മറ്റ് ജീവജാലങ്ങള്‍ക്കൊപ്പം എങ്ങിനെ ജീവിക്കാം?

മറ്റു ജീവജാലങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെയും, അവ നമുക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും എങ്ങിനെയാണ് നമുക്ക് നമ്മുടെ വീട്ടില്‍ ജീവിക്കാനാകുക?അവയോരോന്നിനേയും അറിയുക എന്നതാണ് വഴി.

biodiversity for kids by Dr TV Sajeev

കുട്ടികളോട് പ്രകൃതിയെക്കുറിച്ചും പ്രപഞ്ചത്തിലെ അപാരമായ ജൈവവൈവിധ്യത്തെക്കുറിച്ചും പറയുന്ന കുറിപ്പാണിത്.  തൊട്ടടുത്തുള്ള ജീവജാലങ്ങളെ നിരീക്ഷിക്കാനും അതുവഴി പ്രകൃതിയുടെ അത്ഭുതങ്ങളിലേക്കുള്ള വാതില്‍ തുറക്കാനുമാണ് തൃശൂര്‍ പീച്ചിയിലെ കേരള വനഗവേഷണ കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. ടി സജീവ് ഈ കുറിപ്പില്‍ പറയുന്നത്. ചിത്രങ്ങള്‍: അപ്പുണ്ണി സജീവ്. 

 

biodiversity for kids by Dr TV Sajeev
 

പ്രിയ കൂട്ടുകാരെ,

ഈ ലേഖനം വായിച്ചാല്‍ ക്വിസ് മത്സരത്തിനോപരീക്ഷകള്‍ക്കോഒരിത്തിരിയെങ്കിലും മാര്‍ക്ക് കൂടുതല്‍ കിട്ടും എന്ന് കരുതരുത്. അതല്ലാതെയുള്ള പലവിധങ്ങളായ അറിവും രസങ്ങളും ഉണ്ടായേക്കാം എന്നേ കരുതേണ്ടതുള്ളു.സസ്യങ്ങളും ജന്തുക്കളും സൂക്ഷ്മജീവികളും മാത്രമല്ല മനുഷ്യനും കൂടിചേരുന്ന ജീവന്റെ പലവിധങ്ങളായുള്ള ആവിഷ്‌കാരങ്ങളെ ഒരുമിച്ച് ചേര്‍ത്തുവിളിക്കുന്ന പേരാണ് ജൈവവൈവിധ്യം എന്ന് നിങ്ങള്‍ക്കറിയാം. 

പുഴയിലെയും സമുദ്രത്തിലെയും കാടുകളിലേയുമുള്ളഇനിയും നമ്മള്‍ തിട്ടപ്പെടുത്തിയിട്ടില്ലാത്ത ജൈവവൈധ്യത്തെകുറിച്ചുംനിങ്ങള്‍ അറിഞ്ഞിട്ടുണ്ടാകും ജൈവവൈധ്യ കലവറയായ പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും നിങ്ങള്‍ക്കറിയാം. ലോകത്തെ ഏറ്റവും ജൈവസമ്പന്നമായ ആവാസവ്യവസ്ഥകളെക്കുറിച്ചും അവിടെയുള്ള ജീവജാലങ്ങളെ സംരക്ഷിക്കുവാനുള്ള നിരവധിയായ പ്രവര്‍ത്തനങ്ങളെക്കുറിച്ചും നിങ്ങള്‍ കേട്ടിട്ടുണ്ടാകും. ഈ ഭൂമി നമ്മുടെ മാത്രമല്ല പുല്ലിനും പുഴുവിനും പുല്‍ച്ചാടിക്കുമൊക്കെ അവകാശപ്പെട്ടതാണെന്ന് നമ്മുടെ പ്രിയപ്പെട്ട കഥാകാരനായ വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയിട്ടുള്ളതും നിങ്ങള്‍ വായിച്ചിട്ടുണ്ടാകും. ജൈവവൈവിധ്യത്തിന്റെ പ്രാധാന്യവും ഉപയോഗങ്ങളൊക്കെ നന്നായി പഠിച്ചിട്ടുള്ള നമ്മള്‍ പക്ഷെ അവര്‍ക്ക് ജീവിക്കാന്‍ എത്രമാത്രം സ്ഥലം കൊടുക്കുന്നുണ്ട്?

അരികിലെത്തുന്ന ജൈവവൈവിധ്യങ്ങള്‍

ഓരോ ദിവസവും,ഓരോ നിമിഷവും നമുക്ക് ചുറ്റുമുള്ള ജൈവവൈവിധ്യം നമ്മുടെ അടുത്തേക്ക് വരുവാന്‍ ശ്രമിക്കുന്നുണ്ട്. അതുകൊണ്ടാണ് എന്നും രാവിലെ നമ്മുടെ വീട്ടിലെ ഒരാള്‍ മുറ്റമടിക്കേണ്ടി വരുന്നത്. പുല്‍നാമ്പുകള്‍ മുറ്റത്ത് മുളപൊട്ടുന്നുണ്ടാവും,കരിയിലകള്‍ വന്നു വീണിട്ടുണ്ടാവും. നിലത്തു പടരുന്ന വള്ളികള്‍ മുറ്റത്തേക്ക് കയറുവാന്‍ ശ്രമിക്കുന്നുണ്ടാകും. ഇങ്ങനെയൊക്കെ നമ്മുടെ അടുത്തേക്ക് വരുന്നപ്രകൃതിയെ,ഇങ്ങോട്ടു വരണ്ട എന്ന് പറഞ്ഞു പിടിച്ച് പുറത്താക്കുന്ന പരിപാടിയാണ് മുറ്റമടിക്കല്‍. എങ്കിലും ഈ പ്രകൃതിവിരുദ്ധ പരിപാടിയെ മറികടന്നും നമ്മുടെ വീടിനടുത്തേക്കും വീടിനുള്ളിലേക്കും തന്നെ വന്നെത്തുന്ന വലിയൊരു ജൈവവൈവിധ്യമുണ്ട്. ഒരിത്തിരി മധുരമുള്ള എന്തെങ്കിലും താഴെവീണാല്‍ ഓടിയെത്തുന്ന ഉറുമ്പുകളുണ്ട്. പല സമയത്തായി പല വലുപ്പത്തിലും നിറത്തിലും ആകൃതിയിലുമുള്ള ഉറുമ്പുകളെ നിങ്ങള്‍ കണ്ടിട്ടുണ്ടാകാം. എവിടെ നിന്നാണ് ഇവര്‍ ഓടിയെത്തുന്നത്?അവര്‍എവിടെയാണ് താമസം?ഈ മധുരം ഇപ്പോള്‍ വീണില്ലായിരുന്നുവെങ്കില്‍അവര്‍ എന്തു ഭക്ഷണമാണ് കഴിക്കുക?ഒരിത്തിരി സമയം അവരോടൊപ്പം ചിലവഴിച്ചാല്‍ ഉത്തരം കണ്ടെത്താവുന്ന ചോദ്യങ്ങളാണ് ഇതൊക്കെ.

ഭൂമിയിലൊരിടംനമുക്ക് ജീവിക്കാനായി തിരഞ്ഞെടുത്തുകഴിയുമ്പോഴും ആ സ്ഥലത്തിന് അവകാശവുമായി ജൈവവൈവിധ്യത്തിന്റെ പ്രതിനിധികളായ പലരും അങ്ങോട്ടേയ്‌ക്കെത്തും. അവരോട് നമ്മള്‍ എങ്ങനെയാണ് പ്രതികരിക്കുക?വരുന്നവരൊക്കെ പലവിധ സ്വഭാവങ്ങള്‍ ഉള്ളവരാകും. അതുകൊണ്ട് അതിനനുസരിച്ചാവണം നമ്മുടെ പ്രതികരണങ്ങളും. 

 

biodiversity for kids by Dr TV Sajeev

ചിത്രങ്ങള്‍: അപ്പുണ്ണി സജീവ് 

 

കുഴിയാന വളര്‍ന്നാല്‍ തുമ്പിയാകില്ല

മുറ്റത്തും വീടിനോട് ചേര്‍ന്നും ഇത്തിരിയെങ്കിലും മണലോ,നനവില്ലാത്ത തരി തരിയായ മണ്ണോ ഉണ്ടെങ്കില്‍ അവിടെ താമസമുറിപ്പിക്കുന്ന കുഴിയാനകളെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ അവയുടെ കുഴികളെങ്കിലും കണ്ടിട്ടുണ്ടാകും. രസമാണതിനെ നീരിക്ഷിക്കാന്‍-അത് ഇരപിടിക്കുന്നതും വളര്‍ന്നുവലുതാകുന്നതും. 

കേരളത്തിലെ ഏതൊരു വീട്ടിലും സമൃദ്ധമായി കാണപ്പെടുന്ന കുഴിയാനകള്‍ വലിയ ചിറകുകളുള്ള ന്യൂറോപ്‌റ്റെറ എന്ന വിഭാഗത്തില്‍ പെട്ട ശലഭങ്ങളുടെ ആദ്യ ജീവിതകാലമാണ്. വളര്‍ന്ന് കഴിയുമ്പോള്‍ അവ ശലഭമായി പറന്നു പോവുകയും ചെയ്യും. ഇതിനെക്കുറിച്ച് മലയാളത്തില്‍ ഒരു സിനിമയും ഉണ്ടായിരുന്നു. പക്ഷെ ആ സിനിമയില്‍ പറയുന്നത് കുഴിയാന വളര്‍ന്ന് തുമ്പിയായി മാറുമെന്നാണ്. തെറ്റായിരുന്നു അത്. 

തുമ്പികള്‍ വെള്ളത്തിലാണ് മുട്ടയിടുക. ചെറിയ കുളങ്ങളിലെ ജലവിതാനത്തിന് മുകളില്‍ പറന്ന് നടക്കുകയും ഇടയ്ക്കിടെ താഴെ ജലത്തില്‍ ഒന്ന് മുട്ടി വീണ്ടുംപറന്നുപോവുകയും ചെയ്യുന്ന തുമ്പിക്കൂട്ടങ്ങളെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. പല പ്രാവശ്യം ഇങ്ങനെ ജലത്തില്‍ തൊടുന്നത് കുളത്തിലെ മീനുകളെ പറ്റിക്കാനാണ്. ഓരോ പ്രാവശ്യം തുമ്പി വന്ന് മുട്ടി ജലംഇളകുമ്പോഴുംമീനുകള്‍ ഏതെങ്കിലും ഭക്ഷണമാണെന്ന്കരുതി അങ്ങോട്ടേയ്ക്ക് നീന്തിയെത്തും. ഒന്നും കിട്ടുന്നില്ല എന്നറിഞ്ഞ് പിന്നെ മീനുകള്‍ ശ്രദ്ധിക്കാതാകുമ്പോഴാണ് തുമ്പി മുട്ടയിടുക.തന്റെമുട്ട മീനുകള്‍ തിന്നാതിരിക്കാനായുള്ള അമ്മത്തുമ്പിയുടെ കരുതലാണിത്. 

ഈകഥയൊന്നുമറിയാതെ സിനിമ പിടിക്കാന്‍ പോയത്‌കൊണ്ടാണ് ആ സിനിമയാകെ തെറ്റായി മാറിയത്. സംവിധായകനോ സ്‌ക്രിപ്റ്റ് എഴുതിയിട്ടുള്ള ആളോ ചെറുപ്പത്തില്‍,നിങ്ങളുടെ പ്രായമായിരുന്നപ്പോള്‍ ചുറ്റുമുള്ള പ്രകൃതിയെയും അതിന്റെ ജൈവവൈവിധ്യത്തേയും നീരീക്ഷിച്ചിരുന്നില്ലെന്ന് വ്യക്തം. കണ്ണിലിത്തിരി കരട് പോയാലും കുഴപ്പമില്ല,മുട്ടുകുത്തി ഇരുന്ന് കുഴിയാനയുടെ കുഴിയിലൊന്ന് ഊതി നോക്കുക,ഫണല്‍ പോലുള്ള ആ കുഴിയുടെ കൂര്‍ത്ത അടിത്തട്ടില്‍ ഒരനക്കം കാണാം. പതുക്കെ ഒരീര്‍ക്കിലികൊണ്ട് ഒന്നിളക്കിനോക്കിയാല്‍ കുഴിയാനയെ കാണുകയും ചെയ്യാം. പതുക്കെ കൈയിലേക്കെടുത്താല്‍ അതിന്റെ നനുത്ത സ്പര്‍ശം അറിയുകയുമാവാം.തിരിച്ചു കുഴിയിലേക്കിട്ടാല്‍ അത് പെട്ടെന്ന് കുഴിയുടെതാഴെയെത്തി മണലകത്തിഉള്ളിലേയ്ക്ക്നൂഴ്ന്നുപോകുന്നതുംകാണാം.

