Love Debate : പ്രണയം ആണധികാരത്തിന്റെ ഇടമായി മാറുന്ന വിധം!

പ്രണയമെഴുത്തുകള്‍. പ്രണയദിനത്തിലാരംഭിച്ച പ്രണയസംവാദം തുടരുന്നു. ഇന്ന്  ഷേര്‍ലി മണലില്‍ എഴുതുന്നു
 

love debate many generations many love by sherly manalil

പ്രണയം - മൂന്നക്ഷരങ്ങളില്‍ സ്‌നേഹത്തിന്റെ കടലിരമ്പമാണത്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും തോന്നാവുന്ന വികാരം. പ്രണയികള്‍ക്കിടയിലുള്ള ബന്ധം ആഴമേറിയതാണ്. യഥാര്‍ത്ഥ പ്രണയം ഇല്ലാതാകുന്നില്ല. ഇല്ലാതാകുന്നുവെങ്കില്‍ അതിനെ പ്രണയമെന്നു വിളിയ്ക്കാനുമാവില്ല. അത് വെറുമൊരു ആകര്‍ഷണത്തിനപ്പുറം ഒന്നുമായിരിയ്ക്കില്ല. ഉപാധികള്‍ മനസ്സില്‍വച്ചുകൊണ്ടുള്ള ബന്ധത്തില്‍ സ്‌നേഹത്തിനപ്പുറം ചില ഘടകങ്ങള്‍ വര്‍ത്തിയ്ക്കുന്നു. 

വിവാഹമെന്ന ഘടകത്തെ മുന്‍നിര്‍ത്തി ചിന്തിക്കുമ്പോള്‍ സൗന്ദര്യം, പണം, കുടുംബ മഹിമ, വിദ്യാഭ്യാസം തുടങ്ങിയ പലതിനേയും അടിസ്ഥാനമാക്കിയുള്ള പ്രായോഗിക ചിന്ത കടന്നു വരുന്നു. അവിടം മുതല്‍ ഹൃദയം കൊണ്ടല്ല ബുദ്ധി കൊണ്ട് പ്രണയിക്കാന്‍ തുടങ്ങുന്നു. വലിയ പൊല്ലാപ്പൊന്നും കൂടാതെയുള്ള ഭാവിജീവിതത്തിന് ഇവന്‍ / ഇവള്‍ ഉതകുമോ എന്ന അന്വേഷണത്തില്‍ പ്രതീക്ഷകള്‍ക്കു വിരുദ്ധമായാണ് സംഭവിക്കാന്‍ സാധ്യതയെങ്കില്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നു. 


യഥാര്‍ത്ഥ പ്രണയം കരുതലാണ്, ഊര്‍ജ്ജമാണ്, ആഴത്തില്‍ അറിയുക എന്നതാണ്. പരസ്പരം താങ്ങലും അതിജീവനത്തിന്റെ ഉപാധിയുമാണ്. 'ഞാനില്ലേ കൂടെ' എന്നൊരു വാക്കിനപ്പുറം എന്തു പ്രതീക്ഷയാണ് പകര്‍ന്നു നല്‍കുവാനുള്ളത്?

സിനിമയിലും സാഹിത്യത്തിലുമൊക്കെ കാണുന്ന കാല്പനികതയ്ക്കപ്പുറം പ്രണയത്തില്‍ ആണധികാരമാണ് നിഴലിയ്ക്കുന്നത്. പെണ്ണിന്റെ ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം കല്പിക്കുന്നു എന്ന മട്ടില്‍ തുടങ്ങിയ ബന്ധം പതുക്കെ ആണധികാരത്തിന്റെ ചിട്ടവട്ടങ്ങളിലേയ്ക്ക് കടക്കുന്നു. എന്തിനും ഏതിനും അനുവാദം വാങ്ങണം. ആണിന്റെ സംസാരങ്ങളില്‍, പെരുമാറ്റങ്ങളില്‍ അധികാരച്ചുവ പടരുന്നു. നിന്റെമേല്‍ അവകാശം എനിയ്ക്കാണെന്ന തീര്‍പ്പിലേയ്ക്ക് പുരുഷന്‍ അതിവേഗം എത്തിച്ചേരുന്നു. ഈ സാഹചര്യത്തില്‍ നിന്നും പുറത്തു കടക്കാന്‍ പെണ്ണ് ശ്രമിച്ചാല്‍ അവളുടെ പ്രാണനെടുക്കുന്ന നില വരുന്നു. 

യഥാര്‍ഥ അനുരാഗം മാംസബദ്ധമായിരിക്കില്ല. എന്നാല്‍ ഇത് അപൂര്‍വമാണ്. ബാഹ്യ സൗന്ദര്യത്തില്‍ ആകൃഷ്ടരായി ഉണ്ടാകുന്ന പ്രണയം പരിധികള്‍ കടന്ന് പോകുന്നുണ്ട് പലപ്പോഴും. തന്നെ ആകര്‍ഷിച്ച ശരീര സൗന്ദര്യത്തിന് കേടുപാടുകള്‍ സംഭവിച്ചാല്‍, സങ്കല്പത്തിനനുസരിച്ച് കാര്യങ്ങള്‍ പോകുന്നില്ല എന്നു തോന്നിയാല്‍ ആ പ്രണയം നീണ്ടു നില്‍ക്കാന്‍ സാധ്യതയില്ല. താങ്ങും തണലുമായി മരണം വരെ ചേര്‍ന്നു നില്‍ക്കുന്ന പ്രണയങ്ങള്‍ വിരളമാണ്. 

നമ്മുടെ സാമൂഹികവ്യവസ്ഥയില്‍, മൂല്യബോധങ്ങളില്‍ പ്രണയത്തിന്റെ ആത്യന്തിക ലക്ഷ്യം വിവാഹമാണ്. പ്രത്യേകിച്ചും മുതിര്‍ന്നവരുടെ കാഴ്ചപ്പാടില്‍. പുതുതലമുറ ഇതത്ര കാര്യമായി എടുക്കുന്നുമില്ല. പ്രണയിച്ച നാളിലെ സങ്കല്പങ്ങളും നേരിടേണ്ടി വരുന്ന യാഥാര്‍ത്ഥ്യങ്ങളും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകുമ്പോള്‍ പ്രണയവിവാഹിതരിലും ക്രമേണ പ്രണയം മരിക്കുന്നു. അവനവന്റെ നല്ല വശങ്ങള്‍ മാത്രമാണല്ലോ പ്രണയകാലത്ത് പ്രകടിപ്പിക്കുന്നത്.

എങ്കിലും ഒരു നിര്‍വചനത്തിലും ഒതുങ്ങാത്ത ആര്‍ദ്രമായൊരു അനുഭൂതിയാണ് പ്രണയം. ഏറ്റം ലോലമായതും നഷ്ടപ്പെടുമ്പോള്‍ അതിതീവ്രമായി മനസ്സ് പ്രതികരിക്കുന്നതുമായ വികാരം.

'എവിടെയാണെങ്കിലും നിന്റെ സങ്കല്പങ്ങള്‍ ഏഴു വര്‍ണങ്ങളും വിടര്‍ത്തട്ടെ' എന്ന മനോഭാവത്തിന് എന്തൊരഴകാണ്!

Latest Videos
Follow Us:
Download App:
  • android
  • ios