ഫ്രാൻസിലെ ഹിജാബ് നിരോധനം, 'ഹാൻഡ്‍സ് ഓഫ് മൈ ഹിജാബ്' കാമ്പയിനുമായി മോഡൽ, പിന്തുണച്ച് നിരവധിപ്പേർ
നിരവധി പേരാണ് #Handsoffmyhijab കാമ്പയിനിന്‍റെ ഭാഗമാകുന്നത്. പലരും മുസ്ലിം ഐഡന്‍റിറ്റി തങ്ങളെ ഫ്രാന്‍സില്‍ വിവേചനത്തിന് ഇരകളാക്കുകയാണ് എന്ന് ട്വിറ്ററില്‍ കുറിക്കുകയുമുണ്ടായി.
ഫ്രാന്‍സിലെ ഹിജാബ് നിരോധനത്തെ വിമര്‍ശിച്ച് മുന്നോട്ട് വന്ന ഒരു സൊമാലി- നോര്‍വീജിയന്‍ മോഡല്‍ ഇപ്പോൾ വൈറലായിരിക്കുകയാണ്. 'മുസ്ലീം സ്ത്രീകളെക്കുറിച്ചുള്ള സമൂഹത്തിന്റെയും സർക്കാരിന്റെയും സങ്കൽപത്തിലെ വാര്‍പ്പുമാതൃകകളോട് പോരാടാന്‍ ആഗ്രഹിക്കുന്നു' എന്നാണ് മോഡലായ റൗദാ അഹമ്മദ് പറഞ്ഞത്. 'ഹാന്‍ഡ്സ് ഓഫ് മൈ ഹിജാബ്' എന്ന് കൈകളിലെഴുതിയ ഒരു സെല്‍ഫിയാണ് റൗദാ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‍തിരിക്കുന്നത്. അതേ തുടര്‍ന്ന് രൂപം കൊണ്ട കാമ്പയിന്‍ ഇന്‍സ്റ്റഗ്രാമിലും ടിക്ടോകിലും ട്രെന്‍ഡിംഗ് ആയിക്കൊണ്ടിരിക്കുകയാണ്.
#Handsoffmyhijab -നെയും ഒപ്പം #PasToucheAMonHijab -നെയും ഒളിമ്പിക് ഫെൻസർ ഇബ്‍തിഹാജ് മുഹമ്മദും യുഎസ് കോൺഗ്രസ് വനിതയായ ഇലാൻ ഒമറുമടക്കം അന്തർദ്ദേശീയമായി ആയിരക്കണക്കിന് സ്ത്രീകള്‍ ഏറ്റെടുത്തു എന്ന് ദ ഗാര്‍ഡിയന്‍ എഴുതുന്നു. ഇലാന്‍ ഒമറിനെതിരെ മുന്‍ യുഎസ് പ്രസിഡണ്ട് ട്രംപ് ഒരിക്കല്‍ നടത്തിയ വംശീയ പരാമര്‍ശം വലിയ വാര്‍ത്തയായിരുന്നു. അന്നും ഒമര്‍ ശക്തമായി അതിനെതിരെ പ്രതികരിച്ചിരുന്നു. ഇപ്പോൾ ഒരു വീഡിയോ ആണ് ഒമർ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫ്രാൻസിലെ സഹോദരിമാർക്ക് എന്നും അതിൽ എഴുതിയിരിക്കുന്നു. #Handsoffmyhijab ഹാഷ്ടാഗിലാണ് ഇത് പോസ്റ്റ് ചെയ്‍തിരിക്കുന്നത്.
