Memory : ധാരാവിയിലൊരു നീലച്ചിത്ര ഷോ, പാതിവഴിക്ക് പൊലീസ്, പിന്നെ നടന്നത്!
അണ്ണന്‍ ഞങ്ങളെ സ്റ്റുഡിയോയ്ക്ക് മുകളിലെ തകരംമറച്ച ഇരുട്ടുമുറിയിലേക്ക് കയറ്റി. നാണംകൊണ്ടും ഭയംകൊണ്ടും വരാന്‍പോകുന്ന നിമിഷങ്ങളെക്കുറിച്ചുള്ള ആകാംക്ഷയാലും ഹൃദയമിടിപ്പ് കൂടിയിരുന്നു. കാഴ്ച്ചക്കാരില്‍ ഒന്നോരണ്ടോ പേരൊഴിച്ച് മറ്റെല്ലാവര്‍ക്കും അന്ന് 'ആദ്യരാത്രി'യായിരുന്നു..
ഒരു ദിവസം ജയരാജ് സ്വകാര്യമായി വന്നു പറഞ്ഞു: ധാരാവിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്റ്റുഡിയോയ്ക്ക് മുകളില്‍ രാത്രികാലങ്ങളില്‍ മാത്രം നീലച്ചിത്രങ്ങള്‍ കാണിക്കുന്നുണ്ട്. വരദരാജ മുതലിയാരുടെ ആള്‍ക്കാരാണ്. അതിനാല്‍ പോലീസ് പിടിക്കുമെന്ന് ഭയപ്പെടേണ്ട. നമുക്ക് പോയി കാണണം!
സയണ്‍ വെസ്റ്റില്‍ കുംഭര്‍വാഡാ റോഡിലെ, ലാല്‍ബാഗ് രാഘവ് എന്ന അധോലോക നായകന്റെ വൈന്‍ഷോപ്പിലും ജനറല്‍ സ്റ്റോറിലുമായി അയാളുടെ ആജ്ഞയ്ക്കനുസരിച്ച് മാറിമാറി ജോലിചെയ്യുകയായിരുന്നു ഞാന്‍. എന്നെ കൂടാതെ വേറേയും അനവധിപേര്‍.
(സംശയരോഗിയായ ആ മനുഷ്യന്‍, ഞാനയാളുടെ മകളെ പ്രണയിച്ചെന്ന് പറഞ്ഞ് പിന്നീടൊരിക്കല്‍ എന്നെ വെടിവെക്കുകയുണ്ടായി. മദ്യലഹരിയില്‍ ഉന്നം തെറ്റിപ്പാഞ്ഞ ആ വെടിയുണ്ട അന്നെന്റെ ജീവനെടുത്തില്ല എന്ന കാരണത്താല്‍ മാത്രം; അതുകൊണ്ടുമാത്രം, എനിക്കിപ്പോള്‍ ഇക്കഥകളൊക്കെ പറയാനാവുന്നു. ആ കഥ വിസ്തരിച്ച് ഞാനെന്റെ 'തെരുവില്‍ നിന്നൊരാള്‍' എന്ന പുസ്തകത്തിലൂടെ ഫലിപ്പിക്കാന്‍ നോക്കിയിട്ടുണ്ട്)
ബ്രാക്കറ്റില്‍ കൊടുത്ത കാര്യങ്ങളൊക്കെ എന്നിലെ കുടിലയൗവനത്തെക്കുറിച്ചുള്ള ഒരു പരോക്ഷ സൂചനയായി കണ്ടാല്‍ മതി. അല്ലാതെ വീമ്പുപറച്ചിലല്ല.
എനിക്കന്ന് ചെറുപ്രായം. മയക്കുമരുന്ന്, ജയില്‍, ദേശാടനം, ആശുപത്രിവാസം ഒക്കെ കഴിഞ്ഞ് ജീവിതത്തിലേക്കും ഉത്തരവാദിത്വത്തിലേക്കും ആനന്ദത്തിലേക്കും വായനയിലേക്കും തിരിച്ചെത്താന്‍ കൊതിക്കുന്ന കാലം. അക്കാലത്താണ് ചേട്ടന്റെ സഹായത്താല്‍ ലാല്‍ബാഗ് രാഘവിന്റെ അടുത്തെത്തുന്നത്.
നവീനമാതൃകയില്‍ പണിത ഒരു സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് ഞങ്ങള്‍ക്കന്ന് താമസിക്കാന്‍ കിട്ടിയിരുന്നു. അത് എന്നെ സംബന്ധിച്ചിടത്തോളം സ്വര്‍ഗ്ഗതുല്യമായിരുന്നു. മലയാളികളും തമിഴരുമായി കുറേ സുഹൃത്തുക്കള്‍. അതില്‍ ചിത്രകാരനും ഗായകനുമായ ഗോപിനാഥ് പാലയൂര്‍, നാടകനടന്‍ അശോക് കുമാര്‍ പാലയാട്, കോളയാട് സ്വദേശി വര്‍ഗ്ഗീസ്, കോഴിക്കോട്ടുകാരായ ദാമു, ജയന്‍, ശ്രീധരന്‍ തുടങ്ങി കുറേ കൂട്ടുകാര്‍ വേറെയും. അശോക് കുമാര്‍ അഭിനയിച്ച നാടകങ്ങളിലെ ചില ഭാഗങ്ങള്‍ രാത്രികാലങ്ങളില്‍ റേഡിയോ നാടങ്ങളാക്കി അഭിനയിച്ച് ഞങ്ങള്‍ ടേപ്പ്‌റിക്കോര്‍ഡറുകളില്‍ പകര്‍ത്തുക പതിവുണ്ടായിരുന്നു. അത്തരം അനേകം നാടകങ്ങള്‍ക്ക് പാട്ടെഴുതുകയായിരുന്നു എന്റെ ദൗത്യം.
ജോലിക്കാര്‍ താമസിച്ചാലും മുറികള്‍ പിന്നെയും ബാക്കിയാണ്. അങ്ങനെ ബാക്കി വരുന്ന മുറികളൊക്കെ പേയിങ്ഗസ്റ്റുകള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. ഗള്‍ഫിലേക്ക് പോകാന്‍ ബോംബെയില്‍ തങ്ങുന്നവരായിരുന്നു അവരില്‍ ഏറിയ പങ്കും.
തമിഴ്‌നാട് സേലം സ്വദേശി ജയരാജും ഷോപ്പിലെ ജോലിക്കാരനായി കൂടെയുണ്ട്. അന്ന്, ഒരു മലയാള പ്രസിദ്ധീകരണം മറുനാടന്‍ മലയാളികള്‍ക്കായി നടത്തിയ ലേഖനമത്സരത്തില്‍ പങ്കെടുത്ത് ഞാന്‍ വായനക്കാരുടെ ഇഷ്ടം നേടിയസമയം. അക്കാരണത്താല്‍ അപരിചിതരായ പല മലയാളികളും അന്ന് കാണാന്‍ വരുമായിരുന്നു.
ജയരാജിനെ ആ ലേഖനത്തില്‍ പ്രതിപാദിച്ചതിന്റെ നന്ദി തീര്‍ക്കാന്‍ അവനെന്നെ ഇടയ്ക്കിടെ ഭംഗിവാക്കുകള്‍ കൊണ്ട് സുഖിപ്പിക്കുക പതിവാണ്.
ഒരു ദിവസം ജയരാജ് സ്വകാര്യമായി വന്നു പറഞ്ഞു: ധാരാവിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്റ്റുഡിയോയ്ക്ക് മുകളില്‍ രാത്രികാലങ്ങളില്‍ മാത്രം നീലച്ചിത്രങ്ങള്‍ കാണിക്കുന്നുണ്ട്. വരദരാജ മുതലിയാരുടെ ആള്‍ക്കാരാണ്. അതിനാല്‍ പോലീസ് പിടിക്കുമെന്ന് ഭയപ്പെടേണ്ട. നമുക്ക് പോയി കാണണം!
ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമാണ് ധാരാവി. അധോലോകരും ചേരിനിവാസികളും പോലീസും അഴിഞ്ഞാടുന്ന സ്വതന്ത്രലോകം. രാവും പകലും സദാനേരവും ഉണര്‍ന്നിരിക്കുന്ന ലോകമാണത്. നിസ്സാരകാരണം മതി അതിന്റെ അന്തരീക്ഷം പുകഞ്ഞു കത്താന്‍.
ധാരാവി എന്നു കേട്ടപ്പോല്‍ എന്റെ ഉള്ളിലൊരു നിസ്സംഗത അനുഭവപ്പെട്ടു. വേണ്ടെന്ന് പറഞ്ഞിട്ടൊന്നും ജയരാജ് വിടുന്നമട്ടില്ല.
ആ രാത്രി ഞങ്ങള്‍ കുളിച്ചൊരുങ്ങി കൂട്ടുകാരെ കബളിപ്പിച്ച് പുറത്തിറങ്ങി. തെരുവുവെളിച്ചത്തിലൂടെ രണ്ടു ജാരന്മാരെപ്പോലെ നേരെ ധാരാവിയിലേക്ക് നടന്നു. ഏറിയാല്‍ 100 മീറ്റര്‍ നടക്കാനുള്ള ദൂരം. വഴിയിലൊക്കെ പരിചിതമുഖങ്ങള്‍. കുംഭര്‍വാഡ ഓവര്‍ബ്രിഡ്ജ് കയറിയിറങ്ങി രണ്ട് 'പുതിയാപ്ല'മാരും സ്റ്റുഡിയോയ്ക്ക് മുന്നിലെത്തി.
നടത്തിപ്പുകാരന്‍ അണ്ണന്‍ വൈന്‍ഷോപ്പില്‍ വരാറുള്ളതാണ്. പരിചയമുണ്ട്. രണ്ടും കല്‍പ്പിച്ച് ചോദിച്ചു: ''പടം പാക്കലാമാ?''
''വെയ്റ്റ് പണ്ണുങ്കോ'' എന്ന് മറുപടി കിട്ടി.
അപ്പോഴേക്കും ഞങ്ങളെപ്പോലെ വേറെയും 'കുറുനരികള്‍' സ്റ്റുഡിയോയ്ക്ക് ചുറ്റും മണം പിടിച്ചു നില്‍പ്പുണ്ടായിരുന്നു. പ്രതീക്ഷിച്ച പ്രേക്ഷകരെ കിട്ടിയപ്പോള്‍ സമയമായെന്ന് പറഞ്ഞ് അണ്ണന്‍ ഞങ്ങളെ സ്റ്റുഡിയോയ്ക്ക് മുകളിലെ തകരംമറച്ച ഇരുട്ടുമുറിയിലേക്ക് കയറ്റി. നാണംകൊണ്ടും ഭയംകൊണ്ടും വരാന്‍പോകുന്ന നിമിഷങ്ങളെക്കുറിച്ചുള്ള ആകാംക്ഷയാലും ഹൃദയമിടിപ്പ് കൂടിയിരുന്നു. കാഴ്ച്ചക്കാരില്‍ ഒന്നോരണ്ടോ പേരൊഴിച്ച് മറ്റെല്ലാവര്‍ക്കും അന്ന് 'ആദ്യരാത്രി'യായിരുന്നു..
.............................................
Read More : 'ചതുപ്പില്‍ കാലുകുത്തിയാല്‍ കാലുകള്‍ വെട്ടും, ആ ബിഹാരി ഞങ്ങളോട് മുരണ്ടു!
ഒച്ചയുണ്ടാക്കരുതെന്ന് താക്കീതു നല്‍കി അണ്ണന്‍ ചിലത് വിശദീകരിച്ചു തുടങ്ങി: ''പോലീസ് വരും. പിടിച്ചാല്‍ ചോദ്യം ചെയ്യും. അപ്പോള്‍ 'രാം തേരി ഗംഗാ മൈലി' എന്ന പടമാണെന്നേ പറയാവൂ''.
ഹിന്ദി അത്ര വശമില്ലാത്ത ജയരാജനെ ഞാന്‍ ആ പേര് നൂറുതവണ ചൊല്ലിക്കൊടുത്തു പഠിപ്പിച്ചു.
കാസറ്റ് വിസിപിയില്‍ കയറ്റി. ശ്വാസഗതി ആയിരം മടങ്ങ് വര്‍ദ്ധിച്ചുതുടങ്ങി. നിമിഷങ്ങള്‍ക്കകം, കളി തുടങ്ങും മുമ്പ് ചില തുണ്ടുകള്‍ വന്നുകൊണ്ടിരുന്നു. എന്നാല്‍ യഥാര്‍ത്ഥകാഴ്ചകള്‍ വരുന്നേയുണ്ടായിരുന്നു. ഇപ്പോള്‍ ഒരു മദാമ്മയും നീഗ്രോയുമാണ് സ്‌ക്രീനില്‍. പലരുടേയും നാവ് വരളുന്നു. ചിലര്‍ നാരങ്ങമിഠായി നുണയുന്നു. ഒരാള്‍ വിയര്‍ത്തുകുളിച്ച് കര്‍ച്ചീഫെടുത്ത് മുഖം തുടയ്ക്കുന്നു. ചിലരാകട്ടെ മദാമ്മയ്‌ക്കൊപ്പം താനാണെന്ന ധാരണയില്‍ ചെറുതായും, ചിലപ്പോഴൊക്കെ നിയന്ത്രണം വിട്ടും മുരളുന്നു. ബ്ലാക്ക് ആന്റ് വൈറ്റിന്റെ ശൗര്യമേ എന്ന് അത്ഭുതംകൂറി, മുന്നിലെ അണ്ണാച്ചിയുടെ തലയെ കാഴ്ചകള്‍ മറയാതിരിക്കാന്‍ ചെരിച്ചുപിടിച്ച് ഞങ്ങള്‍ ഇരുവരും ഇരുന്നു.
ഈയൊരു രാത്രിയല്ല ഇങ്ങനെ ഒരായിരം രാത്രികള്‍ ഇത്തരം കാഴ്ചകള്‍ കണ്ടിരിക്കാന്‍ കൊതിച്ചുപോയി. കളി അര മണിക്കൂര്‍ നീണ്ടുകാണും. പെട്ടെന്നാണ് ഇടിമിന്നലേറ്റപോലെ വൈദ്യുതി പോയത്. വിസിപിയുടെ നിയന്ത്രണം നിലച്ചു. ആരോ ഹരം മുറിഞ്ഞതിലെ നൈരാശ്യം അണ്ണനോടുള്ള കോപമാക്കി. അണ്ണന്‍ കാസറ്റ് ഊരിയെടുക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും പറ്റുന്നില്ല! തകരവിടവിലൂടെ പുറത്തേക്കു നോക്കിയതും പോലീസ് എന്ന് നിലവിളിച്ച് അണ്ണന്‍ നിലത്തുവീണുപോയി.
പോലീസുകാര്‍ വന്ന് കോണിപ്പടിയോട് ചേര്‍ന്നുള്ള സ്വിച്ച് ബോര്‍ഡില്‍ നിന്നും വൈദ്യുതി വിച്ഛേദിച്ചിരിക്കുന്നു. ദൈവമേ... ഞങ്ങള്‍ ധാരാവി പോലീസ് സ്റ്റേഷനിലെ ലോക്കപ്പും, നാളെ വിളിച്ചിറക്കാന്‍ വരുന്ന ബന്ധുക്കളെക്കുറിച്ചും ഓര്‍ത്ത് നടുങ്ങാന്‍ തുടങ്ങി.
ആരും ശബ്ദിക്കരുതെന്നും പോലീസ് കതകില്‍ മുട്ടിയാല്‍ തുറക്കരുതെന്നും അണ്ണന്‍ കരഞ്ഞുപറഞ്ഞു.
നിമിഷങ്ങള്‍ ഇഴഞ്ഞുപോയി. കൂരിരുട്ട്. ആരും അനങ്ങുന്നില്ല.
''വാ, വഴിയുണ്ട്''.
ഞാന്‍ ജയരാജന്റെ കൈപിടിച്ച് ഇരുട്ടിലൂടെ കോണിപ്പടിയില്‍ വന്നിരുന്നു. തകരത്തുളയിലൂടെ റോഡിലേക്ക് നോക്കി. പുറംതിരിഞ്ഞ വെങ്കലപ്രതിമ കണക്കെ ലാത്തികള്‍ നിലത്തൂന്നി തെരുവുവെളിച്ചത്തില്‍ രണ്ട് പോലീസുകാര്‍ റോഡില്‍ കാവല്‍നില്‍ക്കുന്നു! കതക് തുറക്കുംവരെ പോകില്ലെന്ന വാശിയില്‍.
ഞാന്‍ ജയരാജന്റെ കൈപിടിച്ച് കോണിയിറങ്ങി വന്ന് താഴത്തെ പടിയിലിരുന്ന് പുറത്തേക്ക് നോക്കിക്കൊണ്ടേയിരുന്നു. ഒരു നിമിഷം, അതുവഴി വണ്ടിയിലെത്തിയ ആരോടോ സംസാരിക്കാനായി പോലീസുകാര്‍ അല്പം മുന്നോട്ടുചെന്നു. ആ നിമിഷം അവരുടെ ശ്രദ്ധപാളി. ഞങ്ങള്‍ ഒറ്റഞൊടിയില്‍ തകരവാതിലിന്റെ കൊളുത്ത് വലിച്ചൂരി പുറത്തേക്ക് ചാടി. ഒരു മിസൈലിനുപോലും ആ വേഗതയെ മറികടക്കാനാവില്ലായിരുന്നു. പോലീസുകാരുടെ ശ്രദ്ധ പതിയുംമുമ്പേ ഞങ്ങള്‍ പാലം കടന്ന് താമസസ്ഥലത്തെ മതിലുചാടി കോമ്പൗണ്ടിലെത്തിക്കഴിഞ്ഞിരുന്നു
.......................................
Read More : മുംബൈ നഗരത്തെ കിടുകിടാ വിറപ്പിച്ചിരുന്ന ചില അധോലോക നായകന്മാര്‍...
.......................................
പിറ്റേന്ന് കാലത്ത് അണ്ണന്‍ വൈന്‍ഷോപ്പ് തുറക്കുന്നതും കാത്ത് റോഡില്‍ നിന്നു. എന്നെ കണ്ടതും കോളറില്‍ തൂക്കി അറപ്പുളവാക്കുന്ന തമിഴ്‌മൊഴികളില്‍ പുലയാട്ടു തുടങ്ങി. ആളുകള്‍ കൂടാതിരിക്കാന്‍ എന്നെ ഷോപ്പിന് പിറകിലേക്ക് വലിച്ചുകൊണ്ടുപോയി.
നഷ്ടപരിഹാരം വേണം. കാസറ്റും വിസിപിയും പോലീസുകാര്‍ കൊണ്ടുപോയിരിക്കുന്നു. അണ്ണന്‍ ഉറഞ്ഞുതുള്ളുകയാണ്. തല്ലിയാല്‍ തിരിച്ചുതല്ലാനൊരുങ്ങി ഞാനും. അപ്പോഴേക്കും എന്റെ മാനേജര്‍ റൊമാരിയോ ഇടപെട്ടു. നഷ്ടപരിഹാരത്തിനായി പത്തുദിവസത്തെ അവധി വാങ്ങിച്ചുതന്നു.
ഒരാഴ്ച കഴിഞ്ഞില്ല. അണ്ണന്‍ ഷോപ്പിലേക്ക് വന്നു. മുഖത്ത് അടക്കിപ്പിടിച്ച ചിരി കണ്ടു. കാസറ്റും വിസിപിയും തിരിച്ചു കിട്ടി എന്നു പറയാനാണ് വന്നത്. ഇനി പുതിയ പടങ്ങള്‍ വന്നാല്‍ പോലീസുകാര്‍ക്ക് സൗജന്യമായി കാണാന്‍ കൊടുക്കണമെന്ന ധാരണയിലാണത്രേ തൊണ്ടിമുതലുകള്‍ തിരിച്ചുകൊടുത്തത്... അത്രയും ദിവസങ്ങള്‍ അവരത് കണ്ടുകൊണ്ടിരിക്കുകയായിരുന്നു.
ഹാവൂ, ഒരാഴ്ചയായി നിലച്ചിരുന്ന എന്റെ ശ്വാസഗതിയെ ഒന്നിച്ച് ഞാന്‍ അകത്തേക്കെടുത്തു. അണ്ണന്‍, റൊമാരിയോ സാറിനും എനിക്കും കൈതന്നു പിരിഞ്ഞു.
പോലീസുകാരെ കുറ്റപ്പെടുത്തില്ല. കാരണം അവരും മനുഷ്യരല്ലേ. ഞങ്ങളെപ്പോലെ അവര്‍ക്കും അത് നാടാടെയായിരിക്കണം...