പുഴുക്കളെക്കാൾ മോശമാണ് ഞങ്ങളുടെ അവസ്ഥ; യൂറോപ്യൻ രാജ്യങ്ങളിലെ ഒരു ജനതയുടെ ജീവിതം...

ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടങ്ങളിൽ സാമൂഹ്യ അകലം വെറും ഒരു വാക്കായി മാത്രം മാറുന്നു. ആളുകൾക്ക് സ്വയം സുരക്ഷിതരാകാൻ സാധിക്കില്ല ഇവിടെ.

life of roma community in European countries

നാടോടികളുടെ കമ്മ്യൂണിറ്റിയെയാണ് റോമാ എന്നറിയപ്പെടുന്നത്. നൂറ്റാണ്ടുകളായി അവർ യൂറോപ്പിലാണ് താമസിക്കുന്നതെങ്കിലും പലപ്പോഴും അവരെ വരത്തരായിട്ടാണ് അവിടത്തുകാർ കണക്കാക്കുന്നത്. അവരുടെ വേരുകൾ തേടിപ്പോയാൽ ചിലപ്പോൾ ചെന്നെത്തുന്നത് ഇന്ത്യയിലായിരിക്കും. അവരുടെ നാടോടികളായ പൂർവ്വികർ സംസാരിക്കുന്നത് സംസ്‌കൃതവുമായി ബന്ധപ്പെട്ട ഒരു ഭാഷയാണ്. അവരിൽ 70% ത്തിലധികം പേരും കടുത്ത ദാരിദ്ര്യത്തിലാണ് കഴിയുന്നത്. ബൾഗേറിയൻ ഗ്രാമങ്ങളിൽ വൃത്തിയും വെടിപ്പുമുള്ള നഗര കേന്ദ്രങ്ങൾ, പാസ്റ്റൽ നിറമുള്ള വീടുകൾ, ഉയർന്ന പള്ളി സ്തൂപങ്ങൾ എന്നിവയ്ക്കിടയിൽ പട്ടണത്തിന്റെ അരികുകളിലായി ജിപ്‌സികളുടെ ചളിപിടിച്ച റോഡുകളും, പൊട്ടിപ്പൊളിഞ്ഞ കുടിലുകളും കാണാം.

life of roma community in European countries

നൂറുകണക്കിനു വർഷങ്ങളായി ബൾഗേറിയയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ജിപ്സികളെ അടിമകളാക്കുകയും പീഡിപ്പിക്കുകയും വന്ധ്യകരണം ചെയ്യുകയും, ആസൂത്രിതമായി നശിപ്പിക്കുകയും ചെയ്യുന്നു. ഇന്നും പൊതുജീവിതത്തിന്റെ എല്ലാ മേഖലകളിലും അവർ തടസ്സങ്ങൾ നേരിടുന്നു. അവരുടെ ചർമ്മത്തിന്റെ നിറം, പലപ്പോഴും അവരുടെ നാട്ടുകാരേക്കാൾ ഇരുണ്ടതാണ്. അവിടത്തെ ഏറ്റവും വലിയ വംശീയ ന്യൂനപക്ഷമാണ് റോമാ. ഏറ്റവും പുതിയ സെൻസസ് അനുസരിച്ച് അവർ മൊത്തം ജനസംഖ്യയുടെ 4 .4 ശതമാനം വരും. വിവേചനത്തെ ഭയന്ന് പല റോമകളും തങ്ങളുടെ വംശീയത സ്വയം റിപ്പോർട്ട് ചെയ്യാത്തതിനാൽ അവർ യഥാർത്ഥത്തിൽ 10 ശതമാനമെങ്കിലും ഉണ്ടെന്ന് വിദഗ്ദ്ധർ കണക്കാക്കുന്നു. കളിസ്ഥലത്തെ അധിക്ഷേപങ്ങൾ മുതൽ മാരകമായ വിദ്വേഷ കുറ്റകൃത്യങ്ങൾ വരെയുള്ള വംശീയ അതിക്രമണങ്ങൾക്ക് അവർ ദിനവും വിധേയരാകുന്നു.

