'ചതുപ്പില്‍ കാലുകുത്തിയാല്‍ കാലുകള്‍ വെട്ടും, ആ ബിഹാരി ഞങ്ങളോട് മുരണ്ടു!
ബോംബെ ഡയറി. ഞാനും കോയയും; പഴയ ബോംബെയിലെ രണ്ട് പുറമ്പോക്ക് കയ്യേറ്റക്കാര്‍! ബാലന്‍ തളിയില്‍ എഴുതുന്നു
ഞങ്ങള്‍ സ്ഥലം എന്നു പറയുംമുമ്പേ അയാള്‍ അലറാന്‍ തുടങ്ങി. അക്കാര്യം പറഞ്ഞാല്‍ കൊന്നുകളയുമെന്നായി. അവിടെ കാലെടുത്തുവെച്ചാല്‍ അപ്പോള്‍ കാണാമെന്നായി. 'ദാദാഗിരി' തന്നെ. എതിര്‍ത്താല്‍ തല്ലുറപ്പാണ്. ഛോപ്പടകളില്‍ അവന്റെ ആളുകളുണ്ട്. എന്തിനും വളര്‍ത്തുന്ന കറവക്കാര്‍.
രണ്ട് അടുക്കളക്കത്തി, ഒരു ലിറ്റര്‍ മണ്ണണ്ണ നിറക്കാവുന്ന സ്റ്റൗ, ചായപ്പാത്രം, കാനില്‍ കുടിവെള്ളം, കിസ്സാന്‍ ജാമിന്റെ ചെറുബോട്ടില്‍, രണ്ട് ലാത്തി പാവും ബ്രൂണും, കിട്ടാവുന്നത്ര ചണനൂലുകള്‍, കനമുള്ള ഹത്തോഡി, കിടന്നുറങ്ങാന്‍ കാര്‍ഡ്‌ബോര്‍ഡുകള്‍, മെഴുകുതിരികള്‍, പഞ്ചസാര, തേയില, തീപ്പെട്ടി, സിഗരറ്റ്, തോര്‍ത്തുമുണ്ട്...
പുറപ്പെടാന്‍ പോകുന്നതിന്റെ ഒരാഴ്ചമുമ്പ് ഓരോന്നായി ഓര്‍ത്തെടുത്ത് വാങ്ങിവെച്ച് ഞങ്ങള്‍ അടുത്ത ഞായറാഴ്ചയെയും സുഹൃത്ത് ബാവയെയും കാത്തു.
അവന്‍, ബാവ, പറഞ്ഞ സമയത്തുതന്നെ മുന്‍സിപ്പാലിറ്റി വണ്ടിയുമായി ഗല്ലിയിലെത്തി ഹേണ്‍ മുഴക്കി. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍, രണ്ട് ശുചീകരണത്തൊഴിലാളികള്‍, ഞങ്ങള്‍ക്കായി പിറകിലേക്ക് മാറിയിരുന്നു. ഞങ്ങളിരുവരും ആയാസപ്പെട്ട് കയറ്റുന്ന ധനികസമ്പാദ്യങ്ങള്‍ കണ്ട് എത്ര കാലത്തേക്കുള്ള ഒരുക്കമാണെന്ന് ബാവ ചിരിച്ചുകൊണ്ട് സന്ദേഹപ്പെടുന്നുണ്ടായിരുന്നു.
വാഷിയില്‍ തരിശുനിലങ്ങള്‍ കയ്യേറി പലരും കുടിലുകള്‍ കെട്ടുന്ന വിവരം അവന്‍ പറഞ്ഞാണ് അറിഞ്ഞത്. ഇടയ്ക്ക്, മുന്‍സിപ്പാലിറ്റി വന്ന് പിഴുതുകളയുമെങ്കിലും കാര്യമാക്കേണ്ട. ബീഹാറില്‍നിന്നും യുപിയില്‍നിന്നും വന്ന് കടകളും കുടിലുകളും കെട്ടി സ്ഥലം കയ്യടക്കിവെച്ച അനവധിപേരുണ്ട്. ഒന്നുമില്ലെങ്കിലും തബേലകള്‍ കെട്ടി എരുമകളെ വാങ്ങിയിട്ടോളൂ. അധികൃതര്‍ക്ക് കൈമടക്ക് കൊടുത്താല്‍ കുറേക്കാലത്തേക്ക് ബുദ്ധിമുട്ടിക്കില്ല. പിന്നീട് പടിപടിയായി കാര്യങ്ങള്‍ നീങ്ങും. ദൂരത്തുനിന്ന് വന്ന് നഗരത്തില്‍ കിടന്ന് നശിക്കേണ്ട. ഭാവിയില്‍ ആ തരിശുകള്‍ക്ക് പൊന്നുവിലയാവും. നേരത്തെ ഒരുങ്ങിയാല്‍ അത്രയും നന്ന്.
പീര്‍ഖാന്‍ സ്റ്റ്രീറ്റിലെ ഞങ്ങളുടെ തട്ടുകടയില്‍ നിത്യവും 'പാനി കം മലായ് മാര്‍ കെ' ചായകുടിക്കാന്‍ വന്ന ബാവയ്ക്ക് ഞങ്ങളോട് തോന്നിയ ഒരിഷ്ടമാണ് ഈയൊരു ഉപദേശത്തിന് കാരണം. നഗരമാലിന്യങ്ങള്‍ നിറച്ച വണ്ടിയുമായി പ്രാന്തദേശത്തേക്കു പോകുന്ന ബാവയെന്ന ഈ ഡ്രൈവര്‍ ഞങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങിയിട്ട് കുറേനാളായി. തത്ക്കാലം എന്തും സഹിക്കാന്‍ ഒരുങ്ങുക എന്ന് അവന്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു. ആര്‍ക്കും വേണ്ടാത്ത ഒരിടം ഞങ്ങള്‍ക്ക് സ്വന്തമാവാന്‍വേണ്ടി അകലെ വാഷി നദിയുടെ കരയില്‍ കാടുപിടിച്ച് കിടപ്പുണ്ട്.
ഓടുന്ന ട്രക്കിനടിയിലൂടെ ടാര്‍റോഡ് പിറകിലോട്ട് പായുമ്പോള്‍ മോഹനിദ്രയിലകപ്പെട്ട് ഞങ്ങള്‍ ഇരുവരും കണ്ണടയ്ക്കാതെ വിദൂരത്തേക്ക് നോക്കിയിരുന്നു. ആവശ്യത്തിനുവേണ്ട സംസാരംപോലും നടന്നില്ല. ഇന്നലെവരെ സുഹൃത്തായിരുന്ന ബാവയോട് ഈ നിമിഷംമുതല്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഗുരുവിനോടെന്ന പോലൊരു ബഹുമാനമാണെന്ന് അറിഞ്ഞു. ഞങ്ങള്‍ പിന്നിട്ട നിരത്തുകള്‍, ഹൈവേകള്‍, സിഗ്‌നലുകള്‍, അനേകം വാഹനങ്ങളുടെ ഇരമ്പല്‍ എല്ലാം അവന്റെ ഔദാര്യമെന്ന തോന്നലിലേക്ക് മനസ്സ് മാറിത്തുങ്ങി.
സയണ്‍ സര്‍ക്കിളില്‍ നിന്ന് താനെ റോഡിലേക്കും അവിടുന്ന് ചെമ്പൂര്‍ നാക്കയും പിന്നിട്ട് വണ്ടി മാന്‍ഗൂഡ് വഴി വാഷിനദിക്ക് കുറുകെ പണിത ടാറ്റാ ബ്രിഡ്ജിന് മുകളിലെത്തി. ബോംബെയിലേക്കുള്ള ആദ്യ ബസ്സ് യാത്രയില്‍ ഞാനാദ്യം കണ്ട കാഴ്ച ഓര്‍മ്മവന്നു. ആരെയും അമ്പരപ്പിക്കുന്ന നിര്‍മ്മിതി.
