സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന കരാറില്‍നിന്ന് പിന്‍വാങ്ങി; എര്‍ദോഗാനെതിരെ വിമര്‍ശനം
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള യൂറോപ്യന്‍ ഉടമ്പടിയില്‍നിന്ന് പിന്‍വാങ്ങിയ ടര്‍ക്കിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം.
ഇസ്തംബുള്‍: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള യൂറോപ്യന്‍ ഉടമ്പടിയില്‍നിന്ന് പിന്‍വാങ്ങിയ ടര്‍ക്കിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. അങ്കാറയിലും ഇസ്തംബുളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധവുമായി ആയിരക്കണക്കിന് സ്ത്രീകള്‍ രംഗത്തിറങ്ങിയതിനു പിന്നാലെ, അമേരിക്കയും യൂറോപ്യന്‍ യൂനിയനും ടര്‍ക്കിയെ വിമര്‍ശിച്ച് രംഗത്തുവന്നു. നിരാശാജനകമായ തീരുമാനം എന്ന് ഇതിനെ വിശേഷിപ്പിച്ച യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ടര്‍ക്കിയുടെ ഭാഗത്തുനിന്നാണ്ടായ ഈ നടപടി സ്ത്രീ സമൂഹത്തെ പിന്നോക്കം കൊണ്ടുപോവുമെന്ന് വിമര്‍ശിച്ചു. അപകടകരമായ സന്ദേശമാണ് ടര്‍ക്കി ഇതിലൂടെ രാജ്യാന്തര സമൂഹത്തിന് നല്‍കുന്നതെന്ന് യൂറോപ്യന്‍ യൂനിയന്‍ വിദേശകാര്യനയ മേധാവി ജോസഫ് ബോറല്‍ വിമര്‍ശിച്ചു. തീരുമാനം അടിയന്തിരമായി പിന്‍വലിക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍ ടര്‍ക്കിയോട് ആവശ്യപ്പെട്ടു.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് അതാത് രാജ്യങ്ങളിലെ സര്‍ക്കാറുകള്‍ക്ക് നിയമപരമായ ബാധ്യത ഉറപ്പാക്കുന്ന, ഇസ്താംബുള്‍ കണ്‍വെന്‍ഷന്‍ എന്നറിയപ്പെടുന്ന, കരാറില്‍നിന്നാണ് കഴിഞ്ഞ ദിവസം ടര്‍ക്കി പിന്‍മാറിയത്. മതയാഥാസ്ഥിതിക വിഭാഗങ്ങളെ തൃപ്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് വിമര്‍ശനം. കരാറില്‍നിന്നു പിന്‍വാങ്ങുമെന്ന് കഴിഞ്ഞ വര്‍ഷം ഭരണകക്ഷി പരിപാടിക്കിടെ പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ ഉറപ്പുനല്‍കിയിരുന്നു. സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ നിയന്ത്രിക്കാനുള്ള കരാര്‍ ടര്‍ക്കിയുടെ സാംസ്‌കാരിക മൂല്യങ്ങള്‍ക്ക് എതിരാണ് എന്ന് ആരോപിച്ചാണ് എര്‍ദോഗന്‍ ഭരണകൂടം പിന്‍വാങ്ങുന്നത്. നിലവിലെ ടര്‍ക്കി നിയമപ്രകാരം ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുമെന്നും ഈ കരാര്‍ നടപ്പാക്കേണ്ട ആവശ്യമില്ലെന്നുമാണ് കുടുംബക്ഷേമ മന്ത്രി സെഹ്‌റ സുംറുത് സെല്‍ചുക് പ്രസ്താവനയില്‍ വ്യക്തമാക്കിയത്. കരാര്‍ നടപ്പാക്കണമെന്ന് വാദിക്കുന്നവര്‍ക്ക് സ്വവര്‍ഗ ലൈംഗികത പ്രോല്‍സാഹിപ്പിക്കുന്നതടക്കമുള്ള ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെന്നാണ് ടര്‍ക്കി ഔദ്യോഗിക പത്രക്കുറിപ്പില്‍ ആരോപിക്കുന്നത്.
