'യഥാര്‍ത്ഥ' അസമീസ് മുസ്‌ലിംകളെ കണ്ടെത്താന്‍ അസമില്‍ എന്‍ ആര്‍ സി മാതൃകയില്‍ സെന്‍സസ്
ബംഗാളി സംസാരിക്കുന്ന കുടിയേറ്റ മുസ്‌ലിംകളില്‍നിന്നും 'യഥാര്‍ത്ഥ' അസമീസ് മുസ്‌ലിംകളെ വേര്‍തിരിക്കുന്നതിനായി 'തദ്ദേശീയ' അസമീസ് സംഘടനകള്‍ ഓണ്‍ലൈന്‍ വിവരശേഖരണം നടത്തുന്നു.
ഗുവാഹത്തി: ബംഗാളി സംസാരിക്കുന്ന കുടിയേറ്റ മുസ്‌ലിംകളില്‍നിന്നും 'യഥാര്‍ത്ഥ' അസമീസ് മുസ്‌ലിംകളെ വേര്‍തിരിക്കുന്നതിനായി 'തദ്ദേശീയ' അസമീസ് സംഘടനകള്‍ ഓണ്‍ലൈന്‍ വിവരശേഖരണം നടത്തുന്നതായി എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 30 ഓളം തദ്ദേശീയ സംഘടനകളുടെ കൂട്ടായ്മയായ ജനഗോസ്തിയ സമന്നയ് പരിഷത്ത് (ജെ.എസ് പി എ) ആഭിമുഖ്യത്തിലാണ് 'യഥാര്‍ത്ഥ' അസമീസ് മുസ്‌ലിംകളെ കണ്ടെത്താനെന്നു പറഞ്ഞ് വിവരശേഖരണം നടത്തുന്നത്. 'സെന്‍സസ്' എന്ന് പേരിട്ട വിവരശേഖരണത്തിന് അസം ന്യൂനപക്ഷ വികസന ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് മുഅ്മിനുല്‍ അവ്വലാണ് നേതൃത്വം നല്‍കുന്നത്. വിവാദമായ ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എന്‍. ആര്‍.സി) മാതൃകയിലാണ് ഈ വിവരശേഖരണം നടത്തുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഇങ്ങനെയൊരു സെന്‍സസ് നടക്കുന്നതായി അസമീസ് ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രി രഞ്ജിത്ത് ദത്ത സ്ഥിരീകരിച്ചു. എന്നാല്‍, സെന്‍സസ് നടത്തുന്നത് ജെ.എസ് പി എ ആണെന്നും സര്‍ക്കാറിന് ഇതില്‍ പങ്കില്ലെന്നും അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
'ബംഗാളി മുസ്‌ലിംകള്‍ക്കും അസമീസ് മുസ്‌ലിംകള്‍ക്കും ഒരേ പേരായതിനാല്‍, പലപ്പോഴും ഒരുമിച്ചാണ് ഇവരെ കണക്കാക്കാറുള്ളത്്. ഇതാണ് അസമീസ് മുസ്‌ലിംകള്‍ വലിയ പ്രശ്‌നം അഭിമുഖീകരിക്കാന്‍ കാരണം. അസമീസ് മുസ്‌ലിംകളെ ബംഗാളി മുസ്‌ലിംകളില്‍നിന്നും വേര്‍തിരിക്കാന്‍ വേണ്ടിയാണ് വിവരശേഖരണം'- മുഅ്മിനുല്‍ അവ്വല്‍ ഇക്കാര്യം വിശദീകരിക്കുന്നത് ഇങ്ങനെയാണ്.
മുഖ്യമായും മൂന്ന് വിഭാഗങ്ങളിലുള്ളവരെയാണ് 'തനത്' അസമീസ് മുസ്‌ലിംകളായി ഇവര്‍ പരിഗണിക്കുന്നത്. ഗൊരിയ, അപ്പര്‍ അസമില്‍നിന്നുള്ള മൊരിയ, ലോവര്‍ അസമില്‍നിന്നുള്ള ദേശി സമുദായങ്ങള്‍. കൊച് രാജ്‌ബൊങ്ഷി, മെക് എന്നീ അസമീസ് സമുദായങ്ങളില്‍നിന്നും മതപരിവര്‍ത്തനം നടത്തിയവരാണ് എന്നാണ് ഗൊരിയ സമുദായക്കാര്‍ അവകാശപ്പെടുന്നത്. അഹം രാജാവിന്റെ ഭരണകാലത്ത് അസമിലെത്തിയ സൈനികരുടെയും കരകൗശലക്കാരുടെയും പിന്‍മുറക്കാരെന്നാണ് മൊരിയ, ദേശി സമുദായക്കാര്‍ പറയുന്നത്. ജൂല എന്ന മുസ്‌ലിംവിഭാഗക്കാരെയും തദ്ദേശീയ വിഭാഗമായാണ് കരുതപ്പെടുന്നത്. ഇവരാണ് യഥാര്‍ത്ഥ അസമീസ് മുസ്‌ലിംകള്‍ എന്നും ബംഗാളി ഭാഷ സംസാരിക്കുന്ന കുടിയേറ്റ മുസ്‌ലിംകള്‍ അസമില്‍ പെട്ടതല്ല എന്നുമാണ് ജെ.എസ് പി എ അവകാശപ്പെടുന്നത്. ഇവരില്‍ ഗൊരിയ, മൊരിയ, ദേശി സമുദായക്കാരെയാണ് ഈ വിവരശേഖരണത്തില്‍ ഇപ്പോള്‍ പങ്കെടുപ്പിക്കുന്നത്. ജൂല സമുദായത്തെ പിന്നീട് പരിഗണിക്കുമെന്നാണ് ഇവര്‍ പറയുന്നത്.
