'ഞങ്ങളിവിടെ സന്തുഷ്ടരാണ്'; ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകള്‍ക്കായി ഒരു ഗ്രാമം
വര്‍ഷങ്ങളോളം കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയും നില്‍ക്കാനിടമില്ലാത്തതും അവഗണനയുമെല്ലാം സഹിക്കേണ്ടി വന്നവരാണ് ഇതില്‍ ഭൂരിഭാഗം പേരും. പലപ്പോഴും അവര്‍ക്ക് താമസിക്കാനൊരിടമോ, നല്ല ജോലിയോ, വിദ്യാഭ്യാസമോ ഒക്കെ നിഷേധിക്കപ്പെട്ടിരുന്നു.
തമിഴ് നാട്ടിലെ കോവില്‍പെട്ടിയിലാണ് 'സന്ദീപ് നഗര്‍'. അതൊരു ചെറിയ ഗ്രാമമാണ്. പശുക്കളും ഫാമും ഒക്കെയായി സന്തോഷകരമായ ജീവിതം നയിക്കാന്‍ പറ്റിയ ഒരിടം. അവിടെ, ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകള്‍ മാത്രമായി അവരുടെ പുതിയ ജീവിതം തുടങ്ങിയിരിക്കുകയാണ്. പശുക്കളും ഫാമും മറ്റുമായി അവരവിടെ സന്തോഷകരമായി ജീവിക്കുന്നു. സന്ദീപ് നഗറില്‍ ഇങ്ങനെ ട്രാന്‍സ്ജെന്‍ഡര്‍ വനിതകള്‍ക്ക് മാത്രമായി ഒരിടം ഉദ്ഘാടനം ചെയ്യപ്പെടുന്നത് കഴിഞ്ഞ മാസമാണ്. 30 പേരാണ് അവിടെ പുതുതായി താമസത്തിനെത്തിയത്. 'യാചിച്ചും ഡാന്‍സ് ചെയ്തും ദിവസം പത്തോ മുന്നൂറോ രൂപയാണ് എനിക്ക് കിട്ടാറുണ്ടായിരുന്നത്. ഇന്ന് എനിക്ക് എന്‍റേതായി ഭൂമിയും പശുവുമുണ്ട്.' ട്രാന്‍സ്ജെന്‍ഡറായ ഭൂമിക പറയുന്നു. കോ-ഓപ്പറേറ്റീവിന്‍റെ പ്രസിഡണ്ടാണ് ഭൂമിക. പശുവിനെ നോക്കിയും അതിനെ കറന്നും പശുവിനുള്ള തീറ്റ വാങ്ങിയും വീടും പരിസരവും വൃത്തിയാക്കിയും അയല്‍ക്കാരോട് സംസാരിച്ചും അവരവിടെ ജീവിക്കുന്നു.
എന്നാല്‍, ഇങ്ങനെയൊരു നഗരം അവിടെയുണ്ടായത് അത്ര പെട്ടന്നൊന്നുമല്ല. ഒരുപാട് അധ്വാനം അതിനു പിന്നിലുണ്ടായിരുന്നു. ഇന്ത്യയിലെ പ്രമുഖ ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റുകളിലൊരാളായ ഗ്രേസ് ബാനുവാണ് ആറ് വർഷം മുമ്പ് 'സന്ദീപ് നഗർ' എന്നൊരാശയം ആദ്യമായി വിഭാവനം ചെയ്തത്. ഇതിനായി നഗരത്തെ ജീവസ്സുറ്റതാക്കാൻ ബാനു നേതൃത്വം നൽകുന്ന ട്രാൻസ് റൈറ്റ്സ് നൗ കളക്ടീവ് വർഷങ്ങളോളം പ്രവർത്തിക്കുകയും പ്രചാരണം നടത്തുകയും ചെയ്തു. വിദ്യാഭ്യാസ, തൊഴിൽ സംരംഭങ്ങൾ നടപ്പിലാക്കുന്നതിനായി ഇന്ത്യയുടെ ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയുമായി ചേർന്ന് ചെന്നൈ കേന്ദ്രീകരിച്ച് ഈ കൂട്ടായ്‌മ പ്രവർത്തിക്കുന്നു. വര്‍ഷങ്ങളായി ഞങ്ങള്‍ ട്രാന്‍സ് കമ്മ്യൂണിറ്റിക്ക് വേണ്ടി തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്ക് വീടുകള്‍ക്കും മറ്റും വേണ്ടി ഭരണകൂടത്തെ സമീപിച്ചിരുന്നുവെങ്കിലും കിട്ടിയിരുന്നില്ലായെന്ന് ഗ്രേസ് ബാനു പറയുന്നു.