പിന്നെ എപ്പോഴേങ്കിലും ഒരുറുമ്പ് വന്ന് ആ കുഴിയിലേക്ക് വീഴും. അതിന്റെയിടയില്‍ അതോടൊപ്പം വീഴുന്ന മണല്‍ത്തരികളുടെയുംശബ്ദമറിഞ്ഞാണ് ആ കുഴിയാന പുറത്തെത്തി ഉറുമ്പിനെയും പിടിച്ച് കുഴിയുടെ അടിയില്‍,മണ്ണിനടിയില്‍ പിന്നെയും ഒളിക്കുക. ചെറിയ കുഞ്ഞുങ്ങള്‍ക്ക് കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ വെയ്ക്കുന്ന വലപോലൊന്ന് ചെറുതായുണ്ടാക്കി കുഴിക്ക് മുകളില്‍ വെച്ചാല്‍ കുറച്ചുനാള്‍ കഴിഞ്ഞ് പുറത്തു വരുന്ന വലിയ ചിറകുകളുള്ള ന്യൂറോപ്റ്ററന്‍ ശലഭത്തെ കാണുകയുമാവാം. കുഴിയാന വളര്‍ന്ന് തുമ്പിയാകും എന്ന അസംബന്ധം കണ്ടുതന്നെ ഇല്ലാതാക്കുകയുമാവാം.

പാമ്പുകള്‍ എങ്ങനെയാണ് ശരീരം അഴുക്കില്ലാതെ സൂക്ഷിക്കുന്നത്? 

പണ്ട് നിങ്ങളുടെ പ്രായത്തില്‍ ഒരവധിദിവസം ഉച്ചയ്ക്ക് വായിച്ചു കൊണ്ട് കിടന്ന് ഉറങ്ങിപ്പോയി. 'ഇങ്ങോട്ടല്ല,അങ്ങോട്ട് പോ' എന്നൊക്കെ പറയുന്ന ശബ്ദം കേട്ടാണ് എഴുന്നേറ്റത്. കിടന്നു കൊണ്ട് തന്നെ ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോള്‍ അമ്മയാണ്. ആരോടാണ് അമ്മ സംസാരിക്കുന്നത്?

ചോദിച്ചപ്പോഴാണ് അറിയുന്നത്, അതൊരു ചേരയോടാണ്. ഇഞ്ചി നട്ടിട്ട് അതിന് പുറത്ത് ഓല വെച്ചിരിക്കുന്നതിനടിയിലൂടെ വീടിനകത്തേക്ക്വന്നുകൊണ്ടിരുന്ന ചേരയോട് അമ്മ സംസാരിക്കുകയാണ്. വീട്ടില്‍ അച്ഛനും അമ്മയും അനിയത്തിയും മാത്രമല്ല വേറെയും ധാരാളം ജീവികളുണ്ട്. അവരോടും കൂടിച്ചേര്‍ന്നാണ് നമ്മള്‍ ജീവിക്കുന്നതെന്ന ബാലപാഠങ്ങള്‍ പഠിച്ചിരുന്ന നാളുകളാണത്.

നമ്മളെപ്പോലെ ശരീരത്തിലെ ചൂടു നിലനിര്‍ത്തുവാനുള്ള സംവിധാനങ്ങളില്ലാത്ത ജീവികളാണ് പാമ്പുകള്‍. അതുകൊണ്ട് സൂര്യന്‍ ഉയര്‍ന്നുവന്ന് അത്യാവശ്യം വെയിലിന് ചൂടാകുമ്പോഴും നട്ടുച്ച കഴിഞ്ഞ് വെയിലാറാന്‍ തുടങ്ങുമ്പോഴുമൊക്കെ നന്നായി വെയില്‍ കിട്ടാവുന്ന വരാന്തയിലൊക്കെ അവര്‍ വന്നു കിടക്കും. വീടിന് അതിലും നല്ല കാവല്‍ കിട്ടാനില്ല. എപ്പോഴും മണ്ണിലൂടെ ഇഴഞ്ഞുമാത്രം നടക്കാന്‍ കഴിയുന്ന അവയുടെ ശരീരം ശ്രദ്ധിച്ചിട്ടുണ്ടോ?ഒരിത്തിരി പോലും മണ്ണോ അഴുക്കോ ഉണ്ടാവില്ല. എങ്ങനെയാണ് അവരിത്ര വൃത്തിയായി ശരീരം സൂക്ഷിക്കുന്നത്?എവിടെയാണവരുടെ മാളങ്ങള്‍?

പ്രധാനമായ മറ്റൊരു കാര്യം അവര്‍ക്ക് വലുതാകണമെങ്കില്‍ അവരുടെ ത്വക്കത്രയും പൊഴിച്ചു കളയണമെന്നതാണ്. താമസിക്കുന്ന മാളത്തിനകത്ത് വെച്ച് ചെയ്യാനാകുന്ന കാര്യമല്ല അത്. എവിടെയെങ്കിലുമൊക്കെ മുറുക്കിപ്പിടിച്ചിട്ടുവേണം പഴയ ത്വക്കില്‍നിന്ന് ഇറങ്ങിവരാന്‍. അതിനുള്ള സ്ഥലമെവിടെയാണ്?വിറകുപുരയിലും അനക്കമില്ലാത്ത ഇടങ്ങളിലും പാമ്പിന്റെ പടമെന്ന് വിളിക്കുന്ന, ഒഴിവാക്കിയ ത്വക്ക് കാണുന്നതിന്റെ കാരണംഇതാണ്. 

അതിനുള്ള സ്ഥലം ഇല്ലാതാകുമ്പോഴാണ് പലപ്പോഴും അവ വീട്ടിനുള്ളില്‍ കയറുക,നല്ല ഒരു സ്ഥലം അനേഷിച്ച്. ആ സമയത്ത് അവയ്ക്ക് കാഴ്ചയും കുറവായിരിക്കും- കട്ടിയേറിയ കണ്‍പോളകളിലെ ശല്‍ക്കങ്ങള്‍ കാരണം. 

