ആശാ ബോസ്‌ലെയുടെ പ്രണയഗാനങ്ങളിലെ നായകന്‍, പ്രണയനഷ്ടം അയാളെ ഏകാകിയാക്കി

അനേകം തലമുറകളില്‍ കാല്‍പ്പനികതയുടെ വസന്തം വിരിയിച്ച പ്രണയഗാനങ്ങളുടെ ചോരയും നീരുമായി നിന്ന ചില പ്രതിഭകള്‍ അനുഭവിച്ച പ്രണയമുറിവുകളെക്കുറിച്ചാണ് വിനോദ് കുമാര്‍ തള്ളശ്ശേരി എഴുതുന്ന ഈ പരമ്പര. ഇന്ന് ഒ പി നയ്യാറുടെ പ്രണയവും ജീവിതവും.

music lova and wounds  OP Nayyar Asha Bhosle love story

മായക്കാഴ്ചകളുടെ കലയാണ് സിനിമ. ഇല്ലാത്തതെന്തോ അത് നമ്മളെ കാണിക്കുന്നു. അതാണ് സത്യമെന്ന് കാണികളെ വിശ്വസിപ്പിക്കുന്നു. ഏറ്റവും നന്നായി ഇല്ലാത്തതൊന്നിനെ ഉണ്ടെന്ന് വിശ്വസിപ്പിക്കുന്നവന്‍ നല്ല സിനിമക്കാരന്‍ ആവുന്നു. യഥാതഥമായ ആഖ്യാന രീതി പിന്തുടര്‍ന്നിട്ടുള്ള സിനിമയുടെ കാര്യത്തില്‍ പോലും സ്ഥിതി വ്യത്യസ്തമല്ല.  

മായക്കാഴ്ചകളുടെ പിന്നാലെ കാണികളെ നടത്തിക്കുന്ന സിനിമയ്ക്കുള്ളിലുള്ളവരും പലതരം മായ കാഴ്ചകള്‍ക്ക് പിറകെ പോയി സ്വയം നഷ്ടപ്പെട്ടിട്ടുണ്ട്. ചിലര്‍ സ്വയം നഷ്ടപ്പെട്ടപ്പോള്‍ ചിലര്‍ മറ്റുള്ളവര്‍ക്കുകൂടി നഷ്ടങ്ങളുണ്ടാക്കി കടന്നുപോയി. ഹിന്ദി സിനിമാ പിന്നണി രംഗത്തുണ്ടായിരുന്ന അത്തരം ചില നഷ്ടങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. 

 

music lova and wounds  OP Nayyar Asha Bhosle love story

ഭാഗം ഒന്ന്: നമ്മെ തളിര്‍പ്പിച്ച ആ പ്രണയഗാനങ്ങള്‍ക്കു പിന്നില്‍ ഒരു മനുഷ്യന്റെ മുറിവുകളായിരുന്നു!


പതിനൊന്നാം വയസ്സില്‍ ലാഹോര്‍ റേഡിയോ താരമായിരുന്നു, ഒംകാര്‍ പ്രസാദ് നയ്യാര്‍ എന്ന ഒ.പി. നയ്യാര്‍. വിഭജനമാണ് ആദ്യം അമൃത്‌സറിലേക്കും  പിന്നീട് ബോംബേയിലേക്കും നയ്യാറെ എത്തിച്ചത്. 1952-ല്‍ 'ആസ്മാന്‍' എന്ന ചിത്രത്തിലൂടെയായിരുന്നു, നയ്യാറിന്റെ അരങ്ങേറ്റം. 'മോറെ നിന്ദിയ ചുരായേ' എന്ന പാട്ടുപാടിയത് രാജ്കുമാരി എന്ന ഗായികയായിരുന്നു. മറ്റു പാട്ടുകള്‍ പാടിയത് ഗീതാ ദത്ത്. ഈ പാട്ടുകളില്‍ തന്നെ അക്കാലത്ത് കേട്ടുശീലമില്ലാതിരുന്ന ഓര്‍ക്കസ്‌ട്രേഷന്‍ നയ്യാര്‍ ഉപയോഗിച്ചു. വയലിന്റെ പാശ്ചാത്യ രീതിയിലുള്ള ഉപയോഗം, സാക്‌സൊഫോണ്‍ ഒക്കെ ഉപയോഗിച്ചിരുന്നു. പക്ഷേ ആ സിനിമ ശ്രദ്ധിക്കപ്പെടാതെ പോയി.

1952-ല്‍ തന്നെ നയ്യാര്‍ ആശാ ബോസ്ലേയുടെ ശബ്ദം ഉപയോഗിച്ചിരുന്നു. 'ചം ചമാ ചം' എന്ന സിനിമയില്‍. സിനിമയിലെ ഒരു തമാശ പാട്ട് കിഷോര്‍ കുമാറിനൊപ്പം അവര്‍ പാടി. 'തുംഹാരി ഹൈ ദൗലത് മേരെ ജേബ് കാലി' എന്ന് തുടങ്ങുന്ന ഒരു പാട്ട്. 'യേ ദുനിയ ഹൈ ബാസാര്‍ ബാബു' എന്ന പാട്ട് ഷംഷാദ് ബീഗത്തിനോടൊപ്പം കോറസ് ആയിട്ടാണ് അവരും കിഷോര്‍ കുമാറും ചേര്‍ന്ന് പാടിയത്. 'സര ചുപ്‌കേ സെ നയ്‌ന മില' എന്ന ഒരു പാട്ടും അവര്‍ ഈ സിനിമയ്ക്ക് വേണ്ടി പാടി. എന്നാല്‍ ഈ സിനിമയും പരാജയപ്പെട്ടു.

ആദ്യത്തെ മൂന്നു നാല് സിനിമകള്‍ തുടരെ പരാജയപ്പെട്ടപ്പോള്‍ അദ്ദേഹം മതിയാക്കി തിരിച്ചു പോകാന്‍ തീരുമാനിച്ചതാണ്. അപ്പോഴാണ് ഗുരു ദത്തിന്റെ 'ആര്‍ പാര്‍' എന്ന സിനിമയില്‍ ഗീതാ ദത്തിന്റെ ശുപാര്‍ശ പ്രകാരം നയ്യാര്‍ക്ക് അവസരം കിട്ടുന്നത്. അതിലെ പാട്ടുകളില്‍ അദ്ദേഹം തന്റെ എല്ലാ കഴിവുകളും ഉപയോഗിച്ചാണ് ചെയ്യുന്നത്. 'ബാബുജി ധീരേ ചല്‍ന പ്യാര്‍ മേ സരാ സംഭല്‍ന' എന്ന പാട്ടും 'യേ ലോ മൈ ഹാരി പിയ ഹുയി തേരി ജീത് രേ' എന്ന പാട്ടും ജനപ്രിയമായതോടു കൂടി നയ്യാര്‍ തന്റേതായൊരിടം ഹിന്ദി സിനിമാ സംഗീതത്തില്‍ ഉറപ്പിച്ചു. അര നൂറ്റാണ്ടുകള്‍ക്കുശേഷവും ഈ പാട്ടുകള്‍ ജനപ്രിയമായി തുടരുന്നു. 

 

music lova and wounds  OP Nayyar Asha Bhosle love story

ആശാ ബോസ്‌ലെ

 

മുപ്പതുകളിലും നാല്‍പ്പതുകളിലും ഹിന്ദി സിനിമാ സംഗീതം പിന്‍തുടര്‍ന്നിരുന്ന മൃദുവായ സംഗീതത്തില്‍ നിന്നുള്ള ഒരു വ്യതിയാനമാണ് നയ്യാര്‍ സാധിച്ചത്. പില്‍ക്കാലത്ത് അതൊരു ട്രെന്റ് ആയി. അറുപതുകളില്‍ ഒരു സിനിമയ്ക്ക് ഒരു ലക്ഷം രൂപ പ്രതിഫലം വാങ്ങിക്കുന്ന സംഗീതസംവിധായകനായി നയ്യാര്‍ വളര്‍ന്നു. നിര്‍മ്മാതാക്കള്‍ ഓരോ സിനിമയിലും ഒരു നയ്യാര്‍ നമ്പറെങ്കിലും വേണമെന്ന് സംഗീതസംവിധായകരെ നിര്‍ബ്ബന്ധിക്കാന്‍ തുടങ്ങി. അത്രയ്ക്കായിരുന്നു, അദ്ദേഹം ഹിന്ദി സിനിമയില്‍ സൃഷ്ടിച്ച സ്വാധീനം.

