International Music day 2022 : ഉറക്കാന്‍ മാത്രമല്ല, ഉണര്‍ത്താനുമുണ്ട് പാട്ടുകള്‍!
സന്തോഷം. സമാധാനം-അതാണ് സംഗീതം. ആഘോഷിക്കുമ്പോഴും ആഹ്ലാദിക്കുമ്പോഴും നൊമ്പരപ്പെടുമ്പോഴും പ്രണയിക്കുമ്പോഴും നഷ്ടപ്പെടുമ്പോഴുമെല്ലാം ഒരുവന്റെ അല്ലെങ്കില്‍ ഒരുവളുടെ മനസ്സില്‍ ആശ്വാസമഴ പെയ്യിക്കാന്‍ പോന്ന ഒരേ ഒരു ഐക്യപ്പെടല്‍. അതാണ് സംഗീതം
ഇന്ന് അന്താരാഷ്ട്ര സംഗീതദിനമാണ്. ഈ ആശയം ആദ്യമായി മുന്നോട്ട് വെച്ചത് അമേരിക്കന്‍ സംഗീതജ്ഞനായ ജോയല്‍ കൊഹന്‍ ആണ്. 1976-ല്‍. കേട്ടതല്ലാതെ അന്ന് ആ ആശയം പൊങ്ങിപ്പാറിയില്ല. അത് നടന്നത് ആറു വര്‍ഷത്തിനിപ്പുറം മറ്റൊരു നാട്ടിലാണ്. കലാകാരന്‍മാരുടെയും സാഹിത്യകാരന്‍മാരുടെയും പ്രിയപ്പെട്ട ഫ്രാന്‍സില്‍. സാംസ്‌കാരികമന്ത്രിയായിരുന്ന ജാക്ക് ലാങിന്റെ മുന്‍കൈയില്‍ 1982-ല്‍ പാരീസില്‍ ഫെറ്റ് ഡി ലാ മ്യൂസിക് എന്ന പേരില്‍ ആ ആഘോഷം നടന്നു.
സംഗീതം നല്‍കുന്ന ആനന്ദം ഇല്ലാതെ മനുഷ്യന് മുന്നോട്ടുപോകാനാകില്ല.
കണ്‍ഫ്യൂഷസ്
ആത്മാക്കളുടെ ഭാഷയാണ് സംഗീതം, ജീവിതത്തിന്റെ രഹസ്യത്തിലേക്ക് വാതില്‍ തുറക്കുന്നത്, സമാധാനം നല്‍കുന്നത്, സമ്മര്‍ദമകറ്റുന്നത്
ഖലീല്‍ ജിബ്രാന്‍
ഒരിക്കലെങ്കിലും ഒന്ന് മൂളാത്ത, ഒരിക്കലെങ്കിലും പാട്ടുകേള്‍ക്കാത്ത ഒരാള്‍. അങ്ങനെയൊരാള്‍ ഈ ഭൂമിയിലുണ്ടാവില്ല. കണ്‍ഫ്യൂഷസും ജിബ്രാനും മാത്രമല്ല, നൂറ്റാണ്ടുകള്‍ക്കിപ്പുറവും അപ്പുറവും സംഗീതത്തിന്റെ സാന്ത്വനവും സന്തോഷവും കൈപ്പറ്റാത്തവരായി, മനസ്സിലാക്കാത്തവരായി ആരുമുണ്ടാവില്ല. ഓരോ നാട്ടിലും ലിപിയില്‍ വിഭിന്നങ്ങളെങ്കിലും ലോകത്തിന്റെ തന്നെ ഭാഷയാണ് സംഗീതം. ലിപി വ്യത്യാസങ്ങളോ തരവ്യത്യാസങ്ങളോടെ ബാധകമല്ലാത്ത ആഗോളഭാഷ. ന്യൂയോര്‍ക്കിലും ദില്ലിയിലും ആഡിസ് അബാബയിലും സിഡ്‌നിയിലും ഹൃദയത്തുടിപ്പിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഭാഷ.
സന്തോഷം. സമാധാനം-അതാണ് സംഗീതം. ആഘോഷിക്കുമ്പോഴും ആഹ്ലാദിക്കുമ്പോഴും നൊമ്പരപ്പെടുമ്പോഴും പ്രണയിക്കുമ്പോഴും നഷ്ടപ്പെടുമ്പോഴുമെല്ലാം ഒരുവന്റെ അല്ലെങ്കില്‍ ഒരുവളുടെ മനസ്സില്‍ ആശ്വാസമഴ പെയ്യിക്കാന്‍ പോന്ന ഒരേ ഒരു ഐക്യപ്പെടല്‍. അതാണ് സംഗീതം. ഭാഷാതിര്‍ത്തികളും ഭൂമിശാസ്ത്രപരമായ അതിര്‍ത്തികളും എല്ലാം മായ്ക്കുന്ന മാജിക് പെന്‍സില്‍.
ഇന്ന് അന്താരാഷ്ട്ര സംഗീതദിനമാണ്. ഈ ആശയം ആദ്യമായി മുന്നോട്ട് വെച്ചത് അമേരിക്കന്‍ സംഗീതജ്ഞനായ ജോയല്‍ കൊഹന്‍ ആണ്. 1976-ല്‍. കേട്ടതല്ലാതെ അന്ന് ആ ആശയം പൊങ്ങിപ്പാറിയില്ല. അത് നടന്നത് ആറു വര്‍ഷത്തിനിപ്പുറം മറ്റൊരു നാട്ടിലാണ്. കലാകാരന്‍മാരുടെയും സാഹിത്യകാരന്‍മാരുടെയും പ്രിയപ്പെട്ട ഫ്രാന്‍സില്‍. സാംസ്‌കാരികമന്ത്രിയായിരുന്ന ജാക്ക് ലാങിന്റെ മുന്‍കൈയില്‍ 1982-ല്‍ പാരീസില്‍ ഫെറ്റ് ഡി ലാ മ്യൂസിക് എന്ന പേരില്‍ ആ ആഘോഷം നടന്നു.
ആദ്യ സംഗീത ദിനാഘോഷത്തില്‍ ജാക്ക് ലാങ്ങിന് തുണയും പിന്തുണയും നല്‍കിയത് പ്രശസ്ത സംഗീതജ്ഞന്‍ മൗറിസ് ഫ്‌ലൂറെ ആയിരുന്നു. ഇന്നും പാരീസില്‍ സംഗീതദിനം ആഘോഷിക്കപ്പെടുന്നത് ഫെറ്റ് ഡി ലാ മ്യൂസിക് എന്ന പേരിലാണ്. അവിടെ നിന്ന് ആ സംഗീതപതാക ലോകരാജ്യങ്ങള്‍ക്കിടയില്‍ കൈമാറ്റം ചെയ്യപ്പെട്ടു. പല ഭൂഖണ്ഡങ്ങളിലായി 120-ലധികം രാജ്യങ്ങളില്‍ ജൂണ്‍ 21 സംഗീതദിനമായി ആചരിക്കുന്നു, ആഘോഷിക്കുന്നു. സമ്മര്‍ദം കുറക്കുന്ന, മാനസികോല്ലാസം നല്‍കുന്ന, മാനസികസ്വാസ്ഥ്യം നല്‍കുന്ന, ഓര്‍മശക്തി കൂട്ടുന്ന, സന്തോഷം നല്‍കുന്ന, രസിപ്പിക്കുന്ന സംഗീതത്തിനായി ഒരു ദിനം.
സാങ്കേതികവിദ്യയുടെ മുന്നേറ്റം സംഗീതലോകത്ത് വലിയ മാറ്റങ്ങളുണ്ടാക്കി. സാമൂഹികമാധ്യമങ്ങള്‍ പല തരം സംഗീതത്തേയും പല കലാകാരന്‍മാരേയും ആഗോളപ്രശസ്തമാക്കി. പുതിയ പുതിയ പാട്ടുകള്‍, പുതിയ പുതിയ സങ്കേതങ്ങള്‍ എല്ലാം ലോകജനതയെ തേടിയെത്തി. പലതലമുറ കലാകാരന്‍മാരുടെ പാട്ടുകള്‍ കൈമാറ്റം ചെയ്യപ്പെട്ട് പുതിയ ശ്രോതാക്കളെ തേടിയെത്തി. കഴിവിനൊപ്പം ഭാഗ്യം എന്നതും കൂടി ചേര്‍ത്തെഴുതി കിട്ടിയിരുന്ന, അവസരങ്ങളുടെ വലിയ ലോകം കലാകാരന്‍മാര്‍ക്ക് മുന്നില്‍ തുറന്നുകിട്ടി. ശ്രോതാക്കളുടെ മുന്നില്‍ കിട്ടുന്ന പാട്ടുകളുടെ തരവും ഗുണവും പലമടങ്ങായി. സംഗീതം കൂടുതല്‍ സാര്‍വലൗകികമായി.
