ജീവിതം ഉന്മേഷപൂരിതമാക്കാൻ സ്വീഡൻകാർ ശീലമാക്കിയിരിക്കുന്ന കാര്യം, നമുക്കും പരീക്ഷിക്കാവുന്നതാണ്
പുലർച്ചെ നാലു മുതൽ ആറു വരെയുള്ള സമയമാണ് പ്രകൃതി ഉണർന്നതിന് ശേഷമുള്ള ആദ്യത്തെ മണിക്കൂറായി കണക്കാക്കപ്പെടുന്നത്. ഈ സമയത്ത് ഉണർന്ന് ആരോഗ്യപ്രദമായ രീതിയിൽ സമയം ചെലവഴിക്കുന്നതാണ് ഗൊക്കോട്ട.
ഓരോ നാടിനും അവരുടേതായ ശീലങ്ങളും ജീവിതരീതികളും ഉണ്ട്. അത്തരത്തിൽ തങ്ങളുടെ ഓരോ ദിവസവും ഉന്മേഷ പൂരിതവും ഊർജ്ജസ്വലവും ആക്കാൻ സ്വീഡിഷ് ജനത തങ്ങളുടെ ജീവിതചര്യ ആക്കിയിരിക്കുന്ന ഒരു രീതിയുണ്ട്. ഗൊക്കോട്ട എന്ന സ്വീഡിഷ് വേനൽക്കാല ആചാരമാണിത്. പ്രതിരോധശേഷി വളർത്തുന്നതും ഊർജം വർദ്ധിപ്പിക്കുന്നതുമായി കണക്കാക്കപ്പെടുന്ന ഈ ശീലം ശാന്തവും സുന്ദരവുമായ നിമിഷങ്ങളാണ് ഓരോ വ്യക്തികൾക്കും പ്രദാനം ചെയ്യുന്നത്. പക്ഷേ, ഇത് ജീവിതചര്യയാക്കാൻ അത്ര എളുപ്പമല്ല. കാരണം പ്രകൃതി ഉണരുമ്പോൾ തന്നെ നമ്മളും ഉണരണം. ഓരോ ദിവസത്തെയും ഏറ്റവും ആദ്യത്തെ മണിക്കൂറുകൾ പ്രകൃതിക്കൊപ്പം ചിലവഴിക്കുന്നതാണ് ഗൊക്കോട്ട.
പ്രകൃതിയിൽ ആദ്യം ഉണരുന്നത് പക്ഷികൾ ആണെന്നാണല്ലോ പറയാറ്. അപ്പോൾ ഏറ്റവും ആദ്യത്തെ പക്ഷിക്കൊപ്പം ഉണരുക എന്നതാണ് ഗൊക്കോട്ട ആചാരം പറയുന്നത്. ഇത്തരത്തിൽ പുലർകാലത്തിൽ ഉണരുന്നത് നിരവധി രോഗങ്ങളിൽ നിന്നും നമ്മളെ രക്ഷിക്കാൻ സഹായകരമാകുമത്രെ. ക്ഷീണം, അലസത, മാനസിക സമ്മർദ്ദം, ഉന്മേഷക്കുറവ്, അകാരണമായ കോപം എന്നിങ്ങനെയുള്ള എല്ലാ ശാരീരിക മാനസികാവസ്ഥകളിൽ നിന്നും മുക്തി നൽകാൻ ഗൊക്കോട്ടയ്ക്ക് സാധിക്കുമെന്നാണ് സ്വീഡിഷ് ജനത പറയുന്നത്.
പുലർച്ചെ നാലു മുതൽ ആറു വരെയുള്ള സമയമാണ് പ്രകൃതി ഉണർന്നതിന് ശേഷമുള്ള ആദ്യത്തെ മണിക്കൂറായി കണക്കാക്കപ്പെടുന്നത്. ഈ സമയത്ത് ഉണർന്ന് ആരോഗ്യപ്രദമായ രീതിയിൽ സമയം ചെലവഴിക്കുന്നതാണ് ഗൊക്കോട്ട. ഇത് ഏത് വിധത്തിൽ വേണമെങ്കിലും ചെലവഴിക്കാം പാർക്കിലൂടെയും ചെറു വഴികളിലൂടെയുമുള്ള നടത്തമായും ഓട്ടമായും ഒക്കെ സമയം ചെലവഴിക്കാം. നിങ്ങൾ നേരത്തെ ഉണരുന്ന പക്ഷികളുടെ കൂട്ടത്തിലാണെങ്കിൽ ഇത് പിന്തുടരാൻ ഒരു പ്രയാസവും കാണില്ല എന്നാണ് പറയുന്നത്.
അപ്പോൾ താല്പര്യമുണ്ടെങ്കിൽ മടിക്കണ്ട, നിങ്ങൾക്കും പരീക്ഷിച്ച് നോക്കാവുന്നതാണ് ഈ സ്വീഡിഷ് രീതി.