സിനിമാപ്രവേശത്തിന്റെ തുടക്കത്തില്‍ തന്നെ നയ്യാര്‍ ഗീതാ ദത്തിനോടൊപ്പം ആശാ ബോസ്ലേയുടെ ശബ്ദം ഉപയോഗിച്ചിട്ടുണ്ട്. 1956-ല്‍ പുറത്തുവന്ന സി.ഐ.ഡി എന്ന ദേവാനന്ദ് സിനിമയിലെ 'ലേ കെ പെഹല പെഹല പ്യാര്‍' എന്ന പാട്ടില്‍ റാഫിയ്ക്കും ഷംഷാദ് ബേഗത്തിനുമൊപ്പം ശബ്ദം കൊടുത്തതും ആശ ആയിരുന്നു. തികച്ചും ജനപ്രിയമായിരുന്നു, ആ പാട്ട്. എന്നാല്‍ 1957-ല്‍ പുറത്തുവന്ന 'നയാ ദൗര്‍' എന്ന സിനിമയോടുകൂടി നയ്യാര്‍ പരിപൂര്‍ണമായി ആശാ ബോസ്ലേയെ ആശ്രയിക്കാന്‍ തുടങ്ങി. ഒരു പക്ഷേ അതിനകം അവര്‍ തമ്മിലുള്ള വൈകാരികമായ അടുപ്പം തീവ്രമായതും കാരണമായിരുന്നിരിക്കാം. അതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത് 'പ്രണയത്തിന് ഒരു കാരണം വേണ്ട, സാഹചര്യം മാത്രം മതി' എന്നാണ്

70-ല്‍ കൂടുതല്‍ സിനിമകളിലായി 500-ല്‍ അധികം പാട്ടുകള്‍ ചെയ്ത നയ്യാര്‍ ഒരു പാട്ടില്‍ പോലും ലതാ മങ്കേഷ്‌കറുടെ ശബ്ദം ഉപയോഗിച്ചിട്ടില്ല. നയ്യാര്‍ അതിനെക്കുറിച്ച് പറഞ്ഞത് 'ലതയുടെ ശബ്ദം പട്ടുനൂല്‍ പോലെ നേര്‍ത്തതാണ്. തനിക്ക് വേണ്ടത് പൂര്‍ണതയുള്ള, മാദകത്വമുള്ള ശബ്ദം ആണ് 'എന്നായിരുന്നു. ലതാ മങ്കേഷ്‌കറിന്റെ ശബ്ദത്തിനുവേണ്ടി മറ്റ് സംഗീത സംവിധായകര്‍ ക്യൂ നിന്നിരുന്ന കാലത്തായിരുന്നു ഇത്. അതിനുപിന്നില്‍ മറ്റെന്തൊ കാരണങ്ങളുണ്ടാവാനുള്ള സാദ്ധ്യതയുണ്ടെങ്കിലും രണ്ടുപേരും അതിനെ പറ്റി ഒന്നും പറഞ്ഞതായി അറിവില്ല.

പക്ഷേ ആശാ ബോസ്ലെയെ സംബന്ധിച്ചേടത്തോളം അവരെ പൂര്‍ണതയുള്ള ഒരു ഗായികയാക്കി സിനിമയില്‍ നിലനിര്‍ത്തിയത് നയ്യാര്‍ ആയിരുന്നെന്ന് നിസ്സംശയം പറയാം. തമാശപ്പാട്ടുകളില്‍ തുടങ്ങി ചടുലമായ പാട്ടുകളും വൈകാരികാംശം, ശോകരസം ഒക്കെ വളരെ കൂടുതലുള്ള പാട്ടുകള്‍ വരെ നയ്യാര്‍ക്കുവേണ്ടി അവര്‍ പാടി. അതും മനോഹരമായി തന്നെ.

