Hasan Riza Gunay : അപരിചിതരുടെ ഇടി വാങ്ങിക്കൂട്ടി സമ്പാദിക്കുന്നത് ലക്ഷങ്ങൾ, ഇത് 'ഹ്യൂമൻ പഞ്ചിങ് ബാഗ്'

അദ്ദേഹത്തിന്റെ ക്ലയന്റുകളിൽ ഭൂരിഭാഗവും സ്ത്രീകളാണ്. അവരുടെ ശക്തി 12 മുതൽ 14 വയസ്സ് വരെ പ്രായമുള്ള ആൺകുട്ടികളുടേതിന് തുല്യമാണ്. അതിനാൽ പരിക്കേൽക്കുന്നത് അപൂർവമാണ്. കൂടാതെ, അദ്ദേഹം എല്ലായ്‌പ്പോഴും സംരക്ഷണ ഗിയർ ധരിക്കുകയും, കരുത്ത് നിലനിർത്താൻ പതിവായി വ്യായാമം ചെയ്യുകയും ചെയ്യുന്നു.  

Hasan Riza Gunay working as a human punching bag

മറ്റുള്ളവരുടെ ഇടി വാങ്ങി പണം സമ്പാദിക്കുന്ന ഒരാളെ കുറിച്ച് കേട്ടിട്ടുണ്ടോ? സിനിമയിലും, സ്പോർട്സിലും ഒന്നുമല്ല, ജീവിതത്തിൽ. പലപ്പോഴും ടെൻഷനും, ദേഷ്യവും, വെറുപ്പും ഒക്കെ ഉണ്ടാകുമ്പോൾ, ഇതെല്ലാം ആരോടെങ്കിലും ഒന്ന് തീർക്കണമെന്ന് തോന്നിയിട്ടില്ലേ? അങ്ങനെ തോന്നുന്നവർ നേരെ പോകുന്നത് ഈ വ്യക്തിയുടെ അടുത്തേക്കാണ്. ഹസൻ റിസാ ഗുണേ(Hasan Riza Gunay) എന്നാണ് അദ്ദേഹത്തിന്റെ പേര്. തുർക്കി(Turkey)യിലുള്ള അദ്ദേഹം 'ഹ്യൂമൻ പഞ്ചിങ് ബാഗ്'(human punching bag) എന്നാണ് അറിയപ്പെടുന്നത്. നമ്മുടെ പിരിമുറുക്കം കുറയുന്നത് വരെ അദ്ദേഹത്തെ തല്ലാൻ അദ്ദേഹം നമ്മളെ അനുവദിക്കുന്നു. പക്ഷേ ഓരോ തല്ലിനും അയാൾക്ക് പണം നൽകണമെന്ന് മാത്രം.  

ഇങ്ങനെ അപരിചിതരുടെ അടി വാങ്ങിക്കൂട്ടി അയാൾ സമ്പാദിക്കുന്നത് ലക്ഷങ്ങളാണ്. ചിലർ വ്യായാമം ചെയ്യുന്നതിലൂടെയോ ധ്യാനത്തിലൂടെയോ ഉറങ്ങുന്നതിലൂടെയോ പിരിമുറുക്കം കുറക്കുമ്പോൾ, മറ്റുള്ളവർക്ക് ഇതൊന്നും പോരാതെ വരും. ആരോടെങ്കിലും ഒന്ന് ദേഷ്യപ്പെടുകയോ, രണ്ട് തല്ല് കൊടുക്കുമ്പോഴോ ഒക്കെയായിരിക്കും അവർക്ക് ഒരു സമാധാനം കിട്ടുന്നത്. ഇത് മനസ്സിലാക്കിയതോടെയാണ് അദ്ദേഹം ഇതൊരു ബിസിനസ്സാക്കി മാറ്റാൻ തീരുമാനിച്ചത്. ഇപ്പോൾ പണത്തിനായി അപരിചിതരെ തല്ലാൻ അയാൾ സ്വയം അനുവദിക്കുന്നു. അദ്ദേഹം ഇങ്ങനെ തല്ല് വാങ്ങാൻ തുടങ്ങിയിട്ട് 11 വർഷമായി.

ഇത് മാത്രമല്ല, അറിയപ്പെടുന്ന ഒരു സ്ട്രെസ് കോച്ചും കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ മിക്ക ക്ലയന്റുകളും വിഷാദരോഗമോ പരിഭ്രാന്തിയോ അനുഭവിക്കുന്നവരാണെന്ന് അദ്ദേഹം പറയുന്നു. ലൈസൻസുള്ള ഈ സ്ട്രെസ് കോച്ചിന് ക്ലയന്റുകളുടെ സമ്മർദ്ദം കുറക്കാൻ ഒന്നിലധികം രീതികളുണ്ട്. മിക്കപ്പോഴും, അവർക്ക് വേണ്ടത് അവരുടെ കോപം തീർക്കാൻ ഒരാളെയാണ്. ചിലപ്പോൾ തന്റെ ക്ലയന്റിനെ അലോസരപ്പെടുത്തിയ വ്യക്തിയുടെ ഫോട്ടോയിൽ നിന്ന് ഉണ്ടാക്കിയ മുഖംമൂടി ധരിച്ചായിരിക്കും ഹസൻ നിൽക്കുക. ഇതോടെ ക്ലയന്റ് ആ മുഖം മൂടി നോക്കി ശകാരിക്കുകയും, ദേഷ്യപ്പെടുകയും, വേണമെങ്കിൽ രണ്ട് പൊട്ടിക്കുകയും ചെയ്യുന്നു. അങ്ങനെ അവരുടെ ഫ്രസ്ട്രേഷൻ മുഴുവൻ ഹസനോട് തീർക്കുന്നു.

ചിലപ്പോൾ കാര്യങ്ങൾ കൈവിട്ടു പോകാറുണ്ടെന്നും, പക്ഷേ താൻ അതൊന്നും ഒരിക്കലും വ്യക്തിപരമായി എടുക്കാറില്ലെന്നും ഹസൻ പറയുന്നു. പലപ്പോഴും ഇത്തരം സെഷനുകൾ ഒരു സിനിമയിലെ രംഗങ്ങളായാണ് അദ്ദേഹം കാണുന്നത്. അദ്ദേഹവും തന്നെ തല്ലുന്ന വ്യക്തിയും അതിലെ കഥാപാത്രങ്ങൾ. അതുകൊണ്ട് തന്നെ മർദിക്കുന്നതിനോ, തന്നോട് പറഞ്ഞ അപവാദങ്ങൾക്കോ ഒരിക്കലും അദ്ദേഹത്തിന് വിഷമം തോന്നിയിട്ടില്ല. അദ്ദേഹത്തിന്റെ ക്ലയന്റുകളിൽ ഭൂരിഭാഗവും സ്ത്രീകളാണ്. അവരുടെ ശക്തി 12 മുതൽ 14 വയസ്സ് വരെ പ്രായമുള്ള ആൺകുട്ടികളുടേതിന് തുല്യമാണ്. അതിനാൽ പരിക്കേൽക്കുന്നത് അപൂർവമാണ്. കൂടാതെ, അദ്ദേഹം എല്ലായ്‌പ്പോഴും സംരക്ഷണ ഗിയർ ധരിക്കുകയും, കരുത്ത് നിലനിർത്താൻ പതിവായി വ്യായാമം ചെയ്യുകയും ചെയ്യുന്നു.  

ഓരോ സെഷനും അനുവദിച്ചിരിക്കുന്ന സമയം 10 മുതൽ 15 മിനിറ്റ് വരെയാണ്. കൂടാതെ പ്രതിദിനം നാല് ക്ലയന്റുകളെ മാത്രമേ അദ്ദേഹം സ്വീകരിക്കുകയുള്ളൂ. അതേസമയം അവിടെ വരാൻ മതിയായ കാരണങ്ങളുണ്ടെങ്കിൽ മാത്രമേ അദ്ദേഹം ക്ലയന്റുകളെ കാണാൻ അനുവദിക്കൂ. വിനോദത്തിനാണെങ്കിൽ, അദ്ദേഹം സ്വീകരിക്കില്ല. അത് മാത്രവുമല്ല, നിയമ പ്രശ്‍നങ്ങൾ ഒഴിവാക്കുന്നതിനായി താൻ ഇത് സ്വമേധയാ ചെയ്യുന്നതാണെന്ന് പരാമർശിക്കുന്ന ഒരു രേഖയിൽ ക്ലയന്റുകളെ കൊണ്ട് ഒപ്പിടീക്കുകയും ചെയ്യുന്നു. ഈ ടർക്കിഷ് സ്ട്രെസ് കോച്ചിന് സ്വന്തമായി ഒരു വെബ്‌സൈറ്റുണ്ട്.  കൂടാതെ, YouTube-ൽ പതിവായി അദ്ദേഹം തല്ലുവാങ്ങുന്നതിന്റെ വീഡിയോകൾ പോസ്റ്റു ചെയ്യുകയും ചെയ്യുന്നു.  
 

Latest Videos
Follow Us:
Download App:
  • android
  • ios