങ്ങനെ പ്രണയത്തിൽ നിലകൊള്ളുന്നതിനെ കുറിച്ചാണ് പ്രാഗ്മ എന്ന പദം സൂചിപ്പിക്കുന്നത്. സ്വീകരിക്കുന്നതിനു പകരം നൽകാൻ ശ്രമിക്കുന്നതാണ് ഈ സ്നേഹബന്ധം.  

six words for love by Ancient Greeks

ഫിലൗട്ടിയ: ഗ്രീക്കുകാർ പറയുന്ന ആറാമത്തെ പ്രണയം ഫിലൗട്ടിയ അല്ലെങ്കിൽ ആത്മസ്നേഹമാണ്. ഇതിൽ തന്നെ രണ്ട് തരങ്ങളുണ്ടെന്ന് ഗ്രീക്കുകാർ വിവക്ഷിക്കുന്നു. നാർസിസവുമായി ബന്ധപ്പെട്ട അനാരോഗ്യകരമായ ഒരു ഇനവും, ആരോഗ്യകരമായ മറ്റൊന്നും. ആദ്യത്തേതിൽ നിങ്ങൾ നിങ്ങളിൽ തന്നെ സ്വയം ആസക്തിയുള്ളവരായിത്തീരുന്നു. വ്യക്തിപരമായ പ്രശസ്തിയിലും ഭാഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു, മറ്റുള്ളവരെ മറക്കുന്നു. എന്നാൽ, രണ്ടാമത്തെ ഇനത്തിൽ നിങ്ങൾ സ്വയം സ്നേഹിക്കുന്നതിലൂടെ ലോകത്തെ കൂടുതൽ വിശാലമായ തലത്തിൽ സ്നേഹിക്കാനുള്ള ശേഷി നേടുന്നു. നിങ്ങൾ നിങ്ങളെ ഇഷ്ടപ്പെടുകയും നിങ്ങളിൽ തന്നെ സുരക്ഷിതത്വം അനുഭവിക്കുകയും ചെയ്യുന്നുവെങ്കിൽ, മറ്റുള്ളവർക്ക് നൽകാൻ നിങ്ങളുടെ ഹൃദയത്തിൽ അളവറ്റ സ്നേഹമുണ്ടാകുമെന്നതാണ് ഇതിന്റെ ആശയം. അരിസ്റ്റോട്ടിൽ പറഞ്ഞതുപോലെ, "മറ്റുള്ളവരോടുള്ള എല്ലാ സൗഹൃദ വികാരങ്ങളും ഒരു വ്യക്തിക്ക് തന്നോടുള്ള വികാരങ്ങളുടെ വിപുലീകരണമാണ്."

പുരാതന ഗ്രീക്കുകാർ ഇത്തരത്തിൽ സ്നേഹത്തിൽ വൈവിധ്യം കണ്ടെത്തിയവരാണ്. ഒരൊറ്റ റൊമാന്റിക് ബന്ധത്തിലുള്ള നമ്മുടെ തീരെ സാധാരണ കാഴ്ച്ചപ്പാടിൽ നിന്ന് തീർത്തും വ്യത്യസ്‌തമാണ് അത്. ഗ്രീക്കുകാരുടെ ഈ കാഴ്ചപ്പാട് സ്നേഹത്തിന്റെ വൈവിധ്യങ്ങളെ പരിപോഷിപ്പിക്കാനും, അതിന്റെ പല സ്രോതസ്സുകളെ മനസ്സിലാക്കാനും നമ്മെ സഹായിക്കുന്നു.  

Latest Videos
Follow Us:
Download App:
  • android
  • ios