'ബാപ് രേ ബാപ്' എന്ന സിനിമയ്ക്കുവേണ്ടി ജാന്‍ നിസാര്‍ അക്തര്‍ എഴുതിയ 'രാത് രംഗീലി ചമക്തേ താരേ', 'ഫാഗുന്‍' എന്ന സിനിമയില്‍ ഖമര്‍ ജലാലബാദി രചിച്ച 'പിയ പിയ ന ലാഗേ മോറ ജിയ', 'യേ രാത് ഫിര്‍ ന ആയേഗി' എന്ന സിനിമയ്ക്കുവേണ്ടി എസ്. എച്. ബിഹാരി രചിച്ച് മുഹമ്മദ് റഫിയോടൊപ്പം പാടിയ 'ഫിര്‍ മിലോഗേ കഭി ഇസ് ബാത് കാ വാദാ കര്‍ലോ' എന്ന പാട്ടും അവരുടെ ശബ്ദത്തിലെ പ്രണയ ഭാവം കൃത്യമായി ഉപയോഗിച്ച പാട്ടുകളാണ്. ശുദ്ധ മെലഡികളില്‍ 'കശ്മീര്‍ കി കലി' എന്ന സിനിമയില്‍ എസ്. എച് ബിഹാരി രചിച്ച 'ബാല്മ ഖുലി ഹവാം മേ' എന്ന പാട്ട്, 'സാവന്‍ കി ഘട്ട' എന്ന സിനിമയിലെ എസ്. എച്. ബിഹാരി വരികളെഴുതിയ ഹോട്ടോം പെ ഹസി ആംഖൊം പെ നശ' എന്ന പാട്ടും ഉദാഹരിക്കാം. ശോക ഗാനങ്ങളില്‍ 'വൊഹ് രാത് ഫിര്‍ ന ആയേഗി' എന്ന സിനിമയിലെ തന്നെ 'യഹി വൊഹ് ജഗഹ് യഹി വൊഹ് ഫിസായേം' എന്ന പാട്ടും 'പ്രാണ്‍ ജായേ പര്‍ വചന്‍ നജായേഗി' എന്ന സിനിമയിലെ 'ചൈന്‍ സെ ഹം കൊ കഭി ആപ് നെ ജീനെ ന ദിയ' എന്ന പാട്ടും  എടുത്തു പറയാം.

പക്ഷേ ഈ കൂട്ടുകെട്ടിലെ എക്കാലത്തേയും മികച്ച പാട്ടുകള്‍ നാടോടി പാട്ടുകളുടെ ഗണത്തില്‍ പെടുന്നവയാണ്. 'ഫാഗുന്‍' എന്ന സിനിമയിലെ 'ഏക് പര്‍ദേശി മേര ദില്‍ ലേ ഗയ', 'സി.ഐ.ഡി' എന്ന സിനിമയില്‍ മജ്‌രൂ സുല്‍താന്‍പുരി എഴുതിയ 'ലേകെ പെഹ് ല പെഹ് ല പ്യാര്‍' (ഷംഷാദ് ബീഗത്തിനും മുഹമ്മദ് റഫിയ്ക്കുമൊപ്പം), 'കിസ്മത്' എന്ന സിനിമയില്‍ ഷംഷാദ് ബീഗത്തിനൊപ്പം പാടിയ 'കജ് ര മൊഹബ്ബത് വാലാ' തുടങ്ങിയ പാട്ടുകള്‍ എടുത്ത് പറയാം.  എടുത്തു പറയാവുന്ന മറ്റൊരു പാട്ട് 'ഹൗറാ ബ്രിഡ്ജ്' എന്ന സിനിമയ്ക്ക് വേണ്ടി ഖമര്‍ ജലാലാബദി രചിച്ച 'ആയിയേ മെഹര്‍ബാന്‍' എന്ന ക്ലബ് ഡാന്‍സിന്റെ പാട്ടാണ്. (ഈ പാട്ടില്‍ ക്ലബ്ബ് പാട്ടുകാരിയായി വരുന്നത് പ്രശസ്ത നടി മധുബാലയാണ് എന്ന പ്രത്യേകത കൂടിയുണ്ട്.)

 

music lova and wounds  OP Nayyar Asha Bhosle love story

ആശാ ബോസ്‌ലെ

 

കൃത്യമായി പറഞ്ഞാല്‍ സഹോദരി ലതയുടെ ശബ്ദം ഉപയോഗിക്കുകയില്ലെന്ന നയ്യാറുടെ വാശി കൊണ്ട് നേട്ടമുണ്ടാക്കിയത് ആശാ ബോസ്ലേ തന്നെ. ആദ്യകാലത്ത് ഗീതാ ദത്തിന്റെ ശബ്ദം മനോഹരമായി ഉപയോഗിച്ച നയ്യാര്‍ പില്‍ക്കാലത്ത് ആശയുടെ ശബ്ദത്തില്‍ തന്നെ ഒതുങ്ങി. നാടോടി സ്പര്‍ശമുള്ള പാട്ടുകളില്‍ ഷംഷാദ് ബേഗത്തിന്റെ ശബ്ദം ഉപയോഗിച്ചതൊഴിച്ചാല്‍.