 

biodiversity for kids by Dr TV Sajeev

ചിത്രങ്ങള്‍: അപ്പുണ്ണി സജീവ് 

 

സര്‍പ്പക്കാവ് കൊണ്ട് എന്താണ് ഗുണം? 
ജൈവവൈവിധ്യത്തോടൊപ്പം ജീവിക്കുക എന്നാല്‍ നിരവധി ജീവജാലങ്ങള്‍ക്ക് ആവശ്യമായ ആവാസ വ്യവസ്ഥകള്‍ ഒരുക്കുക എന്നത് കൂടിയാണ് അര്‍ത്ഥം.സര്‍പ്പക്കാവുകളുടെപ്രധാന ധര്‍മ്മവും അതായിരുന്നു. പാമ്പുകള്‍ക്ക് സമാധാനമായി ജീവിക്കാം. വള്ളിപ്പടര്‍പ്പുകളിലും മരവേരുകളിലും ചില്ലകളിലും ചുറ്റിപ്പിണഞ്ഞു പടം പൊഴിക്കാം. കൃത്യമായ താപക്രമീകരണമുള്ള ചിതല്‍ പുറ്റിനുള്ളില്‍ മുട്ടയിടാം. പക്ഷെ ചെറുവലിപ്പമുള്ളവീടുകളുടെ,പുരയിടങ്ങളില്‍ തന്നെയുണ്ടായിരുന്ന സര്‍പ്പക്കാവുകള്‍ പാമ്പുകള്‍ക്ക് മാത്രമുണ്ടായിരുന്നതല്ല. ഓന്തിനും അരണയ്ക്കും വണ്ടുകള്‍ക്കും ശലഭങ്ങള്‍ക്കും തവളകള്‍ക്കും പക്ഷികള്‍ക്കും ചെറുസസ്തനികള്‍ക്കും വവ്വാലുകള്‍ക്കുമൊക്കെ ഇടമുണ്ടായിരുന്നു അവിടങ്ങളില്‍. 

ചുറ്റുമുള്ള പുരയിടത്തിലും കൃഷിയിടത്തിലുമുള്ള എലിയടക്കമുള്ള പലരുടെയും എണ്ണം ഒരു പരിധിക്കപ്പുറംപെരുകിതങ്ങള്‍ക്ക്പ്രശ്‌നമാകാതെനോക്കിയിരുന്നത് ഈ കാവുകളിലെ വിവിധങ്ങളായ ജീവികളായിരുന്നു. നിങ്ങള്‍ക്കറിയാവുന്നത് പോലെ വിശ്വാസത്തെ മുന്‍നിര്‍ത്തിയായിരുന്നു സര്‍പ്പക്കാവുകള്‍ സംരക്ഷിക്കപ്പെട്ടിരുന്നത്. അതുകൊണ്ട് തന്നെ അവിടേക്ക് വര്‍ഷത്തിലൊരിക്കലല്ലാതെ ആരും കയറിയിരുന്നില്ല. അവിടെ നിന്നും ചെടികളെടുത്തിരുന്നില്ല. മരം മുറിച്ചിരുന്നുമില്ല. 

എന്നാല്‍ ജനസംഖ്യ വര്‍ദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ഈ വിശ്വാസം കാലുമാറുന്നതാണ് നമ്മള്‍ കണ്ടത്. സര്‍പ്പക്കാവില്‍ നിന്ന് സര്‍പ്പത്തെ ആവാഹിച്ച് കുടത്തിലാക്കി അടുത്തുള്ള അമ്പലത്തില്‍ കൊണ്ടുപോയി സ്ഥാപിച്ചാല്‍ പിന്നെ സര്‍പ്പക്കാവ് വെട്ടാമെന്ന് തന്ത്രിവിധിയുണ്ടാക്കപ്പെട്ടു. ഇതു കൊണ്ടാണ് നമുക്ക്ഇത്തരംവിശ്വാസങ്ങളെവിശ്വസിക്കാനാകാത്തത്. അത് ജനങ്ങളെശരിയായ കാഴ്ചകളിലേക്ക് നയിക്കുകയല്ല,മറിച്ച് ജനങ്ങളുടെ ഇഷ്ടമനുസരിച്ച് മാറ്റിയെഴുതപ്പെടുകയാണ്. ചില ആചാരങ്ങള്‍ നല്ലതിനായി വഴി മാറുമ്പോള്‍ മറ്റു ചിലത് ജൈവവൈവിധ്യത്തെ തകര്‍ക്കുന്നത് പോലുള്ള അബദ്ധങ്ങള്‍ കാണിക്കുകയും ചെയ്യും. 

ഇതുകൊണ്ടാണ് സയന്‍സ് പഠിക്കുക എന്നത് പ്രധാനമാവുന്നത്. നമ്മുടെ ചുറ്റുപാടുകളിലെ ഓരോ പ്രതിഭാസത്തെയും ദൈവത്തെ മാറ്റിനിര്‍ത്തി കൊണ്ട് വിശദീകരിക്കുക എന്നതാണ് സയന്‍സിന്റെ ധര്‍മ്മം. അത് ഏറ്റവും നന്നായി ചെയ്യാന്‍ കഴിയുക സയന്‍സ് പഠിക്കുന്ന കുട്ടികള്‍ക്കാണ്.

എങ്ങനെയാണ് മറ്റ് ജീവികളെ അറിയുക? 

എങ്ങിനെയാണ് അത്സാധ്യമാക്കുക?മറ്റു ജീവജാലങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെയും, അവ നമുക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും എങ്ങിനെയാണ് നമുക്ക് നമ്മുടെ വീട്ടില്‍ ജീവിക്കാനാകുക?അവയോരോന്നിനേയും അറിയുക എന്നതാണ് വഴി. വീട്ടിനകത്തുള്ള ഉറുമ്പിനെയും പാറ്റയെയും പല്ലിയെയുമൊക്കെ കൃത്യമായി നീരീക്ഷിച്ചാല്‍ ധാരാളം കാഴ്ചകളാണ്കാണുക. അവയെക്കുറിച്ച് മാത്രമല്ല,നമ്മളെക്കുറിച്ചും.അവയെ സൂക്ഷ്മമായി അറിയുന്നതിലേക്കുള്ളആദ്യപടി അവര്‍ക്കൊക്കെപേരിടുകയാണ്.. അവയുടെ ശാസ്ത്രനാമം കണ്ടെത്തലല്ല,നമുക്കിഷ്ടമുള്ള പേരിടുന്നതിനെക്കുറിച്ചാണ് പറഞ്ഞത്. 

