'ആണുങ്ങള്‍ കരയാമോ.. 'എന്നൊക്കെ അന്ന് പലരും പറഞ്ഞു, കരച്ചിലിന്റെ വിശുദ്ധി അവര്‍ക്കറിയില്ലല്ലോ
ജീവിതം മുഴുവന്‍ ആഴത്തില്‍ ചേര്‍ത്തുപിടിച്ച സാന്നിധ്യമായിരുന്നു, കവി അക്ബറിന് ഉമ്മ. ഇല്ലായ്മകളിലും പ്രതിസന്ധികളിലും തളരാത്ത തണല്‍മരം. കഴിഞ്ഞ മാസം പത്തിന് ഉമ്മ പോയി. ഉമ്മയില്ലാത്ത കാലത്തെ കടലിളക്കങ്ങളെക്കുറിച്ച് അക്ബറിന്റെ കുറിപ്പ്.
തൊട്ടടുത്ത പള്ളിക്കുടിയിലെ ഖബറിന് മുന്നില്‍ നില്‍ക്കുമ്പോഴൊക്കെ ആ ചിരി ഉള്ളില്‍ നിറയുന്നത് അറിയാം. അത് ഒഴുകി കുഞ്ഞുങ്ങളുടെ മുഖങ്ങളില്‍ വിരിയുന്നത് കാണാം. പുഴക്ക് മുകളിലൂടെ കാറ്റിനൊപ്പമെത്തുന്ന മഴയത്ത്, മണ്‍ തറയില്‍ കിടന്ന് എന്നെ ചേര്‍ത്ത് പിടിച്ച് 'അക്ബര്‍ സദഖ' എന്ന പക്ഷിയുടെ പാട്ട് പാടി തരുന്ന ഉമ്മ എവിടെ പോവാന്‍.. വീട്ടില്‍, ഉമ്മയുടെ മുറിയില്‍, കുട്ടികളില്‍, അവളില്‍ എല്ലായിടത്തും ഉമ്മ , അല്ല പടച്ചോള്‍ നിറഞ്ഞു പെയ്യുന്നു. ഈറ്റയിലകള്‍ക്കിടയിലൂടെ മുഖത്ത് മഴത്തുള്ളി പതിച്ച രാത്രിയുടെ സങ്കടത്തില്‍ ഉമ്മ പാടിക്കൊണ്ടിരുന്നു.
ഏറ്റവും പ്രിയപ്പെട്ടത്, ഒരു ദിവസം നഷ്ടപ്പെട്ടാല്‍,ഒരു കുട്ടി എന്തു ചെയ്യും? അന്ധാളിപ്പോടെ കുറച്ചു നേരം തിരഞ്ഞു നടക്കും. ചിലപ്പോള്‍ കരയും. ലോകത്തെ ഏറ്റവും ആധിപിടിച്ച സമയമതാണെന്ന് തിരിച്ചറിയും.
ചങ്കില്‍ നിന്ന് കനം വച്ച് വായ് വരെയെത്തുന്ന കരച്ചിലിനെ എന്തു ചെയ്യാന്‍ പറ്റും? കരയുക തന്നെ. ചിരിയേക്കാള്‍ ഹൃദ്യമായി കരയുവാന്‍ കഴിയും! അതുവരെ ഇല്ലാതിരുന്ന അസ്വസ്ഥത കാല്‍ വിരല്‍ മുതല്‍ ഉച്ചി വരെ അരിച്ചുകയറും. ഉച്ചിയില്‍ നിന്ന് സങ്കടങ്ങളും വലിയ നദികളും ഉറവയെടുക്കും. അത് ഒഴുകി ആര്‍ത്തലച്ച് ശൂന്യതയുടെ ഒച്ചയടഞ്ഞ താഴ്വരയിലേക്ക് ഒടുങ്ങും. ആവര്‍ത്തിക്കുന്ന വിഷാദത്തിന്റെ വിശുദ്ധമായ അന്യമാവല്‍ ആണതെന്ന് ആര്‍ക്കാണ് അറിയുക.