ചെയ്ത 500-ല്‍ അധികം പാട്ടുകളില്‍ 223 എണ്ണം യുഗ്മഗാനങ്ങളായിരുന്നു. ഹിന്ദി സിനിമയില്‍ ഏറ്റവും നല്ല യുഗ്മഗാനങ്ങള്‍ ചെയ്ത നാല് സംഗീതസംവിധായകരില്‍ ഒരാള്‍ ഒ. പി. നയ്യാര്‍ ആയിരുന്നെന്ന് വിലയിരുത്തപ്പെടുന്നു. മറ്റ് മൂന്നുപേര്‍ സി. രാമചന്ദ്ര, ശങ്കര്‍ ജയ്കിഷന്‍, എസ്.ഡി. ബര്‍മന്‍ എന്നിവര്‍. യുഗ്മ ഗാനങ്ങളില്‍ തന്നെ പുരുഷ ശബ്ദം മിക്കവാറും മുഹമ്മദ് റാഫിയുടേതായിരുന്നു.

ആശാ ബോസ്ലേയുമായി ചേര്‍ന്നിരിക്കുമ്പോഴാണ് നയ്യാറുടെ മികച്ച ഗാനങ്ങളെല്ലാം പിറന്നത്. അവര്‍ പിരിഞ്ഞതിനുശേഷം അദ്ദേഹം പറഞ്ഞത് ഒരിക്കല്‍ വിട്ടുപോയ കാര്യങ്ങളെക്കുറിച്ചോര്‍ത്ത് താന്‍ വിഷമിയ്ക്കാറില്ലെന്നാണ്. പക്ഷേ അത് നയ്യാറും ആശയും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചെങ്കിലും ശരിയായിരുന്നില്ല എന്ന് അദ്ദേഹത്തിന്റെ പില്‍ക്കാല സിനിമാ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും.

 

music lova and wounds  OP Nayyar Asha Bhosle love story

 

ഒരു ഹിറ്റ് പാട്ടുപോലും അദ്ദേഹത്തില്‍ നിന്ന് പിന്നീടുണ്ടായിട്ടില്ല. കുടുംബവുമായി പിരിഞ്ഞ് ഒറ്റപ്പെട്ട് ദുരിതപൂര്‍ണമായിരുന്നു ശിഷ്ടജീവിതം. അവര്‍ ഒരുമിച്ചുള്ള കാലത്തെ അവസാന പാട്ട് 'പ്രാണ്‍ ജായെ പര്‍ വചന്‍ ന ജായെ' എന്ന സിനിമയിലെ പാട്ടായിരുന്നു. എസ്. എച്. ബിഹാരിയും അഹ്മദ് വാസിയും ചേര്‍ന്നെഴുതിയ പാട്ട്.

'ചൈന്‍ സെ ഹം കോ കഭി
ആപ് നെ ജീനെ ന ദിയാ
സെഹര്‍ ഭി ചാഹെ അഗര്‍
പീനാ തൊ പീനേ ന ദിയ'

(ജീവിതത്തില്‍ സൈ്വര്യമായിരിക്കാന്‍
അങ്ങെന്നെ അനുവദിച്ചില്ല
വിഷം കഴിക്കണമെന്നാഗ്രഹിച്ചാല്‍ കൂടി
അതിനനുവദിച്ചില്ല)

സിനിമയില്‍ സ്ത്രീ കഥാപാത്രം പാടുന്ന പാട്ടിന്റെ വരികള്‍ പക്ഷേ അറം പറ്റിയത് നയ്യാര്‍ക്കാണ്. ആശയുമായി പിരിഞ്ഞതിനുശേഷം ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട് അനാഥനായിട്ടായിരുന്നു, നയ്യാറിന്റെ മരണം.

 

അടുത്ത ഭാഗം: ഗീതാദത്തിന്റെ മുറിവേറ്റ പ്രണയം
 

Latest Videos
Follow Us:
Download App:
  • android
  • ios