'ശപിക്കപ്പെട്ട കല്ലറ, ഇതൊരിക്കലും തുറക്കരുത്', ചുവന്ന നിറത്തിൽ മുന്നറിയിപ്പുമായി പുരാതന ശവകുടീരം

പിൽക്കാലത്ത് ഈ ശവകുടീരം ആരെങ്കിലും തുറക്കുന്നത് ഒഴിവാക്കാനായിരിക്കണം ഇങ്ങനെ ഒരു സന്ദേശം കുറിച്ചു വച്ചിരിക്കുന്നത്. കാലക്രമേണ ശവകുടീരങ്ങളും സ്ഥലങ്ങളും വീണ്ടും ഉപയോ​ഗിക്കാറുണ്ട്. അത് തടയുകയാവണം സന്ദേശത്തിന്റെ ലക്ഷ്യം.

cursed tomb found by archeologists in Israel

ചരിത്രം (History) എപ്പോഴും നിഗൂഢതകൾ നിറഞ്ഞതാണ്. ഇസ്രായേലിൽ പുരാവസ്തു​ഗവേഷകർ (Archaeologists) കണ്ടെത്തിയ ഒരു ശവകുടീരവും അത്തരത്തിൽ ഒന്നാണ്. അതിന് മുകളിൽ ചുവന്ന നിറത്തിൽ ഒരു മുന്നറിയിപ്പ് ഉണ്ട്, അതാണ് കല്ലറയെ വ്യത്യസ്തമാക്കുന്നത്. കല്ലറ തുറക്കാൻ ശ്രമിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് ഇതിൽ കുറിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഇസ്രായേലിലെ ബെയ്റ്റ് ഷിയാരിമിലെ ഒരു പുരാതന സെമിത്തേരിയിൽ അടുത്തിടെ കണ്ടെത്തിയ ഒരു ഗുഹയിലാണ് ഈ 'ശപിക്കപ്പെട്ട ശവകുടീരം' (Cursed Tomb) ഉള്ളത്.

65 വർഷത്തിനിടയിൽ യുനെസ്കോയുടെ ഈ ലോക പൈതൃക സൈറ്റിൽ കണ്ടെത്തിയ ആദ്യത്തെ ശവകുടീരം കൂടിയാണിത്. ഒരു വർഷം മുമ്പ് ഗവേഷകർ ഈ ഗുഹ കണ്ടെത്തിയെങ്കിലും പ്രധാന ഗുഹയ്ക്കുള്ളിലെ ചെറിയ ഗുഹകൾ അടുത്തിടെയാണ് കണ്ടെത്തിയത്. പുരാവസ്തു ഗവേഷകർ ഈ ശവകുടീരത്തെ വിശേഷിപ്പിച്ചത് വളരെ അധികം പ്രാധാന്യമുള്ളത് എന്നാണ്. കാരണം ആദ്യമായിട്ടാണ് മതപരിവർത്തനം നടത്തിയ ഒരാളുടെ ഇത്ര പഴയ ശവകുടീരം കണ്ടെത്തുന്നത്. 

കല്ലറയിൽ ചുവന്ന നിറത്തിൽ ഒരു വിചിത്രമായ സന്ദേശവും കുറിച്ചുവച്ചിട്ടുണ്ട്. അതിൽ പറഞ്ഞിരിക്കുന്നത് ഈ കല്ലറ ഒരിക്കലും തുറക്കരുത് എന്നാണ്. അതിലിങ്ങനെയാണ് എഴുതിയിരിക്കുന്നത്: “ഈ ശവക്കല്ലറ തുറക്കുന്ന ആരെയും ശപിക്കുമെന്ന് യാക്കോവ് ഹാഗെർ പ്രതിജ്ഞ ചെയ്യുന്നു. അതിനാൽ ആരും ഇത് തുറക്കരുത്.”

യാക്കോവ് ഹാഗേർ എന്നതിന്റെ വിവർത്തനം സൂചിപ്പിക്കുന്നത് മതപരിവർത്തനത്തെയാണ്. അതിനർത്ഥം യഹൂദമതത്തിലേക്ക് പരിവർത്തനം ചെയ്തവൻ എന്നാണ്. എന്നാൽ, ഈ കല്ലറയുടെ പുറത്ത് അത് തുറക്കരുത് എന്ന് എഴുതി വച്ചിരിക്കുന്നത് ആരാണ് എന്നത് വ്യക്തമല്ല. മരിച്ചവരുടെ വിശ്രമസ്ഥലം ശല്യപ്പെടുത്തലില്ലാതെ തുടരുന്നുവെന്ന് ഉറപ്പാക്കാനായിരിക്കണം ഇങ്ങനെ ഒരു കുറിപ്പ് എഴുതി വച്ചിരിക്കുന്നത് എന്ന് ഹൈഫ സർവകലാശാലയിലെ പുരാവസ്തു ഗവേഷകർ പറഞ്ഞു. 

​ഗവേഷകയായ ആദി എർലിച്ച് പറഞ്ഞു, 'പിൽക്കാലത്ത് ഈ ശവകുടീരം ആരെങ്കിലും തുറക്കുന്നത് ഒഴിവാക്കാനായിരിക്കണം ഇങ്ങനെ ഒരു സന്ദേശം കുറിച്ചു വച്ചിരിക്കുന്നത്. കാലക്രമേണ ശവകുടീരങ്ങളും സ്ഥലങ്ങളും വീണ്ടും ഉപയോ​ഗിക്കാറുണ്ട്. അത് തടയുകയാവണം സന്ദേശത്തിന്റെ ലക്ഷ്യം. ഈ ലിഖിതം റോമൻ കാലഘട്ടത്തിന്റെ അവസാനത്തിലോ ബൈസന്റൈൻ കാലഘട്ടത്തിലോ ഉള്ളതായിരിക്കണം'. ക്രിസ്തുമതം ശക്തമാക്കപ്പെട്ട കാലഘട്ടമാണിത്. 

'ഈ ലിഖിതം ക്രിസ്തുമതം ശക്തിപ്പെട്ട റോമൻ കാലഘട്ടത്തിലോ ആദ്യകാല ബൈസന്റൈൻ കാലഘട്ടത്തിലോ ഉള്ളതാണ്. യഹൂദന്മാരോടൊപ്പം ചേരാൻ തയ്യാറായിരുന്ന ആളുകൾ അപ്പോഴും ഉണ്ടായിരുന്നു എന്നുള്ളതിന്റെ തെളിവുകൾ ഇവിടെ കാണാം. റോമൻ കാലഘട്ടത്തിൽ മതപരിവർത്തനം നടത്തിയവരെ കുറിച്ച് നമുക്ക് അറിയാം. എന്നാൽ, ഇത് ബെയ്റ്റ് ഷിയാരിമിൽ നിന്നുള്ള ആദ്യത്തെ മതപരിവർത്തനമാണ്' എർലിച്ച് പറഞ്ഞു.

ശവക്കല്ലറയും അത് കണ്ടെത്തിയ സ്ഥലവും തുടർന്നുള്ള ​ഗവേഷണവും തടസപ്പെടാതിരിക്കാനായുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട് എന്നും അവർ പറഞ്ഞു. എന്നാൽ, പുതിയ ഖനനപദ്ധതികളൊന്നും നിലവിലില്ല. ഈ സന്ദേശം കുറിച്ചിരിക്കുന്ന കല്ലറ ഇസ്രായേൽ ആന്റിക്വിറ്റീസ് അതോറിറ്റിയുടെ (ഐഎഎ) കൈവശമാണ് ഇപ്പോഴുള്ളത്. അത് പ്രദർശനത്തിൽ വെച്ചേക്കാം.

Latest Videos
Follow Us:
Download App:
  • android
  • ios