ആസാമിൽ ബിസി 400 -ന് മുമ്പുള്ള കൽഭരണികൾ, നിഗൂഢത മറനീക്കാൻ ഗവേഷകർ
"ഈ പദ്ധതിയുടെ അടുത്ത ഘട്ടം ഈ ഭരണികളുടെ സവിശേഷതകൾ പഠിക്കുകയും വിപുലമായി രേഖപ്പെടുത്തുകയും ചെയ്യുക എന്നതാണ്" ഡോ. താക്കൂറിയ പറഞ്ഞു.
നമ്മുടെ നന്നങ്ങാടികളോട് സാമ്യമുള്ള ഭീമൻ കൽഭരണികൾ(sandstone jars) വടക്കുകിഴക്കൻ സംസ്ഥാനമായ ആസാ(Assam)മിൽ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ആസാമിലെ നാല് സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്ന ഇങ്ങനെയുള്ള 65 ഭരണികളാണ് കണ്ടെത്തിയത്. ആകൃതികൊണ്ടും വലിപ്പം കൊണ്ടും അവ വ്യത്യസ്തങ്ങളാണ്. ചില ഭരണികൾ വളരെ വലുതും സിലിണ്ടർ ആകൃതിയിലും ഉള്ളവയാണ്. മറ്റു ചിലത് ഭാഗികമായോ പൂർണമായോ നിലത്ത് കുഴിച്ചിട്ടിരിക്കുന്ന നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്.
ലാവോസിലും ഇന്തോനേഷ്യയിലും സമാനമായ ഇത്തരം ഭരണികൾ മുമ്പ് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലെയും ഓസ്‌ട്രേലിയയിലെയും മൂന്ന് സർവകലാശാലകളിൽ നിന്നുള്ള ഗവേഷകരാണ് ഈ കണ്ടെത്തൽ നടത്തിയത്. ഇതിന്റെ വിശദാംശങ്ങൾ ഈ ആഴ്ച 'ജേണൽ ഓഫ് ഏഷ്യൻ ആർക്കിയോളജി' ജേണലിൽ പ്രസിദ്ധീകരിച്ചു. നോർത്ത് ഈസ്റ്റേൺ ഹിൽ യൂണിവേഴ്‌സിറ്റിയിലെ തിലോക് താക്കൂരിയയും ഗൗഹാട്ടി യൂണിവേഴ്‌സിറ്റിയിലെ ഉത്തം ബത്താരിയുമാണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്.
"ആരാണ് ഭീമാകാരമായ ഈ ഭരണികൾ നിർമ്മിച്ചതെന്നോ അവർ എവിടെയാണ് താമസിച്ചതെന്നോ ഞങ്ങൾക്ക് ഇപ്പോഴും അറിയില്ല. അതെല്ലാം ഒരു നിഗൂഢതയാണ്" ഗവേഷണ സംഘത്തിലുണ്ടായിരുന്ന ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ നിക്കോളാസ് സ്‌കോപാൽ പറഞ്ഞു.
ഭീമാകാരമായ ഈ ഭരണികൾ എന്തിനുവേണ്ടിയാണ് ഉപയോഗിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ലെങ്കിലും, അവ ശവമടക്കുമായി ബന്ധപ്പെട്ടിരിക്കാം എന്ന് ഗവേഷകർ വിശ്വസിക്കുന്നു. നാഗാ ജനതയ്ക്കിടയിൽ ഇങ്ങനെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങളും മുത്തുകളും മറ്റ് വസ്തുക്കളും നിറച്ച ഭരണികൾ കണ്ടെത്തിയ ചരിത്രമുണ്ട് എന്ന് സ്കോപാൽ പറഞ്ഞു. നിലവിൽ ഭരണികൾ ശൂന്യമാണ് എന്നും ഒരിക്കൽ അവ മൂടികൊണ്ട് മൂടിയിരിക്കാമെന്നും ഡോ. താക്കൂരിയ ബിബിസിയോട് പറഞ്ഞു.
"ഈ പദ്ധതിയുടെ അടുത്ത ഘട്ടം ഈ ഭരണികളുടെ സവിശേഷതകൾ പഠിക്കുകയും വിപുലമായി രേഖപ്പെടുത്തുകയും ചെയ്യുക എന്നതാണ്" ഡോ. താക്കൂറിയ പറഞ്ഞു. അസമിലും അയൽസംസ്ഥാനമായ മേഘാലയയിലും സമാനമായ സ്ഥലങ്ങൾ മുമ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് ഗവേഷകർ പറഞ്ഞു.
അസമിൽ ഇതുവരെ 700 -ലധികം ഭരണികൾ അടങ്ങിയ 10 സൈറ്റുകൾ കണ്ടെത്തിയതായി ഡോ. താക്കൂറിയ പറഞ്ഞു. ഈ ഭരണികൾ ബിസി 400 -ന് മുമ്പുള്ളതാണെന്ന് അവർ വിശ്വസിക്കുന്നു. "ആസാമിലെ വളരെ പരിമിതമായ ഒരു പ്രദേശത്താണ് തങ്ങൾ തിരച്ചിൽ നടത്തിയത്. അവിടെ കൂടുതൽ അത്തരം സൈറ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അവ എവിടെയാണെന്ന് ഞങ്ങൾക്ക് ഇതുവരെ അറിയില്ല" എന്നും ഗവേഷകർ പറഞ്ഞു.
"ഈ പ്രദേശങ്ങളിൽ കൂടുതൽ വിളകൾ നട്ടുപിടിപ്പിക്കുകയും വനങ്ങൾ വെട്ടിമാറ്റുകയും ചെയ്യുന്നതിനാൽ അവ കണ്ടെത്താൻ ഞങ്ങൾ കൂടുതൽ സമയം എടുക്കും, അവ നശിപ്പിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്" എന്നും സ്കോപാൽ പറഞ്ഞു. 2016 -ൽ കണ്ടെത്തിയ ലാവോസിലെ ഭരണികൾ കുറഞ്ഞത് 2,000 വർഷങ്ങൾക്ക് മുമ്പെങ്കിലും സിയാൻ ഖുവാങ് പ്രവിശ്യയിൽ സ്ഥാപിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു. മൂന്ന് വ്യത്യസ്ത തരം ശ്മശാനങ്ങൾ ഗവേഷകർ ഇവിടെ പിന്നീട് കണ്ടെത്തിയിരുന്നു.
"ആസാമിലും ലാവോസിലും കാണപ്പെടുന്ന ഭരണികളുടെ വലിപ്പവും ഘടനയും വളരെ സാമ്യമുള്ളതാണ്. രൂപത്തിലും വലിപ്പത്തിലും ചില വ്യത്യാസങ്ങളുണ്ട്. ആസാമിലുള്ളത് കൂടുതൽ ഗോളാകൃതിയിൽ ആണ്, അതേസമയം ലാവോസിൽ ഉള്ളത് കൂടുതൽ സിലിണ്ടർ ആകൃതിയിൽ ആണ്" സ്കോപാൽ പറഞ്ഞു.