ഫെബ്രുവരി 10 ബുധനാഴ്ച വൈകിട്ട് മഗ്രിബ് ബാങ്കിനൊപ്പം ഞാന്‍ അനുഭവിച്ചതും ഇതു തന്നെ. വെറും കുട്ടിയായി ഉമ്മയെ തേടി ഉറക്കെയുറക്കെ കരഞ്ഞു. നിലത്തു കിടന്ന് ഏങ്ങി നിലവിളിച്ചു. കണ്ടു നിന്നവര്‍ ആശ്വസിപ്പിച്ചു. 'ആണുങ്ങള്‍ കരയാമോ.. 'എന്നൊക്കെ പറഞ്ഞു. കരച്ചില്‍ എന്ന വിശുദ്ധിയെ അവര്‍ക്കറിയില്ലല്ലോ. ഞാന്‍ വഴിയില്ലാതായിപോയ ഒരു കുട്ടിയായി.എന്റെ മക്കളും ഭാര്യയും കരഞ്ഞുകൊണ്ടേയിരുന്നു. അതുവരെ സന്തോഷത്തിന്റെ വീടായിരുന്ന മുറികളില്‍ സങ്കടങ്ങള്‍ നിറഞ്ഞു. പുറത്തെ കരച്ചില്‍ തുടച്ച് ഉള്ളിലേക്കൊതുക്കി. എന്തു ചെയ്യുമെന്നറിയാതെ ഞാന്‍ അങ്ങനെ ഇരുന്നുപോയി. കേവലം ഒരു വ്യക്തിപരമായ നഷ്ടം മാത്രമായിരുന്നില്ല അത്.
ചിത്രം: ഷാഫി ഹുസൈന്‍
ഉമ്മ എന്ന രണ്ടക്ഷരത്തിനപ്പുറം വലിയ ദു:ഖങ്ങള്‍, കഷ്ടതകള്‍ എല്ലാം ഒളിപ്പിച്ച ഒരു ദേഹമായിരുന്നു അത്. ഏത് കഷ്ടനേരങ്ങളിലും ചുണ്ടില്‍ പുഞ്ചിരി നിറച്ച മുഖം മാത്രമേ ഉമ്മയുടെ ഞാന്‍ കണ്ടിട്ടുള്ളു. ജനിച്ചപ്പോള്‍ തുടങ്ങിയ ദരിദ്ര ജീവിതം പല പോരാട്ടങ്ങളും നടത്തിയാണ് ഇപ്പോള്‍ പോയത്. കീറിപ്പറിഞ്ഞ കുപ്പായം തുന്നിപ്പിടിപ്പിച്ച് വിശപ്പടക്കി ജീവിച്ച കാലങ്ങള്‍ ഉമ്മയും ഞാനും മാത്രമുള്ള സമയങ്ങളില്‍ പറഞ്ഞു തന്നിട്ടുണ്ട്. കോതമംഗലത്തിനടുത്തെ ഇളമ്പ്രയിലാണ് ഉമ്മയും നാലു സഹോദരങ്ങളും ജനിച്ചത്. നായ്ക്കന്‍മാവുടി എന്ന വീട്ടുപ്പേരില്‍ കുറച്ചധികം കുടുംബങ്ങള്‍ അവിടെ ഉണ്ടായിരുന്നു. പിന്നീട് ഉമ്മയുടെ മാതാപിതാക്കളും നാലു സഹോദരങ്ങളും നെല്ലിമറ്റത്തേക്ക് പോരുകയാണുണ്ടായത്. നെല്ലിമറ്റത്തു വച്ച് ഉമ്മയുടെ വാപ്പ മരിച്ചതോടെ പിന്നെ ആങ്ങളമാരുടെ സംരക്ഷണയിലാണ് കഴിഞ്ഞത്. അന്നത്തെ കാലമൊക്കെ ഉമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. പഴയ നിയമസഭാ തെരഞ്ഞെടുപ്പ് കാലം പോലും ഉമ്മയുടെ വാക്കുകളില്‍ ഉണ്ടായിരുന്നു.തര്യത് കുഞ്ഞിത്തൊമ്മനും എം പി വര്‍ഗ്ഗീസും മത്സരിച്ചപ്പോള്‍ പാടിയിരുന്ന തെരഞ്ഞെടുപ്പ് പാട്ടുകള്‍ പോലും ഉമ്മ ഓര്‍ത്തു വച്ചു. 'ഞാന്‍ കമ്മ്യൂണിസ്റ്റാ' എന്ന് എപ്പോഴും പറയുമായിരുന്നു. 'ഏത് കമ്മ്യൂണിസ്റ്റാ' എന്ന് ചോദിച്ചാ ചോന്ന കൊടിയും അരിവാളുമുള്ള കമ്മ്യൂണിസ്റ്റ് എന്നാവും ഉത്തരം. അത് നെല്ലിമറ്റത്തെ മണ്ണില്‍ അലിഞ്ഞ് രാഷ്ട്രീയമായിരുന്നു അത്. വാപ്പയുടെ മലബാര്‍ മുസ്ലീം ലീഗ് ഇഷ്ടത്തിനിടയ്ക്കും അത് അങ്ങനെ നിന്നു.