ഇക്കുറി സംഗീതദിനം എത്തുന്നത് ലോകപ്രശസ്തമായ ദക്ഷിണകൊറിയന്‍ ബാന്‍ഡ് ബിടിഎസ് ഒരിടവേള എടുക്കുന്നു എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ്. പോപ്പിന്റെയും റോക്കിന്റേയും റാപ്പിന്റേയും ആഗോള വേദികളിലെ ഇംഗ്ലീഷ് മേല്‍ക്കോയ്മ തകര്‍ത്തതാണ് ബിടിഎസിന്റെ വിജയം. കൊറിയന്‍ പാട്ടും വേഷവും സ്‌റ്റൈലും ഒക്കെ ലോകരാജ്യങ്ങളില്‍ തരംഗമായതിന് സാമൂഹികമാധ്യമങ്ങളായിരുന്നു കാരണം. അതിര്‍ത്തികള്‍ മാഞ്ഞുപോകുന്ന സംഗീതത്തിന്റെ വേഗം കൂട്ടിയത് സാമൂഹികമാധ്യമങ്ങളിലെ കാഴ്ചാക്കണക്കുകളും ലൈക്കുകളുമായിരുന്നു.
ജനകീയത, വൈവിധ്യം, ആസ്വാദനം എല്ലാത്തിലും പുതിയ ലോകം തീര്‍ക്കാന്‍ സാങ്കേതികലോകത്തെ വളര്‍ച്ച സംഗീതത്തെ കൂടുതല്‍ സഹായിക്കുന്നു.
സാന്ത്വനത്തിനും സന്തോഷത്തിനും മാത്രമല്ല സംഗീതം ഉതകുക. പ്രക്ഷോഭത്തിന് സമരത്തിന് ഐക്യപ്പെടാന്‍-അതിനും വേണം സംഗീതം. മുദ്രാവാക്യങ്ങളുടെ തീവ്രതക്കൊപ്പം പ്രഹരശേഷിയുള്ളതാണ്, ആഹ്വാനശക്തിയുള്ളതാണ് സംഗീതവും. വന്ദേഭാരതത്തിന്റെവ കാലം തൊട്ട് ആസാദിയുടെ കാലം വരെ, നമ്മുടെ നാട്ടില്‍ തന്നെയുണ്ട് ഉദാഹരണം.
മൈക്കല്‍ ജാക്‌സന്റെ 'They don't really care about us' ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രക്ഷോഭത്തിനിടെ മുഴങ്ങിയത് ഓര്‍ക്കുക. ലോകത്തെ വിപ്ലവങ്ങളുടെ കഥകള്‍ മറിച്ചുനോക്കുക. സിരകളില്‍ ആവേശവും വീര്യവും ഉണര്‍ത്തുന്ന സംഗീതയൊലികള്‍ ആ താളുകളില്‍ നിന്ന് നിങ്ങളുടെ ഹൃദയത്തിലേക്കും തലച്ചോറിലേക്കുമെത്തും.
സര്‍വവ്യാപിയായ സംഗീതത്തിനായുള്ള സാര്‍വദേശീയദിനത്തില്‍ നമുക്കെല്ലാം ഒരു മൂളിപ്പാട്ടെങ്കിലും പാടാം. സരിഗമപധനിസ അല്ലെങ്കില്‍ DO RE MI FA SO LA TI സംഗീതാക്ഷരം ഏതുമായിക്കോട്ടെ, പാട്ട് ഹൃദയത്തില്‍ നിന്നാകട്ടെ.
വാല്‍ക്കഷ്ണം: ലോകം ഏറ്റവും കൂടുതല്‍ കേട്ട പാട്ടുകള്‍
പിറന്നാള്‍ പാട്ട്: happy birthday to you
നഴ്‌സറി പാട്ട്: twinkle twinkle little star
ബീറ്റില്‍സിന്റെ yesterday
ഇംഗ്ലീഷ് റോക്ക് ബാന്‍ഡ് പോലീസിന്റെ every breath you take
റൈച്വസ് ബ്രദേഴ്‌സിന്റെ you've lost that lovin' feeling
ഇര്‍വിങ് ബെര്‍ലിന്റെി white christmas
ഡിസ്‌നി പാര്‍ക്കുകളില്‍ മുഴങ്ങുന്ന it's a small world