സുപ്രധാനമായ കരാര്‍
2011-ല്‍ ഇസ്തംബുളില്‍ നടന്ന കൗണ്‍സില്‍ ഓഫ് യൂറോപ്പ് കണ്‍വന്‍ഷനിലാണ് സുപ്രധാനമായ കരാറിന് രൂപം നല്‍കിയത്. ഗാര്‍ഹിക പീഡനം തടയുക, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നിയമപരമായി നേരിടുക, ലിംഗസമത്വം നടപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കരാര്‍ നിലവില്‍ വന്നത്. കരാറില്‍ ആദ്യം ഒപ്പു വെച്ച രാജ്യങ്ങളിലൊന്നാണ് ടര്‍ക്കി. 45 യൂറോപ്യന്‍ രാജ്യങ്ങള്‍ നിലവില്‍ ഈ ഉടമ്പടിയില്‍ ഒപ്പുവെച്ചിട്ടുണ്ട്.
സ്ത്രീ വിദ്യാഭ്യാസം പ്രോല്‍സാഹിപ്പിക്കുക, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ സമഗ്ര ഡാറ്റ ലഭ്യമാക്കുക, നിയമസംരക്ഷണം ഉറപ്പുവരുത്തുക തുടങ്ങിയ നിര്‍ണായകമായ ബാധ്യതകളാണ് സര്‍ക്കാറുകള്‍ക്ക് മേല്‍ ഇതോടെ വരുന്നത്. ഉടമ്പടി അംഗീകരിക്കുന്ന രാജ്യങ്ങള്‍ സ്ത്രീകള്‍ക്കെതിരായ മാനസിക പീഡനങ്ങള്‍, ശാരീരിക അതിക്രമങ്ങള്‍, ബലാല്‍സംഗം ഉള്‍പ്പെടെയുള്ള ലൈംഗിക അതിക്രമങ്ങള്‍, സമ്മതമില്ലാത്ത ലൈംഗിക ഇടപെടലുകള്‍, ഗാര്‍ഹിക പീഡനം, നിര്‍ബന്ധിത വിവാഹം, സ്ത്രീ ജനനേന്ദ്രിയം ഛേദിക്കല്‍, നിര്‍ബന്ധിത ഗര്‍ഭം അലസിപ്പിക്കല്‍, നിര്‍ബന്ധിത വന്ധ്യംകരണം തുടങ്ങിയ അനേകം കുറ്റകൃത്യങ്ങളില്‍ നിയമ നടപടി എടുക്കാന്‍ ബാധ്യസ്ഥരാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ മനുഷ്യാവകാശ ലംഘനമായും വിവേചനമായും ഇസ്താംബുള്‍ ഉടമ്പടി കണക്കാക്കുന്നു.
കരാറിന് എതിരായ പ്രതിഷേധങ്ങള്‍
2011ല്‍ കരാറില്‍ ഒപ്പുവെക്കുന്ന സമയത്ത് അബ്ദുല്ല ഗുല്‍ ആയിരുന്നു ടര്‍ക്കി പ്രസിഡന്റ്. അന്നുമുതലേ ചില യാഥാസ്ഥിതിക മുസ്ലീം സംഘടനകള്‍ കരാറിന് എതിരെ രംഗത്തുവന്നിരുന്നു. മതേതര, ലിബറല്‍ മൂല്യങ്ങളില്‍നിന്നും വിട്ടുമാറി മതമൂല്യങ്ങളിലേക്കുള്ള ടര്‍ക്കിയുടെ പിന്‍മടക്കവും മത-യാഥാസ്ഥിതിക പ്രീണനത്തിലൂടെ അധികാരം ഉറപ്പാക്കുന്ന എര്‍ദോഗാന്റെ നിലപാടുകളും ഒന്നിച്ചു വന്നപ്പോഴാണ് കരാറിനെതിരെ പ്രതിഷേധം ശക്തമായത്. മതനിയമപ്രകാരമാണ് സ്ത്രീകളെ കൈകാര്യം ചെയ്യേണ്ടത് എന്നും യൂറോപ്യന്‍ ലിബറല്‍ നിലപാടുകളിലൂടെയല്ല എന്നുമുള്ള വാദവും ഉയര്‍ന്നു വന്നു.
