അതിജീവനത്തിന്റെ പ്രതീകം, മായാ ആഞ്ചലോയുടെ രൂപത്തിലും ഇനി ബാർബി കളിപ്പാവകൾ
അമ്മയുടെ രൂപത്തിലുള്ള ബാര്‍ബികളൊരുങ്ങുന്നതില്‍ ഏറെ സന്തോഷമുണ്ട് എന്ന് ആഞ്ചലോയുടെ മകന്‍ ഗയ് ജോണ്‍സണ്‍ പറഞ്ഞു. ഈ പാവ പുതുതലമുറയിലെ അധ്യാപകര്‍ക്കും എഴുത്തുകാര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും പ്രചോദനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ജോണ്‍സണ്‍ പറയുന്നു.
കളിപ്പാട്ടങ്ങള്‍ കുഞ്ഞുങ്ങളുടെ ജീവിതത്തില്‍ വലിയ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. അതിനാലാണ് അവര്‍ക്ക് കളിപ്പാട്ടം നല്‍കുമ്പോള്‍ വിവേചനം കൂടാതെയുള്ള കളിപ്പാട്ടങ്ങള്‍ നല്‍കണമെന്ന് പറയുന്നത്. കുഞ്ഞുങ്ങള്‍ക്ക് ഏറെ ഇഷ്മാണ് ബാര്‍ബി ഡോളുകള്‍. 1959 മാര്‍ച്ച് ഒമ്പതിന് അമേരിക്കന്‍ വ്യവസായ സംരംഭകയായ റൂത്ത് ഹാന്‍ഡലറാണ് ഭര്‍ത്താവുമൊന്നിച്ച് ബാര്‍ബി പാവകള്‍ നിര്‍മ്മിച്ചു തുടങ്ങിയത്. പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ വേഗത്തില്‍ ബാര്‍ബി കളിപ്പാവകള്‍ വിപണി കീഴടക്കി. പലമേഖലകളിലുമുള്ള സ്ത്രീകളെ ബാര്‍ബി പാവകള്‍ പ്രതിനിധീകരിച്ചു. ഡോക്ടറും നഴ്സും ബഹിരാകാശയാത്രികയും ഒക്കെ അതിലുണ്ട്. ഇപ്പോഴിതാ മായാ ആഞ്ചലോയുടെ രൂപത്തിലുള്ള ബാര്‍ബികളെ നിര്‍മ്മിക്കാനൊരുങ്ങുകയാണ് മാറ്റൽ കമ്പനി.
പ്രമുഖ അമേരിക്കന്‍ കവയിത്രിയും പൗരാവകാശ പ്രവര്‍ത്തകയുമായിരുന്ന മായ ആഞ്ചലോ അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമായി മാറിയ സ്ത്രീയാണ്. 'ഐ നോ വൈ ദ കേജ്ഡ് ബേഡ് സിങ്സ്' എന്ന വിഖ്യാത ആത്മകഥ ലോകമെങ്ങും വിവിധ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്. ഡോ. ആഞ്ചലോയുടെ സാദൃശ്യത്തിലുള്ള പുതിയ ബാർബി കളിപ്പാവകളില്‍, അവരുടെ ഹെഡ് റാപ്, ആഭരണങ്ങള്‍, ഫ്ലോറൽ പ്രിന്റ് വസ്ത്രങ്ങൾ എന്നിവയൊക്കെ കാണാം. റോസ പാര്‍ക്ക്, ഫ്ലോറന്‍സ് നൈറ്റിംഗേല്‍ എന്നിവരുടെ സീരീസുകളിലേക്കാണ് മായ ആഞ്ചലോ ബാര്‍ബിയും ഉള്‍പ്പെടുക. റിസ്‌ക്കുകളെടുക്കാൻ തയ്യാറാവുകയും നിയമങ്ങൾ മാറ്റുകയും വരുംതലമുറകളിലെ പെൺകുട്ടികൾക്ക് മുമ്പത്തേക്കാൾ വലുതായി സ്വപ്നം കാണാൻ വഴിയൊരുക്കുകയും ചെയ്ത സ്ത്രീകളാണ് ഇതില്‍ പെടുന്നതെന്നും നിര്‍മ്മാതാക്കളായ മാറ്റല്‍ പറയുന്നു.
