Opinion : റിമയുടെ മിനിസ്‌കേര്‍ട്ട് കണ്ട് മദംപൊട്ടിയ സൈബര്‍ ലോലന്‍മാര്‍ അറിയാന്‍!
രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി കൊച്ചിയില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്ത നടി റിമ കല്ലിങ്കലിനെതിരെ നടന്ന സൈബര്‍ ആക്രമണത്തിന് പിന്നിലെന്താണ്? വേദിയില്‍ മിനി സ്‌കേര്‍ട്ട് ധരിച്ച് എത്തിയ റിമയ്ക്ക് നേരെ ഉയര്‍ന്ന സദാചാര കമന്റുകളുടെ ഉറവിടം എന്താണ്? മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സരിത മോഹനന്‍ ഭാമ എഴുതിയ കുറിപ്പ്
മിനിസ്‌കേര്‍ട്ട് എന്തെന്ന് അറിയാത്തവര്‍ ഉണ്ടോ? പണ്ടൊക്കെ 'മിനി' എന്ന ഓമനപ്പേര് മാത്രമാണ് അതിനു പറഞ്ഞിരുന്നത്.
ചുവന്ന മിനിസ്‌കേര്‍ട്ടണിഞ്ഞ ഇന്ത്യന്‍ എയര്‍ഹോസ്റ്റസുമാരെ നേരില്‍ കണ്ടാനന്ദിക്കാന്‍ വേണ്ടി മാത്രമാണ് ഡയറക്റ്റ് ഫ്‌ളൈറ്റ് എടുക്കാതെ, അയല്‍തലസ്ഥാനത്ത് ചെന്നിറങ്ങി, കിംഗ് ഫിഷര്‍ എയര്‍ലൈന്‍സില്‍ ( നിലവില്‍ ഇല്ല) കേറി കേരളത്തിലേയ്ക്കു വരുന്നത് എന്ന് പറഞ്ഞ കോടീശ്വരനായ ഒരു പ്രവാസിലോലനെ ഓര്‍മ്മവന്നു.
എന്തൊരു മാരകസമ്മര്‍ദ്ദമായിരിക്കും വിജയ് മല്യയുടെയും ആ വിമാനകമ്പനിയുടെയും തകര്‍ച്ച മൂലം, ഈ വിശപ്പുമാറാത്ത ഗ്രന്ഥിയുടമകള്‍ അനുഭവിച്ചിരിക്കുക!
10 - 12 വര്‍ഷങ്ങള്‍ ഫാസ്റ്റ് ഫോര്‍വേഡ് ചെയ്യുക. കാലമേ മുമ്പോട്ട് പോയുള്ളു. മലയാളിയുടെ ലൈംഗികവെപ്രാളം വണ്ടി കിട്ടാതെ അവിടെത്തന്നെ കിടന്നു പിടയ്ക്കുന്നുണ്ട്.
ഒരു അഭിനേത്രിയ്ക്ക് സ്വന്തമായി കാലുകള്‍ ഉണ്ട് എന്ന് അത്ഭുതത്തോടെ കണ്ടുപിടിച്ച്, അവരുടെ അപ്പനെയും അമ്മയെയും ശകാരിക്കുന്ന സോഷ്യല്‍ മീഡിയ വീരന്മാര്‍, മുമ്പേ പറഞ്ഞ കിങ്ഫിഷര്‍ ദൃശ്യദാരിദ്ര്യം അനുഭവിക്കുന്നവരുടെ മക്കള്‍തലമുറ തന്നെ, തീര്‍ച്ച.
ഇന്റര്‍നെറ്റ് പ്രചരിച്ചിട്ടും , ലോകസഞ്ചാരികള്‍ കൂടിയിട്ടും, വിദേശചിത്രമേളകള്‍, കായികമേളകള്‍ എന്നിവയൊക്കെ കൂടിയിട്ടും, വസ്ത്രസ്വാതന്ത്ര്യസാക്ഷരത മലയാളനാട്ടില്‍ ഇനിയും പിറക്കാത്ത പൈതലാണല്ലോ.
മിനി സ്‌കേര്‍ട്ട് എന്നൊന്ന് കേട്ടിട്ടില്ലാത്തതാവില്ല. വിദേശസിനിമയില്‍ അതാവാം, മലയാളസിനിമയിലെ ഒരു നടിയ്ക്ക് അത് പാടുമോ എന്നതാണ് അതിന്റെ സദാചാരമര്‍മ്മം.
