മനുഷ്യരും മൃഗങ്ങളും പക്ഷികളുമടക്കം സകലജീവികളും അന്ധരായി മാറുന്ന ഗ്രാമം!
അതേസമയം ഗവേഷകർ ഈ ഐതിഹ്യമൊന്നും വിശ്വസിക്കാൻ തയ്യാറല്ല. ആളുകളുടെ അന്ധതയ്ക്ക് പിന്നിൽ വൃക്ഷമൊന്നുമല്ലെന്ന് അവർ പറയുന്നു. പകരം ഗ്രാമത്തിലുള്ള അപകടകരവും വിഷമുള്ളതുമായ ഒരു ഈച്ച മൂലമാണ് ഇത് സംഭവിക്കുന്നതെന്ന് അവർ കരുതുന്നു.
ഇന്നും ശാസ്ത്രീയമായി വിശദീകരണം നല്കാൻ കഴിയാത്ത നിരവധി കാര്യങ്ങളുണ്ട് ലോകത്തിൽ. ചിലതൊന്നും നമ്മുടെ യുക്തിക്ക് നിരക്കാത്തതായിരിക്കും. മെക്സിക്കോ(Mexico)യിൽ അത്തരമൊരു ഗ്രാമമുണ്ട്. അവിടത്തെ പ്രത്യേകത അവിടെ എല്ലാവരും അന്ധരാണ് എന്നതാണ്. പറയുന്നത് മനുഷ്യരുടെ കാര്യം മാത്രമല്ല, മൃഗങ്ങളും, പക്ഷികളും എല്ലാം അന്ധരാണ്. മെക്സിക്കോയിൽ സ്ഥിതി ചെയ്യുന്ന ടിൽടെപെക് ഗ്രാമത്തെ (Tiltepec Village) 'അന്ധരുടെ ഗ്രാമം' (Blind Village) എന്നാണ് വിളിക്കുന്നത്.
ഒരുപക്ഷേ ലോകത്തിൽ ഇത്തരത്തിലുള്ള ഏക ഗ്രാമവും ഇതാകാം. എന്നാൽ, ഏറ്റവും സങ്കടകരമായ കാര്യം, ഗ്രാമത്തിലുള്ള ആരും ജന്മനാൽ അന്ധരല്ല എന്നതാണ്. ഇവിടെ ജനിക്കുന്ന ഓരോ കുട്ടിയും പൂർണ ആരോഗ്യത്തോടെയാണ് ജനിക്കുന്നത്. എന്നാൽ, ജനിച്ച് ദിവസങ്ങൾക്കുളിൽ അവരുടെ കാഴ്ചശക്തി ഇല്ലാതാകുന്നു. അവർ അന്ധരായി മാറുന്നു. കേൾക്കുമ്പോൾ അവിശ്വസനീയമെന്ന് തോന്നാം. പക്ഷേ, സംഭവം സത്യമാണ്. ലോകത്തിലെ ഏറ്റവും നിഗൂഢമായ ഗ്രാമങ്ങളിലൊന്നാണ് ടിൽടെപാക് ഗ്രാമം. സപോട്ടെക് ഗോത്രത്തിലുള്ളവരാണ് അവിടെ താമസിക്കുന്നത്. നമ്മുടെ ചിന്തയ്ക്ക് അപ്പുറമുള്ള കാര്യങ്ങൾ വരുമ്പോൾ പലപ്പോഴും അതിനൊരു വിശദീകരണം കണ്ടെത്താൻ നമ്മൾ സ്വയം ശ്രമിക്കാറുണ്ട്.
ഈ ഗ്രാമത്തിലുള്ളവരും തങ്ങൾക്ക് എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്നറിയാൻ ആഗ്രഹിച്ചു. തങ്ങളുടെ അന്ധതയ്ക്ക് കാരണം ഗ്രാമത്തിലെ ഒരു ശപിക്കപ്പെട്ട വൃക്ഷമാണ് എന്നവർ കരുതി. ലാവസുവേല എന്നാണ് ആ മരത്തിന്റെ പേര്. അതിനെ കാണുന്ന എല്ലാവരും അന്ധരാകുമെന്നവർ ചിന്തിച്ചു. മനുഷ്യനും മൃഗങ്ങളും പക്ഷികളും എല്ലാം അന്ധരായി മാറുന്നത് ഇത് കാരണമാണെന്ന് അവർ വിശ്വസിച്ചു. വർഷങ്ങളായി ഈ മരം ഈ ഗ്രാമത്തിൽ ഉണ്ട്. എന്നാൽ പിന്നെ അത് വെട്ടിക്കളഞ്ഞാൽ പോരെ എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. അതിനും നിർവ്വാഹമില്ലെന്നാണ് നാട്ടുകാരുടെ വാദം. കാരണം മരം മുറിച്ചാൽ ഗ്രാമത്തിൽ ദുരന്തങ്ങൾ ഉണ്ടാകുമെന്ന് അവർ ഭയപ്പെടുന്നു. ഇത് വെറും അന്ധവിശ്വാസമാണെന്ന് പലരും വിശ്വസിക്കുന്നുണ്ടെങ്കിലും, ഈ മരം വെട്ടാൻ ആരും ധൈര്യപ്പെടുന്നില്ല.
അതേസമയം ഗവേഷകർ ഈ ഐതിഹ്യമൊന്നും വിശ്വസിക്കാൻ തയ്യാറല്ല. ആളുകളുടെ അന്ധതയ്ക്ക് പിന്നിൽ വൃക്ഷമൊന്നുമല്ലെന്ന് അവർ പറയുന്നു. പകരം ഗ്രാമത്തിലുള്ള അപകടകരവും വിഷമുള്ളതുമായ ഒരു ഈച്ച മൂലമാണ് ഇത് സംഭവിക്കുന്നതെന്ന് അവർ കരുതുന്നു. ഗ്രാമത്തിൽ ഈ ഈച്ചയെ ധാരാളമായി കാണാം. ഈ വിഷമുള്ള ഈച്ച മനുഷ്യരെ കടിക്കുകയും, ഇതോടെ അവർ അന്ധരായി മാറുകയും ചെയ്യുന്നു. കണ്ണുകളുടെ കാഴ്ചശക്തി ഇല്ലാതാക്കാൻ മാത്രം വിഷമുണ്ട് ഈ ഈച്ചകൾക്ക് എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഗ്രാമത്തിലെ എല്ലാ ആളുകളും കുടിലിലാണ് താമസിക്കുന്നത്. എഴുപതോളം കുടിലുകളിൽ ഏകദേശം മൂന്നൂറോളം ആളുകളാണ് താമസിക്കുന്നത്. പുറത്തേക്കിറങ്ങാൻ ഒരു വാതിലൊഴിച്ച്, ജനാലകളൊന്നുമില്ല എന്നതാണ് ഈ കുടിലുകളുടെ പ്രത്യേകത.
മെക്സിക്കൻ സർക്കാർ ഈ ഗ്രാമത്തെ കുറിച്ച് അറിഞ്ഞ ശേഷം, ഗ്രാമവാസികളെ അവിടെ നിന്ന് ഒഴിപ്പിക്കാൻ ഒരു ശ്രമം നടത്തിയിരുന്നു. എന്നാൽ, അവർക്ക് അവിടം വിട്ടൊരു ജീവിതമുണ്ടായിരുന്നില്ല. മാത്രവുമല്ല, പുതിയ ഇടത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ അവർക്ക് കഴിഞ്ഞില്ല. ഇതോടെ സർക്കാരിന് ആ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു.