ജോലി കുഞ്ഞുങ്ങൾക്ക് 'പേരിടൽ', ഒരു പേരിന് വാങ്ങുന്നത് ഒരുലക്ഷം രൂപ വരെ!
2015 -ൽ തന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളുടെ പേരുകളും അവയുടെ അർത്ഥങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ തുടങ്ങിയതോടെയാണ് ഹംഫ്രി തന്റെ യാത്ര ആരംഭിച്ചത്.
കുട്ടികൾക്ക്(baby) പേര് തെരഞ്ഞെടുക്കുക എന്നത് വലിയ കടമ്പ തന്നെയാണ്. കാരണം, പേര് ഒരാളുടെ ജീവിതകാലത്തേക്ക് അയാൾക്കുള്ള ഐഡന്റിറ്റിയാണ്. എന്നാൽ, കുഞ്ഞുങ്ങൾക്ക് പേരിടാൻ പ്രൊഫഷണലുകളെ ഏൽപ്പിക്കുന്നവരും ഇന്ന് കുറവല്ല. എന്നാൽ, ഇങ്ങനെ 'പ്രൊഫഷണൽ ബേബി നെയിമറെ'(professional baby namer) നിയമിക്കുക എന്നത് വളരെ ചെലവേറിയ കാര്യമാണ്.
ന്യൂയോർക്ക് ആസ്ഥാനമായുള്ള ഒരു 'പ്രൊഫഷണൽ ബേബി നെയിമർ' ആണ് ടെയ്‌ലർ എ. ഹംഫ്രി(Taylor A. Humphrey). ഒരു കുഞ്ഞിന് അനുയോജ്യമായ പേര് കണ്ടെത്തി നൽകുന്നതിന് 1.14 ലക്ഷം രൂപ വരെയാണ് ഹംഫ്രി വാങ്ങുന്നത്. ചില മാതാപിതാക്കൾ ഏഴ് ലക്ഷം രൂപവരെ കൊടുക്കാൻ തയ്യാറാവുന്നുണ്ട് എന്നും ഹംഫ്രി പറയുന്നു. അതുവഴി 33 വയസുകാരി ഹംഫ്രി അവരുടെ കുഞ്ഞിന് അനുയോജ്യമായ ഒരു പേര് കണ്ടെത്താൻ മാതാപിതാക്കളെ സഹായിക്കുന്നു.
കഴിഞ്ഞ വർഷം നൂറിലധികം കുട്ടികൾക്ക് പേരിടാൻ അവൾ സഹായിച്ചു. $1,500 മുതൽ $10,000 വരെയാണ് ഹംഫ്രി ഈടാക്കുന്നത്. അതിൽ ഏത് വേണം എന്ന് മാതാപിതാക്കൾക്ക് തീരുമാനിക്കാം. ഏകദേശം 40,000 രൂപ വരുന്ന കുറഞ്ഞ സേവനത്തിൽ ഒരു ഫോൺകോൾ, പിന്നെ, മാതാപിതാക്കൾ പൂരിപ്പിച്ച ചോദ്യാവലി നോക്കി തയ്യാറാക്കിയ പേരുകളുടെ ലിസ്റ്റ് ഇവയൊക്കെയാണ് വരുന്നത്. ഏറ്റവും കൂടിയ ഒരുലക്ഷം രൂപയൊക്കെ വരുന്ന സേവനത്തിൽ മാതാപിതാക്കളുടെ ബിസിനസ് ഒക്കെ പരിഗണിച്ച് കൊണ്ടുള്ള ബ്രാൻഡാവുന്ന പേരാണ് നൽകുക.
2015 -ൽ തന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളുടെ പേരുകളും അവയുടെ അർത്ഥങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ തുടങ്ങിയതോടെയാണ് ഹംഫ്രി തന്റെ യാത്ര ആരംഭിച്ചത്. ഇൻസ്റ്റഗ്രാമിൽ ഇത് പങ്കുവച്ച് തുടങ്ങിയതോടെ നിരവധി പേർ തങ്ങൾക്കിഷ്ടപ്പെട്ട പേരുകളും മറ്റും ഹംഫ്രിയോടും പങ്കുവച്ച് തുടങ്ങി. 2018 -ലാണ് പേരിടാൻ ഹംഫ്രി സഹായിച്ച് തുടങ്ങിയത്. അതോടെ ജീവിതത്തിലെ വലിയൊരു മാറ്റം സംഭവിക്കുകയും പുതിയ പാതയിലേക്ക് അത് തിരിയുകയും ചെയ്തു.
ചില പേരുകൾ രക്ഷിതാക്കൾക്ക് ഇഷ്ടപ്പെടണം എന്നില്ല അപ്പോൾ ചിലപ്പോൾ അത് മിഡിൽ നെയിം ആയി സ്വീകരിക്കപ്പെടാറുണ്ട് എന്ന് ഹംഫ്രി പറയുന്നു. ഏതായാലും ഹംഫ്രി നൽകിയ പേരുകളുള്ള അനേകം കുഞ്ഞുങ്ങളിപ്പോഴുണ്ട്.