1969 -ലെ ആഞ്ചലോയുടെ ആത്മകഥയായ 'ഐ നോ വൈ ദ കേജ്ഡ് ബേർഡ് സിംഗ്സി'ല്‍ അവരുടെ ആദ്യകാല ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചതിനെ കുറിച്ച് വ്യക്തമാക്കുന്നു. 1993 -ൽ യുഎസ് പ്രസിഡന്‍റിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിച്ച ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ, വനിതാകവിയെന്ന ബഹുമതിയും ആഞ്ചലോയ്ക്ക് സ്വന്തമാണ്. “ഇത് അവരുടെ സാഹിത്യ പാരമ്പര്യത്തിന് നൽകിയ ശ്രദ്ധേയമായ ആദരവാണ്. മാത്രമല്ല അവരുടെ പ്രവർത്തനമേഖലയിലേക്ക് ലോകമെമ്പാടുമുള്ളവരുടെ ശ്രദ്ധ ആകർഷിക്കാനും ഇതുവഴി കഴിയുന്നു” എന്നും മാറ്റൽ പറഞ്ഞു.
അമ്മയുടെ രൂപത്തിലുള്ള ബാര്‍ബികളൊരുങ്ങുന്നതില്‍ ഏറെ സന്തോഷമുണ്ട് എന്ന് ആഞ്ചലോയുടെ മകന്‍ ഗയ് ജോണ്‍സണ്‍ പറഞ്ഞു. ഈ പാവ പുതുതലമുറയിലെ അധ്യാപകര്‍ക്കും എഴുത്തുകാര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും പ്രചോദനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ജോണ്‍സണ്‍ പറയുന്നു. “എന്‍റെ അമ്മ നീതിക്കായി ഏതറ്റം വരെയും പ്രവര്‍ത്തിക്കാന്‍ തയ്യാറായിരുന്ന അജയ്യയായ ഒരു മാര്‍ഗദര്‍ശിയും പോരാളിയുമായിരുന്നു. അവരുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും, ലോകമെമ്പാടുമുള്ള ആളുകളുമായി ആഴത്തിലുള്ള ബന്ധം സൃഷ്ടിക്കുന്നതിനുള്ള ഒരു അതുല്യമായ കഴിവ് അവര്‍ വികസിപ്പിച്ചിരുന്നു. അവര്‍ പറയാറുണ്ടായിരുന്നു, ‘ഞാൻ കറുത്തവരുടെ ഭാഗത്തുനിന്നാണ് എഴുതുന്നത്, പക്ഷേ ഞാൻ ലക്ഷ്യമിടുന്നത് മനുഷ്യഹൃദയമാണ്.’'' -ജോണ്‍സണ്‍ പറഞ്ഞു.
ലോകത്തിനാകെ മാതൃകയായ കറുത്ത വര്‍ഗക്കാരും ഗോത്രവിഭാഗക്കാരുമായ സ്ത്രീകളെ 50 ശതമാനവും ഉള്‍പ്പെടുത്തി കളിപ്പാവകള്‍ നിര്‍മ്മിക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും മാറ്റല്‍ പറയുന്നു. ഏതായാലും വളരെപ്പെട്ടെന്ന് തന്നെ മായ ആഞ്ചലോയുടെ രൂപത്തിലുള്ള പാവകള്‍ വിറ്റുപോകുന്നുണ്ട്. ഓണ്‍ലൈനില്‍ അവ ലഭ്യമല്ലാത്ത അവസ്ഥയുമുണ്ട്. ഏകദേശം 2200 -നടുത്താണ് പാവകളുടെ വില.