സ്വവർ​ഗ വിവാഹം അം​ഗീകരിച്ച് മെത്തഡിസ്റ്റ് ചർച്ച്, പള്ളിയിലെ ആദ്യ സ്വവർ​ഗവിവാഹം ശരത്കാലത്ത്...

ഇത് നീതിയുടെ പാതയിലേക്കുള്ള സുപ്രധാന നടപടിയാണെന്നാണ് ഡിഗ്നിറ്റി ആൻഡ് വർത്ത് കാമ്പെയ്ൻ ഗ്രൂപ്പിന്റെ ചെയർമാനായ റവ. സാം മക്ബ്രാറ്റ്നി പറഞ്ഞത്. 

Methodist church now permits same sex marriage

സ്വവര്‍ഗ വിവാഹം അനുവദിച്ചുകൊണ്ട് ബ്രിട്ടനിലെ ഏറ്റവും വലിയ മതവിഭാഗമായ മെത്തഡിസ്റ്റ് ചര്‍ച്ച്. ബുധനാഴ്ച നടന്ന മെത്തഡിസ്റ്റ് കോണ്‍ഫറന്‍സില്‍ വിവാഹത്തിന്‍റെ നിര്‍വചനം മാറ്റുന്ന തീരുമാനത്തിന് അനുകൂലമായി 254 പേര്‍ വോട്ട് ചെയ്തപ്പോള്‍ എതിര്‍ത്തുകൊണ്ട് 46 പേര്‍ മാത്രമാണ് വോട്ട് ചെയ്തത്. നേരത്തെ വിവാഹത്തിന്‍റെ നിര്‍വചനമായി പറഞ്ഞിരുന്നത് ഒരു പുരുഷനും സ്ത്രീക്കും വിവാഹിതരാവാം എന്നായിരുന്നു. എന്നാലിപ്പോള്‍ അത് ഏത് രണ്ട് വ്യക്തിക്കും എന്നതിലേക്കാണ് മാറിയിരിക്കുന്നത്. 

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടോ റോമന്‍ കാത്തലിക് ചര്‍ച്ചോ സ്വവര്‍ഗാനുരാഗത്തെ അനുകൂലിക്കുന്നില്ല. എന്നിരുന്നാലും സ്കോട്ടിഷ് എപ്പിസ്കോപ്പൽ ചർച്ച്, യുണൈറ്റഡ് റിഫോംഡ് ചർച്ച്, ബ്രിട്ടനിലെ ക്വാക്കേര്‍സ് എന്നിവിടങ്ങളിൽ സ്വവര്‍ഗവിവാഹം സ്വാഗതം ചെയ്യപ്പെടുന്നുണ്ട്. അക്കൂട്ടത്തിലേക്ക് മെത്തഡിസ്റ്റ് സഭ കൂടി വരികയാണ്. 4,000 -ത്തിലധികം പള്ളികളിലായി 164,000 അംഗങ്ങളുള്ള ബ്രിട്ടനിലെ നാലാമത്തെ വലിയ ക്രിസ്ത്യൻ വിഭാഗമാണ് മെത്തഡിസ്റ്റ് ചർച്ച്. 2019 -ലെ മെത്തഡിസ്റ്റ് കോണ്‍ഫറന്‍സിലാണ് ആദ്യമായി ഇങ്ങനെയൊരു നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കുന്നത്. പിന്നീടത് പ്രാദേശിക സഭായോഗങ്ങളുടെ അംഗീകാരത്തിന് വിടുകയായിരുന്നു. 