പാലം കടന്ന് നദിയുടെ തീരത്ത്, പന്‍വേലിലേക്കുപോകുന്ന ആളൊഴിഞ്ഞ ഒരു തരിശുനിലത്തെത്തിയപ്പോള്‍ അനാദി സാധനങ്ങള്‍ വില്‍ക്കുന്ന ഒരു പഴഞ്ചന്‍ തട്ടുകടയുടെ മുമ്പില്‍ വണ്ടി നിര്‍ത്തി ബാവ പുറത്തിറങ്ങി. പലപ്പോഴായി മുന്‍സിപ്പാലിറ്റി എടുത്തു കൊണ്ടുപോയപ്പോള്‍ പിഴയടച്ച് തിരികെ സ്ഥാപിച്ചതിന്റെ ലക്ഷണുണ്ട് ആ കടയ്ക്ക്. ബാവയെയും വണ്ടിയേയും കണ്ടപ്പോള്‍ മുഖത്തു പരന്ന ഭീതിയോടെ കുട്ടിയോ വൃദ്ധയോ എന്ന് തിട്ടപ്പെടുത്താനാവാത്ത ഒരു സ്ത്രീ റോഡിലേക്ക് വന്ന് തൊഴുതുനിന്നു. അവന്‍ ആ വൃദ്ധയെ അടുത്ത് വിളിച്ച് എന്തൊക്കെയോ പറഞ്ഞു. അവര്‍ തലയാട്ടുകയും ചെയ്തു.
ബാവ ഞങ്ങളെ പരിചയപ്പെടുത്തിയ ശേഷം പിന്നേറ്റ് വൈകുന്നേരം വരാമെന്നേറ്റ് വണ്ടിയോടിച്ചുപോയി. ഇറക്കിവെച്ച ജംഗമവസ്തുക്കളിലേക്ക് നോക്കി കോയ ചിരിച്ചുകൊണ്ടിരുന്നു. വല്ലതും നടക്കുമോ എന്ന സംശയം ആ ചിരിയില്‍ പ്രകടമായി.
കുട്ടിമുത്തശ്ശിയോട് കൂടുതല്‍ വിസ്തരിക്കേണ്ടി വന്നില്ല. കാര്യങ്ങള്‍ ബാവയില്‍ നിന്നറിഞ്ഞതിനാല്‍ അവര്‍ പറഞ്ഞു. 'ബാക്കിയുള്ളത് ചതുപ്പാണ്. നിങ്ങള്‍ വരാന്‍ വൈകിപ്പോയല്ലൊ. കണ്ടോ, അക്കാണുന്നതൊക്കെ ധൂത് വാലകളും രാഷ്ട്രീയക്കാരും ദാദാക്കന്‍മാരും എത്രയോ നേരത്തെ കയ്യടക്കി കഴിഞ്ഞു. നൂറുക്കണക്കിന് എരുമകളുണ്ട് പലര്‍ക്കുമായി അവിടെ. കൂടാതെ നാട്ടില്‍ നിന്നും അവര്‍ തൊഴിലാളികളെ കൊണ്ടുവന്ന് താമസിപ്പിച്ചിരിക്കുകയാണ്. ഇനിയിപ്പോള്‍ അധികൃതര്‍ക്ക് അവരെ ഒഴിപ്പിക്കാന്‍ പ്രയാസമാണ്. സന്നാഹങ്ങള്‍ ഇതൊന്നും മതിയാവില്ല. എന്നാലും ചെന്നുനോക്കൂ.' അവര്‍ മുന്‍വിധിയോടെ കാര്യങ്ങള്‍ വെളിപ്പെടുത്തി.
പറയാന്‍ തുടങ്ങിവെച്ച ഒരു കഥയെ തോന്നുമ്പോള്‍ നിര്‍ത്താമെന്ന ധാരണയിലല്ല വിശ്വാസവും പണിയായുധങ്ങളും സ്വപ്നവും ചുമന്ന് ഞങ്ങളിത്രദൂരം എത്തിയത്. മഴവില്ലുകുലച്ച നഗരമുപേക്ഷിച്ച് വരണ്ടമണ്ണിലേക്ക് വരുമ്പോള്‍ ധൈര്യവും കൂടെ പോന്നിരുന്നു. ഞങ്ങള്‍ റോഡരുകില്‍ കുറേ നേരമിരുന്ന് പരിസരം കണ്ടുനിന്നു.
Read More : ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം
...............................
അനേകം ഛോപ്പഡകള്‍, വീഞ്ഞപ്പെട്ടിയില്‍ അലക്ഷ്യമായി പച്ചക്കറികള്‍ അടുക്കിവെച്ച ഷെഡ്ഡുകള്‍, നനഞ്ഞ വൈക്കോല്‍ ചിതറിയ നിലം, അളിഞ്ഞ വെണ്ടയുടെയും വഴുതനങ്ങയുടെയും വഴുവഴുപ്പ്, സബര്‍ബെന്‍ തീവണ്ടിയില്‍ നിന്നും മീന്‍കുട്ട ചുമന്നു വരുന്ന അടിവസ്ത്രമിടാത്ത മുക്കുവ സ്ത്രീകള്‍, നഗരത്തിലെ കണ്ടൈനര്‍ ലോണുകളില്‍നിന്നും കൂറ്റന്‍ ഇരുമ്പുപെട്ടിയുമായി പോകുന്ന ട്രക്കുകള്‍, മരക്കോലുകളില്‍ പഞ്ഞിമിഠായി ചുറ്റി കുട്ടികളെ തേടി അലയുന്ന നടപ്പു കച്ചവടക്കാര്‍, കൊമ്പുകള്‍ ഉയര്‍ത്തിപ്പിടിച്ച് പോകുന്ന മുതുകെല്ല് കൂര്‍ത്ത കാളകള്‍... ചെറുപട്ടണമാവാന്‍ വെമ്പുന്നതിന്റെ പ്രാരംഭ കാഴ്ചകള്‍ ഒന്നുമില്ല.
ഈ തട്ടുകട കൂടാതെ അപ്പുറത്തെ സബ്ജി മാര്‍ക്കറ്റിലും ഞങ്ങളെത്തിയ വിവരം അറിഞ്ഞു. കച്ചവടക്കാരികളും അവരുടെ കുട്ടികളും വന്ന് നോക്കിനിന്നു. അപരിചിതരെ അനിഷ്ടത്തോടെ നോക്കി അവര്‍ മുഖം കറുപ്പിച്ച് പോയി.
കൊണ്ടുവന്ന വസ്തുക്കള്‍ മുത്തശ്ശിയെ നോക്കാന്‍ ഏല്പിച്ച് ഞങ്ങള്‍ റോഡിലൂടെ കുറേദൂരം നടന്നുനോക്കി. അഹങ്കാരികളായ കന്നുകാലികള്‍ വാഹനങ്ങള്‍ക്ക് വഴികൊടുക്കില്ലെന്ന വാശിയോടെ നടുറോഡിലൂടെ നടക്കുന്നു. ഇരുവശത്തും മുമ്പെങ്ങോ ആള്‍ത്താമസമാക്കിയ, തകരവും പ്ലാസ്റ്റിക്കും കൊണ്ട് നിര്‍മ്മിച്ച കുടിലുകള്‍. അവകാശം കിട്ടാതെ വീടുപണിതിട്ട് കാര്യമില്ലാത്തതിനാല്‍ സൗകര്യങ്ങള്‍ ഒന്നുമില്ല. എങ്കിലും എല്ലാ കുടിലുകളിലും ആള്‍ത്താമസമുണ്ടെന്ന് വ്യക്തം.
തിരിച്ചുവന്ന് കുടികിടപ്പു വസ്തുക്കള്‍ ചുമന്ന് മുത്തശ്ശി വിരല്‍ചൂണ്ടിയ കുറ്റിക്കാട്ടിലേക്ക് ഞങ്ങളിറങ്ങി. കൊതുകുകടിയെ പ്രതിരോധിക്കാന്‍ കടുകെണ്ണ നല്ലതാണെന്ന് പറഞ്ഞ് അവര്‍ ഒരു കുപ്പിയും കയ്യില്‍ വെച്ചുതന്നിരുന്നു.
ആരൊക്കെയോ വന്ന് അധികാരം സ്ഥാപിച്ചതിന്റെ അടയാളങ്ങള്‍ പലയിടത്തായി കണ്ടു. കണ്ടലുകളാണ് ചുറ്റും. വേര് തടയാതെ നടന്ന് ഏതാണ്ട് നൂറുവാര പിന്നിട്ടപ്പോള്‍ പറ്റിയ ഇടമെത്തിയ തോന്നലില്‍ കോയ ചുവടിറക്കി. വാഷിനദിയുടെ കരയോട് ചേര്‍ന്ന് വിജനമായ പ്രദേശം. മരങ്ങളെ പരസ്പരം ബന്ധിപ്പിക്കാന്‍ പോന്ന ബലമുള്ള എട്ടുകാലിവലകള്‍, പാമ്പുറകള്‍... കാറ്റില്‍ ദുര്‍ഗന്ധം.
ഹൈവേയില്‍ വണ്ടിയിടിച്ചു ചാകുന്ന മാടുകളെ തള്ളുന്ന സ്ഥലമാണ് അപ്പുറത്തുള്ളതെന്ന് മനസ്സിലായി. ദൂരെനിന്നും അലസരായ മൂന്നുനാലു കഴുകന്മാര്‍ പറന്നിറങ്ങി ശവംതിന്നാന്‍ നാണംകുണുങ്ങികളായി നടന്നുവന്നു. അജ്ഞേയമായ സന്ദേശമെത്തുന്തോറും ഇനിയും കുറേയെണ്ണം മണംപിടിച്ചെത്തും. കലപില കൂട്ടും. കമലാ നെഹ്‌റു പാര്‍ക്കിന്റെ താഴ് വാരത്ത് ദുസ്വപ്നം പോലെ കണ്ട ഭീകരനിമിഷങ്ങള്‍ ഓര്‍മ്മയില്‍ തെളിഞ്ഞു. പാഴ്‌സിവൃദ്ധര്‍ സ്വര്‍ഗ്ഗംതേടി പോയപ്പോള്‍ ജീര്‍ണ്ണവസ്ത്രങ്ങള്‍ പോലെ ഉപേക്ഷിച്ച തങ്ങളുടെ ശരിരങ്ങളെ കഴുകുകള്‍ ആഹരിക്കുന്ന കാഴ്ച. ആദ്യം കണ്ണ്, തുട, പിന്നെ വയര്‍... കഴുകന്‍മാരുടെ ആര്‍ത്തിയും ബഹളവും.
കണ്ടല്‍ കൊമ്പുകള്‍ വെട്ടി ഇരുവരും സമമായി സ്ഥലം വീതിച്ചു കുറ്റിയടിച്ചു. ചണനൂലുകള്‍ കൊണ്ട് അതിരു തിരിച്ചു. അതത്ര ബലമല്ലെങ്കിലും അടുത്ത തവണ മറ്റെന്തെങ്കിലും ചെയ്ത് ഉറപ്പിക്കാമെന്ന് കരുതി.
കാളികാവുകാരനായ കോയ എന്നേക്കാള്‍ മുമ്പ് ബോംബെയിലുണ്ട്. സാഹസികനാണ് അവന്‍. ഞങ്ങള്‍ സമപ്രായക്കാര്‍, കൗമാരക്കാര്‍. ഒരേ ചായക്കടയില്‍ ജോലിചെയ്യുന്ന കുരുത്തംകെട്ട ചങ്ങാതിമാര്‍. എന്തും വരുന്നേടത്തുവെച്ച് കാണാമെന്ന ആശയക്കാര്‍. നഗരത്തില്‍ നിന്നുതന്നെ കരപിടിക്കണമെന്ന വാശിക്കാര്‍.