18 വയസില്‍ താഴെയുള്ള ആരെയും ഈ വസ്ത്രം ധരിക്കുന്നതില്‍ നിന്നും വിലക്കുന്ന ഫ്രഞ്ച് സെനറ്റിന്‍റെ വോട്ടെടുപ്പിനെതിരെ പ്രതിഷേധിക്കാന്‍ ഈ കാമ്പയിന്‍ സ്ത്രീകള്‍ ഉപയോഗിക്കുകയാണ്. “ഈ മൂവ്മെന്‍റിനെ മാനുഷികവൽക്കരിക്കേണ്ടതിന്റെ ആവശ്യകത തോന്നിയതിനാലാണ് ഞാൻ ഹാഷ്‌ടാഗ് ആരംഭിച്ചത്” എന്നാണ് റൗദ ഗാർഡിയനോട് പറഞ്ഞത്. ഹിജാബിന് മേലെയുള്ള നിരോധനം കാണിക്കുന്നത് വിവേചനത്തെയാണ് എന്നും റൗദ പറയുന്നു.
ഇൻസ്റ്റാഗ്രാമിൽ റൗദ എഴുതി: “ഹിജാബ് നിരോധനം സർക്കാറിന്റെ ഉന്നതതലത്തിൽ നിന്ന് വരുന്ന വിദ്വേഷകരമായ പ്രവൃത്തിയാണ്. ഇത് മത മൂല്യങ്ങളുടെയും സമത്വത്തിന്റെയും കനത്ത പരാജയമായി മാറും.” സ്‍കൂളില്‍ അവഗണിക്കപ്പെടുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നതിന്‍റെ പേരില്‍ മാത്രം തനിക്ക് ഹിജാബ് ധരിക്കാതിരിക്കേണ്ടി വന്നു. നിരവധി തൊഴിലുകള്‍ ഹിജാബ് ധരിച്ചതിന്‍റെ പേരില്‍ തനിക്ക് നഷ്‍ടപ്പെട്ടു എന്നും റൗദ പറയുകയുണ്ടായി. മോഡലെന്ന നിലയിലും ഒരുപാട് പ്രൊജക്ടുകള്‍ ഹിജാബ് കാരണം നഷ്‍ടപ്പെട്ട അവസ്ഥയുണ്ടായിട്ടുണ്ട് എന്നും അവര്‍ പ്രതികരിച്ചു. അതിനാല്‍ തന്നെ സര്‍ക്കാരിന്‍റെ ഉന്നതതലങ്ങളില്‍ നിന്നും വരുന്ന ഇത്തരം തീരുമാനങ്ങള്‍ക്കെതിരെ പോരാടേണ്ടതുണ്ട് എന്നുമാണ് റൗദയുടെ നിലപാട്.
2011 ഏപ്രിലിൽ പൊതു ഇടങ്ങളിൽ നിഖാബ് നിരോധിച്ച ആദ്യത്തെ രാജ്യമായിരുന്നു ഫ്രാൻസ്. ഫ്രഞ്ച് പ്രവിശ്യകൾ ബുർക്കിനി നിരോധിച്ചു. ദേശീയത, സ്വത്വം, ഫെമിനിസം എന്നിവയുമായി ബന്ധപ്പെട്ട് ഒരു ദേശീയ സംവാദവും ആരംഭിച്ചു. ഏതായാലും നിരവധി പേരാണ് #Handsoffmyhijab കാമ്പയിനിന്‍റെ ഭാഗമാകുന്നത്. പലരും മുസ്ലിം ഐഡന്‍റിറ്റി തങ്ങളെ ഫ്രാന്‍സില്‍ വിവേചനത്തിന് ഇരകളാക്കുകയാണ് എന്ന് ട്വിറ്ററില്‍ കുറിക്കുകയുമുണ്ടായി. ഫ്രാൻസിൽ ഒരു മുസ്ലീം സ്ത്രീ ആയിരിക്കുക എന്നത് ദിവസേന ജഡ്‍ജ് ചെയ്യപ്പെടുക എന്നതാണ്. തങ്ങളുടെ കുട്ടികൾക്ക് അതിനാൽ സ്വന്തം സ്വത്വം വെളിപ്പെടുത്താൻ പോലും കഴിയുന്നില്ല എന്നാണ് ഒരാളെഴുതിയിരിക്കുന്നത്. ഹിജാബ് തങ്ങളുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ് എന്നും സ്വന്തം വസ്ത്രം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോ മനുഷ്യനും ഉണ്ട് എന്നും മറ്റ് ചിലർ കുറിച്ചു.