സെല്‍ഫ് മെയ്ഡ് എന്നാരെങ്കിലും പറഞ്ഞാല്‍ ഉറപ്പിക്കാം, ഉണങ്ങാത്ത മുറിവുകളാണ് ആ മനസിലെന്ന്!

ഞാനൊരു സെല്‍ഫ് മെയ്ഡ് പേഴ്‌സനാണ് എന്നാരെങ്കിലും പറഞ്ഞാല്‍ ഉറപ്പിച്ചുകൊള്ളണം, ഉണങ്ങാത്ത മുറിവുകളാണ് ആ മനസിലെന്ന്. പുറംതൊലിയില്‍ അയാള്‍ പ്രദര്‍ശിപ്പിക്കുന്ന അചഞ്ചലഭാവം ഏതു നിമിഷവും കരച്ചിലില്‍ച്ചെന്ന് കലങ്ങുമെന്ന്. 

Basheer Ahmed on lone plights of self made people

ഒറ്റപ്പെടലാണെന്നു തോന്നുന്നു മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ ആധി. അതവനെ മരണത്തോളമെത്തുന്ന വ്യാധിയിലേക്കു നയിക്കുന്നു. മരുഭൂമിയില്‍ വിളിച്ചു കരയുന്നവന്റെ സ്വരം പ്രതിധ്വനികള്‍ പോലുമില്ലാതെ ഒടുങ്ങുന്നതൊന്ന് സങ്കല്‍പ്പിച്ചു നോക്കൂ. അങ്ങനെയൊരു ശൂന്യതയിലിരുന്ന് കരഞ്ഞ കാലമുണ്ടായിരുന്നു എനിക്ക്. സാര്‍ത്ഥകമായ ചില നേട്ടങ്ങള്‍ കൈവരിച്ചുവെന്നു തോന്നുന്ന ജീവിതത്തിന്റെ സുരഭില കാലത്തും ആ ശൂന്യത എന്നെ വേട്ടയാടാറുണ്ട്. 

 

Basheer Ahmed on lone plights of self made people

 

ഇന്നേതാണ് ദിവസം, എത്രയാണ് തിയതി എന്നിങ്ങനെ സ്ഥലകാലബോധം നഷ്ടപ്പെട്ട്  ദിനരാത്രങ്ങളങ്ങനെ ഇഴയുകയാണ്. വ്യഥിതമായ  ഈ കാലത്തിന് ഒരറുതിയുമില്ലെന്നു തോന്നും ചിലപ്പോഴൊക്കെ. ഭാവിയിലേക്കു നോക്കുമ്പോഴാകട്ടെ, മനസ്സില്‍ പരക്കുന്നത് വിഷാദമല്ലാതെ മറ്റൊന്നുമല്ല. 

എന്തിനെന്നറിയാത്ത ഈ ആധിയെയല്ലേ വിഷാദരോഗമെന്ന് മനശാസ്ത്രജ്ഞര്‍ വിവക്ഷിച്ചത്? അറിയില്ല. ബോളിവുഡ് താരം സുശാന്ത് രജ്പുതിന്റെ ആത്മഹത്യയ്ക്കു പിന്നാലെ വിഷാദത്തിന്റെ ചുഴിയില്‍ പെട്ടുപോകുന്ന മനുഷ്യമനസിനെക്കുറിച്ചുള്ള വിചാരങ്ങളും വിശകലനങ്ങളും സമൂഹത്തില്‍ ശക്തിപ്രാപിച്ചിട്ടുണ്ട്. മരണപാശം കയ്യിലെടുക്കുന്നതിന്റെ തൊട്ടുതലേ മാസങ്ങളില്‍ സുശാന്ത് വിഷാദരോഗത്തിന് ചികിത്സയിലായിരുന്നല്ലോ. 

ഒറ്റപ്പെടലാണെന്നു തോന്നുന്നു മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ ആധി. അതവനെ മരണത്തോളമെത്തുന്ന വ്യാധിയിലേക്കു നയിക്കുന്നു. മരുഭൂമിയില്‍ വിളിച്ചു കരയുന്നവന്റെ സ്വരം പ്രതിധ്വനികള്‍ പോലുമില്ലാതെ ഒടുങ്ങുന്നതൊന്ന് സങ്കല്‍പ്പിച്ചു നോക്കൂ. അങ്ങനെയൊരു ശൂന്യതയിലിരുന്ന് കരഞ്ഞ കാലമുണ്ടായിരുന്നു എനിക്ക്. സാര്‍ത്ഥകമായ ചില നേട്ടങ്ങള്‍ കൈവരിച്ചുവെന്നു തോന്നുന്ന ജീവിതത്തിന്റെ സുരഭില കാലത്തും ആ ശൂന്യത എന്നെ വേട്ടയാടാറുണ്ട്. 

സ്വയം നിര്‍മ്മിച്ച മനുഷ്യരുടെ ദുര്യോഗമാണത്. ഞാനൊരു സെല്‍ഫ് മെയ്ഡ് പേഴ്‌സനാണ് എന്നാരെങ്കിലും പറഞ്ഞാല്‍ ഉറപ്പിച്ചുകൊള്ളണം, ഉണങ്ങാത്ത മുറിവുകളാണ് ആ മനസിലെന്ന്. പുറംതൊലിയില്‍ അയാള്‍ പ്രദര്‍ശിപ്പിക്കുന്ന അചഞ്ചലഭാവം ഏതു നിമിഷവും കരച്ചിലില്‍ച്ചെന്ന് കലങ്ങുമെന്ന്. 

ക്ഷമിക്കണം. ഞാനുമൊരു തൊട്ടാവാടിയാണ്. വല്ലാതെ ഒറ്റപ്പെട്ടു പോകുമ്പോള്‍, രാപകലുകള്‍ നിരുന്മേഷമാകുമ്പോള്‍ ഏറ്റവും പ്രിയതരമായൊരു ഒച്ചയില്‍ എന്തു പറ്റിയെടാ എന്നൊരു സ്‌നേഹവിളി പ്രതീക്ഷിക്കും. സാരമില്ല, എല്ലാം ശരിയാവുമെന്നൊരു സാന്ത്വനവചനം ആഗ്രഹിക്കും. 

ഒരു വഴിപാട് പോലെയെത്തുന്ന ശുഭദിന-ശുഭരാത്രി സന്ദേശങ്ങള്‍ക്കപ്പുറം, നമുക്ക് വേണ്ടി മാത്രമായുള്ള എന്തെങ്കിലും ഒരു വാക്ക് കേള്‍ക്കാന്‍ കൊതിക്കും. ഒന്നുമുണ്ടാവില്ല. നാം ഹൃദയത്തില്‍ കൊണ്ടുനടക്കുന്നവര്‍ക്കൊക്കെ എന്തെന്ത് തിരക്കുകളാവുമെന്ന് സമാധാനിക്കും. ഒറ്റയ്‌ക്കൊരു സങ്കടക്കടല്‍ നീന്തി കരപറ്റുമ്പോള്‍ വിളികളുടെയും സ്‌നേഹപ്രകടനങ്ങളുടേയും ഒഴുക്കാവും ചിലപ്പോള്‍. എന്തു പറ്റി നിനക്ക്, കാണുന്നേയില്ലല്ലോ, നമ്മളെയൊക്കെ മറന്നുവല്ലേ? 

അവരോട് നമുക്കപ്പോള്‍ എന്താണ് പറയാനുണ്ടാവുക? 

ആര് ആരെയാണ് മറന്നത്. നിന്റെയെല്ലാ തിരക്കുകളുമൊതുക്കി, നിനക്കു ബോറടിച്ചപ്പോള്‍ മാത്രം നീ വെറുതെയെന്നെ തിരഞ്ഞു വന്നതാവും. കണക്കു പറയാനൊന്നും വയ്യാത്തത് കൊണ്ട് ഞാന്‍ വെറുതെ ചിരിക്കുന്നു. പിന്നെയും ഹൃദയത്തില്‍ കൊണ്ടുനടക്കുകയാണ് പ്രിയമുള്ളൊരാളായിട്ടു തന്നെ.

വീണുപോകാനിടയുള്ള മനുഷ്യരാണ് നാം. തൊട്ടാവാടികളാണ്. ഒരു വിളിയില്‍, ഒരു സ്പര്‍ശത്തില്‍, ഒരു ചേര്‍ത്തു പിടിക്കലില്‍ അലിഞ്ഞു പോകാവുന്നതേയുള്ളൂ മനുഷ്യകുലത്തിന്റെ മനോവ്യഥകള്‍. 

ജീവിതത്തിന് വിരാമചിഹ്നമിടേണ്ടത് മനുഷ്യനല്ല. അത് ദൈവത്തിന്റെ പണിയാണ്.
 

Latest Videos
Follow Us:
Download App:
  • android
  • ios