life of roma community in European countries

മൂന്ന് നേരം ആഹാരം കഴിക്കാൻ പോലും വകയില്ലാത്തവരാണ് അവരിൽ കൂടുതലും. രണ്ട് മുറികളുള്ള, തകർന്ന വീട്ടിൽ കഴിയുന്നത് ചിലപ്പോൾ പത്തും, പന്ത്രണ്ടും ആളുകളായിരുക്കും. മണ്ണിടിച്ചിലിന് സാധ്യതയുള്ള കുത്തനെയുള്ള ചരിവുകളിലാണ് ഈ സമൂഹം താമസിക്കുന്നത്. അതിനാൽ നാട്ടുകാർ അവരെ "മലയിടുക്കുകളിലെ ആളുകൾ" എന്ന് വിളിക്കുന്നു. പ്രതീക്ഷിക്കാതെ അവരുടെ ജീവിതത്തിൽ കടന്നുവന്ന മഹാമാരിയുടെ ആക്രമണം കൂടിയായപ്പോൾ തീർത്തും നിരാലംബരായി തീർന്നിരിക്കയാണ് അവർ.

life of roma community in European countries

"ഞങ്ങളുടെ കഷ്ടപ്പാടുകൾ കേൾക്കുമ്പോൾ ആളുകൾ അത് വെറുതെ പറയുകയാണ് എന്നാണ് ചിന്തിക്കുന്നത്. എന്നാൽ ഒരു റോമാക്കാരനായത് കൊണ്ട് മാത്രം ലോകത്തിന്റെ മറ്റ് കോണുകളിൽ നിന്ന് പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടവനാണ് ഞാൻ. ഞങ്ങൾ തീർത്തും ഒറ്റപ്പെട്ടവരാണ്," അവിടത്തെ നിവാസിയായ മിഷേ പറഞ്ഞു.  അദ്ദേഹം തന്റെ ജീവിത കാലം മുഴുവൻ ചിലവഴിച്ചത് അവിടെയാണ്.  ആ ചേരിയിൽ നിന്ന് പുറത്തേക്ക് പോകാനും, വരാനും ഒരൊറ്റ വഴിയേ ഉള്ളൂ. എന്നാൽ മഹാമാരി തുടങ്ങിയ സമയം ഭരണകൂടം ആ വഴിയും കൊട്ടി അടച്ചു. അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ വളരെ സങ്കീർണമാണ്. കുടിക്കാൻ വെള്ളമില്ല, കറന്റില്ല, എന്തിന് ഒരു നല്ല റോഡ് പോലുമില്ല. ഇത്രയും പുരോഗമിച്ച ഒരു രാജ്യത്താണ് തീർത്തും അവഗണിക്കപ്പെട്ട ഒരു ജനത ജീവിക്കുന്നതെന്ന് ഓർക്കണം. ചെളിയിലും, അഴുക്കിലും ജീവിതങ്ങൾ പുഴുക്കൾ കണക്കെ അവിടെ കഴിഞ്ഞു കൂടുന്നു.  

life of roma community in European countries

ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടങ്ങളിൽ സാമൂഹ്യ അകലം വെറും ഒരു വാക്കായി മാത്രം മാറുന്നു. ആളുകൾക്ക് സ്വയം സുരക്ഷിതരാകാൻ സാധിക്കില്ല ഇവിടെ. ഒരു ആംബുലൻസ് പോലും ഇവിടേയ്ക്ക് വരില്ല. "വൈറസ് വരാതിരിക്കാൻ നമ്മൾ വൃത്തിയുള്ള ചുറ്റുപാടിൽ ജീവിക്കണം എന്നൊക്കെ പറയാം. പക്ഷേ ഇവിടെ അത് അസാധ്യമാണ്," അവിടെത്തെ ഒരു നിവാസി പറഞ്ഞു. അവരുടെ സീവേജ് സംവിധാനമടക്കം തകരാറിലാണ്. ആളുകൾ അവരുടെ ടോയ്‌ലറ്റ് മാലിന്യങ്ങൾ വീടിന് വെളിയിൽ കൊണ്ട് വന്ന് തള്ളുകയാണ്. പോരാത്തതിന് അവിടെ ഉള്ളവരിൽ ഭൂരിഭാഗം ആളുകൾക്കും ജോലിയില്ല. ആരും അവരെ ജോലിക്കെടുക്കില്ല എന്നതാണ് വാസ്തവം. സർക്കാരിന്റെ ഭാഗത്ത് നിന്ന് പോലും അവർക്കനുകൂലമായ ഒരു നടപടി ഉണ്ടായിട്ടില്ല.  