അവസാനം ജില്ലാ മജിസ്ട്രേറ്റും സ്ഥലത്തെ ചീഫ് അഡ്മിനിസ്ട്രേറ്ററുമായി സന്ദീപ് നന്ദൂരി വന്നതോടെയാണ് കാര്യങ്ങള്‍ക്ക് മാറ്റമുണ്ടായത്. ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തോട് അനുഭാവം പ്രകടിപ്പിക്കുന്നൊരാളായിരുന്നു അദ്ദേഹം. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് താമസിക്കാനുള്ള സ്ഥലത്തിന് പെട്ടെന്ന് തന്നെ അദ്ദേഹം അനുമതി നല്‍കി. ഒപ്പം തന്നെ പശുവിനെ വളര്‍ത്തുക എന്ന ആശയം നിര്‍ദ്ദേശിച്ചതും അദ്ദേഹമാണ്. അങ്ങനെ അവര്‍ ഒരു കൂട്ടായ്മ തന്നെ തുടങ്ങി -മന്തിത്തോപ്പ് ട്രാന്‍സ്ജെന്‍ഡേഴ്സ് മില്‍ക്ക് കോപ്പറേറ്റീവ് സൊസൈറ്റി. അത് സര്‍ക്കാരിന്‍റെ കൂടി സഹായത്തോടെ പ്രവര്‍ത്തിക്കുന്നു. സന്ദീപ് നന്ദൂരിയുടെ പ്രവര്‍ത്തനങ്ങളോടുള്ള ആദരസൂചകമായാണ് ഗ്രാമത്തിന് അദ്ദേഹത്തിന്‍റെ പേര് നല്‍കിയിരിക്കുന്നത്.
'ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനായി ഹൌസിംഗ് കമ്മ്യൂണിറ്റി നേരത്തെ തന്നെയുണ്ട്. ഇവിടെ അവര്‍ക്ക് ഒരു തൊഴില്‍ കൂടിയുണ്ട് എന്നതാണ് പ്രത്യേകത' എന്ന് സന്ദീപ് നന്ദൂരി പറയുന്നു. സന്ദീപ് നഗറില്‍ ഒരു മില്‍ക്ക് പാര്‍ലര്‍ തുടങ്ങാനും അവിടെ പാലും അനുബന്ധ ഉത്പന്നങ്ങളും ലഭ്യമാക്കാനും കൂടി അദ്ദേഹം ശ്രമിക്കുന്നു. സന്ദീപ് നഗര്‍ മോഡല്‍ വിജയിച്ചാല്‍ രാജ്യത്താകമാനം അതിന്‍റെ മാതൃകയില്‍ ഗ്രാമങ്ങളുണ്ടാക്കാം എന്നാണ് നന്ദൂരി പറയുന്നത്.
കോവില്‍പെട്ടിയില്‍ നിന്നുള്ളവരാണ് ഇവിടുത്തെ നിവാസികള്‍. വര്‍ഷങ്ങളോളം കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയും നില്‍ക്കാനിടമില്ലാത്തതും അവഗണനയുമെല്ലാം സഹിക്കേണ്ടി വന്നവരാണ് ഇതില്‍ ഭൂരിഭാഗം പേരും. പലപ്പോഴും അവര്‍ക്ക് താമസിക്കാനൊരിടമോ, നല്ല ജോലിയോ, വിദ്യാഭ്യാസമോ ഒക്കെ നിഷേധിക്കപ്പെട്ടിരുന്നു. ഇന്ത്യയിലുടനീളവും ഇതുതന്നെയായിരുന്നു അവസ്ഥ. ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റി പലപ്പോഴും അരികുവല്‍ക്കരിക്കപ്പെട്ടു. ഇന്ത്യയിലെ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ 2018 -ലെ ഒരു റിപ്പോർട്ടിൽ രാജ്യത്തെ ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ 92 ശതമാനവും അംഗീകരിക്കപ്പെട്ട തൊഴിലിടങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നും പഠനത്തിൽ പ്രതികരിച്ചവരിൽ 100 ശതമാനവും തങ്ങൾ സാമൂഹികാവഗണനയെ അഭിമുഖീകരിച്ചതായും പ്രതികരിച്ചു. ട്രാൻസ്‌ജെൻഡർ ജനസംഖ്യയുടെ ഏകദേശം 30 ശതമാനം പേർ ഒരിക്കലും സ്‌കൂളിൽ പോയിട്ടില്ലെന്നും അതിൽ പങ്കെടുത്തവരിൽ 50 ശതമാനം പേർ പത്താം ക്ലാസ് പൂർത്തിയാക്കുന്നതിന് മുമ്പ് പഠനം ഉപേക്ഷിച്ചതായും അവർ കണ്ടെത്തി.
ഏതായാലും ഇതിനെല്ലാം എതിരായുള്ള ഉറച്ച മാതൃകയായി സന്ദീപ് നഗര്‍ മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അവിടെ പഠനം പൂര്‍ത്തിയാക്കാത്തവര്‍ക്ക് പഠിക്കാനുള്ള സൌകര്യവും തയ്യലും കമ്പ്യൂട്ടറുമടക്കം പരിശീലിപ്പിക്കാനും എല്ലാം ആലോചിക്കുന്നുണ്ടിവര്‍. അതിലേക്ക് ട്രാന്‍സ്മെന്‍ സമൂഹത്തെ കൂടി സ്വാഗതം ചെയ്യാനാവുമെന്നും അവര്‍ കരുതുന്നു.