മലപ്പുറംകാരനായ വാപ്പ ഉമ്മയെ വിവാഹം കഴിച്ചതിന് ശേഷം കവളങ്ങാട്, നേര്യമംഗലം എന്നിവിടങ്ങളിലാണ് കഴിഞ്ഞത്. ഇതിനിടെ പത്തോളം കുഞ്ഞുങ്ങളെ ഉമ്മ പ്രസവിച്ചു. ആരും ജീവനോടെ ഇരുന്നില്ല. എന്റെ തൊട്ടുമൂത്ത ആള്‍ അഞ്ചു വയസു വരെ ജീവിച്ചിരുന്നു. അബ്ബാസ് എന്നായിരുന്നു പേര്. അപാര കഴിവുകളുള്ള ആളായിരുന്നു ഇക്ക എന്ന് നാട്ടുകാര്‍ പറയുന്നത് കേട്ടിട്ടുണ്ട്. മരിക്കുവോളം ഉമ്മയും അത് പറഞ്ഞുകൊണ്ടിരുന്നു. സ്‌കൂളില്‍ ചേര്‍ക്കാനിരുന്നപ്പോഴായിരുന്നു വയറു വേദന വന്ന് ഇക്ക മരിക്കുന്നത്. ഉമ്മ പോകുവോളം ആ ദുഖം ആ കണ്ണുകളില്‍ കണ്ടിരിന്നു. നാട്ടുകാര്‍ പറയുന്ന പോലെ എല്ലാവര്‍ക്കും പ്രിയപ്പെട്ട ഒരാളായിരുന്നു ഇക്ക. എനിക്കന്ന് ഒരു വയസ് പ്രായം. ആ ദുരന്തത്തില്‍ നിന്ന് ഉമ്മ മോചിതയാവാന്‍ ഒത്തിരി നാളെടുത്തു. ഉമ്മയ്ക്ക് 43 വയസ്സുള്ളപ്പോഴാണ് ഞാന്‍ ജനിക്കുന്നത്.അതുകൊണ്ടുതന്നെ എന്നോടുള്ള ബന്ധത്തിന്റെ ആഴം ഒത്തിരിയായിരുന്നു.
ഒറ്റ മകന്റെ ഏകാന്തതയായിരുന്നു എനിക്ക് കൂട്ട്. അതിനിടയില്‍ പക്ഷിപ്പാട്ടും, വയലാറിന്റെ ആയിഷ, ചങ്ങമ്പുഴയുടെ രമണന്‍ എന്നീ കവിതകളും കുഞ്ഞുനാള്‍ മുതല്‍ ഉമ്മയുടെ സ്വരത്തില്‍ എന്റെ ചെവികളില്‍ പതിഞ്ഞു. ആരൊക്കെയോ ചൊല്ലിക്കേട്ട് പഠിച്ചതാണതൊക്കെ. ഇതാവാം പിന്നീട് കവിതയിലേക്ക് അടുക്കുവാന്‍ എന്നെ പ്രേരിപ്പിച്ചതെന്ന് തോന്നുന്നു. കാടും പുഴയുമുള്ള നേര്യമംഗലത്തിന്റെ ഒറ്റായാവല്‍ നേരങ്ങളെയൊക്കെ ഇത് കൂടുതല്‍ സുന്ദരമാക്കി. മറ്റുള്ള കുട്ടികളൊക്കെ കളിക്കാനും മറ്റും പോവുമ്പോള്‍ അതില്‍ നിന്നെല്ലാം മാറി ഞാന്‍ ഉമ്മയുടെ ചുറ്റിലും നടന്നു. ആ ചുറ്റി നടപ്പ് മുതിര്‍ന്നിട്ടും എന്നെ വിട്ടു പോയില്ല. അതീവ ദുഖം വരുമ്പോഴൊക്കെ അതിനെ ചിരിച്ചുകൊണ്ട് ഉരുക്കികളയാന്‍ ഉമ്മയ്ക്കാവുമായിരുന്നു. മറ്റുള്ളവരോട് മുഖം കറുപ്പിച്ച് ഉമ്മ സംസാരിച്ചു കണ്ടിട്ടില്ല. വീട്ടില്‍ വരുന്നവര്‍ക്കൊക്കെ ഉള്ളതുകൊണ്ട് സമൃദ്ധമായി ഭക്ഷണം വിളമ്പി. പല ദേശക്കാര്‍, പല ഭാഷക്കാര്‍..