Love Debate : ദാമ്പത്യത്തിലെന്ന പോലെ പ്രണയത്തിനുമുണ്ട് ഒരു മധുവിധു കാലം
പ്രണയമെഴുത്തുകള്‍. പ്രണയദിനത്തിലാരംഭിച്ച പ്രണയസംവാദം തുടരുന്നു. ഇന്ന് ഷീജ പള്ളത്ത് എഴുതുന്നു
പ്രണയമെഴുത്തുകള്‍. പ്രണയദിനത്തിലാരംഭിച്ച പ്രണയസംവാദം തുടരുന്നു. ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളോട് എഴുത്തിലൂടെ വായനക്കാര്‍ക്കും സംവദിക്കാം. നിങ്ങളുടെ പ്രണയക്കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. പ്രണയമെഴുത്തുകള്‍ എന്ന് സബ്ജക്ട് ലൈനില്‍ എഴുതണം. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും വെക്കണം.
ജീവിതത്തിന്റെ ഭൂപടത്തില്‍ പ്രണയത്തെ അടയാളപ്പെടുത്തുമ്പോള്‍ സമൃദ്ധമെന്ന് തന്നെ അടയാളപ്പെടുത്തണം. കടലെന്നും, കാടെന്നും പുഴയെന്നും, നിമ്‌നോന്നതങ്ങളെന്നും കടും നിറങ്ങളില്‍ വരയ്ക്കണം. മനസ്സാഴങ്ങളുടെ നീലിമയില്‍ കടല്‍ തിരയിളക്കി ചിരിക്കുന്നത്. കാഴ്ചകള്‍ക്കുത്സവമെന്നു വര്‍ണ്ണവും സുഗന്ധവും പൂക്കുന്ന പച്ചമരങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നത്, ഒരേ ദിശയിലേക്ക് എത്ര ഒഴുകിയിട്ടും മതിയാവുന്നില്ലെന്ന് പുഴകള്‍ ദീര്‍ഘ പാതകളെ വരയ്ക്കുന്നത് എല്ലാം അടയാളപ്പെടുത്തണം.
പ്രണയമെന്നത്, കാല്പനികതയുടെ കാന്‍വാസിലേക്ക് യഥാര്‍ത്ഥ ഭൂപടങ്ങളെ അധികവര്‍ണ്ണങ്ങളാല്‍ വരച്ചുവച്ചതാണ്.
യാഥാര്‍ഥ്യം എത്രയൊക്കെ അല്ലെന്നു പറയുമ്പോഴും പ്രണയം ഒരാകര്‍ഷണമാണ്. ആദ്യ ഉപാധി കാഴ്ചയിലെ സൗന്ദര്യം തന്നെയാണ്. അതിനെ പിന്തുടര്‍ന്നാവും കൂടുതല്‍ നിരീക്ഷണങ്ങളിലേക്ക് ചുവടു വയ്ക്കുന്നത്. ചെയ്തികളിലെ ആകര്‍ഷകത്വം, ശബ്ദത്തിലെ ഇമ്പം, പ്രത്യേക കഴിവുകള്‍, ഇതൊക്കെ കണ്ടെത്തലുകളാണ്. സമാനതകളിലേക്ക് അടുക്കി വയ്ക്കുന്നതും അടുത്തു പോകുന്നതും അങ്ങിനെ ആവാം.
ദാമ്പത്യത്തിലെന്ന പോലെ പ്രണയത്തിനുമുണ്ട് ഒരു മധുവിധു കാലം. ഇഷ്ടങ്ങള്‍ മാത്രം പ്രകടിപ്പിച്ചും, പങ്കുവച്ചും, സാധിച്ചു കൊടുത്തും വര്‍ണ്ണാഭമായൊരു കാലം. പോകെപ്പോകെ എത്ര അടുത്തിരുന്നാലും എത്ര സംസാരിച്ചാലും പരസ്പരം ശ്രദ്ധിക്കുന്നില്ലെന്ന് ഒരകലം വെറുതെ തോന്നും. പിന്നെയും നിരീക്ഷണങ്ങള്‍ ആണ്. അപ്പോഴവര്‍ ചേര്‍ത്തു വയ്ക്കാനല്ല, അകലങ്ങളെവിടെയെന്ന് അതിരുകളുണ്ടെന്ന് സംശയിച്ചു തിരഞ്ഞു കൊണ്ടേയിരിക്കും.
ഒരു ഡിറ്റക്റ്റീവില്‍ നിന്ന് കുറ്റവാളിയിലേക്കുള്ള ചുവടുവയ്പ്പ്. സ്വയം വിചാരണ. പ്രതി ഒരിക്കലും താനാവില്ലെന്നു കണ്ടെത്തല്‍. പിന്നെ ശിക്ഷ ആണ്. ഒന്നുകില്‍ കൊല. അല്ലെങ്കില്‍ സ്വയംഹത്യ. മുന്‍പൊക്കെ ആത്മഹത്യയോ, ലഹരിയോ ഒക്കെ കൂട്ടു വന്നിരുന്നെങ്കില്‍. ഇപ്പോള്‍ പെട്ടെന്നുള്ള ശിക്ഷയാണ്. അത്രയും നാള്‍ സ്വന്തമായിരുന്നുവെന്ന യാതൊരു ഹൃദയവേദനയുമില്ലാതെ പ്രണയിയെ ഇല്ലാതാക്കുക. എനിക്കില്ലെങ്കില്‍ മറ്റാര്‍ക്കും വേണ്ട എന്ന വിഷമയമായ ചിന്ത.