ബി.ജെ.പി നേതാവും അസമിലെ ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രിയുമായ രഞ്ജിത്ത് ദത്തയുമായുള്ള കൂടിക്കാഴ്ചയിലാണ് ഇങ്ങനെയൊരു സെന്‍സസിനുള്ള നിര്‍ദേശം ഉയര്‍ന്നതെന്ന് ഇതിനു നേതൃത്വം നല്‍കുന്ന സയ്യിദ് മുഅ്മിനുല്‍ അവ്വല്‍ പറഞ്ഞു. യഥാര്‍ത്ഥ അസമീസ് മുസ്‌ലിംകളെ വേര്‍തിരിച്ചു കാണണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രിയെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സെന്‍സസ് പ്രകിയ ഒരു വര്‍ഷം എടുക്കുമെന്ന് അവ്വല്‍ പറഞ്ഞു. 2019-20 വര്‍ഷം തദ്ദേശീയ മുസ്‌ലിം സമുദായത്തിനുവേണ്ടി 100 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യപിച്ചുവെങ്കിലും കൃത്യമായി ഈ സമുദായങ്ങളെ നിര്‍വചിക്കാനാവാത്തതിനാല്‍ അതിനു കഴിഞ്ഞിരുന്നില്ലെന്നും ഈ സെന്‍സസ് നടക്കുന്നതോടെ അതെളുപ്പമാവുമെന്നും അദ്ദേഹം പറയുന്നു.
ഇതിനായി jspacensus.com എന്ന പേരില്‍ ഇക്കഴിഞ്ഞ ദിവസം ഒരു വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ട്. എന്‍ ആര്‍ സി മാതൃകയിലാണ് ഇതില്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. അപേക്ഷകര്‍ അവരുടെ രേഖകള്‍ സമര്‍പ്പിക്കണം. തനത് അസമീസ് മുസ്‌ലിംകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മൂന്ന് സമുദായങ്ങളില്‍ പെട്ടതാണ് എന്ന് തെളിയിക്കുന്ന രേഖയാണ് ഇതില്‍ പ്രധാനം. ഒപ്പം, വോട്ടര്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഗ്രാമത്തലവന്റെ സാക്ഷ്യപത്രം എന്നിവയും സമര്‍പ്പിക്കണം. ഈ രേഖകള്‍ സമര്‍പ്പിച്ചവര്‍ക്ക് ആപ്ലിക്കേഷന്‍ റെസീറ്റ് നമ്പര്‍ (എ ആര്‍ എന്‍) നല്‍കും. ഈ നമ്പറില്ലാത്തവരെയെല്ലാം ബംഗാളി മുസ്‌ലിംകളായി പരിഗണിക്കും.
ജെ എസ് പി എയില്‍ അംഗങ്ങളായ 18 മുസ്‌ലിം സംഘടനകളാണ് സമുദായ സര്‍ടിഫിക്കറ്റുകള്‍ നല്‍കുക. ഈ സംഘടനകള്‍ക്ക് ഗ്രാമതലങ്ങളില്‍ കമ്മിറ്റികളുണ്ട്. തദ്ദേശീയ സമുദായങ്ങളില്‍ പെട്ടതാണോ അല്ലേ എന്ന കാര്യത്തില്‍ അവര്‍ സാക്ഷ്യപത്രം നല്‍കും. ഇതാണ് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യാനാവുക.
നിലവില്‍ പൗരത്വം തെളിയിക്കാനുള്ള കട്ടോഫ് ഡേറ്റ് നിഷ്‌കര്‍ഷിച്ചിട്ടില്ല. എന്നാല്‍, 1826-നു മുമ്പേ അസമിലുണ്ടായിരുന്നതെന്ന് ഇവര്‍ വിശേഷിപ്പിക്കുന്ന മൂന്ന് സംഘടനകള്‍ക്ക് മാത്രമാണ് ഈ സെന്‍സസില്‍ പങ്കെടുക്കാനാവുക. ചായത്തോട്ടങ്ങളില്‍ ജോലിക്ക് വന്നവരില്‍നിന്നും മതപരിവര്‍ത്തനം നടത്തിയ ജൂല സമുദായക്കാര്‍ പില്‍ക്കാലത്ത് വന്നതായതിനാല്‍, അടുത്ത ഘട്ടത്തില്‍ മാത്രമാണ് ഇവര്‍ക്ക് സെന്‍സസില്‍ പ്രാതിനിധ്യം നല്‍കുയെന്ന് ജെ എസ് പി എ നേതാക്കള്‍ അറിയിച്ചു.
1985-ലെ അസം കരാര്‍ പ്രകാരം, 1971 മാര്‍ച്ച് 24 വരെ കട്ട് ഓഫ് ഡേറ്റ് വെച്ചാണ് അസം ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ ആര്‍ സി) ആളുകളുടെ പൗരത്വം നിശ്ചയിച്ചത്. 2019 ഓഗസ്തില്‍ പ്രസിദ്ധീകരിച്ച എന്‍ ആര്‍ സി 3.3 കോടി അപേക്ഷകരില്‍ 19.06 ലക്ഷം പേരെയാണ് വിദേശികളായി പ്രഖ്യാപിച്ചത്.
അസമിലെ 3.12 കോടി ജനങ്ങളില്‍ 34. 22 ശതമാനം പേര്‍ മുസ്‌ലിംകളാണ് എന്നാണ് 2011 -ലെ സര്‍ക്കാര്‍ സെന്‍സസ് വ്യക്തമാക്കുന്നത്.