വീട്ടില്‍ വന്ന് താമസിച്ചിട്ടുണ്ട്. വാപ്പ പല അഗതികളെയും വീട്ടില്‍ കൊണ്ടുവന്ന് താമസിപ്പിക്കുമായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ചില പ്രവര്‍ത്തകരൊക്കെ രഹസ്യവാസത്തിന് വീട്ടില്‍ വന്ന് കഴിഞ്ഞിട്ടുണ്ട്. അവര്‍ക്കൊക്കെ റേഷന്‍ അരിയുടെ ചോറും നാടന്‍ കൂട്ടാനും ഉമ്മ ഉണ്ടാക്കിക്കൊണ്ടിരുന്നു. ആരുമില്ലാത്തവരെയൊക്കെ എന്തിനാണ് വീട്ടില്‍ താമസിപ്പിക്കുന്നതെന്ന് ഒരിക്കല്‍ ഞാന്‍ ചോദിച്ചു. നമുക്ക് ആരുമില്ലാതാവുന്നത് എപ്പോഴാണെന്ന് ആര്‍ക്കറിയാം.. എന്നായിരുന്നു ഉമ്മയുടെ മറുപടി.
ഓരോന്നിനും ഓരോ കഥയുണ്ടായിരുന്നു ഉമ്മയ്ക്ക്. അമ്പലത്തിലെ അയ്യപ്പ സ്വാമിയെ, ഗീവര്‍ഗ്ഗീസ് പുണ്യാളനെ ഒക്കെ ഇഷ്ടമായിരുന്നു. ക്രിസ്മസ് കാലത്ത് കരോളുമായി വരുമ്പോള്‍ ഈറ്റയിലകൊണ്ടുള്ള വീടിന്റെ ഇല്ലാത്ത വാതിലിലൂടെ കരോള്‍ സംഘത്തിന്റെ കൈയിലെ പുല്‍ക്കൂട് കാണിച്ചിട്ട് പറയും .ഇതാണ് മറിയം ബീവി, ഇത് ഈസാ നബി. ഉമ്മ കൊടുക്ക് മോനേ..എന്നൊക്കെ പറയും. അതിലെ സാഹോദര്യം വളരെ വലുതായിരുന്നു. എല്ലാറ്റിലും ആദരവ് കല്‍പ്പിക്കുന്ന വിശാലത ആണോ എന്നൊന്നും എനിക്കറിയില്ല. കോതമംഗലത്തെ ബസേലിയോസ് ബാവ, കൊന്താലം ബാവ, അയ്യപ്പ സ്വാമി, നബി എല്ലാരെയും ഉമ്മ ഇഷ്ടപ്പെട്ടു. കുറുമ്പ ചേച്ചിയമ്മൂം കാളിയമ്മൂമ്മയും കൗസല്യാമ്മയും മറിയ അമ്മച്ചിയുമൊക്കെ ഉമ്മയുടെ കൂട്ടുകാരായി. അവിടെ മതം വന്ന് കുറുകെ നിന്നതായി ഒരിക്കലും തോന്നിയിട്ടില്ല. കൂട്ടുകാരോടൊപ്പം അമ്പലത്തില്‍ പോയപ്പോള്‍, ഉമ്മ പറഞ്ഞത് വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത് എന്നായിരുന്നു, വാപ്പയുടെ അപര സ്നേഹം മൂലം ഓരോ ദിവസവും ദുരിതങ്ങള്‍ കൂടി വന്നപ്പോഴൊക്കെ അല്ലാഹുവിന്റെ നിശ്ചയമെന്ന് പറഞ്ഞ് ആശ്വസിച്ചിട്ടുണ്ട്. എന്നെ പഠിപ്പിക്കാന്‍ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്. ഞാന്‍ സര്‍ക്കാര്‍ ജോലി വാങ്ങുമെന്നായിരുന്നു ഉമ്മ ഉറച്ചു വിശ്വസിച്ചിരുന്നത്. ആ ആഗ്രഹം സാധ്യമാക്കാന്‍ എനിക്കായില്ല. ശരിക്കും അതിനായി ഞാന്‍ ശ്രമിച്ചില്ല എന്ന് പറയുന്നതാണ് ശരി. അത് എന്റെ മക്കളോട് ഉമ്മ പറയുമായിരുന്നു. മൂത്ത മകള്‍ ഉമ്മയുടെ ആഗ്രഹം സാധിക്കുമെന്ന് ഉമ്മയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഉമ്മ പോയിക്കഴിഞ്ഞ്, അഞ്ചു വര്‍ഷം കൂടി ഉമ്മയുണ്ടായിരുന്നെങ്കില്‍ ഞാന്‍ ജോലി വാങ്ങി കാണിച്ചുകൊടുത്തേനെ എന്ന് മോള് തുടരെ തുടരെ പറയുമ്പോള്‍ ഉള്ളിലെ സങ്കടം പുറത്തു കാണിക്കുന്നതെങ്ങെനെ?
