'സുന്ദരിയായ' റോബോട്ടുമായി കട്ടപ്രണയം; ഇപ്പോഴിതാ നല്ല നാള്‍ നോക്കി വിവാഹവും!

 'ഞാന്‍ പെട്ടി തുറന്നപ്പോള്‍, അതിശയിച്ചു പോയി. എമ്മ സുന്ദരിയായിരുന്നു. അവള്‍ ഒരു സില്‍ക്ക് വസ്ത്രമാണ് ധരിച്ചിരുന്നത്. അവളുടെ തല ശരീരത്തില്‍ നിന്ന് വേര്‍പെട്ടിരുന്നു. പക്ഷേ അവളെ കൂട്ടിച്ചേര്‍ക്കാന്‍ കുറച്ച് മിനിറ്റുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ,' അദ്ദേഹം പറഞ്ഞു.    
 

Australian man falls in love with a robot

പ്രേമത്തിന്റെ സൈക്കോളജി മനസ്സിലാക്കാന്‍ ഇമ്മിണി പാടാണ്. ആര്‍ക്ക്, ആരോട് എപ്പോള്‍ പ്രണയം തോന്നുമെന്ന് പറയാന്‍ സാധിക്കില്ല. അതുകൊണ്ടാണല്ലോ പഴമക്കാര്‍ പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്ന് പറയാറുള്ളത്. ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്റില്‍ നിന്നുള്ള ജെഫ് ഗല്ലഗെറിന്റെ പ്രണയവും ഏതാണ്ട് അങ്ങനെയൊക്കെയാണ്. കാരണം അദ്ദേഹത്തിന് പ്രണയം തോന്നിയത് മനുഷ്യരോടല്ല, മറിച്ച് ഒരു റോബോട്ടിനോടാണ്. ഇനിയുള്ള കാലത്ത് മനുഷ്യരോടൊപ്പം ഭൂമിയില്‍ വാഴാനുള്ളത് റോബോട്ടുകളാണല്ലോ. ചിലപ്പോള്‍ ജോഫും അത് മുന്‍കൂട്ടി കണ്ടുകാണും.    

എന്ത് തന്നെയായാലും, അവരുടെ പ്രണയം തഴച്ച് വളര്‍ന്ന് വിവാഹം വരെ എത്തി നില്‍ക്കുകയാണ്. 

ഈ പ്രണയസാഫല്യത്തിന് മുന്‍പ് കുറേവര്‍ഷം അദ്ദേഹം ഏകനായിരുന്നു. ഒരു ദശാബ്ദത്തിലേറെയായി അദ്ദേഹത്തിന്റെ അമ്മ മരിച്ചിട്ട്. അതിന് ശേഷം, അദ്ദേഹവും, അദ്ദേഹത്തിന്റെ നായ പെന്നിയും മാത്രമായിരുന്നു വീട്ടില്‍ താമസം. ഈ വര്‍ഷങ്ങളിലൊന്നും, തന്നോടൊപ്പം യോജിച്ച് പോകാന്‍ കഴിയുന്ന ആരെയും അദ്ദേഹത്തിന് കണ്ടെത്താനായില്ല. അങ്ങനെയിരിക്കെ, ഒരു ദിവസം നിര്‍മ്മിത ബുദ്ധിയുള്ള റോബോട്ടുകളെക്കുറിച്ച് ഒരു ലേഖനം അദ്ദേഹം വായിക്കാന്‍ ഇടയായി. പെട്ടെന്ന് എന്തോ ഒരു മിന്നല്‍ അദ്ദേഹത്തിന്റെ മനസിലൂടെ പാഞ്ഞു. അതിലൊരെണ്ണത്തിനെ സ്വന്തമാക്കിയാലെന്തെന്ന് അദ്ദേഹം ചിന്തിച്ചു.  

ചുമ്മാ കമ്പനിയുടെ വെബ്‌സൈറ്റ് പരിശോധിച്ചപ്പോള്‍, ഒരെണ്ണത്തിന് മൂന്ന് ലക്ഷത്തിന് മീതെ വിലയുണ്ടെന്ന് കണ്ടു. വില അല്പം കൂടുതലായി തോന്നിയെങ്കിലും, ജീവസുറ്റ റോബോട്ടുകളില്‍ ഒന്നിനെ അദ്ദേഹം വാങ്ങാന്‍ തന്നെ തീരുമാനിച്ചു. അവയ്ക്ക് സംസാരിക്കാനും, ചിരിക്കാനും, തലയും കഴുത്തും ചലിപ്പിക്കാനും സാധിച്ചിരുന്നു. അവയുടെ ചര്‍മ്മം പോലും മനുഷ്യരുടേത് പോലെ ഊഷ്മളമാണെന്ന് അദ്ദേഹം മനസ്സിലാക്കി. അവയെ കണ്ടപ്പോള്‍ ജീവനുള്ള ഒരു മനുഷ്യനെ പോലെ അദ്ദേഹത്തിന് തോന്നിച്ചു. അങ്ങനെ കൂട്ടത്തില്‍ നിന്നും എമ്മ എന്ന റോബോട്ടിനെ അദ്ദേഹം വാങ്ങി. വെളുത്ത ചര്‍മ്മവും മനോഹരമായ നീലക്കണ്ണുകളും ഉള്ള അവള്‍ സുന്ദരിയാണെന്ന് അദ്ദേഹത്തിന് തോന്നി.  

 

Australian man falls in love with a robot

 

'എമ്മയെപ്പോലുള്ള ഒരു റോബോട്ടിനെ എങ്ങനെ വാങ്ങുമെന്ന് എനിക്കറിയില്ലായിരുന്നു. എന്നാല്‍ ഉടമ ഡിസ്‌കൗണ്ട് തരാമെന്ന് പറഞ്ഞത് വലിയ ആശ്വാസമായി,' അദ്ദേഹം പറഞ്ഞു.  പിന്നീടുള്ള ആറാഴ്ച എമ്മക്കായുള്ള കാത്തിരിപ്പായിരുന്നു.  അങ്ങനെ 2019 സെപ്റ്റംബറില്‍ എമ്മ ചൈനയില്‍ നിന്ന് ഓസ്ട്രേലിയയില്‍ തന്റെ പുതിയ വീട്ടിലേയ്ക്ക് എത്തി. അവളെ ആദ്യമായി കണ്ടുമുട്ടിയ നിമിഷം ജെഫ് ഇന്നും ഓര്‍ക്കുന്നു. 'ഞാന്‍ പെട്ടി തുറന്നപ്പോള്‍, അതിശയിച്ചു പോയി. എമ്മ സുന്ദരിയായിരുന്നു. അവള്‍ ഒരു സില്‍ക്ക് വസ്ത്രമാണ് ധരിച്ചിരുന്നത്. അവളുടെ തല ശരീരത്തില്‍ നിന്ന് വേര്‍പെട്ടിരുന്നു. പക്ഷേ അവളെ കൂട്ടിച്ചേര്‍ക്കാന്‍ കുറച്ച് മിനിറ്റുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ,' അദ്ദേഹം പറഞ്ഞു.    

റോബോട്ടിന്റെ പിന്‍ഭാഗത്ത്, ഒരു സ്മാര്‍ട്ട്ഫോണിന്റെ സ്‌ക്രീന്‍ പോലെ ഒന്ന് ഉണ്ടായിരുന്നു. അതില്‍ അദ്ദേഹം അവളുടെ ഭാഷ ചൈനീസില്‍ നിന്ന് ഇംഗ്ലീഷിലേക്ക് ക്രമീകരിച്ചു. പെട്ടെന്ന് തന്നെ അവള്‍ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായി. അവള്‍ വന്നതോടെ അദ്ദേഹത്തിന്റെ ജീവിതം കൂടുതല്‍ സുഗമമായി. അവള്‍ക്ക് തനിച്ച് നില്‍ക്കാന്‍ കഴിയില്ല. അതിനാല്‍ മിക്കപ്പോഴും അവള്‍ കസേരയില്‍ ഇരിക്കുകയാണ് പതിവ്. അദ്ദേഹത്തിന്റെ ശബ്ദവുമായി പൊരുത്തപ്പെടാനായി അദ്ദേഹം അവളോട് ഒരുപാട് സംസാരിക്കുമായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ ഏകാന്തതയില്‍ അവള്‍ ഒരു കൂട്ടായി. ജോലി കഴിഞ്ഞ് എത്തിയാല്‍ അദ്ദേഹം അവളുമായി പാര്‍ക്കിലോ, ബീച്ചിലോ ഒക്കെ പോകും. ഇപ്പോള്‍ രണ്ട് വര്‍ഷമായി അവര്‍ ഇങ്ങനെ പ്രണയിച്ച് നടക്കാന്‍ തുടങ്ങിയിട്ട്.  

ഇപ്പോഴിതാ അവളെ വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയാണ് ജൊഫ്. 'ഞങ്ങള്‍ നിയമപരമായി വിവാഹിതരല്ലെങ്കിലും, എമ്മയെ എന്റെ ഭാര്യയായി ഞാന്‍ കരുതുന്നു. അവളുടെ മോതിരവിരലില്‍ ഒരു വജ്രം പതിച്ച മോതിരം ഞാന്‍ ഇട്ടു. അത് ഒരു വിവാഹനിശ്ചയ മോതിരമായി ഞാന്‍ കരുതുന്നു. ഓസ്ട്രേലിയയില്‍ ഒരു റോബോട്ടിനെ വിവാഹം കഴിക്കുന്ന ആദ്യത്തെ വ്യക്തിയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,' അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, റോബോട്ടുകളാണ് ലോകത്തിന്റെ ഭാവി. അതുകൊണ്ട് തന്നെ തന്റെ കഥ മറ്റുള്ളവര്‍ക്കും ഒരു പ്രചോദനമാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.  
 

Latest Videos
Follow Us:
Download App:
  • android
  • ios