ഇവിടെ ജോലി ചെയ്യുന്നത് ട്രാൻസ്ജെൻഡർ ജീവനക്കാർ മാത്രം, വ്യത്യസ്തമായി ഒരു കഫെ
2018 ഡിസംബറിൽ, അദ്ദേഹത്തിന്റെ പിതാവ് മരിച്ചു. ഒരു ജോലി ഏറ്റെടുക്കാൻ ഡീഗോ നിർബന്ധിതനായി. അപ്പോഴും അച്ഛന്റെ സ്വപ്‍നം മകൻ മറന്നില്ല. അദ്ദേഹം തന്റെ കാമുകിയായ ഗ്ലെനിസ് ഡിസയോട് അച്ഛന്റെ സ്വപ്നത്തെക്കുറിച്ച് പറഞ്ഞപ്പോൾ അവൾക്കും അത് ബോധിച്ചു.
സമൂഹത്തിൽ സ്വന്തമായി ഒരിടം നേടാൻ പോരാടുന്നവരാണ് ഇന്ത്യയിലെ ട്രാൻസ്‌ജെൻഡർ സമൂഹം. പലപ്പോഴും അവരെ മാറ്റിനിർത്തുന്ന ഒരു പ്രവണത സമൂഹത്തിൽ നിലനില്കുന്നുണ്ട്. അവരുടെ ഉന്നമനത്തിനായി നിരവധി സംഘടനകളും, സാമൂഹ്യ പ്രവർത്തകരും പ്രവർത്തിക്കുന്നുണ്ട്. മുംബൈയിലെ ഒരു കഫേയും അതിലുൾപ്പെടുന്നു. ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിലെ അംഗങ്ങളെ(transgender employees) മാത്രം നിയമിച്ച് കൊണ്ട് ബാംബായ് നസരിയ കഫേ(Bambai Nazariya) മാതൃകയാവുകയാണ്.
മുംബൈയിലെ അന്ധേരി വെസ്റ്റിലെ വെർസോവയിലാണ്(Versova, Andheri West) ബംബായ് നസരിയ എന്ന് അറിയപ്പെടുന്ന ഈ കഫേയുള്ളത്. കഫേയിലെ എല്ലാ ജീവനക്കാരും ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിൽ നിന്നുള്ളവരാണ്. വെർസോവയിലെ അന്ധേരിയിൽ ആരംഭിച്ച ആദ്യത്തെ ട്രാൻസ്‌ജെൻഡർ കഫേയാണിത്. 'പിങ്ക് ചായ'യ്ക്കും മറ്റ് മുംബൈ ശൈലിയിലുള്ള വിഭവങ്ങൾക്കും കഫേ പേരുകേട്ടതാണ്. ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റി തന്നെയാണ് ഭക്ഷണം പാകം ചെയ്യുന്നതും. അവിടെയുള്ള ഓരോ ജീവനക്കാരും അവരുടെ മുഖത്ത് പുഞ്ചിരിയോടെ അതിഥികളെ സ്വാഗതം ചെയ്യുന്നു. അതേസമയം ഈ കഫേ തുടങ്ങിയത് ഡീഗോ മിറാൻഡയെന്ന 21 -കാരനാണ്.
“ഏഴു വർഷം മുമ്പാണ് ഈ ആശയം ഉയർന്നുവന്നത്. പക്ഷേ, അതിന് ആദ്യം എന്റെ അച്ഛനോടാണ് നന്ദി പറയേണ്ടത്. അദ്ദേഹത്തിന് അവരോട് വലിയ ആദരവായിരുന്നു. അവർ ഞങ്ങളുടെ വീട്ടുവാതിൽക്കൽ വരുമ്പോഴെല്ലാം അദ്ദേഹം അവർക്ക് പണം നൽകുമായിരുന്നു. ആരും അവരെ ജോലിക്കെടുക്കാത്തതിനാൽ അവരെ സഹായിക്കാൻ എപ്പോഴും അച്ഛൻ ആഗ്രഹിച്ചിരുന്നു” അദ്ദേഹം ഓർമ്മിക്കുന്നു. കോളേജ് പഠനത്തിന് ശേഷം ഡീഗോ ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവേശിച്ചു. ഒരു സുഹൃത്തിന്റെ കഫേയിൽ കുറച്ച് നാൾ ജോലി ചെയ്തു. പിന്നീട് നഗരത്തിലുടനീളം ബർഗർ-ഹോട്ട് ഡോഗ് സ്റ്റാളുകൾ തുറന്നു.
2018 ഡിസംബറിൽ, അദ്ദേഹത്തിന്റെ പിതാവ് മരിച്ചു. ഒരു ജോലി ഏറ്റെടുക്കാൻ ഡീഗോ നിർബന്ധിതനായി. അപ്പോഴും അച്ഛന്റെ സ്വപ്‍നം മകൻ മറന്നില്ല. അദ്ദേഹം തന്റെ കാമുകിയായ ഗ്ലെനിസ് ഡിസയോട് അച്ഛന്റെ സ്വപ്നത്തെക്കുറിച്ച് പറഞ്ഞപ്പോൾ അവൾക്കും അത് ബോധിച്ചു. തന്റെ ജോലിക്കിടയിലും, ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് തൊഴിൽ നൽകുന്ന ഒരു സുരക്ഷിത ഇടം സൃഷ്ടിക്കുന്നതിന് എന്താണ് വേണ്ടതെന്ന് മനസിലാക്കാൻ അദ്ദേഹം ഗവേഷണം ചെയ്യുകയും നെറ്റ്‌വർക്ക് മെച്ചപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് കഫേ ആരംഭിക്കുന്നത്. ട്വീറ്റ് ഫൗണ്ടേഷനും ഹംസഫർ ട്രസ്റ്റും മുഖേന ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിൽ നിന്ന് മഹി, സുഹാനി, സുന്യ എന്നീ മൂന്ന് ജീവനക്കാരെ മിറാൻഡയുടെ കഫേ നിയമിച്ചു.
സാവധാനം ഈ കഫേയ്ക്ക് തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കാനും, തങ്ങളുടെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് ട്രാൻസ്‌ജെന്ഡേഴ്സിനെ സ്വാശ്രയത്വത്തിന്റെയും അഭിമാനത്തിന്റെയും പാതയിലൂടെ നയിക്കാനും സാധിച്ചു. "ഞങ്ങളുടെ ബോസിന്റെ അച്ഛൻ LGBTQI+ കമ്മ്യൂണിറ്റിക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് സ്വപ്നം കണ്ടിരുന്നു. സമൂഹത്തിൽ ഞങ്ങളെ പോലുള്ളവർക്ക് ഒരു ജോലി കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. ഇത് വലിയൊരു ആശ്വാസമായി” അവിടത്തെ ഒരു ജീവനക്കാരൻ പറഞ്ഞു.