ഥാർ മരുഭൂമിയുടെ നടുവിൽ വിസ്മയം പോലെയൊരു വിദ്യാലയം, അകത്താകട്ടെ ഒട്ടും ചൂടുമില്ല!
ആർട്ടിസ്റ്റ് കൂടിയായ മൈക്കലിന് പ്രദേശത്തെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തില്‍ ആശങ്ക കൂടിയുണ്ടായിരുന്നു.
ഥാര്‍ മരുഭൂമിയുടെ നടുവിലായി പകല്‍ സമയത്ത് 50 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുള്ളൊരിടത്ത് കുട്ടികള്‍ പഠിക്കാനിരിക്കുന്നത് സങ്കല്‍പ്പിക്കാനാകുമോ? ജയ്‌സാൽമീറിന്റെ പ്രശസ്തമായ സാം ഡ്യൂൺസിൽ നിന്ന് ആറ് മിനിറ്റ് മാത്രം അകലെയുള്ള ഒരു വാസ്തുവിദ്യാ വിസ്മയം തന്നെയാണ് കനോയ് ഗ്രാമത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ സ്കൂളെന്ന് വേണം പറയാന്‍. പെൺകുട്ടികളെ പഠിപ്പിക്കാനും ശാക്തീകരിക്കാനും ലക്ഷ്യമിട്ടുള്ള രാജ്കുമാരി രത്‌നാവതി ഗേൾസ് സ്‌കൂൾ മഞ്ഞ മണൽക്കല്ലുകൊണ്ട് നിർമ്മിച്ചതാണ്. അതിശയകരമെന്നു പറയട്ടെ, എയർകണ്ടീഷണറുകളില്ല ഇവിടെ എങ്കിലും വിദ്യാർത്ഥികൾക്ക് കടുത്ത കാലാവസ്ഥയെക്കുറിച്ച് ആകുലപ്പെടാതെ ഈ വിദ്യാലയത്തില്‍ പഠിക്കാനും കളിക്കാനും കഴിയുമെന്ന് വിദ്യാലയത്തിന്‍റെ നിര്‍മ്മാതാക്കള്‍ പറയുന്നു.
മരുഭൂമിയിലെ ഭൂപ്രകൃതിയുമായി ചേരുന്ന തരത്തിലുള്ള ഓവൽ ആകൃതിയിലുള്ള ഈ വിദ്യാലയം കാഴ്ചയിലും ആകര്‍ഷകമാണ്. ഗ്യാൻ സെന്റർ എന്നറിയപ്പെടുന്ന സ്‌കൂൾ ഭാഗത്ത് കിന്റർഗാർട്ടൻ മുതൽ പത്താം ക്ലാസ് വരെയുള്ള 400 പെൺകുട്ടികളെ ഉള്‍ക്കൊള്ളും. ഈ സമുച്ചയത്തിൽ ഒരു ടെക്സ്റ്റൈൽ മ്യൂസിയവും പെർഫോമൻസ് ഹാളും ഉണ്ട്. കൂടാതെ കരകൗശല തൊഴിലാളികൾക്ക് അവരുടെ കരകൗശല വസ്തുക്കൾ വിൽക്കാൻ ഒരു എക്സിബിഷൻ ഇടവുമുണ്ട്. മറ്റൊരു കെട്ടിടത്തിൽ, ഇല്ലാതായിക്കൊണ്ടിരിക്കുന്ന കരകൗശല വസ്തുക്കൾ സംരക്ഷിക്കുന്നതിനായി സ്ത്രീകൾക്ക് പരമ്പരാഗത കലകളായ നെയ്ത്തിലും മറ്റും പരിശീലനം നൽകും.
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായ CITTA സ്ഥാപകനായ മൈക്കൽ ഡൗബെയാണ് സ്കൂള്‍ നിര്‍മ്മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. കെട്ടിടം എങ്ങനെ വേണമെന്ന് തീരുമാനിക്കാനും അത് നടപ്പാക്കാനുമായി അദ്ദേഹം പത്തുവര്‍ഷത്തോളമെടുത്തു. യുഎസ് ആസ്ഥാനമായുള്ള ആർക്കിടെക്റ്റ് ഡയാന കെല്ലോഗിൽ ആണ് വിദ്യാലയം ഡിസൈന്‍ ചെയ്തത്.
2014 -ലാണ് ഡയാന ഇന്ത്യ സന്ദര്‍ശിക്കുന്നത്. “ഞാൻ ഒരിക്കലും ന്യൂയോർക്കിന് പുറത്ത് ജോലി ചെയ്തിട്ടില്ല, മരുഭൂമിയുടെ മധ്യത്തിൽ ഒരു പ്രൊജക്റ്റ് നിർമ്മിക്കുന്നുവെന്നത് മനസിലാക്കാൻപോലും പ്രയാസമായിരുന്നു. എന്നാൽ, ഇവിടം സന്ദർശിച്ചപ്പോൾ രാജസ്ഥാനിലെ മനോഹരമായ കെട്ടിടങ്ങളും സംഗീതവും കലയും ഞാൻ കണ്ടു. ഇവിടുത്തെ പടികളുള്ള കിണറുകൾ പോലും ഒരു വാസ്തുവിദ്യാ അത്ഭുതമാണ്. ഈ പ്രൊജക്റ്റ് ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഈ അനുഭവം എനിക്കു നൽകി” അവർ പറയുന്നു.