നടുവെ ചീന്തിയ പാവില്‍ ജാം പുരട്ടി ഉച്ചഭക്ഷണം കഴിച്ച് ഇത്തിരി വിശ്രമിക്കാന്‍ നദിക്കരയിലേക്ക് ചെന്നു. നദിയുടെ നിശ്ചലാവസ്ഥയില്‍ മീന്‍പിടുത്തക്കാരുടെ മടങ്ങിവരവും കാത്ത് പലനിറങ്ങളില്‍ ചായമടിച്ച തോണികള്‍ ഇളകുന്നു. അവിടെയിരുന്ന് സിഗരറ്റ് പുകച്ചു. പലതും സ്വപ്നങ്ങള്‍ കണ്ടു. വീടും വാടകയ്ക്ക് കൊടുക്കാന്‍ കടകളും പണിയണം. വിവാഹിതരായ ശേഷം ഭാര്യമാരെ കൊണ്ടുവരണം. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണം. അവര്‍ വലുതായാല്‍ ഇവിടെ എത്തിപ്പെട്ട കഥകള്‍ കേള്‍പ്പിക്കണം. കസാന്റ്‌സാക്കീസിന്റെ സോര്‍ബയെപ്പോലെ ഹൊയ്, ഹോയ് എന്ന് ആര്‍ത്ത് കോയ തുള്ളിച്ചാടി.
ഈ ഐഡിയ എന്താ നമുക്ക് നേരത്തെ തോന്നാത്തതെന്ന് നാടോടിക്കാറ്റിലെ ദാസനെയും വിജയനെയും പോലെ ഞങ്ങള്‍ ആശ്ചര്യപ്പെട്ടു. നഗരത്തില്‍ സ്വന്തമായി ഒരിടം കിട്ടിയശേഷം ഞങ്ങള്‍ നയിക്കാന്‍ പോവുന്ന ജീവിതം, തൊട്ടടുത്തുനിന്ന് ഭാഗ്യത്തിന്റെ സൈറണ്‍ മുഴക്കി.
അന്ന് രാത്രി ശരീരത്തില്‍ കടുകെണ്ണ പുരട്ടി കാര്‍ഡ്‌ബോര്‍ഡ് വിരിച്ചു കിടന്നു. രാപ്പക്ഷികള്‍ ഉണര്‍ന്നിരുന്നു. നദിയില്‍നിന്നും തണുത്തകാറ്റ് വീശുന്നുണ്ട്. മഴത്തുള്ളി കണക്കേ ഇലത്തഴപ്പുകളില്‍ തങ്ങിയ മഞ്ഞുവെള്ളം ഇറ്റിവീഴാന്‍ തുടങ്ങി. പുതക്കാന്‍ ഒന്നുമില്ല. പകല്‍നേരത്ത് കൂട്ടിയിട്ട കരിയിലകളും ചുള്ളിക്കമ്പുകളും വാരി ചെറുതീയിട്ടു. കോയ പോക്കറ്റില്‍നിന്നും ചരസും ഫോര്‍സ്‌ക്വയര്‍ സിഗരറ്റുമെടുത്ത് ചരസ് തെറുത്തു.
