സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി ഇന്ത്യൻ കറൻസി ട്രാവൽ; അടുത്തറിയാം ഇന്ത്യൻ കറൻസി നോട്ടുകളിലെ അടയാളപ്പെടുത്തലുകൾ
കറൻസി നോട്ടുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള രാജ്യത്തെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെ യഥാർത്ഥ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അവയെ പരിചയപ്പെടുത്തുന്നതാണ് ഈ സോഷ്യൽ മീഡിയ ട്രെൻഡ്.
ധനപരമായ മൂല്യത്തിനപ്പുറം കറൻസി നോട്ടുകൾ ഒരു രാജ്യത്തിന്റെ സാംസ്കാരികവും ചരിത്രപരവുമായ പൈതൃകത്തിലേക്കുള്ള കൗതുകകരമായ കാഴ്ചകൾ കൂടിയാണ്. രാജ്യത്തിന്റെ സമ്പന്നമായ ചരിത്രത്തിൽ നിന്നുള്ള അടയാളപ്പെടുത്തലുകൾ കൂടി കറൻസി നോട്ടുകളിൽ ഉൾപ്പെടുത്താറുണ്ട്. ഇന്ത്യൻ കറൻസി നോട്ടുകളുടെ കാര്യത്തിൽ ഇത് വളരെയധികം സത്യമാണ്. ഇത്തരത്തിൽ കറൻസി നോട്ടുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള അടയാളപ്പെടുത്തലുകളെ പരിചയപ്പെടുത്തി കൊണ്ടുള്ള ഒരു സോഷ്യൽ മീഡിയ ട്രെൻഡ് തന്നെ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.
കറൻസി നോട്ടുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള രാജ്യത്തെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെ യഥാർത്ഥ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അവയെ പരിചയപ്പെടുത്തുന്നതാണ് ഈ സോഷ്യൽ മീഡിയ ട്രെൻഡ്. ഇതിൽ ഒഡീഷയിലെ കൊണാർക്ക് ക്ഷേത്രവും കർണാടകയിലെ ഹംപി ശിലാ രഥവും മധ്യപ്രദേശിലെ സാഞ്ചി സ്തൂപവും ഡെൽഹിയിലെ ചെങ്കോട്ട എന്നറിയപ്പെടുന്ന ലാൽ കിലയും ഒക്കെ ഉൾപ്പെടുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ ഒഡീഷയിൽ ഹിന്ദു സൂര്യദേവന് സമർപ്പിച്ചു കൊണ്ട് പണികഴിപ്പിച്ച ഒരു ക്ഷേത്രമാണ് കൊണാർക്ക് സൂര്യക്ഷേത്രം. 10 രൂപ നോട്ടിലാണ് സ്മാരകം ഉൾപ്പെടുത്തിയിട്ടുള്ളത്.
വാസ്തുവിദ്യാപരമായ പ്രത്യേകതകൾ കൊണ്ട് ഏറെ പ്രശസ്തമായ ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ ഗുഹാക്ഷേത്രങ്ങളിലൊന്നാണ് എല്ലോറയിലെ കൈലാസ ക്ഷേത്രം. 20 രൂപയുടെ ഇന്ത്യൻ കറൻസി നോട്ടിൽ ആണ് ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നത്. 50 രൂപ നോട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള ഹംപി ശിലാ രഥം ഒറ്റപ്പാറയിൽ കൊത്തിയെടുത്തതാണ്. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായാണ് ഇത് കണക്കാക്കപ്പെടുന്നത്.
യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒന്നാണ് ഗുജറാത്തിൽ സ്ഥിതി ചെയ്യുന്ന റാണി കി വാവ്. ഇന്ത്യയുടെ 100 രൂപ കറൻസി നോട്ടിൽ ആണ് ഈ പൈതൃക സ്ഥലം ഉൾപ്പെടുത്തിയിട്ടുള്ളത്. 200 രൂപ നോട്ടിൽ ചിത്രീകരിച്ചിട്ടുള്ള പൈതൃക അടയാളപ്പെടുത്തലാണ് സാഞ്ചി സ്തൂപം. മധ്യപ്രദേശിലെ സാഞ്ചിയിൽ സ്ഥിതി ചെയ്യുന്ന ഇതും യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 500 രൂപ നോട്ടിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഇന്ത്യയിലെ ഒരു പ്രമുഖ ചരിത്ര സ്ഥലമാണ് ന്യൂഡൽഹിയിലെ ചെങ്കോട്ട അഥവാ ലാൽ കില.
ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾക്ക് പുറമേ ഇന്ത്യയുടെ ഒരു അഭിമാനം നേട്ടവും ഇന്ത്യൻ കറൻസിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ആദ്യത്തെ വിജയകരമായ ചൊവ്വാ ദൗത്യമായ മംഗൾയാൻ ആണ് അത്. 2000 രൂപ കറൻസി നോട്ടിൽ ആണ് ഈ അഭിമാനനേട്ടം അടയാളപ്പെടുത്തിയിട്ടുള്ളത്.