മിറ്റക്കോ സിമോനോവയ്ക്ക് രണ്ടു ആൺമക്കളാണ്‌. കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന്റെ ഭാര്യ മരിച്ചത്. അദ്ദേഹത്തിനും സ്ഥിരമായ ഒരു വരുമാനമില്ല. സ്കൂളിൽ പോകുന്ന സമയത്ത് മക്കൾ സ്കൂളിൽ നിന്ന് ആഹാരം കഴിക്കുമായിരുന്നു. എന്നാൽ, ഇപ്പോൾ സ്കൂൾ അടച്ചപ്പോൾ അവർ വിശപ്പടക്കാൻ പാടുപെടുന്നു. പോരാത്തതിന് ഫോണും ഇന്റർനെറ്റും ഇല്ലാത്തതിന്റെ പേരിൽ പഠിപ്പും ഇല്ലാതായി. തങ്ങളെ ആരും സഹായിക്കാനില്ലെന്ന് അദ്ദേഹം സങ്കടത്തോടെ പറയുന്നു. ഇനി മഴക്കാലമായാൽ അവിടെ അവസ്ഥ പറയുകയും വേണ്ട. ഒരു മഴ പെയ്താൽ മതി റോഡുകളിൽ വെള്ളം നിറയാൻ. തങ്ങൾക്ക് വേണ്ടി സംസ്ഥാനം ഒന്നും ചെയ്യുന്നില്ല എന്ന് അവിടത്തെ ജനങ്ങൾ പരാതിപ്പെടുന്നു.

അതേസമയം ബൾഗേറിയൻ സർക്കാർ അവകാശപ്പെടുന്നത് അവർ അവിടത്തെ ആളുകളുടെ ജീവിത നിലവാരം മെച്ചപ്പെടുതാനും, കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനും പരിശ്രമിക്കുന്നു എന്നാണ്. ഒരു തരത്തിലുമുള്ള വിവേചനം അവിടെ നിലനില്കുന്നില്ലെന്നും സർക്കാർ പറയുന്നു. എല്ലാവരാലും വിസ്മരിക്കപ്പെട്ട്, അവഗണിക്കപ്പെട്ട് ഒരു സമൂഹം ജനങ്ങളുടെയും, സർക്കാരിന്റെയും കനിവിനായി കാത്തിരിക്കുന്നു. ഇനിയെങ്കിലും മനുഷ്യരെ പോലെ അന്തസായി ജീവിക്കാനാകുമെന്ന പ്രതീക്ഷയിൽ... എന്നാൽ മഹാമാരിയും, തൊഴിലില്ലായ്മയും, പട്ടിണിയും അവരെ വരിഞ്ഞു മുറുക്കുമ്പോൾ എന്തായിരിക്കും അവരുടെ ഭാവി എന്നതിനെ കുറിച്ചുള്ള ആശങ്കകൾ മാത്രം ബാക്കിയാകുന്നു.      

(ചിത്രങ്ങളിൽ വിവിധ രാജ്യങ്ങളിലെ റോമാക്കാരുടെ ജീവിതം. കടപ്പാട്: ​ഗെറ്റി)
 

Latest Videos
Follow Us:
Download App:
  • android
  • ios