പ്രണയം എന്നത് രണ്ടു വ്യക്തികളുടെ മനസ്സറിഞ്ഞുള്ള സമര്‍പ്പണം മാത്രമല്ല ഇക്കാലത്ത്. അത് ഒരാഘോഷം. ഒരാചാരം.
കൊച്ചുകുട്ടികളുടെ കയ്യിലെ കളിപ്പാട്ടം പോലെയാണ് പ്രണയം. സ്വന്തമാക്കാന്‍ വാശിപിടിക്കും, പുതിയതൊന്നു കാണുമ്പോള്‍ കയ്യിലിരുന്നതിനെ വലിച്ചെറിഞ്ഞ് പുതിയതിനു പുറകെ പോകും. ഒന്നൊന്നായി വന്നു പൊയ്‌ക്കൊണ്ടിരിക്കും.
ഒരു പ്രണയം തുടങ്ങുമ്പോള്‍ രണ്ടു ഡിറ്റക്ടീവുകള്‍ കൂടി ജനിക്കുന്നു. സ്വാര്‍ത്ഥത ഒരു ക്രിമിനലിനെയും ജനിപ്പിക്കുന്നു.
വീണ്ടും കാല്പനികത. അപ്പോഴേക്കും കടല്‍ കറുക്കും, തിരകള്‍ക്ക് അമ്ലം രുചിക്കും, തീരമാകെ പൊള്ളും. പുഴകളില്‍ ഒഴുക്കു നിലക്കും. പൂക്കള്‍ കൊഴിഞ്ഞു സുഗന്ധമൊഴിഞ്ഞ മരങ്ങള്‍ നഗ്‌നമാക്കപ്പെട്ട ഉടലോടെ തലകുനിക്കും.
കാല്പനികതയുടെ ഭൂപടം അപ്പോഴും വരണ്ടിരിക്കും. വിരഹമെന്ന്, തുടച്ചു നീക്കലെന്ന് അടയാളപ്പെടുത്തപ്പെട്ട പ്രളയം വരും.
ഉടലൊഴുക്കുകളില്‍ അടിപ്പെട്ടു പോകാത്ത മനസ്സാഴങ്ങളറിഞ്ഞ പ്രണയമുണ്ട്. സ്വത്വവും സ്വാതന്ത്ര്യവും നഷ്ടപ്പെടുത്താത്തത്. ചരിത്രം കുറിക്കപ്പെടില്ലെങ്കിലും പരസ്പരം സ്മാരകങ്ങള്‍ പണിതു നല്‍കുന്നവര്‍, പ്രണയത്തിലൂടെ മാത്രം.
പ്രണയമെഴുത്തുകള്‍ വായിക്കാം:
പ്രവാസികള്‍, അവര്‍ക്കെന്നും പ്രണയദിനമാണ്!
ഇന്നലെ ഒരു ശലഭം എന്റെ പിന്‍കഴുത്തില്‍ ചുംബിച്ചു
പിടിച്ചുവെക്കരുത് ആരെയും, വിട്ടുകൊടുക്കലാണ് പ്രണയം!
പ്രണയവെയില്‍ത്തീരം, രാജി സ്നേഹലാല്‍ എഴുതിയ കഥ
വാക്കുകള്‍ പടിയിറങ്ങുമ്പോള്‍ ചുംബനച്ചിറകില്‍ നാമത് വീണ്ടെടുത്തു, ഒരു പ്രണയലേഖനം
നിന്നെ പ്രണയിക്കുന്നതിന്‍ മുമ്പ്, നെരൂദയുടെ കവിത
രതിദംശനങ്ങള്‍, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത
ആഞ്ഞുകൊത്തുന്ന പ്രണയം, വിമല്‍ജിത്ത് എഴുതിയ കവിത
പാടി മറന്നൊരു പല്ലവിയോ നാം, മൂന്ന് പ്രണയഗാനങ്ങള്‍
നീ എന്നോട് പ്രണയത്തിലാകുന്ന നിമിഷം മുതല്‍
സ്വപ്‌നമെത്തയില്‍ അവന്‍, കബനി കെ ദേവന്‍ എഴുതിയ പ്രണയകഥ
തിരിച്ചൊന്നും ആവശ്യപ്പെടാത്ത സ്‌നേഹം, അതല്ലേ യഥാര്‍ത്ഥ പ്രണയം!
പുതിയ തലമുറയ്ക്ക്, പ്രണയം എന്നാല്‍ പിടിച്ചുവാങ്ങലാണ്!
എന്ത് കൊണ്ടാണ് കുറേ മനുഷ്യര്‍ക്ക് പ്രണയം ഇല്ലാതാവുന്നത്?