കുഞ്ഞബ്ദുല്ല എന്ന കോഴി, സൗമ്യമായ നോട്ടം, ശാന്തമായ പ്രകൃതം, പൗരുഷം നിറഞ്ഞ നടത്തം !
അയല്‍പ്പക്കത്തെ തരുണീമണികള്‍ വേലിപ്പറമ്പിലൂടേയും മതില്‍പ്പുറത്ത് വലിഞ്ഞ് കേറിയും ആ പുരുഷ സൗന്ദര്യം ആവോളം ആസ്വദിക്കുന്നു. വീടിനകത്തെ തരുണീമണികളാകട്ടെ ചാഞ്ഞും ചെരിഞ്ഞും നഖചിത്രം വരച്ചും നാണിച്ച് തീര്‍ക്കുകയാണ്.
ആദ്യത്തെ കൊത്ത് കുടുംബത്തുള്ള മൂത്ത ചെക്കനിട്ട് തന്നെ കൊടുത്തുകൊണ്ട് ഐശ്വര്യത്തോടെ കുഞ്ഞബ്ദുള്ള തുടങ്ങി. കുട്ടികളുടെ ശബ്ദം കേള്‍ക്കുന്നിടത്തേക്ക് അവന്‍ പാഞ്ഞുചെന്നു. ഓടുന്ന കുട്ടികളെ മുടുക്കി കൊത്തി.
ഒന്നോ അല്ലെങ്കില്‍ രണ്ടോ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളൊരു വൈകുന്നേരം.
അന്നാണ് കുഞ്ഞബ്ദുല്ല ആദ്യമായി വീട്ടിലേക്ക് വരുന്നത്. സൗമ്യമായ നോട്ടം, ശാന്തമായ പ്രകൃതം, പൗരുഷം നിറഞ്ഞ നടത്തം. ഒറ്റ നോട്ടത്തില്‍ തന്നെ അവന്റെ രൂപം ആകര്‍ഷണിയത നിറഞ്ഞതായിരുന്നു.
അയല്‍പ്പക്കത്തെ തരുണീമണികള്‍ വേലിപ്പറമ്പിലൂടേയും മതില്‍പ്പുറത്ത് വലിഞ്ഞ് കേറിയും ആ പുരുഷ സൗന്ദര്യം ആവോളം ആസ്വദിക്കുന്നു. വീടിനകത്തെ തരുണീമണികളാകട്ടെ ചാഞ്ഞും ചെരിഞ്ഞും നഖചിത്രം വരച്ചും നാണിച്ച് തീര്‍ക്കുകയാണ്.
കുഞ്ഞബ്ദുല്ല കുടുംബത്തിലെ പുതിയ അതിഥിയാണ്. കോഴികള്‍ടെ കൂട്ടത്തിലെ ഏക പുരുഷന്‍.
(മുന്‍പുണ്ടായിരുന്ന പോക്കര്‍ ചെറിയൊരു വാഹനപകടത്തില്‍ ആദരാഞ്ജലികള്‍ ഏറ്റുവാങ്ങി കടന്നുപോയതാണ്)
നേരം വെട്ടം വെക്കും മുന്നേ ഒന്ന് കൂവാനും പൊരയിലെ പാത്തു, ആമിന, ആശുമ്മ- ഈ പെണ്ണുങ്ങള്‍ക്ക് നല്ല കെട്ടിയോനായിരിക്കാനും ആവശ്യാനുസരണം അവര്‍ക്ക് പിള്ളാരേ കൊടുത്ത് സന്താനപരമ്പര നിലനിര്‍ത്താനുമാണ് കുഞ്ഞബ്ദുള്ളാനെ വാങ്ങിച്ചത്.
കുടുംബത്തുള്ള പത്തുപതിനൊന്ന് മല്‍ഷ്യകുട്ടികള്‍ വേനലവധി അടിച്ചും പൊളിച്ചും വീടും പരിസരവും നശിപ്പിച്ചും സമയം തള്ളി നീക്കുന്ന സമയം കൂടിയാണത്.
കുട്ടികള്‍ സ്ത്രീജനങ്ങളായ കോഴികള്‍ക്ക് സ്വസ്ഥത പ്രദാനം ചെയ്തപ്പോള്‍ കുഞ്ഞബ്ദുല്ലക്ക് അവര്‍ യാതൊരു മന:സമാധനവും കൊടുത്തില്ല.
കുഞ്ഞബ്ദുല്ലാനെ അവര്‍ ചുടുവെള്ളത്തില്‍ ഷാംപൂ തേച്ച് കുളിപ്പിച്ചു. കുഞ്ഞബ്ദുല്ലാക്കവര്‍ അത്തറ് പൂശി.
പൂരപറമ്പില്‍ ആനയെ എഴുന്നള്ളിപ്പിക്കുന്ന നിലയില്‍ അവര്‍ കുഞ്ഞബ്ദുല്ലാനെ എഴുന്നള്ളിപ്പിച്ചു നടന്നു.
വാഴയില്‍ അവനെ കെട്ടിയിട്ടു.
കുഞ്ഞബ്ദുള്ളയുടെ മുഖത്ത് നോക്കിയവര്‍ ശിങ്കാരിമേളം കൊട്ടി.
അങ്ങനെ അങ്ങനെ മന:സമാധനം എന്തെന്നറിയാനുള്ള സകല അവകാശങ്ങളും കുഞ്ഞബ്ദുള്ളക്ക് നിഷേധിക്കപ്പെട്ടു.
കുഞ്ഞബ്ദുല്ലയുടെ സൗന്ദര്യം ക്ഷയിച്ചു. ആരോഗ്യം മോശമായി.
പാത്തുവും, ആമിനേം ആശുമ്മേം മുറുമുറുത്തു.
അവര് അയല്‍പ്പക്കത്തെ മീനക്ഷിനോടും മോളിക്കൊച്ചിനോടും സങ്കടം പറഞ്ഞു. അവസരം മുതലാക്കി രാജപ്പന്‍ വീടിന് പരിസരത്ത് മേഞ്ഞു നടന്നു. പാത്തു അവിഹിത മുട്ടകള്‍ ഇട്ട് കൂട്ടി. ഇടക്ക് ആശുമ്മയും.
കുട്ടികള്‍ടെ ശല്യം ഭയാനകമായപ്പോള്‍ ഉമ്മമാരും വാപ്പമാരും വീടിന് ചുറ്റും ദിവസേന മൂന്നോ നാലോ വട്ടം വലം വെച്ചു. ഓടിച്ചിട്ട് തല്ലീട്ടും കുട്ടികള്‍ നന്നായില്ല.
കോയി ആണോ ഞങ്ങളാണോ നിങ്ങള്‍ക്ക് വല്യത്....?
അണ്ഡകടാഹത്തില്‍ ഒരു മാതാപിതാക്കള്‍ക്കും ഇങ്ങനെയൊരു ചോദ്യം സഹിക്കാന്‍ കഴിയില്ല.
ദിവസങ്ങള്‍, പിന്നിടവേ സ്വയം പ്രതിരോധം എന്ന മാര്‍ഗ്ഗം കുഞ്ഞബ്ദുല്ല സ്വികരിച്ച് തുടങ്ങി.
പ്രതിരോധം അപരാധമല്ല.
ആദ്യത്തെ കൊത്ത് കുടുംബത്തുള്ള മൂത്ത ചെക്കനിട്ട് തന്നെ കൊടുത്തുകൊണ്ട് ഐശ്വര്യത്തോടെ കുഞ്ഞബ്ദുള്ള തുടങ്ങി.
കുട്ടികളുടെ ശബ്ദം കേള്‍ക്കുന്നിടത്തേക്ക് അവന്‍ പാഞ്ഞുചെന്നു.
ഓടുന്ന കുട്ടികളെ മുടുക്കി കൊത്തി.
കുട്ടികള്‍ വീട്ടീന്ന് പുറത്തേക്ക് ഇറങ്ങതെയായി. കുഞ്ഞബ്ദുല്ല വീടനകത്തേക്ക് അതിക്രമിച്ച് കേറി.
വീടിനകത്തും കുട്ടികള്‍ കൊത്തുകൊണ്ട് വലഞ്ഞു.
കുഞ്ഞബ്ദുല്ലയേ കെട്ടിയിട്ട് വളത്തേണ്ട ഘട്ടം വന്നു.
മാനസിക ചൂഷണം കാരണം കുഞ്ഞബ്ദുല്ല ഒരു ഭ്രാന്തനായി മാറിയിരുന്നു.
ആമിന കുഞ്ഞബ്ദുല്ലാക്ക് കൂട്ടിരുന്നു.
കുഞ്ഞബ്ദുല്ലാനെ പൊരിച്ചാലോ എന്ന് വീട്ടില്‍ അഭിപ്രായമുണ്ടായി.
ഏയ്, നല്ല ബുദ്ധീം വിവരോം ഉള്ള കോഴിയാണ്.
മറുഅഭിപ്രായം അങ്ങനെ..
എന്നാ കുട്ടികളെ പൊരിക്കാ.
തര്‍ക്കം മൂര്‍ച്ഛിക്കാതെ കെട്ടടങ്ങി.
കുഞ്ഞബ്ദുല്ലാനെ അറുത്തില്ല.
കുട്ടികളെ പൊരിച്ചില്ല.
സ്‌ക്കൂള്‍ തുറക്കുന്നതോടെ എല്ലാം ശരിയാകുമെന്നുള്ള പ്രതീക്ഷയില്‍ കുഞ്ഞബ്ദുല്ലയെ കാണതെ കുട്ടികളും കുട്ടികളെ കാണാതെ കുഞ്ഞബ്ദുല്ലയും ജീവിച്ചുപോകട്ടെ എന്ന് തീരുമാനിക്കപ്പെട്ടു.
എങ്കിലും വീടിന് വെളിയില്‍, ഒരു ബോര്‍ഡ് കൂടിയങ്ങോട്ട് തൂങ്ങിയാടി.
'കോഴിയുണ്ട് കുട്ടികള്‍ സൂക്ഷിക്കുക..'