നെല്ലിമറ്റത്തെ ജീവിതമാണ് ഉമ്മയെ രൂപപ്പെടുത്തിയത്. ജാതിക്കും മതത്തിനപ്പുറമുള്ള സൗഹൃദം, സാഹോദര്യം.. അത് ഒരിക്കലും മറക്കാതെ ഉമ്മ ഓര്‍ത്തു വച്ചു. ഒരു നുള്ള് ചോറ് തന്നവരെ നന്ദിയോടെ സ്നേഹത്തോടെ ഉമ്മ ഓര്‍ത്തു വച്ചു. അത് എനിക്കും പഠിപ്പിച്ചു തന്നു. അക്ഷരങ്ങള്‍ അറിയില്ലെങ്കിലും അക്ഷര ജ്ഞാനികളേക്കാള്‍ ഉമ്മയ്ക്ക് ലോകം അറിയാമായിരുന്നു. എന്നെയോര്‍ത്ത് എപ്പോഴും ആധിപിടിച്ചു. ഞാന്‍ വീട്ടിലെത്താന്‍ ഇത്തിരി വൈകിയാല്‍ പോലും അസ്വസ്ഥയാവുന്ന ഉമ്മയെ ഇതൊന്നുമറിയാതെ സച്ചിയേട്ടന്‍ (സച്ചിദാന്ദന്‍ പുഴങ്കര) കവിതയില്‍ കുറിച്ചു വച്ചപ്പോള്‍ അത്ഭുതമാണ് തോന്നിയത്. 'അക്ബറെ അന്വേഷിക്കുന്ന ഉമ്മ' എന്ന സച്ചിയേട്ടന്റെ കവിത ഉമ്മയുടെ ഉള്ള് തന്നെയായിരുന്നു. ഞാന്‍ പാക്കിസ്ഥാനിലേക്ക് പോകാം, നേര്യമംഗലവും കൊണ്ടുപോകുമെന്ന് മാത്രം എന്ന എന്റെ വരികള്‍ക്ക് മറുപടിയെന്നവണ്ണമാണ് സച്ചിയേട്ടന്റെ ഉമ്മ എന്ന കവിത.
പഴയ കാല ജീവിതങ്ങളുടെ തെളിമ, ഉമ്മയുടെ ജീവിതത്തെ സമ്പന്നമാക്കി. സങ്കടങ്ങളെയും പുഞ്ചിരിച്ചുകൊണ്ട് നേരിടാന്‍ ഉമ്മ പഠിപ്പിച്ചുകൊണ്ടിരുന്നു. പക്ഷേ ഞാനത് പഠിച്ചില്ലെങ്കിലും. വീട്ടില്‍ ഇപ്പോള്‍ ഉമ്മയില്ലാത്തതിനെ അതിജീവിക്കാന്‍ കഴിയാതെ അവള്‍.. അവളും ഉമ്മയും തമ്മില്‍, ഉമ്മയ്ക്ക് ഇല്ലാതിരുന്ന മകളെപ്പോലെയുള്ള ബന്ധമായിരുന്നു. 'മോളെ' എന്നല്ലാതെ ഉമ്മ വിളിച്ചിട്ടില്ല.ഞങ്ങള്‍ തമ്മില്‍ വഴക്കുണ്ടാവുമ്പോഴും രഹസ്യമായി അവളോട് വഴക്കിടരുതെന്ന് എന്നോട് പറയുമായിരുന്നു. വഴക്ക്,പിണക്കം അതൊന്നും ഉമ്മയുടെ ദിനചര്യകളില്‍ ഇല്ലായിരുന്നു. ആരോടും മിണ്ടാതിരിക്കരുതെന്ന് ഉമ്മ പറയും. അതു കുറച്ചൊക്കെ ഞാന്‍ പിന്‍പറ്റിയിട്ടുണ്ട് എന്നാണ് എന്റെ തോന്നല്‍. എനിക്ക് ഉമ്മയെ അറിയാവുന്നത് നല്ലത് മാത്രമായാണ്. ഉമ്മയെ പരിചയമുള്ളവരൊക്കെ അങ്ങനെ തന്നെയാണ് പറയുക. അല്ലാത്തവരും ഉണ്ടാവും.
