Huaco Erotico : കൂറ്റൻ ലിംഗവുമായി പ്രതിമ, സ്ഥാപിച്ച് ദിവസങ്ങൾക്കുള്ളിൽ ആക്രമിക്കപ്പെട്ടു
അടുത്തിടെ അനാച്ഛാദനം ചെയ്‍തതില്‍ ചർച്ചയാവുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്ന ആദ്യ പ്രതിമയല്ല ഇത്. സൈപ്രസിൽ നാല് മീറ്റർ നീളമുള്ള ഉരുളക്കിഴങ്ങിന്റെ പ്രതിമയും നശിപ്പിക്കപ്പെട്ടിരുന്നു.
അനാച്ഛാദനം ചെയ്ത് ദിവസങ്ങൾക്കുള്ളിൽ ഒരു 10 അടിയുള്ള പ്രതിമ(10ft statue) നശിപ്പിക്കപ്പെട്ടിരിക്കുകയാണ്. 2022 -ന്റെ ആരംഭം കുറിക്കാൻ പെറുവിയൻ പട്ടണമായ ട്രൂജില്ലോയിലാണ് 'ഹുവാക്കോ എറോട്ടിക്കോ'(Huaco Erotico) എന്നറിയപ്പെടുന്ന തദ്ദേശീമായി പ്രാധാന്യമുള്ള ഈ പ്രതിമ സ്ഥാപിച്ചത്. കൂറ്റൻ ലിംഗമായിരുന്നു ഇതിന്റെ പ്രത്യേകത. ഇത് നാട്ടുകാരെയും അതുവഴി വാഹനത്തില്‍ പോകുന്നവരെയുമെല്ലാം അത്ഭുതപ്പെടുത്തി. പിന്നീട്, ആളുകള്‍ ഇതിനൊപ്പം സെല്‍ഫികളും പകര്‍ത്തി തുടങ്ങി.
എന്നാല്‍, ചിലയാളുകള്‍ക്ക് അതത്ര ഇഷ്ടപ്പെട്ടില്ല. അവര്‍ പ്രതിമ നശിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തി. അത് തകർക്കുന്നതിന് മുമ്പ് കത്തിയുമായി എത്തിയ മൂന്ന് ഗുണ്ടകള്‍ സെക്യൂരിറ്റി ഗാര്‍ഡിനെ ഭീഷണിപ്പെടുത്തിയതായി ഇവിടുത്തെ മേയർ അർതുറോ ഫെർണാണ്ടസ് പറഞ്ഞു.
1,900 വർഷങ്ങൾക്ക് മുമ്പ് വടക്കൻ പെറുവിൽ സജീവമായിരുന്ന മോച്ചെ സംസ്കാരത്തെ ആഘോഷിക്കാൻ ഒരു പ്രാദേശിക കലാകാരനാണ് പ്രതിമ സംഭാവന ചെയ്തതെന്നും മേയർ പറഞ്ഞു. അദ്ദേഹം പറഞ്ഞു: 'നമ്മുടെ സംസ്കാരത്തിൽ, അത് ലൈംഗികതയെ പ്രതിനിധീകരിക്കുന്നില്ല, മറിച്ച് ദൈവത്തിലുള്ള വിശ്വാസത്തെയാണ് പ്രതിനിധീകരിക്കുന്നത്. കൂടാതെ, ലൈംഗികതയെ സാധാരണവും സ്വാഭാവികവുമായ ഒന്നായി കാണണം.’
അമേരിക്കയിലെ തദ്ദേശവാസികളുടെ മൺപാത്രങ്ങളുടെയും അതുപോലുള്ള മറ്റ് സൃഷ്ടികളുടെയും പെറുവിയൻ പദമാണ് 'ഹുവാക്കോ'. പുരാതന ശ്മശാന സ്ഥലങ്ങളിലും ക്ഷേത്രങ്ങളിലും അവ പലപ്പോഴും കാണപ്പെടുന്നു. AD 100 -നും AD 700 -നും ഇടയിൽ വടക്കൻ പെറുവിൽ മോച്ചെ നാഗരികത സജീവമായിരുന്നു. അതിന്റെ തലസ്ഥാനം ഇന്നത്തെ മോച്ചെയ്ക്ക് സമീപമായിരുന്നു. അവിടെയാണവര്‍ സെറാമിക് പാരമ്പര്യം വികസിപ്പിച്ചെടുത്തത്. കൃഷിക്ക് ജലസേചന കനാലുകളും ഡാമുകളും നിർമ്മിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങള്‍ വികസിപ്പിച്ചതും മോച്ചെ സംസ്കാരത്തിന്‍റെ പ്രത്യേകതയാണ്.
അടുത്തിടെ അനാച്ഛാദനം ചെയ്‍തതില്‍ ചർച്ചയാവുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്ന ആദ്യ പ്രതിമയല്ല ഇത്. സൈപ്രസിൽ നാല് മീറ്റർ നീളമുള്ള ഉരുളക്കിഴങ്ങിന്റെ പ്രതിമയും നശിപ്പിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ അനാച്ഛാദനം ചെയ്തപ്പോൾ നാട്ടുകാർ ഇതിനെ 'ബിഗ് പൊട്ടറ്റോ' എന്ന് വിളിച്ചിരുന്നു. അത് വളരെ പെട്ടെന്ന് തന്നെ വൈറലായി. എന്നാല്‍, ഉടനെ തന്നെ അതിന്‍റെ ആകൃതിയെ ചൊല്ലിയുള്ള എതിര്‍പ്പും ഉയര്‍ന്നു. പിന്നാലെയാണ് അത് ആക്രമിക്കപ്പെടുന്നത്.