വാഷിയില്‍ നിന്നും തിരിച്ചുവന്ന ഏതാനും ദിവസങ്ങളില്‍ അലസത ഞങ്ങളെ വിടാതെ കൂടെനടന്നു. തനിച്ചിരുന്ന് സ്വപ്നം കണ്ടു. രണ്ടുപേര്‍ക്കും മുമ്പിലൂടെ ഏതൊക്കെയോ മനുഷ്യര്‍ കാര്യകാരണങ്ങളില്ലാതെ നടന്നുപോയ്‌ക്കൊണ്ടിരുന്നു. ദെവത്തിനു മാത്രമറിയാവുന്ന ചില രഹസ്യങ്ങള്‍ പോലെ ഞങ്ങളപ്പോഴും സ്വപ്നത്തിലിരുന്ന് രണ്ട് കുടിലുകള്‍ കെട്ടുകയായിരുന്നു. അതിനുള്ള പണമുണ്ടാക്കാന്‍ പഴവണ്ടികള്‍ ഉന്തി.ബാര്‍വാലപ്പണിചെയ്തു. കരിഞ്ചന്തയ്ക്ക് സിനിമാടിക്കറ്റുകള്‍ വിറ്റു. അവിടേക്ക് ഞങ്ങളുടെ ഭാര്യമാര്‍ വരുന്നു, കുട്ടികള്‍ പിച്ചവെച്ചു നടക്കുന്നു, വാടകയ്ക്ക് കൊടുക്കാന്‍ കടകള്‍ പണിതിടുന്നു. ആകപ്പാടെ ബഹളം..!
വിഫലസ്വപ്നങ്ങളുടെ ഫലിതരാവുകളില്‍ ഉറങ്ങാനാവാതെ, വരിഞ്ഞുകെട്ടിയ ജീവിതത്തെ ആയാസപ്പെടുത്താന്‍ ഞങ്ങള്‍ എഴുന്നേറ്റിരുന്ന് പുകയൂതി. കൂട്ടകാരായ സുകുവും ജോണും മൊയ്തീനും ബഷീറുമൊക്കെ അടുത്തടുത്തായി കിടന്നുറങ്ങുമ്പോള്‍ കിനാവുകളുടെ പൊറുതികേട് സഹിക്കാതെ ഞങ്ങള്‍ ഉറക്കം കളഞ്ഞു.
ഒരാഴ്ചയ്ക്കു ശേഷം ബാവയോടൊപ്പം വീണ്ടും വാഷിയില്‍ ചെന്നു. കുട്ടിമുത്തശ്ശി ഞങ്ങളെ കാത്തിരിക്കുകയാണെന്ന് തോന്നി. അവര്‍ അടുത്തുവിളിച്ചു കാര്യങ്ങള്‍ പറഞ്ഞു. ഒരു ബീഹാറിയും തന്റെ അനുയായികളും അവിടെ വന്ന് ഞങ്ങളുടെ കുറ്റികള്‍ പിഴുതെറിഞ്ഞിട്ടുണ്ട്. അവര്‍ എരുമകളെ വളര്‍ത്താന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് കണ്ടുവെച്ച സ്ഥലമാണ് പോലും.
ഞങ്ങള്‍ ആ മനുഷ്യനെ കാണാന്‍ ചെന്നു. 'യു' എന്ന ഇംഗ്ലീഷ് അക്ഷരത്തെ ചതുരവടിവില്‍ നിര്‍ത്തിയപോലെ കുടിലുകള്‍. അവയിലെല്ലാം താന്‍ കൊണ്ടുവന്ന തൊഴിലാളി കുടുംബങ്ങളാണ്. നടുവില്‍ മുറ്റം. വെള്ളമോ വൈദ്യുതിയോ ഇല്ല. മുറ്റത്ത് രണ്ടുമൂന്ന് ചാര്‍പ്പായകള്‍ നിരത്തിയിട്ടിട്ടുണ്ട്. അതില്‍ കുത്തിമറിയുന്ന കുട്ടികള്‍. ഞങ്ങള്‍ അകത്തേക്ക് നോക്കി മുരടനക്കി. ഒച്ചകേട്ട് ഒരു തടിമാടന്‍ ഇരുട്ടുപുതച്ച പോലെ പുറത്തുവന്നു. ബകരൂപമാര്‍ന്ന ഒരു ബീഹാറി. ഉപചാരങ്ങളൊന്നുമില്ല. മുറ്റത്തു നില്‍ക്കുന്ന രണ്ട് പീക്കിരിപ്പിള്ളേരോട് മുഖം മുകളിലോട്ട് വെട്ടിച്ച് വന്ന കാര്യം പറയാന്‍ ആജ്ഞാപിച്ചു. ഞങ്ങള്‍ സ്ഥലം എന്നു പറയുംമുമ്പേ അയാള്‍ അലറാന്‍ തുടങ്ങി. അക്കാര്യം പറഞ്ഞാല്‍ കൊന്നുകളയുമെന്നായി. അവിടെ കാലെടുത്തുവെച്ചാല്‍ അപ്പോള്‍ കാണാമെന്നായി. 'ദാദാഗിരി' തന്നെ. എതിര്‍ത്താല്‍ തല്ലുറപ്പാണ്. ഛോപ്പടകളില്‍ അവന്റെ ആളുകളുണ്ട്. എന്തിനും വളര്‍ത്തുന്ന കറവക്കാര്‍.