ഇപ്പോഴെന്റെ വീട്ടിലെത്തുന്ന ജീവികള്‍ക്ക് മക്കളിട്ട പേരുകള്‍ ഇങ്ങനെയാണ്:കൃത്യമായി ദിവസവും വീട്ടില്‍ വന്ന് മുറ്റത്തെ ചതുരമണ്‍ പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ച് എവിടെനിന്നോ വന്ന് എവിടേക്കോ പോകുന്ന നായ്ക്കളുടെ പേരുകള്‍ സീസര്‍,കൈസര്‍,പിങ്കി,പൂടമാരന്‍ എന്നിങ്ങനെയാണ്. അയല്‍പക്കത്തെ കോഴികള്‍ എത്തും മുന്നേ പിന്‍വശത്തു കൂടി ഒരു വട്ടം ചിക്കിചികഞ്ഞു പോകുന്ന കാട്ടുകോഴികളുടെ പേരുകള്‍ സുമതിയെന്നും രമണിയെന്നുമാണ്. ഒറ്റയ്ക്ക് വന്നിരുന്ന് കണ്ണുരുട്ടി പേടിപ്പിക്കുന്ന ഉപ്പന്റെ പേര് പ്രാപ്പികുഞ്ഞാണ്ടി.അത്യാവശ്യം വലുപ്പമുള്ള,വലിയ ഗൗരവത്തില്‍ വന്നു പോകുന്ന പൂച്ചകളിലൊന്നിന്റെപേര്അല്‍പച്ചിനോ എന്നാണ് .മറ്റു രണ്ടുപേര്‍ മൊക്കബേബിയും മൊക്കപയലും. അടുക്കളവശത്ത് കൃത്യസമയത്തെത്തിഅവരുടേത്മാത്രമാക്കി മാറ്റിയ ഒരു മരത്തിന്റെ താഴ്ന്ന ചില്ലയില്‍ വന്നിരിക്കുന്ന കാക്കത്തമ്പുരാട്ടിമാരെഡബിള്‍സ് എന്നാണ്വിളിക്കുക.മതിലിന് മുകളില്‍ വന്ന് ഇരുകൈകൊണ്ടും ഭക്ഷണമെടുത്തുപിടിച്ച്ധൃതിയില്‍ ഇരുവശങ്ങളിലേക്കും നോക്കി കഴിക്കുന്ന അണ്ണാന്‍ കുഞ്ഞിന്റെ പേര് പൊടിമോന്‍ എന്നാണ്. ഇടയ്‌ക്കൊക്കെ വന്ന് വെള്ളം കുടിച്ച് മതിലിലെ മാളത്തിലൂടെ കടന്നുപോകുന്ന സുന്ദരന്‍ പാമ്പിന്റെ പേര് സ്നസ്ന എന്നാണ്. 

ഒരിക്കല്‍ അതുവന്ന സമയത്ത് തന്നെ പിങ്കിയും വന്നപ്പോഴാണ് അവരിരുവരും നേര്‍ക്കുനേര്‍ കണ്ടത്. അന്നിത്തിരി തല പൊക്കി ഒരിത്തിരിമാത്രം പത്തിവിടര്‍ത്തി പിങ്കിയെ പേടിപ്പിക്കാന്‍ നോക്കിയപ്പോഴാണ് മക്കള്‍ സ്നസ്നാ മൂര്‍ഖന്‍ പാമ്പാണെന്ന് തിരിച്ചറിഞ്ഞത്.മൈന്റ്ചെയ്യാതെ പിങ്കി പൊയ്ക്കളഞ്ഞു അന്ന്.മുറ്റത്ത് നിന്ന് വൈകിട്ടാവുമ്പോ ഇറയത്തേക്കു ചാടിക്കയറി വരുന്ന കുഞ്ഞുതവളകള്‍ക്ക്സിണ്ടി എന്നാണ്കൂട്ടപ്പേര്. ഒരു ചെമ്പന്‍ പൂച്ചയുണ്ട്, വല്ലപ്പോഴും വരുന്നത്. പേര് സുമുഖന്‍. വെള്ളം കുടിക്കാന്‍ മാത്രം വരുന്ന നീലക്കഴുത്തുള്ള പ്രാവിന്റെ പേര് മരതക എന്നാണ്. ഇടയ്ക്ക് രാത്രിയില്‍ എല്ലാവരും ഉറങ്ങാന്‍ കിടക്കുമ്പോള്‍ ചില്‍ എന്നൊരൊറ്റ ശബ്ദമുണ്ടാക്കി പോകുന്നനൊച്ചന്‍ എലിക്ക് ഉള്‍പിരി എന്ന് പേര്‍. പേരുകളായതോടെ വീട്ടിലെ ചായക്ക് മേലുള്ള ചര്‍ച്ചകളിലൊക്കെ എല്ലാവരും വിഷയങ്ങളായി. 

ഈ പേരുകളില്‍ നിന്ന് അനായാസമായി അവയുടെ ശാസ്ത്രനാമങ്ങളിലേക്ക് നമുക്ക്കടക്കാം.ഒരേ ജനുസില്‍പ്പെട്ട ജീവികളിലോരോന്നിന്നും അവയുടെ വ്യക്തിത്വമനുസരിച്ചുള്ള പേരിടുമ്പോള്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് നിങ്ങളിനിയും ഉയര്‍ന്ന ക്ലാസ്സുകളില്‍ പഠിക്കാന്‍ പോകുന്ന ഇന്‍ട്രാസ്പീഷീസ്വൈവിധ്യത്തിന്റെ ബാലപാഠങ്ങള്‍ നിങ്ങള്‍ പഠിക്കുന്നു എന്നതാണ്. നിങ്ങളുടെ വീട്ടിലെത്തുന്ന ജീവജാലങ്ങള്‍ക്കൊക്കെ പേരിട്ടു കഴിയുമ്പോള്‍ വിറ്റാക്കര്‍ എന്ന ശാസ്ത്രജ്ഞന്റെ പരികല്പനയായ ആല്‍ഫ വൈവിധ്യവും നിങ്ങള്‍ മനസിലാക്കിക്കഴിയും. ഇനി നിങ്ങള്‍ നിങ്ങളുടെ ബന്ധു വീട്ടിലേക്കെവിടെയെങ്കിലും പോകുമ്പോള്‍ അവിടേയും നീരിക്ഷണവും പേരിടലും നടത്തിയാല്‍ ജീവജാലങ്ങളുടെ ബീറ്റാ വൈവിധ്യവും നിങ്ങള്‍ പഠിക്കാന്‍ തുടങ്ങിയിരിക്കും.

 

biodiversity for kids by Dr TV Sajeev

ചിത്രങ്ങള്‍: അപ്പുണ്ണി സജീവ് 

 

എന്തിനാണ് ചെടികള്‍ക്ക് പേരിടുന്നത്? 

ഒരുമിച്ച് നടന്നുപോകുമ്പോളൊരിക്കല്‍ ആലീസ് മുയലിനോട് ചോദിക്കുന്നുണ്ട് 'ഈ ചെടിയുടെ പേരെന്താ?' എന്ന്. മുയല്‍ അത്ഭുതത്തോടെ തിരിച്ചു ചോദിക്കുന്നുണ്ട് 'അതിനെന്തിനാഅതിന്പേരിടുന്നേ,പേര് വിളിച്ചാല്‍ ആ ചെടി വിളി കേള്‍ക്കുമോ?' എന്ന്. ആലിസ്,മുയല്‍മടയിലൂടെ താഴെ വീണ ശേഷം എത്തിപ്പെട്ടത് അത്ഭുതലോകത്താണ്. അവിടത്തെ കാഴ്ചകളൊന്നും താന്‍ വന്ന ലോകവുമായി യോജിക്കുന്നില്ല. അതിനിടയിലാണ് മുയലിന്റെ ഈ മറുചോദ്യം. ആലിസ് മുയലിനോട് പറയുന്നുണ്ട്, ഞങ്ങളുടെ ലോകത്ത് ഞങ്ങള്‍ ചെടികള്‍ക്കൊക്കെ പേരിടും എന്ന്. 

എന്തിനാണ് സത്യത്തില്‍ പേരിടുന്നത്?ഓരോ ജീവിക്കും ശാസ്ത്രനാമമുള്ളത് ലോകത്തെല്ലാവര്‍ക്കും അവയെക്കുറിച്ചുള്ള അറിവുകള്‍ ഒരേപോലെ ലഭ്യമാക്കാനാണ്. പല ഭാഷകളില്‍ ഒരേ ജീവിക്ക് പല പേരുകളായിരിക്കും. ചിലപ്പോഴൊക്കെ വ്യത്യസ്ത ജീവികള്‍ക്ക്ഒരേ പേരുമുണ്ടാകും. ഉദാഹരണത്തിന് കേരളത്തിലെ തെക്കന്‍ ഭാഗത്തുജാതി എന്ന പേര് വിളിക്കുന്ന ഒരു കാര്‍ഷികവിളയുണ്ട്. അതിന്റെ കായയും കായയുടെ ഉള്ളിലുള്ള കടുംചുവപ്പ് നിറമുള്ള ജാതിപത്രിയും നിങ്ങള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ വടക്കന്‍ കേരളത്തിലെത്തിയാല്‍ ജാതി എന്ന് വിളിക്കുകതേക്കു മരത്തെയാണ്.ആകെ കണ്‍ഫ്യൂഷന്‍ ആകും. 

എന്നാല്‍ ശാസ്ത്രനാമം കണ്ടെത്തിക്കഴിഞ്ഞാല്‍ പിന്നെ ഈ പ്രശ്‌നമില്ല. യഥാര്‍ത്ഥത്തില്‍ ഏതൊരു ജീവിയെക്കുറിച്ചും നാമിതുവരെ നേടിയ അറിവുകളെല്ലാം പൂട്ടിവെച്ചിട്ടുള്ള പെട്ടിയുടെ താക്കോലാണ് അതിന്റെ ശാസ്ത്രനാമം. അതുകൊണ്ടു തന്നെ നിങ്ങള്‍ക്ക് സമയം കിട്ടുന്ന മുറയ്ക്ക് നമ്മുടെ പിങ്കിയുടെയും പ്രാപിക്കുഞ്ഞാണ്ടിയുടേയും ഉള്‍പിരിയുടെയുമൊക്കെശാസ്ത്രനാമങ്ങള്‍നമുക്ക് പഠിക്കാം. അപ്പോഴേക്കും ആദ്യപേരുകളില്‍ തന്നെ അവയും അവയുടെ പ്രകൃതിയും സ്വഭാവവും ഒക്കെ നമ്മുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ടാകും. 

കൊതുകിനെ പേടിച്ച് സ്വയം ചുടണോ? 

നമ്മുടെ വീടിനകത്തും പുറത്തുമുള്ള കുറച്ചുപേരെങ്കിലും പക്ഷെ നമ്മെ ഉപദ്രവിക്കുന്നവരാണ്. കൊതുകാണ് നല്ല ഉദാഹരണം. നമ്മള്‍ പറയാതെ തന്നെ നമ്മുടെ ചെവിയില്‍ വന്ന് പാട്ടുപാടുന്നുഎന്നതും,നമ്മളെ വേദനിപ്പിച്ച് ചോരകുടിക്കുന്നുഎന്നതുംമാത്രമല്ല പെണ്‍കൊതുകുകള്‍ ചെയ്യുന്ന അക്രമം. രക്തം കഴിക്കുന്നതിനിടയില്‍നമുക്ക് അസുഖമുണ്ടാക്കുന്ന സൂക്ഷ്മജീവികളെ നമ്മുടെ രക്തത്തിലേക്ക് കടത്തിവിടുകയും ചെയ്യും എന്നതാണ്. കൊതുകിനെ പ്രതിരോധിക്കാനുള്ള വിവിധയിനം രാസവസ്തുക്കള്‍ വാങ്ങാന്‍ കിട്ടും എന്നും നിങ്ങള്‍ക്കറിയാം. 

കുറച്ചു വര്‍ഷങ്ങള്ക്കു മുന്‍പ് കൊച്ചി ബിയനാലെയില്‍ ഒരു ഇന്‍സ്റ്റലേഷന്‍ ഉണ്ടായിരുന്നു. നല്ല ഇരുട്ടുള്ള ഒരു മുറിയുടെ നടുവില്‍ ഒരു ശ്രീകോവില്‍. ശ്രീകോവിലിന് ചുറ്റും നിറയെ തിരി കത്തിച്ചുവെച്ച പോലുള്ള പ്രകാശം.അടുത്തെത്തുമ്പോഴാണ് അറിയുക അതെല്ലാം കൊതുകിനെതിരെയുള്ള,കടകളില്‍ നിന്ന് വാങ്ങിക്കാനാകുന്ന വേപ്പറൈസറുകളാണെന്ന്. ശ്രീകോവില്‍ ചുറ്റി വരുമ്പോഴേക്ക് എന്തോ ഒരു കുഴപ്പം നമുക്ക് തോന്നും. പുറത്തേക്കിറങ്ങുമ്പോഴേക്ക് അത് തലവേദനയായി മാറിയിരിക്കും. കൊതുകിനെതിരെ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ നമുക്കെത്രമാത്രം ദോഷമാണെന്ന് ആ ഇന്‍സ്റ്റലേഷന്‍ അനുഭവിപ്പിക്കുകയായിരുന്നു. 

എല്ലാ ജനലും അടച്ച് വേപ്പറൈസര്‍ ഓണാക്കി രാത്രി മുഴുവന്‍ ആ മുറിയില്‍ കിടന്നുറങ്ങുന്നത് നല്ലതല്ല എന്ന്ആര്‍ക്കുംഅറിയാഞ്ഞല്ല. 'കൊതുകിനെ കൊല്ലല്‍' ഇന്ന് വലിയ ബിസിനസാണ് . കോടിക്കണക്കിനു രൂപ വരുമാനമുള്ളഈ ബിസിനസ്സിലെ ലാഭം എത്രയെന്ന് നിങ്ങള്‍ ടെലിവിഷനിലെ പരസ്യം ശ്രദ്ധിച്ചാലറിയാം. അപ്പോള്‍ കൊതുകിനെ എന്ത് ചെയ്യും?എന്ത് ചെയ്താലും ശരി,അത് നമുക്ക് അസുഖമുണ്ടാക്കാത്ത രീതിയായിരിക്കണം. അത് വിശദീകരിക്കും മുന്‍പ് ഒരു കാര്യം അറിയണം. നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്ന വ്യവസ്ഥിതിയുടെ പേര് മുതലാളിത്തം എന്നാണ്. അതിന്റെ ആദ്യത്തെയും അവസാനത്തെയുംലക്ഷ്യം ലാഭമുണ്ടാക്കുക എന്നതാണ്. ഏത് പ്രശ്‌നത്തെയും അത് ലാഭമുണ്ടാക്കാനുള്ള അവസരമായി മാറ്റിക്കളയും. കൊതുകിനെ കൊല്ലാനായി നമ്മളെ രാസവസ്തുക്കള്‍ എല്ലാ രാത്രിയും ശ്വസിപ്പിച്ച് നമുക്ക് അസുഖമുണ്ടാക്കുകയും അത് മാറാനായി ഡോക്ടറെ കാണുകയും അവിടെനിന്ന് കിട്ടുന്ന മരുന്നുകള്‍ വാങ്ങിക്കേണ്ടിവരികയുമൊക്കെ ചെയ്യുമ്പോള്‍ നമ്മുടെ പണം, നമ്മുടെ പോക്കറ്റില്‍ നിന്ന് കൊതുകുതിരി ഉണ്ടാകുന്നവരിലേക്ക് മാത്രമല്ല മരുന്ന് കമ്പനികളിലേക്കുംഒഴുകിക്കൊണ്ടിരിക്കും. അത്‌കൊണ്ട് തന്നെ കൊതുകിനേയും പാറ്റയെയും അകറ്റാന്‍ രാസവസ്തുക്കള്‍ ഉപയോഗിക്കാത്ത രീതികള്‍ നമ്മള്‍ കണ്ടെത്തേണ്ടതായിട്ടുണ്ട്. കൊതുകുവലയും കൊതുകു ബാറ്റുകളുംമാത്രമല്ല സന്ധ്യാസമയങ്ങളില്‍ ജനലുകള്‍ അടച്ചിട്ടും (കൃത്യമായി എപ്പോഴെന്ന് നിങ്ങളുടെ നിരീക്ഷണങ്ങളില്‍നിന്ന് കണ്ടെത്താനാവട്ടെ) നിയന്ത്രിക്കാവുന്ന പ്രശ്‌നമാണത്.

 

biodiversity for kids by Dr TV Sajeev

അപ്പുണ്ണി സജീവ് ​​​​​​​

 

പാറ്റകള്‍ കീടനാശിനികളെ തോല്‍പ്പിക്കുമോ? 

കീടങ്ങള്‍ എന്ന് നമ്മള്‍ വിളിക്കുന്ന പാറ്റയടക്കമുള്ള ജീവികള്‍ക്ക് മറ്റൊരു സവിശേഷതകൂടിയുണ്ട്. ഇത് വ്യക്തമാക്കാന്‍ എളുപ്പം നമ്മളൊരു പരീക്ഷണം നടത്തുകയാണ്. ഒരു കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ ഒരമ്പത് പാറ്റകളെ ഇടുക. അതിലേക്ക് പാറ്റയെ കൊല്ലാനുള്ള ഒരു കീടനാശിനിതളിക്കുക. അമ്പതു പാറ്റകളും കീടനാശിനിയേറ്റ് മരിക്കുന്നുവെന്ന്നിങ്ങള്‍ക്ക്തോന്നുന്നുണ്ടോ?ഇല്ല എന്നതാണ് സത്യം. നമ്മള്‍ എല്ലാവരും മനുഷ്യരായിരിക്കെതന്നെ എത്രമാത്രം വ്യത്യാസമുണ്ട് ഓരോരുത്തര്‍ക്കും! അതുപോലെ തന്നെ ആ അമ്പത് പാറ്റകളും വ്യത്യസ്തരാണ്. ചിലതിന്രാസകീടനാശിനിയെ അതിജീവിക്കാനാവും. മറ്റുള്ളവ മരിക്കുകയും ചെയ്യും. നമ്മളെല്ലാവര്‍ക്കും. പനി വന്നാല്‍ ചിലര്‍ കിടപ്പിലാവുകയും മറ്റു ചിലര്‍ക്ക് പ്രശ്‌നമൊന്നും ഇല്ലാതിരിക്കുകയും ചെയ്യുന്നപോലെ. 

പക്ഷെ, പ്രശ്‌നമെന്താണെന്ന് വച്ചാല്‍ഈ പാറ്റകളുടെ അടുത്ത തലമുറ ഉണ്ടാക്കുന്നത് രക്ഷപ്പെട്ട പാറ്റകളുടേതായിരിക്കുംഎന്നതാണ്. അങ്ങനെയുള്ള അടുത്ത തലമുറയിലെ അമ്പതു പാറ്റകളെ പിടിച്ച് നമ്മള്‍ പരീക്ഷണം ആവര്‍ത്തിച്ചാലോ?ഇക്കുറി കൂടുതല്‍ പാറ്റകള്‍ രക്ഷപ്പെടും. കുറച്ചൊക്കെ മരിച്ചെന്നും വരും. വീണ്ടും രക്ഷപ്പെട്ടവരില്‍നിന്ന് ഉണ്ടാകുന്ന അടുത്ത തലമുറ കൂടുതലായി കീടനാശിനികളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിവുള്ളവരായിരിക്കും.ഇങ്ങിനെ ഒരു ഘട്ടമെത്തുമ്പോള്‍ ആ കീടനാശിനിയോട് പാറ്റകള്‍ പൂര്‍ണമായി പ്രതിരോധം നേടി എന്ന അവസ്ഥ വരും. 

കൂടുതല്‍ അളവില്‍ കീടനാശിനി ഉപയോഗിക്കുകയോ മറ്റൊരു,കൂടുതല്‍ തീവ്രതയുള്ള കീടനാശിനി ഉപയോഗിക്കുകയോ ചെയ്യേണ്ടഅവസ്ഥ വരും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഒരു ജീവിയെ കൊല്ലാനായി നമ്മള്‍ കീടനാശിനി കയ്യിലെടുക്കുമ്പോള്‍ ചെയ്യുന്നത്,  ആ കീടനാശിനിയോട് പ്രതിരോധം നേടിയ ഒരു കൂട്ടം പാറ്റകളിലേക്കുള്ള പരിണാമം തുടങ്ങി വെയ്ക്കുക എന്നതാണ്. വീടുകള്‍ക്കകത്ത് ഉപയോഗിക്കുമ്പോള്‍,നമ്മള്‍ കൂടി അത് ശ്വസിക്കുമ്പോഴുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ വേറെയും.

ചെമ്പരത്തിച്ചെടി എന്താണ് ഇങ്ങനെ?

ജന്തുക്കള്‍ മാത്രമല്ല നിങ്ങളുടെ പൂന്തോട്ടത്തിലെയും പുരയിടങ്ങളിലേയും സസ്യങ്ങളും നിങ്ങളുടെ ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്. 

ചെമ്പരത്തിപ്പൂ കണ്ടിട്ടുണ്ടാകുമല്ലോ. വലിയ പൂവാണ്. നിറയെ പൂക്കളുമുണ്ടാകും. എന്നാല്‍ നിങ്ങളെപ്പോഴെങ്കിലും ചെമ്പരത്തിച്ചെടിയില്‍ കായകളുണ്ടാകുന്നത് കണ്ടിട്ടുണ്ടോ?പൂവ് ചെടിയുടെ പ്രത്യുല്‍പാദനാവയവമാണെന്ന് നിങ്ങള്‍ക്കറിയാം. അടുത്ത തലമുറയുണ്ടാകണമെങ്കില്‍ പൂക്കളില്‍ പരാഗണം നടക്കണം. അതില്‍ വിത്തുല്‍പാദിപ്പിക്കപ്പെടണം. പക്ഷെ ചെമ്പരത്തിച്ചെടിയില്‍ നിറയെ പൂക്കളുണ്ടാകുന്നുണ്ട് എന്നാല്‍ വിത്തുണ്ടാകുന്നുമില്ല. അതെന്താ അങ്ങിനെ?

പ്രകൃതിആവശ്യമില്ലാത്തതൊന്നുംചെയ്യില്ല എന്നു നമ്മള്‍ക്കറിയാം. പിന്നെന്താണ് ഈ ചെമ്പരത്തിച്ചെടികള്‍ ഇങ്ങനെ?കുറച്ചുകൂടി ചുറ്റും നോക്കിയാലറിയാം ചെമ്പരത്തിച്ചെടി ഒറ്റയ്ക്കല്ലെന്ന്. അപ്പുറത്തുള്ള കോളാമ്പിച്ചെടിയും മുല്ലയും റോസുമൊന്നും നല്ല രസമുള്ള പൂക്കള്‍ ഉണ്ടാക്കുമെന്നല്ലാതെ കായകള്‍ ഉണ്ടാക്കുന്നേയില്ല.

ചുറ്റുമുള്ള ജൈവവൈവൈവിധ്യത്തെ നീരിക്ഷിക്കുമ്പോള്‍ അറിവ് വര്‍ധിക്കും.. ഇനിയുമറിയാത്ത നിരവധികാഴ്ചകള്‍ നമുക്ക് ചുറ്റുമുണ്ട്എന്ന് നമ്മള്‍തിരിച്ചറിയും.അറിവിന്റെ അഹങ്കാരമില്ലാതെ നമ്മള്‍കുറച്ചുകൂടി വിനയാന്വിതരായും. അവര്‍ക്ക് കൂടി ഇടമുള്ള ഒരു ഭൂമിയെ സൃഷ്ടിക്കാന്‍ നമ്മള്‍ ശ്രമിക്കും. അവരെല്ലാവരും സുഖമായും സന്തോഷമായും ജീവിക്കുമ്പോഴാണ് ബഷീറിന്റെ വാക്കുകളെ നമ്മുടെ ജീവിതത്തിലേക്ക് തര്‍ജ്ജമ ചെയ്യാനാവുക. മാത്രമല്ല ചെമ്പരത്തിയെ കുറിച്ചെന്നപോലെ നിരവധി പുതിയ ചോദ്യങ്ങളുയര്‍ന്നുവരികയും ചെയ്യും. 

സയന്‍സിന്റെ മാസ്മരിക ലോകത്തേക്ക് നമുക്ക് പ്രവേശനം കിട്ടുക ഇത്തരം ചോദ്യങ്ങള്‍ നിങ്ങളില്‍ ഉയര്‍ന്നുവരുമ്പോള്‍ മാത്രമാണ്. ചെമ്പരത്തിയും കോളാമ്പിച്ചെടിയും മുല്ലയുമൊക്കെ വിത്തുണ്ടാക്കാനല്ലാതെ നിറയെ പൂക്കുന്നതിന്റെ ഉത്തരം കണ്ടുപിടിക്കാനായി എന്റെ എല്ലാ ആശംസകളും.

സ്‌നേഹങ്ങളോടെ
സജീവ്

Latest Videos
Follow Us:
Download App:
  • android
  • ios