ഏതെങ്കിലും തരത്തിലുള്ള പാശ്ചാത്യലോകത്തെ ആശയങ്ങളോ സ്റ്റൈലോ ഇതില്‍ കൊണ്ടുവരാന്‍ താന്‍ ശ്രമിച്ചിട്ടില്ല. പകരം അടുത്തുള്ള ഗ്രാമങ്ങളിലുള്ള മനുഷ്യരെ കാണുകയും അവരോട് സംസാരിക്കുകയും ചെയ്തു. അതിലൂടെ സംസ്ഥാനത്തിന്‍റെ സംസ്കാരം മനസിലാക്കാനായെന്നും അവര്‍ പറയുന്നു. തന്‍റെ തന്നെ നേരത്തെയുള്ള ഡ്രോയിംഗുകളില്‍ നിന്നാണ് ഓവല്‍ ആകൃതി തെരഞ്ഞെടുത്തത്. കെട്ടിടത്തിന്‍റെ വിവിധ ഭാഗങ്ങള്‍ തമ്മിലുള്ള അകലം ഇല്ലാതെയാക്കാനും ഈ ആകൃതി സഹായിച്ചു. മുറ്റമാകട്ടെ ഇന്ത്യന്‍ സംസ്കാരത്തിന് പരിചിതവുമായിരുന്നു. ഓവല്‍ ആകൃതി പല സംസ്കാരങ്ങളിലുമുള്ള സ്ത്രീകളെ പ്രതിനിധീകരിക്കുന്നുവെന്നും അതുപോലെ സമീപങ്ങളിലെ കോട്ടകളുമായും ഇത് ബന്ധപ്പെട്ട് കിടക്കുന്നുവെന്നും ഡയാന പറയുന്നു. കൂടാതെ ചൂട് കടന്നുവരാത്ത തരത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. കെട്ടിടത്തിന് മുകളിലുള്ള സോളാർ പാനലുകൾ കെട്ടിടത്തിന് ഒരേസമയം ഊര്‍ജ്ജം നൽകുമ്പോൾ തന്നെ തണലും നൽകുന്നു. പകൽ സമയത്ത് കെട്ടിടം തണുപ്പിക്കാൻ ഒരു കൂളിംഗ് സിസ്റ്റവും രാത്രിയിൽ ജിയോതർമൽ എനർജിയും ഉപയോഗിക്കുന്നു.
അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ പ്രാദേശികമായി കിട്ടുന്ന വസ്തുക്കൾ ഉപയോഗിച്ചത് കാർബൺ ഉദ്‌വമനം കുറയ്ക്കാൻ സഹായിച്ചതായി ഡയാന പറയുന്നു. സ്കൂളിന് ചുറ്റുമുള്ള എല്ലാ ഗ്രാമങ്ങളിലും കഴിവുള്ള കരകൗശലത്തൊഴിലാളികളുണ്ട്, മണൽക്കല്ലിനേക്കാൾ മികച്ച വസ്തുക്കൾ ഉപയോഗിക്കാൻ കഴിയില്ലെന്നും അവര്‍ പറയുന്നു. കരീം ഖാന്‍ എന്ന കോണ്‍ട്രാക്ടറാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളേറ്റെടുത്തത്. 3.5 ലിറ്റര്‍ വെള്ളം ഇവിടെ ശേഖരിക്കാനും കഴിയുമെന്ന് കരീം ഖാന്‍ പറയുന്നു. പ്രദേശത്തെ മണല്‍ക്കല്ലുപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നതുകൊണ്ടു തന്നെ ചൂടില്‍നിന്നും ഇത് സംരക്ഷിക്കുന്നു. പല കോണ്‍ട്രാക്ടര്‍മാരും തയ്യാറാവാതിരുന്നിടത്തുനിന്നാണ് കരീം ഖാന്‍ ജോലിയേറ്റെടുത്തത്. ഒരു വര്‍ഷം കൊണ്ടാണ് ജോലി പൂര്‍ത്തിയാക്കിയത്.
ആർട്ടിസ്റ്റ് കൂടിയായ മൈക്കലിന് പ്രദേശത്തെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തില്‍ ആശങ്ക കൂടിയുണ്ടായിരുന്നു. ഒരുപാട് വിദ്യാര്‍ത്ഥിനികള്‍ വളരെ നേരത്തെ തന്നെ പഠനം നിര്‍ത്തിപ്പോകുന്ന അവസ്ഥ ഈ പ്രദേശത്തുണ്ട്. അങ്ങനെ അവിടെയുള്ള പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസത്തിനുള്ള അവസരമൊരുക്കുക എന്നും സ്കൂളിലേക്ക് ആകര്‍ഷിക്കുക എന്നുമുള്ള ലക്ഷ്യവും മൈക്കലിനുണ്ട്. ഒപ്പം തന്നെ സഞ്ചാരികളെ ആകര്‍ഷിക്കുക, പ്രദേശത്തെ കരകൗശല നിര്‍മ്മാതാക്കള്‍ക്ക് സഹായമാവുക തുടങ്ങിയ ലക്ഷ്യങ്ങളുമുണ്ട്. കൊവിഡായതിനാല്‍ കഴിഞ്ഞ വര്‍ഷം സ്കൂളിന് പ്രവര്‍ത്തനം തുടങ്ങാനായില്ല. ഈ വര്‍ഷം അതിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.