1969 -ല്‍ ഇറങ്ങിയ 'കാട്ടുകുരങ്ങ്' എന്ന ചിത്രത്തില്‍ ജയഭാരതി എന്ന അഭിനേത്രി മിനി സ്‌കേര്‍ട്ടണിയുക മാത്രമല്ല, ഒരു ബെഞ്ചിന്മേല്‍ നിന്ന് ഉല്ലാസനൃത്തം ചെയ്യുന്നുമുണ്ട്.
അന്ന്, 'ഒരു വിദ്യാര്‍ത്ഥിനി ഞാന്‍, ഒരു വിദ്യാര്‍ത്ഥിനി ഞാന്‍' എന്ന പാട്ടിനൊപ്പം കൊട്ടകകളില്‍ എഴുന്നേറ്റു നിന്ന്, നായികയോടൊപ്പം നൃത്തം വച്ച യുവാക്കളുടെ പേരക്കുട്ടികളാണ് ഇന്ന് മിനിസ്‌കേര്‍ട്ട് ധരിച്ച ഒരു അഭിനേത്രിയെ കണ്ടു മദം പൊട്ടി വിവശരായത്.
എന്നാല്‍ റിമ സംസാരിച്ചത് അതിപ്രധാനമായ വിഷയമായിരുന്നു. സിനിമയിലെ സ്ത്രീപ്രവര്‍ത്തകര്‍ക്ക് ജോലിസ്ഥലത്ത് ലൈംഗികസുരക്ഷിതത്വ സംവിധാനങ്ങള്‍ അടിയന്തരമാണ് എന്ന ആവശ്യത്തെക്കുറിച്ചാണ് അവര്‍ സുസ്ഫുടമായി പറഞ്ഞത്.
ആ വാക്കുകള്‍ ശ്രദ്ധിയ്ക്കാതെ, അവരുന്നയിച്ച വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കാതെ, അവരുടെ കാലുകള്‍ മാത്രം നോക്കി അവരുടെ അപ്പനമ്മമാരുടെ പേര് വിളിച്ച് കലിതുള്ളിയ ഈ അശ്ലീലജീവികള്‍ വിളിച്ച് കൂവുന്നത്, സത്യത്തില്‍ റിമ പറഞ്ഞ കാര്യത്തെ ഒന്നുകൂടി ഉറപ്പിക്കുകയാണ്. ചലച്ചിത്രരംഗത്ത് സ്ത്രീസുരക്ഷാസംവിധാനങ്ങള്‍ എത്ര അത്യാവശ്യമാണ് എന്നതിനുള്ള ലക്ഷണമൊത്ത കാരണങ്ങളാണ് ഈ സൈബര്‍ ലോലന്‍മാരുടെ വാക്കുകള്‍. കമ്യൂണിക്കേഷന്‍ സ്റ്റഡീസ് ബിരുദധാരി കൂടിയാണ് റീമ. ആ സന്ദര്‍ഭത്തില്‍ പറയാനുദ്ദേശിച്ച കാര്യങ്ങളുടെ ഒരു ലൈവ് സ്റ്റേറ്റ്മെന്റ് ആയിമാറുകയായിരുന്നു അവരുടെ വസ്ത്രധാരണം.
സിനിമാ സെറ്റുകളില്‍ ഇന്‍േറണല്‍ കംപ്ലൈന്റ്സ് കമ്മിറ്റി വേണം തുടങ്ങിയ ആവശ്യങ്ങള്‍ നടത്തിക്കിട്ടാനുള്ള ഒരു സക്രിയചര്‍ച്ചയ്ക്ക് തുടക്കം മാത്രമാവട്ടെ ഈ മലിനമനസ്സുകളുടെ അനാവരണം എന്ന് ആഗ്രഹിക്കാം.
ചില സന്ദര്‍ഭങ്ങളില്‍ ഒരു മിനി സ്‌കേര്‍ട്ടിന് അനേകം കാര്യങ്ങള്‍ കവര്‍ ചെയ്യാനാവും, അനേകം കാര്യങ്ങള്‍ അനാവരണം ചെയ്യാനാവും. ഈ ആശയത്തില്‍, പണ്ട് കലാകൗമുദി വീക്കിലിയുടെ ഒരു പരസ്യകാമ്പെയിന്‍ ഉണ്ടായിരുന്നു. സത്യമാണത്.
ബ്രാവോ, റിമ.