ഇപ്പോള്‍ വീട്ടില്‍ ഉമ്മയുടെ വിടവ് നികത്താന്‍ എന്റെ രണ്ട് പെണ്‍മക്കളും മത്സരിക്കുമ്പോള്‍, ഉമ്മയുണ്ടായിരുന്നപ്പോള്‍ ഇല്ലാത്ത കരുതല്‍ എന്നോട് നബീസയും മക്കളും കാട്ടുമ്പോള്‍ (ചിലപ്പോള്‍ എന്റെ തോന്നലാവും) ഉമ്മ ഇവിടുണ്ട് എന്ന് തോന്നും. അല്ലെങ്കില്‍ തന്നെ ഉമ്മ എവിടെ പോവാന്‍.. മുറ്റത്തെ മുല്ലകളെ നോക്കി, വഴിയിലൂടെ പോവുന്ന അപരിചിതരോടും ചിരിച്ച്, ദേശീയപാതയോരത്തെ വീട്ടുമുറ്റത്തെ പഴയ പ്ലാസ്റ്റിക് കസേരയില്‍ ഇരിക്കുന്നുണ്ട്. ഇളയവളുടെ സ്നേഹത്തില്‍ അത് അനുഭവപ്പെടുന്നുണ്ട്. പെണ്ണുങ്ങളുടെ വീട്ടിലെ തണല്‍ പോയെങ്കിലും കൂടുതല്‍ പച്ചപ്പുകള്‍ വീട്ടില്‍ നിറയുകയാണ്.
തൊട്ടടുത്ത പള്ളിക്കുടിയിലെ ഖബറിന് മുന്നില്‍ നില്‍ക്കുമ്പോഴൊക്കെ ആ ചിരി ഉള്ളില്‍ നിറയുന്നത് അറിയാം. അത് ഒഴുകി കുഞ്ഞുങ്ങളുടെ മുഖങ്ങളില്‍ വിരിയുന്നത് കാണാം. പുഴക്ക് മുകളിലൂടെ കാറ്റിനൊപ്പമെത്തുന്ന മഴയത്ത്, മണ്‍ തറയില്‍ കിടന്ന് എന്നെ ചേര്‍ത്ത് പിടിച്ച് 'അക്ബര്‍ സദഖ' എന്ന പക്ഷിയുടെ പാട്ട് പാടി തരുന്ന ഉമ്മ എവിടെ പോവാന്‍.. വീട്ടില്‍, ഉമ്മയുടെ മുറിയില്‍, കുട്ടികളില്‍, അവളില്‍ എല്ലായിടത്തും ഉമ്മ , അല്ല പടച്ചോള്‍ നിറഞ്ഞു പെയ്യുന്നു. ഈറ്റയിലകള്‍ക്കിടയിലൂടെ മുഖത്ത് മഴത്തുള്ളി പതിച്ച രാത്രിയുടെ സങ്കടത്തില്‍ ഉമ്മ പാടിക്കൊണ്ടിരുന്നു.
''രക്തമാംസങ്ങള്‍ക്കുള്ളില്‍ ക്രൂരമാം മതത്തിന്റെ
ചിത്തരോഗാണുക്കളുമായവര്‍ തമ്മില്‍ത്തല്ലീ
അദ്രമാ, നെതിര്‍നിന്ന 'ഹിന്ദു'വിന്‍ മാറില്‍ക്കൊല
ക്കത്തിപായിച്ചുംകൊണ്ടൊനലറീ 'കള്ളക്കാഫര്‍.'