അതിന്റെ പിന്നാലെയാണ്, കരാറില്‍നിന്നും പിന്‍വാങ്ങാനുള്ള തീരുമാനത്തിലേക്ക് എര്‍ദോഗാന്‍ സര്‍ക്കാര്‍ വരുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഭരണകക്ഷി കണ്‍വന്‍ഷനില്‍ കരാര്‍ സാംസ്‌കാരിക മൂല്യങ്ങള്‍ക്ക് കടകവിരുദ്ധമാണെന്ന് എര്‍ദോഗാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. കരാറില്‍നിന്നും ടര്‍ക്കി പിന്‍വാങ്ങുമെന്നും പ്രസിഡന്റ് അന്ന് ഉറപ്പ് നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ്, മാര്‍ച്ച് 20ന്-കരാറില്‍നിന്നും ടര്‍ക്കി ഔദ്യോഗികമായി പിന്‍വാങ്ങുന്നത്. രാജ്യത്തിന്റെ പരമ്പരാഗത കുടുംബ സങ്കല്‍പ്പങ്ങളെ വികലമാക്കുന്നതിനും വിവാഹമോചനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പാശ്ചാത്യ ഗൂഢാലോചനയുടെ ഭാഗമാണ് ഈ കരാര്‍ എന്നാണ് ടര്‍ക്കി ഭരണകൂടം നല്‍കുന്ന ഔദ്യോഗിക വിശദീകരണം.
'ഇത് ദുഷ്പ്രചാരണം'
എന്നാല്‍, ഈ പ്രചാരണങ്ങളില്‍ കഴമ്പില്ലെന്ന് കരാറിന്റെ കരട് തയ്യാറാക്കിയ കൗണ്‍സില്‍ ഫോര്‍ യൂറോപ്പ് വക്താക്കള്‍ വ്യക്തമാക്കുന്നു. സ്വവര്‍ഗ വിവാഹങ്ങളെ പ്രോല്‍സാഹിപ്പിക്കുക, എല്‍ ജി ബി ടി ക്യു അവകാശങ്ങള്‍ സംരക്ഷിക്കുക എന്നതാണ് കരാര്‍ ലക്ഷ്യമിടുന്നത് എന്ന പ്രചാരണം തെറ്റാണ്. ''കരാറിന്റെ ആത്യന്തിക ലക്ഷ്യം സ്ത്രീ സംരക്ഷണമാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുക എന്നതു മാത്രമാണ്. അതിനോടുള്ള അസഹിഷ്ണുതയാണ് ഇതിനെതിരായ പ്രചാരണങ്ങളില്‍ തെളിയുന്നത്. പാശ്ചാത്യ സംസ്‌കാരത്തോടുള്ള ആശങ്ക പരത്തിയും ലിംഗസമത്വത്തിന് എതിരായ ദുഷ്പ്രചാരണം അഴിച്ചുവിട്ടുമാണ് തല്‍പ്പര കക്ഷികള്‍ കരാറിനെതിരെ കാമ്പെയിന്‍ നടത്തുന്നത്. ടര്‍ക്കി 10 വര്‍ഷം മുമ്പ് ഒപ്പുവെച്ച അതേ കരാര്‍ തന്നെയാണ് ഇപ്പോഴുമുള്ളത്. അതിലെ വാചകങ്ങളില്‍ ഒരു മാറ്റവും വന്നിട്ടില്ല. മാറ്റമുണ്ടായത് ഭരണകൂടങ്ങള്‍ക്കും അവരുടെ നിലപാടുകള്‍ക്കുമാണ്.''-കൗണ്‍സില്‍ ഫോര്‍ യൂറോപ്പ് വക്താവ് ഡാനിയേല്‍ ഹോള്‍ട്‌ജെന്‍ പറയുന്നു.
പ്രതിഷേധ റാലികള്‍
അര്‍ദ്ധരാത്രിയില്‍ പുറത്തു വന്ന ഉത്തരവിനെതിരെ സ്ത്രീ സംഘടനകള്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇസ്തംബുളിലും അങ്കാറയിലും മറ്റ് നഗരങ്ങളിലും വന്‍ പ്രതിഷേധ റാലികള്‍ നടന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ടര്‍ക്കിയില്‍ വര്‍ദ്ധിക്കുന്നതിനിടെയാണ്, നിലവിലെ നിയമസംരക്ഷണവും ഇല്ലാതാവുന്നതെന്ന് പ്രക്ഷോഭകര്‍ ചൂണ്ടിക്കാട്ടി. പ്രതിഷേധങ്ങളെ കൈയൂക്ക് കൊണ്ട് അടിച്ചമര്‍ത്തുന്ന രീതി ടര്‍ക്കിയില്‍ കഴിഞ്ഞ കുറേ കാലങ്ങളായി നിലവിലുണ്ട്. സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് ഈ പ്രക്ഷോഭത്തെയും അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍, രാജ്യത്തെ മുഴുവന്‍ സ്ത്രീകളുടെ മുന്നേറ്റമായി ഇതിനെ മാറ്റുമെന്ന് സന്നദ്ധ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു.