Opinion: 'എന്റെ ഹെര്‍ണിയ കേസ് സ്റ്റഡി ബാക്കി ഉള്ളോരുടേത് തന്നെ ആയിരുന്നു'

ക്ലാസ് മുറികള്‍ അനുഭവങ്ങളുടെ കൂടി പാര്‍പ്പിടമാണ്. അധ്യാപകര്‍ എന്ന നിലയിലും വിദ്യാര്‍ത്ഥികള്‍ എന്ന നിലയിലുമുള്ള അനുഭവങ്ങളാണ് ഈ പംക്തിയില്‍. ജിയ ജോര്‍ജ് എഴുതുന്നു

classroom experiences by Geya George

ക്ലാസ് മുറികള്‍ അനുഭവങ്ങളുടെ കൂടി പാര്‍പ്പിടമാണ്. ഓരോരുത്തര്‍ക്കും പറയാനുണ്ടാവും പല അനുഭവങ്ങള്‍, ഓര്‍മ്മകള്‍. അധ്യാപകര്‍ എന്ന നിലയിലും വിദ്യാര്‍ത്ഥികള്‍ എന്ന നിലയിലുമുള്ള വ്യത്യസ്തമായ അനുഭവങ്ങള്‍ ഞങ്ങള്‍ക്ക് അയക്കൂ. വിലാസം: submissions@asianetnews.in  .കുറിപ്പിനൊപ്പം ഒരു ഫോട്ടോയും വിശദമായ വിലാസവും എഴുതണം. സബ്ജക്ട് ലൈനില്‍ ക്ലാസ് മുറി എന്ന് എഴുതാന്‍ മറക്കരുത്.

 

classroom experiences by Geya George

Read More :  ''നീയൊക്കെ എന്ത് ചന്തം കാണാന്‍ ഇങ്ങോട്ട് കെട്ടിയെടുക്കുന്നതാടീ..'

...................................

 

വിദ്യാഭ്യാസ സമ്പ്രദായത്തെയോ, രീതിയെയോ കുറ്റം പറയാന്‍ ഉള്ള അറിവോ യോഗ്യതയോ എനിക്കില്ല. പക്ഷെ ചില ജീവിതാനുഭവങ്ങള്‍ വീണ്ടും വീണ്ടും തികട്ടി വരുമ്പോള്‍ തോന്നും, എന്തിനോ വേണ്ടി കുറെ ഒക്കെ ഈ സാമ്പാര്‍ തിളച്ചല്ലോ എന്ന്. പ്രത്യേകിച്ച് നാല് വര്‍ഷത്തെ നഴ്‌സിംഗ് ബിരുദ പഠനം. അതിന്റെ ഒരു വല്യ പങ്ക്  (പഠനത്തിന്റെ മാത്രം അല്ല മാര്‍ക്കിന്റെയും) വഹിച്ചിരുന്നത് കേസ് സ്റ്റഡി, കെയര്‍ പ്ലാന്‍, അസൈന്‍മെന്റ് എന്നിങ്ങനെ ഒക്കെ ഉള്ള കലാപരിപാടികള്‍ ആണ്.

കേസ് സ്റ്റഡി എടുക്കാം. ഇതില്‍ നമ്മള്‍ ഒരു രോഗിയെ എടുത്തു അവരുടെ രോഗലക്ഷണങ്ങള്‍, കാരണങ്ങള്‍, മരുന്നുകള്‍ ഒക്കെ പഠിക്കുന്നു. അവര്‍ക്ക് വരാന്‍ സാധ്യത ഉള്ള പ്രശ്‌നങ്ങള്‍ (ഉദാ. വേദന, ശ്വാസംമുട്ട്, വയറിളക്കം) ഇതൊക്ക എങ്ങനെ നേരിടും, അതിനൊക്കെ എന്ത് ചെയ്യും, എന്ന് പഠിച്ചു കേസ് പ്രസന്റേഷന്‍ നടത്തണം. ചിലപ്പോള്‍ അത് എഴുതി നല്‍കിയാല്‍ മതിയാവും. 

കെയര്‍ പ്ലാന്‍ ആണേല്‍ കുറച്ചൂടെ മയം ഉള്ള പരിപാടി ആണ്. രോഗികളുടെ പ്രശ്‌നങ്ങള്‍ അവയ്ക്കുള്ള പരിഹാരം ഇത്രേം മതി. അസൈന്‍മെന്റ് പിന്നെ പതിവുസംഭവം. പറയുന്ന ടോപ്പിക്കിനെ കുറിച്ച് വിവരങ്ങള്‍ കണ്ടുപിടിച്ചു എഴുതുക. 

പഠനത്തിന്റെ ഇടയില്‍ ഹോസ്പിറ്റല്‍ പ്ലേസ്‌മെന്റ് ഉണ്ടാകും. ഞങ്ങള്‍ പോയിരുന്നത് ഗവ. ആശുപത്രിയില്‍ ആയതു കൊണ്ടും അധ്യാപകര്‍ നാസ വിക്ഷേപിച്ച ഉപഗ്രഹം പോലെ ചുറ്റും കറങ്ങുന്നതു കൊണ്ടും ഓടി ഒളിക്കാന്‍ ഇടം ഇല്ലാതെ ഞങ്ങള്‍ക്ക് പണി എടുക്കേണ്ടി വന്നു. 

നേഴ്‌സുമാര്‍ അല്ലാത്തവരും, അവരെ പരിചയം ഇല്ലാത്തവരും ആശുപത്രികളില്‍ ഈ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ കാണുമ്പോള്‍ ഓര്‍ക്കും, ഇവരൊക്കെ എന്ത് പണി എടുക്കാനാ എന്ന്. പക്ഷെ സത്യം അതല്ല. പില്‍ക്കാലങ്ങളില്‍ ചെയ്യുന്ന ഒട്ടുമിക്ക ജോലികളും വിദ്യാഭ്യാസ കാലത്തുതന്നെ ചെയ്തു പതം വന്നിരുന്നു. ഈ പണിയൊക്കെ ചെയ്തു കഴിഞ്ഞശേഷം പിന്നെ എന്ത് കേസ് എടുത്തു പഠിക്കാനാണെന്നാണ് കരുതിയിരുന്നത്. 

ഇതിനു ഞങ്ങള്‍ ഒരു പോംവഴി കണ്ടെത്തിയിരുന്നു. ഗ്രൂപ്പ് തിരിച്ചാണ് പല വാര്‍ഡുകളില്‍ ഞങ്ങളെ വിടുന്നത്. ആദ്യ ദിവസങ്ങളില്‍ തന്നെ ഗ്രൂപ്പില്‍ ഉള്ളവര്‍ സഹകരണാടിസ്ഥാനത്തില്‍ ഓരോ കേസ് എടുക്കും. എന്നിട്ടു പേരും, നാളും, ജാതകവും മാറ്റി എല്ലാവരും തമ്മില്‍ തമ്മില്‍ നോക്കിയും മാറ്റിയും എഴുതും. അതായത് ജോസ് 42, ഹെര്‍ണിയ എന്ന് ഒരാള്‍ എഴുതുമ്പോള്‍ അടുത്തയാള്‍ക്കത് നാരായണന്‍കുട്ടി 38 വയസ്സ്, ഹെര്‍ണിയ ആകും. 

ഇങ്ങനെ ഒപ്പിച്ചു ഒപ്പിച്ച് ഒരുവിധം എത്തികുത്തി മുങ്ങാതെ നില്‍ക്കുന്ന സമയത്താണ് ഒരു മെഡിക്കല്‍ സര്‍ജിക്കല്‍ പോസ്റ്റിങ്ങ്. ആറു ആഴ്ചകൊണ്ട് ആറു കേസ് സ്റ്റഡികള്‍ വച്ചു. പക്ഷെ ഒടുവില്‍ മാര്‍ക്ക് വന്നപ്പോള്‍ എന്റെ ബാച്ചില്‍ എനിക്ക് മാത്രം 15/50. ബാക്കി എല്ലാര്‍ക്കും 30, 31, 32 ഒക്കെ. 

ആദ്യം വല്ലാത്ത ഈര്‍ഷ്യ ഒക്കെ തോന്നി. പിന്നെ ഓര്‍ത്തു, എന്തേലും ആവട്ടെ എന്ന്. പക്ഷെ കാരണം അന്വേഷിക്കണം എന്ന് തോന്നി. അതിനു പുറകെ ഞാന്‍ കൂടി. ഒടുവില്‍ കാര്യം മനസ്സിലായി. പ്രസന്റേഷന്‍ പോരാ. പക്ഷെ ഇത് റിട്ടേണ്‍ ആണല്ലോ, പ്രസന്റേഷന്‍ ഇല്ലായിരുന്നല്ലോ എന്ന് ഞാന്‍ ഓര്‍ത്തു. അപ്പോള്‍ പ്രമുഖയായ ഒരു ടീച്ചര്‍ വേറെ ഒരു അസൈന്‍മെന്റിന്റെ കോപ്പി എടുത്തു എന്നെ കാണിച്ചു. 

'ഈ ഫ്രന്റ് പേജ് നോക്ക്, എന്ത് ആകര്‍ഷകമാണ്!'

ഞാന്‍ നോക്കി. മുന്‍പേജ് നിറച്ചും പൂക്കളുടെ സ്റ്റിക്കര്‍. പിന്നെ സ്‌കെച്ച് പേന കൊണ്ടുള്ള അലങ്കാരപ്പണികള്‍. ദേവിയെ ഇതിനാണോ 15 മാര്‍ക്ക്! ഞാന്‍ ഓര്‍ത്തു.

പക്ഷെ പിന്നീട് പതുക്കെ ആ സത്യം ഞാന്‍ മനസിലാക്കി. കായും പൂവും സ്‌കെച്ച് പേനയും ഒക്കെ മാര്‍ക്ക് കിട്ടുന്നതില്‍ വളരെ പ്രാധാന്യം ഉള്ള കാര്യങ്ങള്‍ ആണെന്ന്. 

എന്നാലും, എന്റെ ഹെര്‍ണിയ കേസ് സ്റ്റഡി ബാക്കി ഉള്ളോരുടേത് തന്നെ ആയിരുന്നു. ആരോട് പറയാന്‍!

Latest Videos
Follow Us:
Download App:
  • android
  • ios