ഞങ്ങള്‍ കുറ്റിയടിച്ചുവെച്ച സ്ഥലത്തേക്കിറങ്ങുമ്പോള്‍ അവന്‍ ഒച്ചവെച്ചുകൊണ്ട് പിറകെവന്നു. ആ സ്ഥലത്ത് കാലെടുത്ത് കുത്തിയാല്‍ ഇരുവരും തിരിച്ചുപോകില്ലെന്നായി. അമിതസമ്മര്‍ദ്ദം അയാളുടെ ശബ്ദത്തെ വികലമാക്കിക്കൊണ്ടിരുന്നു. കച്ചവക്കാരികള്‍ക്ക് ആ ബഹളം കൗതുകംപോലെ തോന്നി.
ബാവ വരുന്നതും കാത്ത് ഞങ്ങള്‍ തെരുവോരത്ത് കാത്തുനിന്നു. വൈകുന്നേരത്തോടെ അവനെത്തി. വിവരങ്ങളറിഞ്ഞ് അവന്‍ ബീഹാറിയെ കാണാന്‍ കുടിലിലേക്കു ചെന്നു. പിറകെ ഞങ്ങളും. ഒരു മുന്‍സിപ്പാലിറ്റി ജീവനക്കാരനാണ് ഇടനിലക്കാരനായി വന്നതെന്ന വിചാരമൊന്നും അയാള്‍ക്കില്ലായിരുന്നു. വിലകൊടുത്തു വാങ്ങിയ സ്വത്തുപോലെ അവന്‍ അതിനുമേല്‍ അവകാശം സ്ഥാപിച്ചു കഴിഞ്ഞിരുന്നു. ഞങ്ങള്‍ തിരികെപ്പോന്നു.
അടുത്ത ആഴ്ചതന്നെ 'ബൃഹന്‍ മുംബൈ മഹാനഗര്‍ പാലിക'യുടെ ജീവനക്കാര്‍ വന്ന് അനധികൃത കുടിലുകള്‍ ഏതാണ്ടെല്ലാം പൊളിച്ചു നീക്കിയെന്ന് ബാവ പറഞ്ഞു. സോര്‍ബ അപ്പോഴും തുള്ളിച്ചാടി.
പതുക്കെ ഞങ്ങളിരുവരും സ്വപ്നങ്ങള്‍ ഉപേക്ഷിക്കാന്‍ പഠിച്ചു.
ജീവിതസന്ധിയില്‍ നിന്നും കണ്ടെടുത്ത പ്രായോഗിക ചിന്ത എന്ന നിലയില്‍ അതുപേക്ഷിക്കുമ്പോള്‍ 'സോര്‍ബ' എന്ന് പില്‍ക്കാലത്ത് വിളിക്കാന്‍ തോന്നിയ കോയ എന്ന ആനന്ദചിത്തന്‍ അപ്പോഴും ചിരിച്ചു.
എന്നാല്‍ ഞങ്ങളുടെ തകര്‍ന്ന സ്വപ്നങ്ങള്‍ക്കുമേല്‍ പില്‍ക്കാലത്ത് ഉയര്‍ന്നുവന്ന അനവധി കെട്ടിടങ്ങള്‍ കാണാന്‍ വിധി അവനെഅനുവദിച്ചില്ല.