30 പ്രാദേശിക സഭായോഗങ്ങളില്‍ ഒന്ന് ഒഴികെ എല്ലാവരും ഈ മാറ്റത്തിന് അനുകൂലമായി വോട്ട് ചെയ്തു. 2020 -ലെ സമ്മേളനത്തിൽ സ്ഥിരീകരണ വോട്ടെടുപ്പ് നടക്കാനിരുന്നെങ്കിലും കൊവിഡ് -19 കാരണം അത് റദ്ദാക്കിയിരുന്നു. അങ്ങനെയാണ് ഇന്നലത്തെ സമ്മേളനത്തില്‍ വോട്ടെടുപ്പ് നടക്കുന്നതും മാറ്റം ഭൂരിപക്ഷം അംഗീകരിക്കുന്നതും. മെത്തഡിസ്റ്റ് ചാപ്പലുകളിലെ ആദ്യത്തെ സ്വവർഗ വിവാഹം ശരത്കാലത്തില്‍ നടക്കുമെന്നാണ് പള്ളി അധികൃതർ പ്രതീക്ഷിക്കുന്നത്. 

ഇത് നീതിയുടെ പാതയിലേക്കുള്ള സുപ്രധാന നടപടിയാണെന്നാണ് ഡിഗ്നിറ്റി ആൻഡ് വർത്ത് കാമ്പെയ്ൻ ഗ്രൂപ്പിന്റെ ചെയർമാനായ റവ. സാം മക്ബ്രാറ്റ്നി പറഞ്ഞത്. 'നമ്മളിൽ ചിലർ പതിറ്റാണ്ടുകളായി ഈ ദിവസം വരാൻ പ്രാർത്ഥിക്കുന്നു. ഒടുവില്‍ ആ ദിവസം വന്നണഞ്ഞുവെന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല. LGBTQ+ ബന്ധങ്ങളുടെ മൂല്യം തിരിച്ചറിയാനും അംഗീകരിക്കാനും ഇങ്ങനെയൊരു മുന്നേറ്റത്തിന് സഹകരിച്ച ഞങ്ങളുടെ സഹ മെത്തഡിസ്റ്റുകളോട് ഞങ്ങൾ നന്ദിയുള്ളവരാണ്' എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഈ തീരുമാനത്തെ അംഗീകരിക്കാത്തവരും തുടര്‍ന്നും സഭയോട് സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 

എന്നിരുന്നാലും തീരുമാനത്തോട് യോജിച്ച് പോവാൻ കഴിയാത്തവർ സഭ വിട്ടുപോകുമോ എന്നൊരാശങ്ക ഇപ്പോഴും നിലനിൽക്കുന്നുണ്ട്. 

ഒരുപാട് കാലത്തെ കാത്തിരിപ്പ്

Methodist church now permits same sex marriage

ബെന്‍ റൈലിയും ജേസണ്‍ മക്മോഹോണും 12 വര്‍ഷമായി പ്രണയത്തിലാണ്. എന്നാല്‍ പള്ളിയില്‍ വച്ച് തന്നെ വിവാഹം ചെയ്യണമെന്ന ആഗ്രഹം കൊണ്ട് കാത്തിരുന്നതാണ് എന്നും ഇരുവരും പറയുന്നു. പ്രെസ്റ്റണിലുള്ള തങ്ങളുടെ പ്രാദേശിക മെത്തഡിസ്റ്റ് പള്ളിയില്‍ വച്ച് വിവാഹം കഴിക്കണമെന്നാണ് ഇരുവരും കരുതുന്നത്. ഒരു മെത്തഡിസ്റ്റ് മിനിസ്റ്ററാവാന്‍ പരിശീലിക്കുന്ന ജേസണ്‍ പറയുന്നത് ഇത് അങ്ങേയറ്റം വൈകാരികമായ ദിവസമാണ് എന്നാണ്. 'ഇത് നമ്മെക്കൂടി സഭ അംഗീകരിച്ചു എന്നാണ് സൂചിപ്പിക്കുന്നത്. ദൈവത്തിന്‍റെ മുന്നില്‍ വച്ച് വീട്ടുകാരെയും കൂട്ടുകാരെയും സാക്ഷി നിര്‍ത്തി വിവാഹം ചെയ്യുക എന്നത് എത്ര വലിയ സന്തോഷമാണ്' എന്നും ജേസണ്‍ പറയുന്നു. 

(ആദ്യചിത്രം പ്രതീകാത്മകം)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios